പ്രകൃതിയുടെ തകൃതിയുള്ള പ്രകൃതിസിനിമകള്‍.

എന്താണീ പ്രകൃതിപ്പടം, കുറേ നാളായിട്ട് കേള്‍ക്കുന്നു. ആക്ഷന്‍ പടം, ഫാമിലിപ്പടം, കോമഡിപ്പടം, മസാലപ്പടം, അവാര്‍ഡ് പടം, എ പടം എന്നിങ്ങനെ മലയാളിയുടെ ലിസ്റ്റിലെ പുതിയൊരു ഐറ്റമാണോ പ്രകൃതിപ്പടം. സത്യത്തില്‍ പ്രകൃതിപ്പടം എന്നൊരു വിഭാഗമുണ്ടോ അതോ കുറച്ച് ഹരിതാഭയും പച്ചപ്പും സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെയാണോ പ്രകൃതിപടം എന്ന് പറയുന്നത്. മൂന്നാറിലോ ഇടുക്കിയിലോ ഷൂട്ട് ചെയ്താല്‍ പ്രകൃതിപ്പടമാകുമോ, കൊച്ചി നഗരത്തിനകത്ത് പ്രകൃതിപ്പടം നിര്‍മിക്കാന്‍ കഴിയുമോ, എന്നിങ്ങനെ പ്രകൃതിപ്പടത്തെക്കുറിച്ച് ആവലാതികളുള്ളവര്‍ക്ക് ഈ വീഡിയോയിലൂടെ പ്രകൃതിപ്പടത്തെ അറിയാം.

പ്രകൃതിപ്പടം, പ്രകൃതി സിനിമാക്കാര്‍, പ്രകൃതിയുടെ തകൃതി- പലപ്പോഴും കമന്റിലോ പോസ്റ്റിലോ പുതിയൊരു പ്രയോഗമായോ,വിളിപ്പേരായോ, പരിഹാസമായോ, ട്രോള്‍ ആയോ പുതിയൊരു വാക്ക് വന്നാല്‍ അതിന്റെ ഉറവിടവും പിറവിയും വന്ന വഴിയുമൊക്കെ കണ്ടുപിടിക്കല്‍ അത്ര എളുപ്പമല്ല.

കൊവിഡിന്റെ മൂന്ന് വരവിനും ശേഷം തെലുഗില്‍ നിന്നും തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമൊക്കെ ആര്‍ആര്‍ആറും വിക്രമും കെജിഎഫും പുഷ്പയുമൊക്കെ വന്ന് കേരളത്തിലെ എല്ലാ റിലീസിംഗ് സെന്ററുകളില്‍ ആളെ നിറച്ച് കാശ് വാരിയ ടൈമിലാണ് പ്രകൃതിപ്പടം എന്ന സോഷ്യല്‍ മീഡിയാ നിര്‍മ്മിത ജോണര്‍ കാര്യമായി ചര്‍ച്ചയായത്. അതുവരെ പ്രകൃതിപ്പടവും പ്രകൃതി സിനിമാക്കാരും സിനിമാ ഗ്രൂപ്പുകളിലെയും ഫാന്‍ ഫൈറ്റ് ഗ്രൂപ്പുകളിലെയും യൂട്യൂബ് വീഡിയോകളിലെയും കമന്റ് ബോക്സിലെ പരിഹാസച്ചുവയുള്ള തെറി വിളികളിലൊന്ന് മാത്രമായിരുന്നു.

സത്യത്തില്‍ എന്താണ് ഈ പ്രകൃതിപ്പടം, ആരാണ് ഈ പ്രകൃതി സിനിമാക്കാര്‍.

2020ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസായ ജോജി എന്ന സിനിമയുടെ സമയത്ത് ജോജിയുടെ മേക്കിംഗ് വീഡിയോ സ്വഭാവത്തില്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ തയ്യാറാക്കിയ വ്ലോഗില്‍ ജോജി ഒരു പ്രകൃതി സിനിമയാണെന്ന് പറയുന്നുണ്ട്. പ്രകൃതിപ്പടമാണോ എന്ന് ഷൈജു ഖാലിദിനോട് ചോദിക്കുമ്പോള്‍ പ്രകൃതിയുടെ തകൃതിയെന്ന് ഷൈജു തമാശയായി മറുപടിയും കൊടുക്കുന്നുണ്ട്. പക്ഷേ പ്രകൃതി സിനിമയുടെ കഥ തുടങ്ങുന്നത് അതിനും മുമ്പാണ്.

