'മിഡിൽ - ക്ലാസ്സാണ് സിനിമയുടെ ഓഡിയൻസ്, അല്ലാതെ മൾട്ടിപ്ലെക്സിൽ വന്ന് സിനിമ കാണുന്ന എലൈറ്റ് ഓഡിയൻസല്ല'; സിയാദ് കോക്കർ

'മിഡിൽ - ക്ലാസ്സാണ് സിനിമയുടെ ഓഡിയൻസ്, അല്ലാതെ മൾട്ടിപ്ലെക്സിൽ വന്ന് സിനിമ കാണുന്ന എലൈറ്റ് ഓഡിയൻസല്ല'; സിയാദ് കോക്കർ

അന്യഭാഷാ സിനിമകൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത പണ്ടും ലഭിച്ചിരുന്നുവെന്ന് നിർമ്മാതാവ് സിയാദ് കോക്കർ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. മലയാള സിനിമയുടെ ട്രാജഡി എന്ന് പറയാവുന്ന തലത്തിലൂടെയാണ് ഇന്ന് പോയിക്കൊണ്ട് ഇരിക്കുന്നതെന്നും, ആഴ്ച്ചയിൽ 5 ദിവസമെങ്കിലും ഫസ്റ്റ് ഷോയുടെയും, സെക്കന്റ് ഷോയുടെയും ടിക്കറ്റ് നിരക്ക് കുറച്ചില്ലെങ്കിൽ കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരിച്ച് കൊണ്ട് വരാൻ സാധിക്കില്ലെന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു.

സിയാദ് കോക്കറിന്റെ വാക്കുകൾ

തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ കണ്ടിരുന്നു. അതിൽ കുറെ യാഥാർഥ്യങ്ങളുണ്ട്. വർഷങ്ങളായി നിർമ്മാതാക്കളായ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് തരുൺ മൂർത്തിയും പറഞ്ഞിരിക്കുന്നത്. അന്യഭാഷാ സിനിമകളുടെ വരവ് ഇന്നത്തെ പോലെ തന്നെയായിരുന്നു പണ്ടും. 'ഷോലെയ്' എന്ന സിനിമ ഇറങ്ങിയപ്പോൾ കേരളത്തിലെ പ്രേക്ഷകർ വലിയ സ്വീകരണമാണ് നൽകിയത്. കേരളത്തിലും വലിയ രീതിയിൽ കച്ചവടം നടത്തിയ സിനിമയാണ് 'ഷോലെയ്'. അതുപോലെ തന്നെ കമൽ ഹാസന്റെ അന്നത്തെ പടങ്ങൾക്കും ഇതേ രീതിയിലുള്ള തിരക്ക് തിയേറ്ററിൽ അനുഭവപ്പെട്ടിരുന്നു. ഞാൻ ഒരു തിയേറ്റർ ഓണർ ആയതുകൊണ്ട് തന്നെ എനിക്കതറിയാം. കമൽ ഹാസൻ സിനിമയിൽ എന്താണുള്ളത് എന്നറിയാൻ ഓഡിയൻസ് ഇടിച്ച് കയറിയിരുന്നു. അന്നും ഇന്നും ഒരേപോലെ തന്നെയാണ്. അതുകൊണ്ട് അന്യഭാഷാ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഒരു പുതിയ കാര്യമല്ല. ഉറപ്പായിട്ടും അന്യഭാഷാ സിനിമകളുടെ മേക്കിങ് സ്റ്റൈൽ വലിയ ക്യാൻവാസിലായി മാറി. അത് തീർച്ചയായിട്ടും പ്രേക്ഷകരെ ആ സിനിമ കാണുവാൻ തോന്നിപ്പിക്കുന്നതായിരിക്കാം. പക്ഷെ വ്യക്തിപരമായി നോക്കിയാൽ അത്തരത്തിലുള്ള ചില സിനിമകൾ എനിക്ക് തമാശയായിട്ടാണ് തോന്നിയിട്ടുള്ളത്. മനുഷ്യർക്ക് സാധിക്കുന്നതിനും മുകളിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ചിലപ്പോൾ ജനങ്ങൾക്ക് ഇഷ്ടമായിരിക്കാം. അതെ പാറ്റേർണിൽ അത്തരം സിനിമകൾ ഇനിയും വന്നാൽ സ്വീകരിക്കപ്പെടണമെന്നില്ല. 'കെജിഎഫിന്റെ' ടീം തന്നെ വേറെയൊരു സിനിമയുമായി വന്നാൽ ഇതേ സ്വീകരണം ലഭിക്കണമെന്നില്ല.

