ഗൗരിയമ്മയോട് പറഞ്ഞു ഭൂപരിഷ്‌കരണത്തില്‍ കര്‍ഷകന് ഒരുതുണ്ട് ഭൂമി പോലും കിട്ടിയില്ലെന്ന്: കെ. വേണു

കമ്യൂണിസ്റ്റുകാര്‍ക്ക് ജാതിയെക്കുറിച്ച് ബോധമില്ലെന്ന് ദ ക്യു വാഗ്‌വിചാരത്തില്‍ എന്‍.ഇ സുധീറിനോട് രാഷ്ട്രീയ നിരീക്ഷകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ. വേണു.

ഭൂപരിഷ്‌കരണ നിയമത്തില്‍ ഒരു തുണ്ട് ഭൂമി പോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും ഈഴവര്‍ക്കുമാണ് ഭൂമി ലഭിച്ചതെന്നും കെ. വേണു.

ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിലെ ന്യൂനതകളെക്കുറിച്ച് ഗൗരിയമ്മയെ നേരിട്ട് കണ്ടപ്പോള്‍ നേരിട്ട് സംസാരിച്ചിരുന്നുവെന്നും പിന്നീട് അതിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവര്‍ മനസിലാക്കിയെന്നും കെ വേണു പറഞ്ഞു.

ഗൗരിയമ്മ നടപ്പാക്കി എന്ന് പറയുന്ന ഈ ഭൂപരിഷ്‌കരണം കൊണ്ട്, കര്‍ഷകര്‍ക്ക് ഒരു തുണ്ട് ഭൂമി കിട്ടിയിട്ടില്ല എന്ന് അറിയാമോ എന്നാണ് അവരോട് ചോദിച്ചത്. ഇത് കേട്ട് 'എന്താടോ താന്‍ പറയുന്നതെന്ന് ചോദിച്ച്' അവര്‍ ചാടിയെഴുന്നേറ്റെന്നും വേണു പറഞ്ഞു.

'കമ്യൂണിസ്റ്റുകാര്‍ക്ക് ജാതിയെക്കുറിച്ച് ബോധമില്ലാത്തതിന്റെ പേരില്‍ സംഭവിക്കുന്നതാണ്. കാരണം ജാതി വ്യവസ്ഥ പട്ടിക ജാതിക്കാര്‍ക്ക് പാട്ടഭൂമിയില്ല. പാട്ട ഭൂമി കിട്ടുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ്. ഭൂപരിഷ്‌കരണം കൊണ്ടുണ്ടായത്, ഭൂമി ജന്മിയില്‍ നിന്ന് പാട്ടകുടിയാന് കിട്ടി എന്നത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്നവര്‍ അപ്പോഴും വയല്‍ വരമ്പത്ത് തന്നെ. അത് അവരെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു. പിന്നീട് അത് ഗൗരിയമ്മ മനസിലാക്കുകയും അവര്‍ തന്നെ അത് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഗൗരിയമ്മയുമായി അടുക്കുന്നത്. അങ്ങനെയാണ് ജെ.എസ്.എസിലേക്ക് എത്തുന്നത്,' വേണു പറഞ്ഞു.

കെ. വേണുവിന്റെ വാക്കുകള്‍

ഞാന്‍ എല്ലാം വിട്ട് ജനാധിപത്യത്തിലേക്ക് വന്നെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഗൗരിയമ്മയൊക്കെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നുകൊണ്ടുള്ള കളികളാണല്ലോ. പക്ഷെ അതല്ല, പുറത്താക്കിയ സാഹചര്യത്തില്‍ ഗൗരിയമ്മയ്ക്ക് രണ്ട് മുന്നണിയിലും പോകാന്‍ സാധിക്കില്ല. അപ്പോള്‍ ഒരു മൂന്നാം ചേരി രാഷ്ട്രീയം എന്നത് ഒന്ന് അവതരിപ്പിക്കണം. അപ്പോള്‍ അതിന് ഒരു ചെറിയ കുറിപ്പോ രേഖയോ ഞാന്‍ ഉണ്ടാക്കി കൊടുക്കണം. മൂന്നാം മുന്നണിയുടെ സാധ്യതകള്‍ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ഞാന്‍ ഒരു രേഖ എഴുതി കൊടുത്തു. അവര്‍ അതും കൊണ്ട് ഗൗരിയമ്മയുടെ അടുത്ത് പോയി. ഗൗരിയമ്മ അത് വായിച്ചിട്ട്, എന്നെ കാണണം എന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവും ഇല്ല.

അടുത്ത ദിവസം പോയി. ഗൗരിയമ്മയുമായി സംസാരിച്ചു. അന്ന് അവരെ പ്രകോപിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു കാര്യം പറയുകയുണ്ടായി. ഗൗരിയമ്മ നടപ്പാക്കി എന്ന് പറയുന്ന ഈ ഭൂപരിഷ്‌കരണം കൊണ്ട്, കര്‍ഷകര്‍ക്ക് ഒരു തുണ്ട് ഭൂമി കിട്ടിയിട്ടില്ല എന്ന് അറിയാമോ എന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ എന്താടോ താന്‍ ഈ പറയുന്നത് എന്ന് ചോദിച്ച് ചാടി എഴുന്നേറ്റു.

അപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഒന്ന് കുട്ടനാട്ടില്‍ പോയി നോക്ക്, ഇപ്പോഴും വയല്‍ വരമ്പുകളില്‍ കുടില്‍ കെട്ടിയാണ് അവിടെ പണിയെടുക്കുന്ന തൊഴിലാളി താമസിക്കുന്നത്. അതിന് കാരണം എന്താണെന്ന് അറിയുമോ എന്ന് ചോദിച്ചു.

കമ്യൂണിസ്റ്റുകാര്‍ക്ക് ജാതിയെക്കുറിച്ച് ബോധമില്ലാത്തതിന്റെ പേരില്‍ സംഭവിക്കുന്നതാണ്. കാരണം ജാതി വ്യവസ്ഥ പ്രകാരം പട്ടിക ജാതിക്കാര്‍ക്ക് പാട്ടഭൂമിയില്ല. പാട്ട ഭൂമി കിട്ടുന്നത് ന്യൂനപക്ഷങ്ങള്‍ക്കും ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ്. ഭൂപരിഷ്‌കരണം കൊണ്ടുണ്ടായത്, ഭൂമി ജന്മിയില്‍ നിന്ന് പാട്ടകുടിയാന് കിട്ടി എന്നത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്നവര്‍ അപ്പോഴും വയല്‍ വരമ്പത്ത് തന്നെ. അത് അവരെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

പിന്നീട് ഗൗരിയമ്മ അത് മനസിലാക്കുകയും അവര്‍ തന്നെ അതിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഗൗരിയമ്മയുമായി അടുക്കുന്നത്. അങ്ങനെയാണ് ജെ.എസ്.എസിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in