തകർന്നുവീണത് എത്ര കട്ടൻ ഗ്ലാസുകളാണെന്നു അറിയാവോ?|Karikku FAMILY PACK

തകർന്നുവീണത് എത്ര കട്ടൻ ഗ്ലാസുകളാണെന്നു അറിയാവോ?|Karikku FAMILY PACK
ADMIN
Summary

അനു.കെ.അനിയന്‍ സംവിധാനം ചെയ്ത കരിക്ക് സീരീസിലെ പുതിയ എപ്പിസോഡ് ഫാമിലി പാക്കിനെക്കുറിച്ച് ഷിബു ഗോപാലകൃഷ്ണന്‍ എഴുതിയത്‌

അച്ഛനറിയാതെ മകന്റെ കല്യാണക്കാര്യം ബ്രോക്കറെ പറഞ്ഞേൽപ്പിച്ചു എന്നറിയുമ്പോൾ ഒരു ആണായിരുന്നിട്ടും വികാരം വ്രണപ്പെടുകയോ ആണത്തം സടകുടഞ്ഞെഴുന്നേൽക്കുകയോ ചെയ്യാത്ത ഒരു അച്ഛൻ! 😳

വീട്ടിലേക്കു കയറിവരുന്ന അമ്മ ബ്രോക്കർക്കു വെള്ളമൊന്നും കുടിക്കാൻ കൊടുത്തില്ലേ എന്നു ചോദിക്കുമ്പോൾ, അയ്യോ അതിനിപ്പോ ഇങ്ങോട്ടു വന്നുകയറിയതേ ഉള്ളൂ എന്നു പറഞ്ഞു വിനീതവിധേയനാവുന്ന അച്ഛൻ! 🤨

ജോലിയും കൂലിയുമില്ലാത്ത മൂത്തമകൻ പുരനിറഞ്ഞു നിൽക്കുമ്പോൾ, രണ്ടാമത്തെ മകൻ കല്യാണം കഴിക്കട്ടെ എന്നുള്ള അമ്മയുടെ തീരുമാനത്തിനു എതിർപ്പിന്റെ ഒരു ഞരക്കം പോലുമില്ലാതെ കീഴടങ്ങുന്ന അച്ഛൻ! ഒന്നുമല്ലെങ്കിലും പണിയൊന്നുമില്ലെങ്കിലും മൂത്തമകനും ഒരു ആണാണെന്നും അവനും ആണത്തമുണ്ടെന്നും ഓർക്കാത്ത ഒരു അച്ഛൻ!! 😐

ചേട്ടാ ഒരു അഞ്ഞൂറ് രൂപ തന്നേ എന്നു ബ്രോക്കർ പറയുമ്പോൾ, അകത്തു കയറിപ്പോയി സ്വന്തം പഴ്സ് എടുത്തുകൊണ്ടുവരാതെ, സാവിത്രീ എന്നുവിളിക്കുന്ന, വീട്ടിലെ ഫിനാൻസ് മിനിസ്റ്റർ ഭാര്യയാണെന്ന് നാട്ടുകാർ മനസിലാക്കുമെന്നുപോലും യാതൊരു ഉളുപ്പുമില്ലാത്ത ഒരു അച്ഛൻ! 😄

സാവിത്രീ, കട്ടൻ എന്നുവിളിച്ചു ചോദിക്കുമ്പോൾ കണ്ടുകൊണ്ടിരുന്ന എല്ലാ പുരുഷുക്കളുടെയും ഉള്ളിൽ ലഡു പൊട്ടിയിട്ടുണ്ടാവണം 😆 ഇരിക്കുന്നിടത്തു കട്ടൻ ആരവിടെ എന്നുചോദിച്ചു ഓടിയെത്തുമെന്നു കിനാവ് കണ്ടിരിക്കണം. ഇപ്പോൾ വേണ്ടാ, എന്നു സാവിത്രി പറയുമ്പോൾ, എന്നാൽ ഞാനൊരെണ്ണം ഇട്ടു കുടിക്കുവാ എന്നുകേട്ടപ്പോൾ തകർന്നുവീണത് എത്ര കട്ടൻ ഗ്ലാസുകളാണെന്നു അറിയാവോ? 😆

ADMIN

ഭാര്യ വീട്ടിൽ ഉണ്ടായിട്ടും ജോലി കഴിഞ്ഞു വീടണഞ്ഞിട്ടും നാളെ എന്താ കഴിക്കാൻ വേണ്ടതെന്നു മക്കളുടെ ഓർഡറും എടുത്തു അടുക്കളയിലേക്കു പായുന്ന യാതൊരു ചളിപ്പുമില്ലാത്ത ഒരച്ഛൻ! 😂 ഇയാളൊക്കെ ഒരു അച്ഛനാണോ!! 😂

