ആദ്യത്തേത് വളരെ പ്ലെയിൻ ആയിരുന്നു, ദൃശ്യം സിനിമയിലെ ക്ളൈമാക്സ്‌ പൊളിച്ചെഴുതിയതിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്

ദൃശ്യം സിനിമയിലെ ക്ളൈമാക്സ്‌ പൊളിച്ചെഴുതിയതിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ ക്ളൈമാക്സിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടുകയും അവർ മാറിക്കഴിയുമ്പോൾ ക്യാമറ മുകളിൽ നിന്നും ശവക്കുഴിയിലേക്ക് കാണിക്കുന്നതായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ആ ക്ളൈമാക്സ്‌ വളരെ പ്ലെയിനായി തോന്നിയെന്നും തുടർന്ന് സിനിമയുടെ ലോജിക്കലായ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വയം കണ്ടെത്തുകയായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. ദ ക്യു സംഘടിപ്പിച്ച ഷോര്ട്ട് ഫിലിം മേക്കേഴ്‌സുമായുള്ള സംവാദത്തിലാണ് ദൃശ്യത്തിലെ ക്‌ളൈമാക്‌സ് പൊളിച്ചെഴുതിയതിനെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത്.

ജീത്തു ജോസഫ് പറഞ്ഞത്

ജോർജുകുട്ടിയുടെ ഷോട്ടിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ അവസാനത്തിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ കണ്ടുമുട്ടുകയും അവർ മാറിക്കഴിയുമ്പോൾ ക്യാമറ മുകളിൽ നിന്നും ശവക്കുഴിയിലേക്ക് കാണിക്കുന്നതായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ ക്ളൈമാക്സിൽ അത്ര തൃപ്തി തോന്നിയില്ല. കുറെ നാൾ ക്ളൈമാക്സിനെ കുറിച്ച് ചിന്തിച്ചുക്കൊണ്ടിരുന്നു. ഞാൻ ജനമൈത്രി പോലീസ് സ്റ്റേഷനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. കെട്ടിടം പുതുക്കി പണിത് ജനമൈത്രി പോലീസ് സ്റ്റേഷനാക്കുന്നതൊക്കെയായിരുന്നു ഡോക്യൂമെന്ററിയിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് പോലീസ് സ്റ്റേഷൻ പുതുക്കിപ്പണിയുന്ന ഘടകം സ്ക്രിപ്റ്റിൽ ആഡ് ചെയ്തത്. പോലീസ് സ്റ്റേഷനിലെ കൺസ്ട്രക്ഷനെ കുറിച്ച് പ്രേക്ഷകർ സംശയിക്കുവാൻ സാധ്യതയുണ്ട്. അപ്പോഴാണ് സിനിമയിലെ ഒരു പാട്ടിൽ ജോർജ്കുട്ടിയിലെ ഓഫീസിലെ തറയിൽ നടക്കുന്ന പണിയെക്കുറിച്ച് കാണിക്കുന്നത്. നല്ലൊരു ശതമാനം ആളുകളും അവിടെയാണ് കുഴിച്ചിട്ടത് എന്ന് ചിന്തിച്ചിരുന്നു. അപ്പോഴും എന്തോ പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് തോന്നി . എന്തായാലും ഹീറോ തന്നെ രക്ഷപ്പെടുമെന്ന് പ്രേക്ഷകർ ചിന്തിക്കും. സിനിമയുടെ ഓപ്പണിങ് സീനിൽ ജോർജ്കുട്ടിയെ കാണിക്കുമ്പോൾ ' അത് ജോർജ്കുട്ടിയല്ലേ, സത്യമറിഞ്ഞവരൊക്കെ ഞെട്ടിയിരിക്കുകയാ ' എന്ന് ഡയലോഗ് പറയുന്നുണ്ട്. നിങ്ങൾ ഒരിക്കലും ജയിലിൽ പോകില്ലെന്ന് സിനിമയിലെ പല ഭാഗങ്ങളിലും ജോർജ്കുട്ടി പറയുന്നുണ്ട്. ആ ഡയലോഗ് കേൾക്കുമ്പോൾ കുടുംബത്തെ രക്ഷിക്കുവാനായി ജോർജ്കുട്ടി കുറ്റം ഏറ്റെടുത്ത് അകത്ത് പോകുമെന്ന് പ്രേക്ഷകർ കരുതും. നമ്മൾ ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ നമ്മളോട് തന്നെ പല ചോദ്യങ്ങളും ചോദിക്കണം. അതിനുള്ള ഉത്തരവും പരിഹാരവും നമ്മൾ തന്നെ കണ്ടെത്തണം. ആദ്യത്തെ സ്ക്രിപ്റ്റ് വളരെ പ്ലെയിൻ ആയിരുന്നു. അതിലെ ലോജിക്കൽ പ്രശ്നങ്ങളെ കുറിച്ച് എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചാണ് ഇപ്പോഴത്തെ ദൃശ്യത്തിന്റെ രൂപത്തിൽ എത്തിച്ചേർന്നത്

Related Stories

No stories found.
logo
The Cue
www.thecue.in