
2001ലായിരുന്നു വി എസ്സിനെ ആദ്യമായി അടുത്ത് കണ്ടു സംസാരിക്കുന്നത്. കൈരളി ടിവിക്ക് വേണ്ടി അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ പോയപ്പോഴായിരുന്നു അത്. വളരെ ദീർഘ നേരം അദ്ദേഹത്തെ അഭിമുഖം ചെയ്യാൻ എനിക്ക് സാധിച്ചു. അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ചും അക്കാലത്ത് നേരിട്ട പോലീസ് മർദ്ദനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ സൗഹൃദങ്ങളെക്കുറിച്ചുമെല്ലാം അന്ന് സംസാരിച്ചു.
വിഎസിനെക്കുറിച്ചുള്ള ഒരു നല്ല ഓർമ്മ എന്റെ വ്യക്തി ജീവിതത്തിലുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ്. 2006ൽ ഒരു ബസ് യാത്രയ്ക്കിടയിൽ എനിക്ക് ഒരു മോശം അനുഭവം നേരിടേണ്ടി വന്നു. ഞാൻ പിആറിൽ വർക്ക് ചെയ്യുന്ന കാലമാണത്. ഒരു പ്രസ് റിലീസ് നൽകുന്നതിനായി മനോരമയിൽ പോയപ്പോൾ ബ്യൂറോ ചീഫായിരുന്ന ജോൺ മുണ്ടക്കയത്തിനോട് ഈ അനുഭവം ഞാൻ പറയുകയുണ്ടായി. തിരുവനന്തപുരം നഗരത്തിൽ രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മോശം അനുഭവം നേരിടേണ്ടി വരാറുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിന്റെ പേരിൽ അവിടെ തർക്കമുണ്ടായി.
എന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കുന്നതിന് ഭാഗമായി ഒരു രാത്രി ഞാൻ നഗരത്തിലൂടെ സഞ്ചരിക്കാം, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്ന് ഞാൻ പറഞ്ഞു. ഇതേ തുടർന്ന് സ്റ്റാച്ച്യൂ മുതൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വരെ ഞാൻ യാത്ര ചെയ്യുകയും ഈ വേളയിൽ പലരും ശല്യപ്പെടുത്തുകയും ചെയ്തു. ഈ കാര്യങ്ങളും അവരും നേരിൽ കണ്ട് ബോധ്യപ്പെട്ടു.
ഈ അനുഭവം വാർത്തയായതിന് പിന്നാലെ വി എസ് വിളിക്കുകയും ഞാനും ജോൺ മുണ്ടക്കയവും അദ്ദേഹത്തിന്റെ ഓഫീസിൽ പോവുകയുമുണ്ടായി. എന്താണ് നിങ്ങൾക്ക് ഈ വിഷയത്തിൽ പരിഹാരം നിർദേശിക്കാൻ കഴിയുന്നത് എന്ന് വി എസ് ചോദിച്ചു. അന്ന് തിരുവനന്തപുരം നഗരത്തിൽ വഴിവിളക്കുകൾ കുറവായിരുന്നു. അതിന്റെ ആവശ്യകതയെക്കുറിച്ചും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബസ് സ്റ്റോപ്പുകളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുന്നതതിനെക്കുറിച്ചും വനിതാ ഫ്രണ്ട്‌ലി ഓട്ടോ-ടാക്സി സർവീസുകളെക്കുറിച്ചും സേഫ് ഹൗസുകളെക്കുറിച്ചുമെല്ലാം ഞങ്ങൾ നിർദേശങ്ങൾ എഴുതിക്കൊടുത്തു.
ഒട്ടും കാലതാമസമെടുക്കാതെ വഴിവിളക്കുകൾ വർധിപ്പിക്കുകയും ഷാഡോ പോലീസ് തുടങ്ങുകയും ഉൾപ്പടെ നിരവധി മാറ്റങ്ങളാണ് നഗരത്തിലുണ്ടായത്. എന്നെ സംബന്ധിച്ച് അത് ഏറെ സന്തോഷം നൽകിയ അനുഭവമായിരുന്നു.
എല്ലാ വിഷയങ്ങളിലും ശരി എന്ത് തെറ്റ് എന്ത് എന്നതിൽ വ്യക്തതയുള്ള നേതാവായിരുന്നു അദ്ദേഹം. വിഎസ് എന്നാൽ വീര്യമാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയാറില്ലേ. അതുപോലെയായിരുന്നു വിഎസ്. എന്തിനെയും നെഞ്ചുറപ്പോടെ നേരിടുന്ന ഉശിരുള്ള നേതാവ്.