കാപ്പിയുണ്ടാക്കി, ഗ്ലാസിൽ ഒഴിച്ച് ഭാര്യക്ക് ആദ്യം കൊടുത്തതിനു ശേഷം മാത്രം സ്വന്തം ഗ്ലാസിൽ തൊടുന്ന അച്ഛൻ! ഇങ്ങേരിത് ചളമാക്കും, മനുഷ്യനെ നാണം കെടുത്താനായിട്ട്! 🤣

ഒരു പണിയും ചെയ്യാതെ വീട്ടിൽ പട്ടിയെയും കളിപ്പിച്ചിരിക്കുന്ന മകനു വല്ല പണിക്കും പോയി മാതൃകയാവേണ്ടതിനു പകരം, ഉള്ള പണിയും കളഞ്ഞു വീട്ടിൽ അടുക്കളപ്പണി എടുക്കുകയാണെന്ന അഹങ്കാരം പോലുമില്ലാതെ, ആ പണിയിൽ അഭിമാനം കൊള്ളുന്ന ഒരച്ഛൻ! സ്വന്തം പണി കളഞ്ഞു ഭാര്യയെ പണിക്കും വിട്ടു പിള്ളേരെ നോക്കാൻ വീട്ടുപണിയും ചെയ്തിരിക്കുന്ന ഒരച്ഛൻ! ഇങ്ങേരൊക്കെ ഒരു അച്ഛനാണോ!! 🤣🤣

മകൻ പുറപ്പെട്ടു പോയി എന്നറിയുമ്പോൾ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന അച്ഛൻ! ആണുങ്ങളുടെ മാനം കളയാനായിട്ട്! ഒരുതുള്ളി കണ്ണീരുവീഴാതെ കട്ടയ്ക്ക് കല്ലുപോലെ നിൽക്കണ്ടേ, നെഞ്ചത്തടിയും നിലവിളിയും ഒക്കെ ചെയ്യാൻ വീട്ടിൽ പെണ്ണുങ്ങളില്ലേ. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്! ഒന്നുമല്ലെങ്കിലും ഇങ്ങളും ഒരു ആണല്ലേ മനുഷ്യാ! 😆

ADMIN

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വീട്ടിലെ പെണ്ണുങ്ങളെ താത്വികമായി പറഞ്ഞു സമാധാനിപ്പിച്ചു പുല്ലുപോലെ കാര്യങ്ങള് ഡീല് ചെയ്യണ്ട ഒരു ആൺപിറന്നോനാണ് ഇരുന്നു മോങ്ങുന്നത്! നിങ്ങള് ഇങ്ങനെ കരയാതെ മനുഷ്യാ എന്നു ഭാര്യയെക്കൊണ്ട് വരെ പറയിപ്പിച്ചു! എന്തൊരു കഷ്ടമാണെന്നു നോക്കണേ 😆

ഇന്നലെയും കൂടെ എന്റെ കുഞ്ഞു പുട്ടു വേണമെന്നു പറഞ്ഞതാ, എന്നിട്ട് ഞാൻ അപ്പമാണല്ലോ ഉണ്ടാക്കിയത്- ശെടാ, ഇനി അമ്മയുടെയും അച്ഛന്റെയും ഡയലോഗ്സ് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയതായിരിക്കുമോ? 😆

ബ്രോക്കർ വിളിക്കുമ്പോൾ നീ സംസാരിക്കെന്നു പറഞ്ഞു ഫോൺ ഭാര്യക്ക് കൊടുക്കുന്ന ഭർത്താവ്, സ്വന്തം അധികാരപരിധികളെ കുറിച്ചു യാതൊരു ബോധവുമില്ലാത്ത ഒരു മനുഷ്യൻ 😝

കാലാകാലങ്ങളായി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്ന അറുവഷളൻ അവസരങ്ങൾ ആവോളം ഉണ്ടായിരുന്നിട്ടും അതിലൊന്നും ചവിട്ടാതെ കരിക്ക് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പൊതുബോധങ്ങളിൽ അടിഞ്ഞു നാറിക്കിടക്കുന്ന ആണത്തങ്ങളുടെ ചെവിക്കു പിടിക്കുകയും നൈസായി അവരുടെ തൊലിയുരിയുകയും ചെയ്യുന്നു 🤭😁

ഇനിയിപ്പോ എല്ലാവർക്കും ഇച്ചിരെ ഓട്ട്സ് എടുക്കട്ടേ? 😄

Summary

Karikku FAMILY PACK Comedy facebook post Shibu Gopalakrishnan

Related Stories

The Cue
www.thecue.in