'ഇരൈവി'യെക്കാളും ഡാർക്കായ ചെറുകഥയിൽ നിന്നാണ് സിനിമയുണ്ടായത്'; കാർത്തിക് സുബ്ബരാജ്

'ജന്നൽ മലർ' എന്ന സുജാതയുടെ ചെറുകഥയിൽ നിന്നാണ് 'ഇരൈവി'യുണ്ടായതെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'ജിഗർതണ്ട' പോലെയൊരു ഗ്യാങ്‌സ്റ്റർ സിനിമക്ക് ശേഷം ഇമോഷനുകളും റിലേഷൻഷിപ്പുകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമ ചെയ്യാനുള്ള ആഗ്രഹത്തിൽ നിന്നാണ് 'ഇരൈവി' സംഭവിച്ചതെന്നും കാർത്തിക് സുബ്ബരാജ് ദ ക്യു ഷോ ടൈമിൽ പറഞ്ഞു. എന്തുകൊണ്ടാണ് കരിയറിന്റെ തുടക്കത്തിൽ തന്നെ നാലാമത്തെ സിനിമയായി 'ഇരൈവി'ഷൂട്ട് ചെയ്തത് എന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു കാർത്തിക് സുബ്ബരാജ്.

കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ

എന്റെ രണ്ടാമത്തെ സിനിമയായ 'ജിഗർതണ്ട' ചെയ്യുന്ന സമയത്താണ് സുജാതയുടെ 'ജന്നൽ മലർ' എന്ന ചെറുകഥ വായിച്ചത്. പല കാരണങ്ങൾ കൊണ്ട് ജയിലിൽ പോയ ഒരാളുടെ കഥയാണ് അത്. സ്വന്തം ബോസിന് വേണ്ടി ഒരു ക്രൈം ചെയ്ത് ജയിലിൽ പോകുന്ന ഒരാളായിരുന്നു കഥയിലെ പ്രധാന കഥാപാത്രം. ആ സമയത്തായിരുന്നു ഗർഭിണിയായ അയാളുടെ ഭാര്യ പ്രസവിക്കുന്നത്. എന്നാൽ അതൊന്നും കാര്യമാക്കാതെ അവരെ കുറിച്ച് ചിന്തിക്കാതെ ഇയാൾ ജയിലിലേക്ക് പോയി. 'ഇരൈവി'യിലെ മൈക്കിളിനെ പോലെ. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം അയാൾക്കും ഭാര്യക്കും കുഞ്ഞിനുമിടയിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ആ ചെറുകഥ.

അത് വളരെയധികം ഡാർക്ക് ആയിട്ടുള്ള കഥയാണ്. 'ഇരൈവി'യെക്കാളും ഡാർക്കാണ് ആ ചെറുകഥ. ആ കഥ എന്റെ ഉള്ളിൽ ഇമ്പാക്ട് ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഈ കഥ സിനിമയാക്കണമെന്നും ഞാൻ ഉറപ്പിച്ചു. പക്ഷെ അതൊരു ചെറുകഥ ആയതുകൊണ്ട് തന്നെ എനിക്കൊരു മുഴുനീള സിനിമയായി ഈ കഥയെ മാത്രം ചിന്തിക്കാൻ കഴിയുകയില്ലായിരുന്നു. ആ ചെറുകഥയിലെ ബോസിനെ സിനിമയിൽ ഒരു കഥാപാത്രമായി വർക്ക് ചെയ്ത് നോക്കാമെന്ന് കരുതി. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലോട്ട് സ്ത്രീകൾ സ്വാതന്ത്ര്യത്തെ എങ്ങനെ നോക്കി കാണുന്നു എന്നതാണ്. അതായിരുന്നു സിനിമയിലെ 4 സ്ത്രീകളിലൂടെ പ്രേക്ഷകരോട് പറയാനുണ്ടായിരുന്നത്. അങ്ങനെ ഒരു ഐഡിയയിൽ നിന്ന് 'ഇരൈവി' രൂപപ്പെടുകയായിരുന്നു. 'ജിഗർതണ്ട' പോലെയൊരു ഗ്യാങ്‌സ്റ്റർ സിനിമക്ക് ശേഷം ഇമോഷനുകളും റിലേഷൻഷിപ്പുകളും പ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമ ഷൂട്ട് ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് 'ഇരൈവി' സംഭവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in