വംശീയതയാല്‍ നിര്‍മിക്കപ്പെട്ട സൂപ്പര്‍ ഹീറോ; കോമിക് മാത്രമല്ല 'വാച്ച്‌മെന്‍'

വംശീയതയാല്‍ നിര്‍മിക്കപ്പെട്ട സൂപ്പര്‍ ഹീറോ; കോമിക് മാത്രമല്ല 'വാച്ച്‌മെന്‍'

ടുള്‍സയിലെ പൊലീസുകാര്‍ക്ക് നേരെ ഒരു കൂട്ടമാളുകള്‍ വ്യാപകമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖം മൂടിയണിഞ്ഞ സെവന്‍ത്ത് കാവല്‍റി എന്ന് അറിയപ്പെടുന്ന ഇക്കൂട്ടരുടെ പ്രധാന ശത്രുക്കള്‍ പൊലീസുകാരാണ്. ഒരു വ്യക്തി പൊലീസ് ആണെന്ന് പുറം ലോകം അറിഞ്ഞാല്‍ അവര്‍ സെവന്‍ത്ത് കാവല്‍റിയാല്‍ ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ സ്ഥലത്തെ പൊലീസുകാര്‍ മുഖം മറച്ച്, വിവിധ മുഖം മൂടികള്‍ അണിഞ്ഞ്, പ്രത്യേക പേരുകളിലെല്ലാമാണ് ജോലി ചെയ്യുന്നത്. മുഖം മൂടി ധരിച്ച സെവന്‍ത്ത് കാവല്‍റികളില്‍ നിന്ന് അവര്‍ സ്വയം രക്ഷ നേടുകയും ഒപ്പം മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഡിസിയുടെ പ്രശസ്തമായ കോമിക് സീരീസുകളിലൊന്നായ വാച്ച്‌മെന്നെ ആസ്പദമാക്കി അതേ പേരില്‍ എച്ച്ബിഒ ഒരുക്കിയ സീരീസാണ് വാച്ചമെന്‍.

സൂപ്പര്‍ ഹീറോ ഴോണറില്‍ സിനിമകള്‍ പുറത്തിറങ്ങിയത് പോലെ തന്നെ ഒരുപാട് സീരീസുകളും വന്നിട്ടുണ്ട്. എന്നാല്‍ ഒന്നും തന്നെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. അതിന് കാരണം ഡിസിയുടെയും മാര്‍വെലിന്റെയും കഥാപാത്രങ്ങള്‍ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് കിട്ടിയ സ്വീകാര്യതയും അവ ഇന്നും തുടരുന്ന മത്സരവുമെല്ലാമാണ്. ആ നിലവാരത്തിനപ്പുറത്തേക്ക് വളര്‍ന്നാല്‍ മാത്രമേ ഒരു പക്ഷേ സൂപ്പര്‍ ഹീറോ വെബ് സീരീസിന് ശ്രദ്ധ ലഭിക്കു. എന്നാല്‍ എച്ച്ബിഒ ഏവരെയും ഞെട്ടിച്ചുകൊണ്ട് വാച്ച്മെന്നുമായെത്തിയത് കരുതി തന്നെയാണ്.

വംശീയതയാല്‍ നിര്‍മിക്കപ്പെട്ട സൂപ്പര്‍ ഹീറോ; കോമിക് മാത്രമല്ല 'വാച്ച്‌മെന്‍'
ത്രില്ലടിപ്പിക്കുന്ന സെര്‍വന്റ്‌ | BINGE WATCH Ep-6 | THE CUE

വാച്ച്മെന്നിനെ കുറിച്ച് സീരീസിന് മുന്‍പ് ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ അത് എണ്‍പതുകളിലെ കോമിക് സീരീസിനെക്കുറിച്ചായിരിക്കും. കോമിക്കിന്റെ ചുവട് പിടിച്ച് തന്നെയാണ് എച്ച്ബിഒ സീരീസും ഒരുക്കിയിരിക്കുന്നത്. 2019 ലാണ് കഥ നടക്കുന്നതെങ്കിലും കോമിക് സ്വഭാവം പിന്തുടരുന്ന അതിന് തുടര്‍ച്ചയായ സാങ്കേതിക വളര്‍ച്ചയും ഒരുപാട് വ്യത്യാസങ്ങളുമുള്ള സാങ്കല്‍പ്പിക പ്രദേശത്താണണ് സീരീസ് പറയുന്നത്. കോമിക്കിനും മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കഥയായത് കൊണ്ട് തന്നെ കോമിക്കിന്റെ ഒരു സീക്വല്‍ എന്ന് വാച്ച്മെന്നിനെ വിളിക്കാം. മുന്‍പ് കോമിക് ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ സീക്വല്‍ എന്ന് വേണമെങ്കിലും സീരീസിനെ വിളിക്കാം.

