റോക്കി ഭായിയേക്കാള്‍ ഉയരത്തില്‍ പ്രശാന്ത് നീല്‍

ആദ്യ ചിത്രം 'ഉഗ്രം' ചിത്രീകരിക്കുന്ന സമയത്താണ് പ്രശാന്ത് നീല്‍ എന്ന സംവിധായകന്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിലേക്ക് പോകുന്നത്. അന്ന് അവിടെ വെച്ച് അവിടെയുള്ളവര്‍ പറഞ്ഞു കൊടുത്ത കെജിഫിന്റെ ഭൂതകാലത്തില്‍ തന്റെ അടുത്ത സിനിമയിലെ നായകനായ റോക്കിയെ പ്രശാന്ത് നീല്‍ പ്ലേസ് ചെയ്തു. 80 കോടി രൂപക്ക് ഒരു സിനിമയൊരുക്കുന്നു. ആ സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലില്‍ പ്രെസെന്റ് ചെയ്യുന്നു. കണ്ടു ശീലിച്ച ക്ലീഷേ കഥയുടെ സ്റ്റൈലിഷ് പ്രെസെന്റേഷനും, ഇമോഷണല്‍ ലെയറുകളും മൊഴിമാറ്റിയെത്തിയ ഭാഷകളിലെ പ്രേക്ഷകരെ വരെ സംതൃപ്തരാക്കുന്നു. കെജിഎഫ് ചരിത്രം സൃഷ്ടിക്കുന്നു. കന്നഡ സിനിമയുടെ കൊമേര്‍ഷ്യല്‍ സാദ്ധ്യതകള്‍ക്ക് തന്നെ വലിയൊരു വാതില്‍ തുറന്നു കൊടുക്കുന്നു.

ഒറ്റയൊരു തിരക്കഥയുടെ ആദ്യ പകുതിയും രണ്ടാം പകുതിയുമാണ് കെജിഫ് ചാപ്റ്റര്‍ ഒന്നും, രണ്ടുമായി പുറത്തിറങ്ങിയിരിക്കുന്നത്. കെജിഎഫിന്റെ രണ്ടാം ഭാഗം ഇറങ്ങിക്കഴിയുമ്പോള്‍ സംവിധായകനെ വാനോളം പുകഴ്ത്തി ആളുകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമയുടെ കൊമേര്‍ഷ്യല്‍ സാധ്യതകളിലെല്ലാം റോക്കി ഭായിമാര്‍ എന്നുമുണ്ടായിരുന്നു. ഡോണ്‍ ആകുന്നവര്‍ എല്ലാ ഇന്‍ഡസ്ട്രിയുടെയും ഭാഗമായിരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം റോക്കിയെ വ്യത്യസ്തമാക്കിയത് അമ്മക്ക് കൊടുത്ത വാക്കും, ആ വാക്ക് നിറവേറ്റാനുള്ള അവന്റെ പോരാട്ടവും തന്നെയാണ്. ഇത്തരം എന്റെര്‍റ്റൈനെര്‍സ് കണ്ട് മടുത്ത ഒരു സമയവും ഇന്ത്യന്‍ സിനിമ ഇന്ടസ്ട്രിക്കുണ്ടായിരുന്നു. അതെ പ്രേക്ഷകരുടെ മുന്നിലേക്ക് പഴയ കഥയെ തന്നെ ഏറ്റവും സ്റ്റൈലൈസ് ചെയ്ത്, വൈകാരികമായി കണക്ട് ചെയ്യിപ്പിക്കാന്‍ സാധിച്ചതുകൊണ്ട് തന്നെയാണ് റോക്കി ഭായിയോളം പ്രശാന്ത് നീലും വാനോളം വാഴ്ത്തപ്പെടുന്നത്.

വലിയ സിനിമകള്‍ ഒരുക്കുമ്പോള്‍, പ്രത്യേകിച്ച് ഒരു വലിയ സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍, അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംവിധായകന്റെ വിഷന്‍ കൂടിയാണ്. സംവിധായകന്‍ നിര്‍മ്മിച്ച വേള്‍ഡ് എന്ന് പറയുമ്പോള്‍ ലാന്‍ഡ്സ്‌കേപ്പിനുമപ്പുറം, കെജിഎഫ് ചാപ്റ്റര്‍ വണ്ണില്‍ കണ്ട നായകനോളം പോന്ന വില്ലന്മാരും, കഥാപാത്രങ്ങളുടെയെല്ലാം ആര്‍ക്കുകളും, ശക്തമായ തിരക്കഥയുമെല്ലാം രണ്ടാം ഭാഗവും ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. അതെല്ലാം ഫുള്‍ഫില്‍ ചെയ്തുകൊണ്ട് ഒരു സിനിമയൊരുക്കുക എന്നതും ഒരു എളുപ്പണിയല്ല. അവിടെയാണ് പ്രശാന്ത് നീലിന്റെ വിഷനും കണ്‍വിക്ഷനും കോണ്‍ഫിഡന്‍സും നമ്മളെ ഞെട്ടിക്കുന്നത്.

