എന്തായിരുന്നു ബംഗാളില്‍ ഇടതുപക്ഷത്തിന് പിഴച്ച നന്ദിഗ്രാം

2007 ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ഇന്‍ഡോനേഷ്യന്‍ ബിസിനസ് ഭീമന്‍മാരായ സാലിം ഗ്രൂപ്പുമായി ഒരു കൂടിക്കാഴ്ച നടത്തി. സാലിം ഗ്രൂപ്പില്‍ നിന്നുള്ള നിക്ഷേപം ഉപയോഗിച്ച് സംസ്ഥാനത്ത് ഒരു കെമിക്കല്‍ ഹബ്ബ് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ പരിപാടിയായിരുന്നു പ്ലാന്‍. സംസ്ഥാനത്തിന്റെ വികസനവും, വ്യവസായവത്കരണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതുമായിരുന്നു മുപ്പത് വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച ഇടതുപക്ഷം ഈ നീക്കത്തിലൂടെ ലക്ഷ്യം വെച്ചത്. എന്നാല്‍ ഇതിന്റെ നടപടികള്‍ക്കായി ഭരണകൂടം തിരഞ്ഞെടുത്ത വഴികള്‍ ബംഗാളില്‍ ഉഗ്രസ്ഫോടനങ്ങള്‍ക്ക് തിരി കൊളുത്തി.

ഭൂമി ഉച്ചഡ് പ്രതിരോധ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജനങ്ങളുടെ പോരാട്ടം. പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം നടത്തിയ നരനായാട്ട് അതി ഭീകരമായിരുന്നു. ഭീതിനിറഞ്ഞ അന്തരീക്ഷത്തില്‍ പലരും വീടുവിട്ടുപോയി. എന്നാല്‍ അവര്‍ക്ക് ഏറെക്കാലം അടങ്ങിയിരിക്കാനായില്ല. ചെറുത്തുനില്‍പിന്റെ സന്നാഹങ്ങളുമായി അവര്‍ തിരിച്ചെത്തി. മാര്‍ച്ച് 14-ന് പൊലീസ് വെടിവെപ്പില്‍ ഔദ്യോഗിക കണക്ക് പ്രകാരം 14 പേര്‍ മരിച്ചു. അക്ഷരാര്‍ഥത്തില്‍ നന്ദിഗ്രാം ചോരക്കളമായി മാറി. ജനകീയ പ്രക്ഷോഭത്തെ പ്രതിപക്ഷം ശക്തമായി ഉപയോഗിച്ചതോടെ 3 പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് ബംഗാളില്‍ അന്ത്യം കുറിക്കപ്പെട്ടു. പറഞ്ഞുവരുമ്പോള്‍ ബംഗാളിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പൊലീസ് വെടി വെപ്പിന്റെ കഥ കൂടിയാണ് നന്ദിഗ്രാം. ഇനിയും നിലവിളികള്‍ നിലച്ചിട്ടില്ലാത്ത, ചോരക്കറ മാഞ്ഞിട്ടില്ലാത്ത ഒരു നാടിന്റെ കഥ.