1921ലെ ടുള്‍സയിലെ വംശഹത്യയോടെയാണ് സീരീസ് ആരംഭിക്കുന്നത്. തൊലിയിലെ കറുത്ത നിറത്താല്‍ വേര്‍തിരിക്കപ്പെട്ടിരുന്ന ഒരു നഗരം മുഴുവനായി തന്നെ വര്‍ണവെറിയന്മാരായ കലാപകാരികള്‍ ഇല്ലാതാക്കിയപ്പോള്‍ രക്ഷപെട്ട് ഓടാന്‍ ശ്രമിക്കുന്ന കറുത്ത വര്‍ഗക്കാരായ ഒരു കുടുംബം. ആക്രമകാരികള്‍ക്കിടയിലൂടെ രക്ഷപെടാന്‍ അച്ഛനും അമ്മയും മകനുമെല്ലാം ശ്രമിക്കുന്നുവെങ്കിലും അതിന് സാധിക്കുന്നത് ആ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയ്ക്ക് മാത്രമാണ്. സീരീസിന്റെ ആദ്യ സീന്‍ മുതല്‍ തന്നെ വംശീയതയെ വളരെ ഗൗരവമായി സമീപിക്കുന്ന സീരീസിനെ സൂപ്പര്‍ ഹീറോ ഴോണറില്‍ ചുരുക്കിയിടാതാക്കുന്നത് പ്രമേയത്തിലെ ഈ ഗൗരവം തന്നെയാണ്.

പ്രമേയത്തില്‍ സെവന്‍ത്ത് കാവല്‍റികള്‍ പൊലീസിന് നേരെ നടത്തുന്ന ആക്രമണവും അതിന്റെ പ്രതികാരവുമായിട്ടാണ് വാച്ച്മെന്‍ ആരംഭിക്കുന്നത്. റെജിന കിങ്ങ് അവതരിപ്പിക്കുന്ന ആഞ്ജല അബര്‍ എന്ന പൊലീസുകാരിയാണ് സീരീസിന്റെ പ്രോട്ടോഗണിസ്റ്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ നീക്കം നടത്തിയപ്പോള്‍ രക്ഷപെട്ട രണ്ട് പേരിലൊരാളാണ് ആഞ്ചല. പിന്നീട് അവള്‍ പൊലീസ് ജോലി ഉപേക്ഷിച്ചെന്ന് പുറത്തുള്ളവരെ വിശ്വസിപ്പിച്ച് മുഖംമൂടിയണിഞ്ഞ് മറ്റൊരു പൊലീസുകാരിയായി ജോലി ചെയ്യുകയാണ്. ആഞ്ചലയുടെ മേലുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും അത് ചെയ്തത് താനാണെന്ന് പറഞ്ഞുകൊണ്ട് നൂറ് വയസിലധികം പ്രായമുള്ള ഒരു വൃദ്ധന്‍ ആഞ്ചലയോട് പറയുന്നതോടും കൂടിയാണ് സീരീസ് പുതിയ വഴിയിലേക്ക് മാറുന്നത്.

വംശീയതയാല്‍ നിര്‍മിക്കപ്പെട്ട സൂപ്പര്‍ ഹീറോ; കോമിക് മാത്രമല്ല 'വാച്ച്‌മെന്‍'
BINGE WATCH : കണ്ട് തുടങ്ങാന്‍ അഞ്ച് വെബ് സീരീസുകള്‍

സാധാരണ സൂപ്പര്‍ ഹീറോ സീരീസ് പറയുന്ന സ്ഥിരം ലോകത്തിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു കൂട്ടരുടെ ശ്രമം, അത്ഭുത സിദ്ധികള്‍ നേടിയവരില്‍ നിന്ന് അത് തട്ടിയെടുക്കാനുള്ള നീക്കം, അതിനായുള്ള സാങ്കേതിക വിപ്ലവമുണ്ടാക്കല്‍, വില്ലന്‍, അല്ലെങ്കില്‍ ഒരു കൂട്ടം വില്ലന്മാര്‍ തുടങ്ങിയവയെല്ലാം വാച്ച്മെന്നിലുമുണ്ട്. സൂപ്പര്‍ ഹീറോ ഴോണറിലെ ക്ലീഷേയെന്ന പോലെ തന്നെ അത് നിലനില്‍ക്കുമ്പോഴും അതിനപ്പുറത്തേക്ക് വവംശീയതയുടെ പേരില്‍ നടന്ന ആക്രമണങ്ങളും വിവേചനവും അതിന്റെ ഇന്നും നിലനില്‍ക്കുന്ന തുടര്‍ച്ചയുമെല്ലാം സീരീസ് അവതരിപ്പിക്കുന്നു.