കെജിഎഫിനെ ബില്‍ഡ് ചെയ്യുന്ന അതെ സൂക്ഷ്മത തന്നെയാണ് റോക്കിയെയും തിരക്കഥയെയും ഒരുക്കുന്നതില്‍ പ്രശാന്ത് നീല്‍ കാണിച്ചിരിക്കുന്നത്. ഒരു വലിയ കഥയെ സിനിമയാക്കി വലിയ രീതിയില്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാനും സംതൃപ്തരാക്കുവാനും കഴിയുന്നത് ചെറിയ കാര്യമല്ല. അതില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ 100 മാര്‍ക്കും നേടി പ്രശാന്ത് നീല്‍ വിജയിച്ചിരിക്കുന്നു. 100 കോടി, 350 കോടി, 500 കോടി മുതല്‍ മുടക്കുകളില്‍ പുറത്തു വരുന്ന സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കോടികളുടെ വലുപ്പം സ്‌ക്രീനില്‍ പലപ്പോഴും ഇത്തരം വലിയ സിനിമകളില്‍ കാണാന്‍ സാധിക്കാറില്ല എന്നാല്‍ 100 കോടി രൂപയില്‍ തീര്‍ത്തതാണ് കെജിഎഫ് ചാപ്റ്റര്‍ 2 എന്ന് കേള്‍ക്കുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും നമ്മള്‍ നിശബ്ദരായി പോകും.

ബ്രഹ്‌മാണ്ഡ സിനിമകളുടെ ഒരു വലിയ കൂട്ടം തന്നെ ഇന്ത്യയിലുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം കെജിഎഫ് വ്യത്യസ്തമാകുന്നത് സിനിമ നല്‍കുന്ന തിയേറ്ററുകള്‍ എക്സ്പീരിയന്‍സ് കൊണ്ട് കൂടിയാണ്. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന എല്ലാ ഭാഷയിലുള്ള പ്രേക്ഷകനെയും കൊണ്ട് കയ്യടിപ്പിക്കുവാന്‍ കൃത്യമായ പള്‍സ് അറിഞ്ഞുകൊണ്ടുള്ള നീലിന്റെ എഴുത്തും സംവിധാന മികവും പ്രധാന ഭാഗമായിട്ടുണ്ട്. തന്റെ മൂന്നാമത്തെ സിനിമയുടെ എഡിറ്ററായി പ്രശാന്ത് നീല്‍ തിരഞ്ഞെടുത്തത് ഒരു 19 വയസ്സുക്കാരനെയാണ് എന്നതും വളരെ കൗതുകമാണ്. എഡിറ്റര്‍ക്ക് മേലെയുള്ള വിശ്വാസവും, സംവിധായകന്‍ എന്ന നിലയിലുള്ള കോണ്‍ഫിഡന്‍സും റോക്കി ഭായിയെ പോലെ തന്നെ പ്രശാന്ത് നീലിനെയും സ്റ്റാര്‍ ആക്കുന്നുണ്ട്.

കെജിഎഫിന്റെ മൂന്നാം ഭാഗം അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഉടനെ തന്നെ അത് സംഭവിക്കുമെന്ന് തോന്നുന്നില്ല. പ്രഭാസ് നായകനാകുന്ന സലാറാണ് അടുത്ത പ്രശാന്ത് നീല്‍ ചിത്രം. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കാലങ്ങളായി ബിഗ് ബജറ്റ് സിനിമകള്‍ എന്നാല്‍ ആദ്യം ബോളിവുഡായിരിക്കും ഓര്‍മ വരുക. വലിയ താരങ്ങളുള്ള ചിത്രങ്ങള്‍. അതിനോട് കിടപിടിക്കുന്ന തരത്തില്‍ മേക്കിംഗ് കൊണ്ട് സര്‍പ്രൈസ് ചെയ്യിപ്പിച്ച സംവിധായകരായിരുന്നു ശങ്കറും രാജമൗലിയും. അപ്പോഴും തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ മാത്രം. ഈ ചര്‍ച്ചകളിലൊന്നും അധികം വരാത്ത പേരായിരുന്നു കന്നഡ സിനിമ എന്നത്. എന്നാല്‍ ഇന്ന് ബോളിവുഡിനെയടക്കം പിന്നിലാക്കി, എല്ലാ ചര്‍ച്ചകളിലും ഒന്നാമതെത്തുകയാണ് കെജിഎഫും, കന്നഡ സിനിമയും. അതുകൊണ്ട് തന്നെ ബ്രഹ്‌മാണ്ഡ സിനിമകളെടുത്ത സംവിധായകരുടെ കൂട്ടത്തില്‍ ഇനി പ്രശാന്ത് നീലും ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in