മദര്‍ഹുഡ് പൊളിച്ചെഴുതിയ ലോസ്റ്റ് ഡോട്ടര്‍

നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാട് സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ന് സിനിമയിലുണ്ട്. കുറച്ച് വര്‍ഷം മുമ്പ് സ്ത്രീകളെ ചിത്രീകരിച്ചിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ക്യാരക്ട്രൈസേഷനില്‍ നിന്ന് മാറി വളരെ ലെയേഡായ, ഡീറ്റെല്‍ഡായ സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ന് സിനിമയിലുണ്ട്. പല സ്റ്റീരിയോടൈപ്പുകളെയും പൊളിച്ചെഴുതാന്‍ അത്തരം കഥാപാത്രങ്ങള്‍ക്കും സിനിമകള്‍ക്കും കഴിയുന്നുമുണ്ട്. അത്തരത്തിലൊന്നാണ് 'ദി ലോസ്റ്റ് ഡോട്ടറി'ലെ ഒലീവിയ കോള്‍മാന്റെ ലേഡ എന്ന കഥാപാത്രവും.

ഒരു അമ്മയുടെ കഥയാണ് മാഗീ ജിലന്‍ഹോളിന്റെ ഓസ്‌കാര്‍ നോമിനേറ്റഡ് ചിത്രം 'ദി ലോസ്റ്റ് ഡോട്ടര്‍'. നമ്മള്‍ പല തരത്തിലുള്ള അമ്മമാരെ സിനിമയില്‍ കണ്ടിട്ടുണ്ട്. സ്വന്തം കുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന അമ്മ, പിന്നെ പല കാരണങ്ങള്‍ കൊണ്ടും കുട്ടികളെ ഒട്ടും ശ്രദ്ധിക്കാത്ത അമ്മ, കുട്ടികളെ നഷ്ടപ്പെടുന്ന അമ്മ, കുട്ടികള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത അമ്മ, എന്നാല്‍ ലോസ്റ്റ് ഡോട്ടര്‍ പറയുന്നത് 'ദി അണ്‍നാച്വറല്‍ മദറിനെ' കുറിച്ചാണ്.

എന്താണ് അണ്‍ നാച്വറല്‍ മദര്‍??

സ്ത്രീ എന്ന് പറഞ്ഞാല്‍ സ്വാഭാവികമായി മദര്‍ഹുഡ് എലമെന്റ് ഉള്ള വ്യക്തിയല്ലേ? അമ്മയാവുക എന്നതാണല്ലോ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം!!! ഇതാണ് സമൂഹം ഒരു സ്ത്രീക്ക് നല്‍കിയിട്ടുള്ള പ്രധാന ലേബല്‍. അപ്പോള്‍ അണ്‍നാച്വറല്‍ മദര്‍ എന്നാല്‍ എന്താണെന്ന് പലര്‍ക്കും സംശയം തോന്നാം.

ഒരു സ്ത്രീ ആയത് കൊണ്ട് അവരില്‍ മതര്‍ഹുഡ് എലമെന്റ് സ്വാഭാവികമായി ഉണ്ടാവണം എന്നുണ്ടോ? ഇനി അമ്മയായാല്‍ തന്നെ സ്ത്രീ ആയത് കൊണ്ട് അവര്‍ എല്ലാം തികഞ്ഞ അമ്മയാകുമോ?

ലേഡ എന്ന 48 വയസുകാരിയായ ഇംഗ്ലീഷ് പ്രൊഫസറാണ് ചിത്രത്തിലെ അണ്‍ നാച്വറല്‍ മദര്‍. ഗ്രീസില്‍ വെക്കേഷന്‍ ആസ്വദിക്കാന്‍ എത്തിയ ലേഡ, അവിടെ വെച്ച് നീന എന്ന ചെറുപ്പക്കാരിയായ മറ്റൊരു അമ്മയെ കണ്ടുമുട്ടുന്നു. ബീച്ചില്‍ മകളുമായി സമയം ചെലവഴിക്കുന്ന നീനയെ ലേഡ ഓരോ ദിവസവും കാണുന്നുണ്ട്. ഒരുനാള്‍ നീനയുടെ മകള്‍ എലീനയെ കാണാതാവുകയും അതിലൂടെ ലേഡ തന്റെ ഭൂതകാലത്തേക്ക് തിരിഞ്ഞ് നോക്കുകയാണ്.

വളരെ ചെറുപ്രായത്തില്‍ അമ്മയാകേണ്ടി വന്ന ലേഡയ്ക്ക് അവളുടെ വ്യക്തിത്വം, സെക്‌സ് ലൈഫ്, കരിയര്‍ തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഒരു പോലെ കൊണ്ടുപോകാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരുന്നു. ഭര്‍ത്താവില്‍ നിന്ന് വേണ്ട രീതിയില്‍ പിന്തുണയും ലേഡയ്ക്ക് ലഭിക്കുന്നില്ല. തുടര്‍ന്ന് ലേഡ തന്റെ കുട്ടികളെ ഭര്‍ത്താവിനടുത്താക്കി സ്വന്തം കരിയറിനും ഇഷ്ടങ്ങള്‍ക്കും പിന്നാലെ പോവുകയാണ്.