2011ല്‍ ട്രാഫിക്കും സോള്‍ട്ട് ആന്‍ഡ് പെപ്പറും ചാപ്പാക്കുരിശും ഉള്‍പ്പെടെ സിനിമകള്‍ മലയാള സിനിമയില്‍ കഥ പറച്ചിലിലും വിഷ്വല്‍ ട്രീറ്റ്മെന്റിലും ഗംഭീരമായൊരു മാറ്റം കൊണ്ടുവന്നിരുന്നു. പൊള്ളാച്ചിയിലെ കൂട്ടത്തല്ലും ഗോഡൗണ്ടിലെ അടിച്ചുപറത്തല്‍ ക്ലൈമാക്സും ടെംപ്ലേറ്റ് ആക്കിയ സിനിമകളും ഡബിള്‍ മീനിംഗ് തമാശകളും സ്ത്രീവിരുദ്ധതയും നിറച്ച കോമഡി സിനിമകളും ആറാടിയിരുന്നിടത്താണ് അന്നയും റസൂലും, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ആമേന്‍, ഇ.മ.യൗ, ജല്ലിക്കട്ട് തുടങ്ങിയ ഒരു നിര സിനിമകള്‍ അടിമുടി മാറ്റത്തിന് തുടക്കമിട്ടത്. സിനിമാറ്റിക് റിയലിസത്തിലൂടെ കഥ പറയുകയും

സ്വാഭാവിക അവതരണത്തിലൂടെ കഥാപാത്രങ്ങളെ ക്യാമറക്ക് മുന്നിലെത്തിക്കുകയും ചെയ്ത ഇത്തരം സിനിമകള്‍ മലയാളത്തിലെ ആര്‍ട്ട് ഹൗസ് സിനിമകള്‍ക്കും തട്ടുപൊളിപ്പന്‍ കമേഴ്സ്യല്‍ സിനിമകള്‍ക്കുമിടയില്‍ ഇടം കണ്ടെത്തി. ഒരേ സമയം നിരൂപക പ്രശംസയും തിയറ്റര്‍ വിജയവും ഈ സിനിമകളില്‍ പലതും കൈവരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും ഫിലിം ഫെസ്റ്റിവലുകളിലുമെല്ലാം സമാന്തര സിനിമകള്‍ക്കൊപ്പം സെമി റിയലിസ്റ്റിക് നരേറ്റീവുമായെത്തിയ ഈ സിനിമകള്‍ മത്സരിച്ചു.

മലയാളത്തിലെ കമേഴ്സ്യല്‍ സിനിമകളുടെ ശൈലിയില്‍ വരെ ഈ സിനിമകള്‍ മാറ്റമുണ്ടാക്കി. നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഡാന്‍സേഴ്സും അണിനിരക്കുന്ന പാട്ടുകള്‍ ഇല്ലാതായി. ആദ്യാവസാനം നായകന്‍ മാത്രം ചുറ്റിത്തിരിയുന്ന കമേഴ്സ്യല്‍ സിനിമകളിലേക്ക് വീണ്ടും ശക്തമായ കാരക്ടര്‍ റോളുകളുടെ വരവുണ്ടായി. അതിനാടകീയവും ആവര്‍ത്തന വിരസവുമായ സംഭാഷണങ്ങള്‍ ഏറെക്കുറെ നാട് നീങ്ങി. ക്ലീഷേകളില്‍ മുങ്ങിക്കുളിച്ചെത്തുന്ന സിനിമകള്‍ ചളി ഗ്രൂപ്പിലും ട്രോള്‍ പേജുകളിലും മീമുകളിലുമൊക്കെ സ്ഥിരം സാന്നിധ്യമായി. തട്ടുപൊളിപ്പന്‍ സിനിമകളെടുത്ത ഫിലിംമേക്കേഴ്സും നിര്‍മ്മാതാക്കളും വരെ ഒരു ഘട്ടത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലുമായി. സിനിമാറ്റിക് റിയലിസം പിന്തുടരുന്ന സിനിമകള്‍ മാത്രമാണ് മലയാളത്തിലെ ഗുണനിലവാരമുള്ള സിനിമയെന്ന വിശേഷണം ചലച്ചിത്ര മേഖലയെ പല തട്ടിലുമാക്കിയിരുന്നു.