അന്യഭാഷാ സിനിമകളെ മാറ്റി നിർത്തി ആലോചിച്ചാൽ 'കുറുപ്പ്' എന്ന ചിത്രം കൊവിഡിന് ശേഷം 50% ഒക്യൂപ്പൻസിയിൽ തിയേറ്ററിൽ വന്നപ്പോൾ വലിയ കളക്ഷൻ നേടിയ സിനിമയാണ്. ആളുകൾക്ക് സിനിമയോട് പ്രതീക്ഷ വന്ന് കഴിഞ്ഞാൽ ഉറപ്പായും തിയേറ്ററിൽ വന്ന് കാണും. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ നേരിടുന്ന അവസ്ഥയെ 'മലയാള സിനിമയുടെ ട്രാജഡി' എന്ന് പറയാം. എന്റെ അഭിപ്രായത്തിൽ സാധാരണക്കാരായ ഓഡിയൻസ് ഇപ്പോൾ സിനിമയ്ക്കില്ല. യുവാക്കളെ ആകർഷിക്കുന്ന ഒന്നോ രണ്ടോ പടങ്ങൾക്ക് മാത്രേ യുവാക്കളുടെ കളക്ഷൻ ലഭിക്കുകയുള്ളു. എന്നാൽ അത്തരത്തിലുള്ള ചില സിനിമകൾക്ക് ഫാമിലി ഓഡിയൻസ് കുറവാണ്. എന്റെ അനുഭവത്തിൽ കുടുംബ പ്രേക്ഷകർ സിനിമകൾ കാണാൻ വരുമ്പോഴാണ് സൂപ്പർ ഹിറ്റ് സിനിമകളുണ്ടാകുന്നത്.

എവർഷൈൻ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥൻ സുബ്രഹ്മണ്യൻ പറഞ്ഞിട്ടുള്ളത്, ഈ കാലഘട്ടത്തിൽ തിയേറ്ററുകളിൽ 2 ഷോ സാധാരണക്കാർക്ക് കാണാൻ കഴിയുന്ന നിരക്കിലാക്കണം എന്നാണ്. അങ്ങനെ ആളുകളെ ആകർഷിക്കണം. ഇന്ന് സാധാരണ മനുഷ്യരുടെ കയ്യിൽ പൈസയില്ല. വളരെ ദാരിദ്ര്യം പിടിച്ച ജീവിതമാണ് മുന്നോട്ട് പോകുന്നത് എന്നത് സത്യമാണ്. ഭൂരിഭാഗവും മിഡിൽ - ക്ലാസ്സാണ്. അവരാണ് സിനിമയുടെ വിജയവും. മിഡിൽ - ക്ലാസ്സാണ് സിനിമയുടെ ഓഡിയൻസ്, അല്ലാതെ മൾട്ടിപ്ലെക്സിൽ വന്ന് സിനിമ കാണുന്ന എലൈറ്റ് ഓടിയൻസല്ല സിനിമയുടെ യഥാർത്ഥ ഓഡിയൻസ്. എന്നും വെച്ച് മൾട്ടിപ്ലക്സുകൾ വരുന്നതിന് എതിരായിട്ട് പറയുന്നതല്ല. മൾട്ടിപ്ലക്‌സ് വന്നതുകൊണ്ട് സിനിമ കാണാതെ ഇരുന്ന ഒരുപാട് പേർ സിനിമ കാണാൻ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

