ഹല്ലാ ബോല്‍; സഫ്ദറിന്റെ തെരുവ് സമരങ്ങള്‍

1989 ജനുവരി 1. ഗസിയാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഡല്‍ഹിക്കടുത്തുള്ള ജന്ദാപൂര്‍ ഗ്രാമത്തില്‍ ജനനാട്യ മഞ്ച് ട്രൂപ്പിന്റെ ഹല്ലാ ബോല്‍ എന്ന നാടകം നടക്കുന്നു. നാടകം കാണാന്‍ നൂറുകണക്കിന് ആളുകള്‍ ഗ്രാമത്തില്‍ തടിച്ചുകൂടി. ഈ സമയത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹന റാലി ഇതുവഴി കടന്നുവന്നത്.

നാടകം നടക്കുന്ന വേദിക്ക് മുന്നില്‍ വാഹനങ്ങള്‍ നിന്നു. വേദിയില്‍ നിന്ന് ഒരാള്‍ ഇറങ്ങി ചെന്ന്, ഇവിടെ ഒരു നാടകം നടക്കുകയാണെന്നും വാഹനങ്ങള്‍ തൊട്ടടുത്ത വഴിയിലൂടെ മാറിപ്പോകാമോ എന്നും ചോദിക്കുന്നു. അത്രയും നേരം സമാധാനപരമായിരുന്ന ആ ഗ്രാമാന്തരീക്ഷം ഒറ്റ നിമിഷം കൊണ്ട് മാറിമറിഞ്ഞു. പ്രചരണ വാഹനത്തില്‍ നിന്നും ചാടിയിറങ്ങിയ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയ്യില്‍ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട്, വഴി മാറിപ്പോകാന്‍ പറഞ്ഞ നാടകക്കാരന്റെ തലയ്ക്ക് അടിച്ചു. അടികൊണ്ട് വീണിട്ടും വെറുതെ വിടാതെ തുടരെ തുടരെ അടിച്ച് അയാളുടെ തല തകര്‍ത്തു.

തങ്ങളുടെ വഴി തടഞ്ഞ ഒരാളോട് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ നിന്നുണ്ടായ അക്രമമായിരുന്നില്ല അത്. കാലങ്ങളായി ഉള്ളില്‍ കൊണ്ടുനടന്ന രാഷ്ട്രീയ പകപോക്കലായിരുന്നു അത്. അന്ന് അവിടെ കോണ്‍ഗ്രസ് ഗുണ്ടകളുടെ അടിയേറ്റ് കൊല്ലപ്പെട്ടയാള്‍ വെറുമൊരു നാടകക്കാരന്‍ മാത്രമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന, ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ, തന്റെ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും മുതലാളിത്ത ചൂഷണങ്ങള്‍ക്കും എതിരെ നിരന്തരം കലഹിച്ച, ഇന്ത്യന്‍ തെരുവ് നാടകങ്ങള്‍ക്ക് ചോര കൊണ്ട് ഊര്‍ജ്ജം പകര്‍ന്ന സഫ്ദര്‍ ഹാഷ്മി ആയിരുന്നു.

ഒരു നാടകക്കാരന്‍ എന്നതിലുപരിയായി സഫ്ദര്‍ മറ്റെന്തെല്ലാമോ ആയിരുന്നു. അയാളുടെ ഓരോ ശ്വാസത്തിലും രാഷ്ട്രീയമുണ്ടായിരുന്നു. പറഞ്ഞുവരുമ്പോള്‍ അയാളുടെ ജീവിതവും വിവാഹവും തൊഴിലും ഒടുക്കം മരണവുമെല്ലാം അയാള്‍ക്ക് ആ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in