ഇത്തരം അമ്മമാരെ നമ്മള്‍ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവും. അവരെ നമ്മള്‍ നല്ലപോലെ ജഡ്ജ് ചെയ്തിട്ടും ഉണ്ടാകും. സ്ത്രീകള്‍ കുട്ടികളെ വിട്ട് ജോലിക്ക് പോകുന്നത് തന്നെ വലിയൊരു കുറ്റമായി കാണുന്ന സമൂഹത്തില്‍ അത് സാധാരണമാണ്. ഇതിന് ഒരു പരിധി വരെ കാരണം സിനിമകളിലടക്കമുള്ള മദര്‍ഹുഡിന്റെ ഓവര്‍ ഗ്ലോറിഫിക്കേഷന്‍ കൂടിയാണ്. അമ്മ ആയതിന് ശേഷം സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറ്റബോധം തോന്നുന്നതും അതുകൊണ്ട് തന്നെ.

ഇവിടെ ലേഡ അവളുടെ മക്കളെ സ്നേഹിക്കാത്തതോ, മക്കള്‍ അവരെ സ്നേഹിക്കാത്തതോ അല്ല പ്രശ്നം. മറിച്ച് തന്റെ മക്കളോടുള്ള സ്നേഹം കാരണം താനൊരു വ്യക്തിയാണെന്ന് മറന്ന് പോകുന്നതാണ്. മക്കളുണ്ടായ നിമിഷം മുതല്‍ മദര്‍ഹുഡ് എന്ന ഉത്തരവാദിത്വം അല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നതാണ്.

സിംഗിള്‍ മദര്‍ ആണെങ്കില്‍ പോലും വളരെ അധികം കഷ്ടപ്പെട്ട് മക്കളെ നോക്കുന്നതിന് ഒപ്പം തന്റെ കരിയറും ഭംഗിയായി കൊണ്ടുപോകുന്ന അമ്മമാരും ജീവിതത്തിലും സിനിമയിലും ഉണ്ട്. പക്ഷെ ലേഡയെ പോലുള്ള അമ്മമാരുടെയും റെപ്രസെന്റേഷന്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്.

ആളുകള്‍ എന്ത് പറയും എന്ന് കരുതി കുഞ്ഞ് ജനിച്ചതുകൊണ്ട് കരിയറും പഠനവും വേണ്ടെന്ന് വെച്ച എത്രയോ അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെല്ലാം അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ലേഡയിലൂടെ കൃത്യമായി നമുക്ക് കാണാന്‍ കഴിയും. പക്ഷെ ലേഡ ആ സമ്മര്‍ദ്ദത്തെ തകര്‍ത്ത് താന്‍ എന്ന വ്യക്തിക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്തത്. അതില്‍ അവര്‍ക്ക് ഒരിക്കലും കുറ്റബോധം തോന്നുന്നില്ല.

അമ്മയാകുന്നത് ഒരു സ്ത്രീയുടെ ചോയ്‌സാണല്ലോ? അതുപോലെ തന്നെയാണ് അമ്മയായതിന് ശേഷം കരിയറിനും ഇഷ്ടങ്ങള്‍ക്കും പ്രാധ്യാന്യം നല്‍കുന്നതും. ചിലപ്പോള്‍ അതിനായി കുട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും. അമ്മ എന്നാല്‍ ഒരു വ്യക്തി കൂടിയാണല്ലോ. അല്ലാതെ കുട്ടികള്‍ മാത്രമല്ല അവരുടെ ജീവിതം.

മൂന്ന് വര്‍ഷം കുട്ടികളില്‍ നിന്നും വിട്ട് നിന്നതിനെ കുറിച്ച് ലേഡ നീനയോട് പറയുന്നത് 'it was amazing' എന്നാണ്. ഒട്ടും സന്തോഷമില്ലാതെ നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു അസ്വസ്തതയാണ് ലേഡയ്ക്കും തന്റെ കരിയര്‍ ബില്‍ഡ് ചെയ്യാന്‍ കഴിയാതെ കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നപ്പോള്‍ ഉണ്ടായത്. ആ അസ്വസ്തത ഇല്ലാതായപ്പോള്‍ അവര്‍ക്ക് അവരെ തന്നെ സ്വയം കണ്ടെത്താനായി.

മദര്‍ഹുഡ് എന്നത് ഒരു സ്ത്രീ ജനിക്കുമ്പോള്‍ തന്നെ അവരില്‍ ഉണ്ടാകുന്ന ഒന്നല്ല. അമ്മമാരും flawed ആവാം. അത് ഒരു തെറ്റല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് 'ദി ലോസ്റ്റ് ഡോട്ടര്‍'.

നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത 'ദി ലോസ്റ്റ് ഡോട്ടറി'ല്‍ ഒലീവിയ കോള്‍മാന്‍, ഡെകോട്ട ജോണ്‍സന്‍, ജെസി ബക്ലി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. എലേന ഫറാന്‍ടേയുടെ 'ദി ലോസ്റ്റ് ഡോട്ടര്‍' എന്ന നോവലിന്റെ അഡാപ്റ്റേഷനാണ് ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in