വംശഹത്യയെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന ബാലന്‍, പിന്നീട് അവന്‍ വളര്‍ന്ന് പൊലീസ് ആകുമ്പോഴും, രാജ്യം മാറിയെന്ന് അവകാശപ്പെട്ടപ്പോഴും നേരിടേണ്ടി വന്നത് വര്‍ണവിവേചനം തന്നെയാണ്. പൊലീസ് എന്ന അധികാരം ഒരു കറുത്ത വര്‍ഗക്കാരന് കൊടുത്തത് അംഗീകരിക്കാന്‍ കഴിയാത്ത വര്‍ണവിദ്വേഷികളായ സഹപ്രവര്‍ത്തകര്‍ക്കും മാടമ്പികള്‍ക്കും ജനങ്ങള്‍ക്കുമെല്ലാം മുന്നില്‍ അയാള്‍ ആക്രമിക്കപ്പെടുക തുടരുക തന്നെ ചെയ്തു. സഹിക്കാന്‍ കഴിയാവുന്നതിനും അപ്പുറത്ത് എത്തിയപ്പോള്‍ അയാള്‍ മുഖം മൂടിയണിഞ്ഞ്, വെളുത്ത വര്‍ഗക്കാരനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് നാടിന്റെ കാവല്‍ക്കാരനാകുന്നു. കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നീട് കുറവുണ്ടാവുന്നുവെങ്കിലും വംശ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വേരുകള്‍ ആരുമറിയാതെ ഒരു കൂട്ടര്‍ പടര്‍ത്തിക്കൊണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂട്ടിവായിക്കാന്‍ കഴിയാവുന്ന ഒരു ഡിസ്ടോപ്യന്‍ സീരീസ് ആയി വാച്ച്മെന്‍ ചില ഘട്ടത്തില്‍ മാറുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.

വാച്ച്മെന്‍ എന്ന കോമിക് സീരീസ് വായിച്ചിട്ടുള്ളവര്‍ക്കാണ് ഇതിലെ സൂപ്പര്‍ ഹീറോ സ്വഭാവം വ്യക്തമാകുക, അവര്‍ക്ക് പരിചിതമായ ഒരുപാട് ക്യാരക്ടറുകളും സന്ദര്‍ഭങ്ങളും സീരീസില്‍ പറഞ്ഞു പോകുന്നുണ്ട്. അവരുടെ ആക്ടിവിറ്റീസ് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും അവര്‍ക്ക് മാത്രമാണ്. മറിച്ചുള്ളവര്‍ക്ക് ഒരു സാങ്കല്‍പ്പികമായ നാട്, അവിടെ സാങ്കേതിക വളര്‍ച്ചയുണ്ട്, കോമിക് സ്വഭാവത്തിലുള്ള കഥാപാത്രങ്ങളുണ്ട്, അവരുടെ ആക്ടിവിറ്റീസ് വ്യക്തമായി ആദ്യമൊന്നും മനസിലാകുന്നില്ലെങ്കിലും അതിനുള്ളിലൂടെ പറഞ്ഞുവെയ്ക്കുന്ന പ്രമേയത്തിന്റെ ഗൗരവമായിരിക്കും അവര്‍ കൂടുതല്‍ ശ്രദ്ധിക്കുക

ഡേമണ്‍ ലിന്‍ഡോള്‍ഫ് ക്രിയേറ്റ് ചെയ്തിരിക്കുന്ന സീരീസിന്റെ ആദ്യ സീസണ് ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. ആദ്യത്തെ മൂന്ന് എപ്പിസോഡുകള്‍ ആദ്യമായി വാച്ച്മെന്നിനെക്കുറിച്ച് അറിയുന്നവരെ മുഷിപ്പിക്കുന്നുണ്ട്. ആദ്യത്തെ രംഗങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തരം നരേറ്റീവിലേക്കും കഥയിലേക്കും സീരീസ് പോകുന്നതാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ സെക്കന്‍ഡ് ഹാല്‍ഫിലെ മൂന്നോളം എപ്പിസോഡുകള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക തന്നെ ചെയ്യും. സൂപ്പര്‍ ഹീറോ സ്വഭാവത്തേക്കാള്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച, അനുഭവിക്കുന്ന വര്‍ണവിവേചനത്തിലൂടെ പ്രേക്ഷകന്റെ കാഴ്ച കൊണ്ടു പോകുന്ന എപ്പിസോഡുകളാവും പ്രേക്ഷകനിഷ്ടപ്പെടുക. സീരീസ് ഫിനാലെയും നിരാശപ്പെടുത്താത്ത അനുഭവം തന്നെയാണ്. അതുകൊണ്ട് തന്നെ പോയവര്‍ഷത്തെ കാണേണ്ട സീരീസുകളിലൊന്ന് തന്നെയാണ് വാച്ച്മെന്‍.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in