കട്ട് ടു പ്രകൃതിസിനിമയിലേക്ക് പോയാല്‍, ആദ്യമാദ്യം ഫിലിം ഡിസ്‌കഷന്‍ ഗ്രൂപ്പുകളില്‍ മഹേഷിന്റെ പ്രതികാരമോ, ചുരുളിയോ, ജോജിയോ ആഘോഷിക്കപ്പെടുമ്പോള്‍ എന്റര്‍ടെയിന്‍മെന്റ് മൂല്യമില്ലാത്ത പ്രകൃതിപ്പടങ്ങളെന്ന മട്ടില്‍ അധിക്ഷേപമായി ഈ വാക്കെത്തി. മാസ് മസാല സിനിമകളിലെ ലോജിക്കും നായകന്‍ പറക്കുന്ന സീനിലെ ഗ്രാവിറ്റിയും പരിഹാസവും ട്രോളുമായപ്പോള്‍ അതിനുള്ള ഫാന്‍ ഗ്രൂപ്പുകളുടെ മറുപടി എന്ന നിലക്കാണ് പ്രകൃതിപ്പടമെന്ന പ്രയോഗം വന്നത്. പ്രകൃതിപ്പടം ഫാന്‍സ് പ്ലീസ് സ്റ്റെപ്പ് ബാക്ക് എന്ന മറുപടി സ്ഥിരമായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള പുതുതലമുറ സിനിമാപ്രവര്‍ത്തകരെ കഞ്ചാവ് കമ്പനിയെന്ന നിലക്ക് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സിനിമാഗ്രൂപ്പുകളും ഫാന്‍ ഗ്രൂപ്പുകളും കഞ്ചാവ് സിനിമയെന്ന ചാപ്പയടിക്കായി പ്രകൃതി സിനിമയെന്ന പ്രയോഗത്തെ കൂടെക്കൂട്ടി.

ലോജിക്കോ പൊളിറ്റിക്കല്‍ കറക്ട്നസോ, പുരോമന ചിന്തയോ ഒന്നും ബാധ്യതയാകാതെ എന്റര്‍ടെയിന്‍മെന്റ് മാത്രം മതിയെന്ന് വാദിക്കുന്ന ഒരു വിഭാഗവും പ്രകൃതി സിനിമയെന്ന പരിഹാസത്തെ ആഘോഷിച്ചവരില്‍പ്പെടും. ഇക്കൂട്ടര്‍ക്ക് അന്നയും റസൂലും മുതല്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വരെ പ്രകൃതിപ്പടങ്ങളാണ്. മഹേഷിന്റെ പ്രതികാരമോ, ജോജിയോ, തൊണ്ടിമുതലോ, ഉണ്ടയോ, ചുരുളിയോ, കുമ്പളങ്ങി നൈറ്റ്സോ ഒക്കെ നോക്കിയാല്‍ കഥ പറയുന്ന ജിയോഗ്രഫിയെ കൂടി നരേറ്റിവ് ആര്‍ക്കിന്റെ ഭാഗമാക്കിയിട്ടുണ്ട്. വിഷ്വലൈസേഷനിലും ഗാന ചിത്രീകരണത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം ഒരു ദേശമോ, ഭൂപ്രകൃതിയോ, ഗ്രാമാന്തരീക്ഷമോ, സാങ്കല്‍പ്പിക ദേശമോ കടന്നുവന്നിട്ടുമുണ്ടാകും. ഇതിനൊപ്പം തന്നെ സെമി റിയലിസ്റ്റിക് ത്രില്ലറുകളുടെ സ്വഭാവത്തിലുള്ള സിനിമകളും പ്രകൃതിപ്പട്ടികയില്‍ കേറിപ്പറ്റി. ജോജിയും ഇലവീഴാ പൂഞ്ചിറയുമൊക്കെ പ്രകൃതി ത്രില്ലറുകളുമായി.

