വിഎസ് ഇനി ഓർമ, എകെജി സെന്ററിൽ പൊതുദർശനം, സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ

വിഎസ് ഇനി ഓർമ, എകെജി സെന്ററിൽ പൊതുദർശനം, സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ
Published on

മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. വി എസിൻ്റെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണിയോടെ എ കെ ജി സെൻ്ററിലേക്ക് കൊണ്ടുപോകും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് തിരിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. വൈകീട്ട് വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തുവാൻ തീരുമാനിച്ചതായും എം വി ഗോവിന്ദൻ അറിയിച്ചു.

ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരവേയാണ് അന്ത്യം.

വി എസ്സിന്റെ വേർപാട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിമതിക്കും അധർമ്മത്തിനുമെതിരെ പോരാടിയ നേതാവാണ് വി എസ് എന്ന് എം വി ജയരാജൻ പ്രതികരിച്ചു.

വി എസ് ജീവിച്ചിരുന്ന ഒരു ഇതിഹാസമായിരുന്നു എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

വിഎസ് ചരിത്രം സൃഷ്ടിച്ചു. അദ്ദേഹം ജീവിച്ചിരുന്ന ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം രാജ്യത്തുടനീളം കേരളത്തിലും നീതിക്കായി പോരാടി. അദ്ദേഹം ഒരു പോരാളിയായിരുന്നു. പാവങ്ങൾക്ക് വേണ്ടി ചൂഷണങ്ങൾക്കെതിരെ പോരാടിയ പോരാളി. അദ്ദേഹം പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നാണ് വന്നത്. അനുഭവങ്ങൾ പാഠമാക്കി പാവങ്ങൾക്ക് വേണ്ടി പോരാടി. ഞങ്ങൾക്കെല്ലാം അദ്ദേഹം വലിയൊരു പ്രചോദനമായിരുന്നു. ഒരു തികഞ്ഞ പോരാളി തന്നെയായിരുന്നു.

ബൃന്ദ കാരാട്ട്

അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയാണ് വിഎസ് എന്ന് എംവി ഗോവിന്ദൻ അനുസ്മരിച്ചു.

ഇടവേളകളില്ലാത്ത സമരമാണ് വിഎസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്.

എംവി ഗോവിന്ദൻ

രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട ജനകീയ മുഖമായിരുന്നു വിഎസ് എന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അനുസ്മരിച്ചു.

വിഎസിന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുൾപ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോൾ മർകസ് സന്ദർശിക്കുകയും ചെയ്തു. സച്ചാർ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സർവകലാശാല സെന്റർ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സാക്ഷാത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്‌ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്.

കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ

വി എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ വിയോഗം സങ്കടകരമാണ്. വിശ്വസിച്ചിരുന്ന രാഷ്ട്രീയാദര്‍ശത്തില്‍ അതിശക്തമായി നിലകൊണ്ടയാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ മ്യൂല്യച്യുതിയുണ്ടാകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വരമുയര്‍ത്തി. സി.പി.ഐ.എമില്‍ ഇന്ന് കാണാനാവാത്ത തരത്തിലുള്ള ഒരു പ്രവര്‍ത്തകനായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ സ്‌നേഹജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. സമര നായകന് ആദരാഞ്ജലികള്‍.

സാദിഖലി ശിഹാബ് തങ്ങൾ

കേരളത്തിന്റെയും വിപ്ലവ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിന്റെ പരിച്ഛേദമായിരുന്നു വിഎസ് എന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് ഉണ്ടാവുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് അദ്ദേഹത്തിന്റെ ജീവിതം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വിഎസ്. അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു.

പേരിനെ ശരിയടയാളമാക്കിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് നടി മഞ്ജു വാര്യർ അനുസ്മരിച്ചു.

വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

മഞ്ജു വാര്യർ

വി.എസ്. അച്യുതാനന്ദൻ്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഒരു യു​ഗത്തിനാണ് അവസാനമാകുന്നത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറിച്ചു.

മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി. എസ്. അച്യുതാനന്ദൻ്റെ മരണത്തിൽ അനുശോചിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട്, പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവായിരുന്നു വി.എസ്. വി.എസ്. അച്യുതാനന്ദൻ്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഒരു യു​ഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകൾക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകൾ എക്കാലത്തും ഓ‍ർമ്മിക്കപ്പെടും. കേരളത്തിൽ മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാൻ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം. ചികിത്സയിൽ തുടരവെ, കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി.എസിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി

രാജീവ് ചന്ദ്രശേഖർ

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവായിരുന്നു വിഎസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല എന്നും വി.ഡി സതീശൻ പറഞ്ഞു.

കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. കെഎസ്യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുന്‍പേ അദ്ദേഹം പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി മാറിയിരുന്നു. താൻ പാര്‍ലമെന്റംഗമായി പോയപ്പോഴാണ് അച്യുതാനന്ദനുമായി അടുത്തിടപഴകാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. യാദൃശ്ചികമായി പലവട്ടം ഒന്നിച്ച് വിമാനത്തിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാനുള്ള അവസരങ്ങളുണ്ടായി. പക്ഷേ, അതെല്ലാം അദ്ദേഹത്തെ അടുത്തു കാണാനും അറിയാനുമുള്ള അവസരങ്ങളായി മാറ്റി. രാഷ്ട്രീയമായി വളരെ അകലമുള്ളവരാണ് തങ്ങൾ രണ്ടു പേരും. വളരെ വിഭിന്നമായ ചേരിയില്‍ നിന്നുകൊണ്ട് പരസ്പരം അടരാടുമ്പോഴും സാധാരണ വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്.

രമേശ് ചെന്നിത്തല

രാഷ്ട്രീയ നിലപാടില്‍ എതിരാളികളോട് കോംപ്രമൈസ് ഇല്ലാത്ത നേതാവും എതിരാളികളോട് വ്യക്തിബന്ധം കാത്തുസൂക്ഷിച്ച രാഷ്ട്രീയക്കാരനുമായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും എതിരാളികളെ നേരിടുന്ന വിഎസ് ശൈലി സിപിഎം അനുഭാവികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യൂണിസ്റ്റായിരുന്നു വിഎസ്. ആദ്യകാലത്ത് തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു. ആദര്‍നിഷ്ഠയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായ വിഎസിന്റെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അച്യുതാനന്ദൻ സമൂഹത്തിന് നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും എന്ന് ആം ആദ്മി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു വിഎസ് എന്ന് കമൽഹാസൻ അനുസ്മരിച്ചു.

പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തങ്ങൾ രണ്ട് പേരും മുഖ്യമന്ത്രിമാർ ആയിരുന്നപ്പോഴുള്ള ഇടപെടലുകൾ ഓർക്കുന്നു എന്നും അദ്ദേഹം കുറിച്ചു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്മ്യൂണിസ്റ്റും എന്നാണ് വിഎസ്സിനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുറിച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് ശശി തരൂർ. അദ്ദേഹത്തിന്റെ വിയോഗം ദശലക്ഷക്കണക്കിന് അനുയായികളിൽ വേദന ഉളവാക്കുമെന്നും ശശി തരൂർ പറഞ്ഞു.

ജീവിതം തന്നെ സമരമാക്കിയ ജനനായകനായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് മോഹൻലാൽ. മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന് മരണമില്ല എന്നും മോഹൻലാൽ കുറിച്ചു.

ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.

മോഹൻലാൽ

Related Stories

No stories found.
logo
The Cue
www.thecue.in