ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ എന്നെ ആരും മാറ്റിനിർത്തിയിട്ടില്ല, അവസരം കുറഞ്ഞത് ആവർത്തിക്കപ്പെട്ടതിനാൽ: ബിജു കുട്ടൻ
ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ ആരും തന്നെ ഇതുവരെ മാറ്റി നിർത്തിയിട്ടില്ലെന്ന് നടൻ ബിജു കുട്ടൻ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരും മാറ്റി നിർത്തിയത് കൊണ്ടല്ലെന്നും താൻ ചെയ്യുന്ന കഥാപാത്രങ്ങൾ ആവർത്തന വിരസത സൃഷ്ടിച്ചതാവാം കാരണമെന്നും ബിജു കുട്ടൻ പറഞ്ഞു. അഭിനയത്തിൽ ആവർത്തന വിരസത സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ തന്നെ ഒരു കുറവായി കാണാൻ സാധിക്കണമെന്നും ബിജുകുട്ടൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബിജു കുട്ടൻ പറഞ്ഞത്:
ഒരു രണ്ട് വർഷത്തിന് മുമ്പ് 2013- 12 സമയത്തൊക്കെ ഞാൻ വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു. ചിലർ സിനിമയിൽ നിന്ന് തങ്ങളെ മാറ്റി നിർത്തുന്നു എന്ന് പറയാറുണ്ടല്ലോ? എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ എന്നെ ആരും ഇതുവരെ മാറ്റി നിർത്തിയിട്ടില്ല. അത് പറയുന്ന ആളുകൾക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാവാം. അവരെ കുറ്റപ്പെടുത്തുകയല്ല ഞാൻ. എനിക്ക് അങ്ങനെയുണ്ടായിട്ടില്ല. പിന്നെ സിനിമയിൽ ഈ ഗ്യാപ്പ് ഫീൽ ചെയ്യാൻ കാരണം ഒരുപക്ഷേ നമ്മൾ ആവർത്തന വിരസത കാണിച്ചത് കൊണ്ടാവാം. ഓവർ യൂസ് ആയിട്ടുണ്ടാവാം നമ്മൾ. അത് നമ്മുടെ തന്നെ ഒരു നെഗറ്റീവ് ആണ്. അങ്ങനെ ചിന്തിക്കണം നമ്മൾ. അല്ലാതെ സിനിമ കുറഞ്ഞു കഴിയുമ്പോൾ ഞാൻ കറുത്തതാണ്, ഈ ജാതിയാണ് അതുകൊണ്ട് മാറ്റി നിർത്തി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ മമ്മൂക്ക, ലാലേട്ടൻ തുടങ്ങി എല്ലാവരെയും അധിക്ഷേപിക്കുന്നത് പോലെയാവും അത്.
8 വർഷമായി ഞാൻ സിനിമയിൽ നിൽക്കുന്നു. ഇപ്പോൾ സിനിമ കുറവാണന്നല്ലേയുള്ളൂ. ഞാൻ ഇപ്പോൾ ജീവിക്കുന്നത് സ്വർഗത്തിലാണ്. ഞാൻ പറയുന്നത് പഴയത് തന്നെയാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ് ഇത് എന്നാണ്. മാറ്റി ചെയ്യാനായിട്ട് എനിക്ക് ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്തത്. കിട്ടിക്കഴിഞ്ഞാൽ ഞാൻ അടിച്ചു പൊളിക്കും എന്നല്ല പറയുന്നത്, പക്ഷേ കിട്ടിക്കൊണ്ടിരിക്കുന്നത് എല്ലാം ഇത്തരം കഥാപാത്രങ്ങളാണ്. വലിയ ബാങ്ക് ബാലൻസോ അച്ഛൻ വലിയ ജോലിക്കാരനോ അല്ല നമ്മുടേത്. അതിജീവിച്ച് കടന്നു പോകാൻ ഈ കഥാപാത്രങ്ങൾ തന്നെ ചെയ്യേണ്ടതായിട്ടുണ്ട്. നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കാം എന്നേയുള്ളൂ. അതിൽ ആരെയും കുറ്റം പറയേണ്ട കാര്യമില്ല. ബിജു കുട്ടൻ കൂട്ടിച്ചേർത്തു