ചുരുളി എന്ന ലിജോ പെല്ലിശേരി സിനിമ സോണി ലിവ് സ്ട്രീം ചെയ്തപ്പോഴാണ് പ്രകൃതി സിനിമയെന്ന പ്രയോഗം പരിഹാസ രൂപത്തില്‍ നിന്ന് പര്യായ രൂപത്തിലേക്ക് കൂടി പ്രയോഗിക്കപ്പെടുന്നത് കണ്ടത്. തല്ലുമാലയുടെ പ്രീ റിലീസ് സമയത്ത് ഖാലിദ് റഹ്‌മാന്‍ പ്രകൃതി സിനിമ ചെയ്യുന്നവര്‍ എന്ന നിലക്ക് സ്വയം പരിചയപ്പെടുത്തുന്നതും കണ്ടു.

മലയാളത്തില്‍ കൊവിഡിന് ശേഷം തിയറ്ററുകളില്‍ ആള് കയറാതിരിക്കാന്‍ കാരണം പ്രകൃതിപ്പടങ്ങളാണെന്ന് വാദിക്കുന്നവരുമുണ്ടായിരുന്നു. വിക്രം,കെജിഎഫ്,പുഷ്പ പോലുള്ള മാസ് സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്കും താരത്തിനും സംവിധായകര്‍ക്കും ധൈര്യമില്ലാതാക്കിയത് പ്രകൃതി ഫാന്‍സ് ആയിരുന്നുവെന്നാണ് ഈ വാദം. എന്തായാലും ആ വാദം മണ്ടത്തരമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കടുവയും പാപ്പനും പോലുള്ള തട്ടുപൊളിപ്പന്‍ മാസ് സിനിമകളുടെ വിജയം. പ്രകൃതിയെന്ന് പരിഹസിക്കുന്ന സ്വഭാവ സവിശേഷതകളുള്ള രണ്ട് സിനിമകള്‍ പിന്നീട് കേരളത്തിലെ തിയറ്ററുകളെ അടക്കി ഭരിക്കുന്നതും നമ്മള്‍ കണ്ടു. ന്നാ താന്‍ കേസ് കൊട്, തല്ലുമാല എന്നീ സിനിമകള്‍.

80കളിലും 90കളിലും മലയാളത്തില്‍ സമാന്തര സിനിമകളും മധ്യവര്‍ത്തി സിനിമകളും തട്ടുപൊളിപ്പന്‍ മസാല സിനിമകളും ഒരു പോലെ പ്രേക്ഷകരിലെത്തിയിരുന്നു. സെമി റിയലിസ്റ്റിക് സ്വഭാവമുള്ള പ്രകൃതിപ്പടങ്ങള്‍ മലയാളത്തില്‍ പുതുതായി വന്ന സംഗതിയോ മറ്റൊരു ഭാഷയിലും ഇല്ലാത്ത സംഭവമോ അല്ല. തമിഴില്‍ കാര്‍ത്തിക് സുബ്ബരാജും വെട്രിമാരനും നളന്‍ കുമരസ്വാമിയും ത്യാഗരാജന്‍ കുമരരാജയും സിനിമ ചെയ്യുന്ന അതേ സമയത്ത് തന്നെയാണ് ഷങ്കര്‍ ബ്രഹ്‌മാണ്ട ചിത്രമെടുക്കുന്നതും ഹരി ടാറ്റാ സുമോ പറത്തുന്ന സിനിമയെടുക്കുന്നതും. പുതിയ കാലത്തെ സിനിമയുടെ രീതികളെയും പ്രേക്ഷകരുടെ അഭിരുചിയെയും

പുരോഗമന സമൂഹത്തെയും ഒരു പോലെ പരിഗണിക്കുന്ന സിനിമകള്‍ക്ക് കയ്യടി കൂടുതല്‍ കിട്ടുമെന്ന് മാത്രം. അവിടെ പ്രകൃതിയെന്നോ വികൃതിയെന്നോ ഉള്ള പരിഹാസവും പര്യായമൊന്നും വിലപ്പോകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in