സാധാരണ ഒരു കുടുംബം ഇപ്പോൾ സിനിമയ്ക്ക് വരാത്തതിന്റെ കാരണമെന്താണെന്ന് വെച്ചാൽ ഒരു സിനിമ കാണുന്നത് അത്രയും ചിലവേറിയ കാര്യമായതുകൊണ്ടാണ്. യുവാക്കൾ പാർട്ട് ടൈം ജോലി എടുത്തിട്ട് ആണെങ്കിലും ഒരു ദിവസത്തെ ചിലവിനുള്ള പൈസയിൽ നിന്ന് മാറ്റി വെച്ച് സിനിമ കാണാൻ വരുന്നവരുണ്ട്. എന്നാൽ സാധാരണക്കാരന്റെ ജീവിതത്തിലെ ചിലവുകൾ കൂടി. അത് കൂടിയപ്പോൾ കുടുംബമായി ഒരു സിനിമ കാണാൻ പോകുന്നത് അവന് താങ്ങാവുന്നതല്ലാതായി. നിലവിലെ സാഹചര്യത്തിൽ ഒരു സർവേ എടുത്താൽ മനസിലാകും, ഭൂരിഭാഗം തിയേറ്ററുകളിലും ഓരോ ഷോയും ഓടുന്നത് മൂന്നിലൊന്ന് പ്രേക്ഷകരുമായാണ്. അപ്പോൾ സ്വാഭാവികമായും തിയേറ്റർ ഓണർമാർ ചെയ്യേണ്ടത്, ഒരാഴ്ച്ചയിലെ 5 ദിവസം, ഫസ്റ്റ് ഷോയുടെയും, സെക്കന്റ് ഷോയുടെയും ടിക്കറ്റ് റേറ്റ് കുറക്കണം. അങ്ങനെ ആളുകൾക്ക് കുടുംബമായി സിനിമക്ക് പോകുന്നത് അവർക്ക് താങ്ങാവുന്നതാണെന്ന് തോന്നിയാൽ സിനിമ കാണുവാൻ ആളുകൾ വരും. 4 പേരുള്ള കുടുംബത്തിൽ, 2 കുട്ടികൾക്ക് ടിക്കറ്റ് എടുത്തില്ലെങ്കിലും അവർക്ക് സീറ്റ് കൊടുക്കാം കാരണം തിയേറ്ററിൽ സീറ്റുകൾ ഫ്രീയാണ്. അങ്ങനെ വരുമ്പോൾ തീർച്ചയായും കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് വരും. ഈ ഇന്റർവ്യൂവിൽ മാത്രമല്ല സംഘടന തലത്തിലും ഈ കാര്യങ്ങൾ എല്ലാം ഞാൻ സംസാരിക്കാൻആഗ്രഹിക്കുന്നുണ്ട്. ഈ പറഞ്ഞ 20% കളക്ഷനിൽ ഓടുന്ന തിയേറ്ററുകളിൽ 80% ആയാൽ 60 ശതമാനത്തിന്റെ പൈസ നമ്മുക്ക് കിട്ടുന്നില്ലേ? ബാക്കിയുള്ള 20 ശതമാനമാണ് നമ്മൾ വെറുതെ കൊടുക്കുന്ന ടിക്കറ്റുകൾ. അതായത് കുട്ടികൾക്കുള്ള ഫ്രീ എൻട്രിയായി കൊടുക്കാവുന്നത്. തിയേറ്ററുകളിലേക്ക് ആളുകൾ മടങ്ങി വരണമെന്നുണ്ടെങ്കിൽ അവരെ ആകർഷിക്കണം. അത് തിയേറ്റർ ഉടമകളും, നിർമ്മാതാക്കളും, വിതരണക്കാരും ചിന്തിക്കേണ്ട അവസ്ഥയിലൂടെയാണ് ഇപ്പോൾ മലയാളം സിനിമ ഇൻഡസ്ടറി പോയിക്കൊണ്ട് ഇരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in