'പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ'; ഭരണകൂടത്തെ വിറപ്പിച്ച തൊഴിലാളി സമര ചരിത്രം

'പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ'; ഭരണകൂടത്തെ വിറപ്പിച്ച തൊഴിലാളി സമര ചരിത്രം

വര്‍ഷം 1953. കേരളത്തിന്റെ തൊഴില്‍ കേന്ദ്രമായിരുന്ന കൊച്ചിയില്‍ അന്ന് യൂണിയന്‍ തൊഴിലാളികള്‍ സംഘടിച്ചു. 8 മണിക്കൂര്‍ ജോലി തൊഴില്‍ അവകാശമായി അംഗീകരിക്കപ്പെട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും കൊച്ചിയില്‍ ഒരു ദിവസത്തെ തൊഴില്‍ സമയം പന്ത്രണ്ട് മണിക്കൂറായിരുന്നു. 2 രൂപയായിരുന്നു ഇതിന് കൂലിയായി കൊടുത്തിരുന്നത്. ചാപ്പയെറിഞ്ഞായിരുന്നു അന്ന് തൊഴിലാളികള്‍ക്ക് പണി കൊടുത്തിരുന്നത്. വിശപ്പും ദാരിദ്രവും കാരണം കങ്കാണിമാര്‍ എറിയുന്ന ചാപ്പക്ക് വേണ്ടി പാവപ്പെട്ട തൊഴിലാളികള്‍ ആത്മാഭിമാനം പണയംവെച്ച് ചാടി വീണു. തൊഴിലാളി വര്‍ഗത്തെ അടിയാളരാക്കി നിര്‍ത്തുന്ന, പ്രാകൃതമായ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ജോലിസ്ഥിരത ലഭിക്കണമെന്നും കൂലിയില്‍ ചെറിയ വര്‍ധന വേണമെന്നുമായിരുന്നു യൂണിയന്റെ ആവശ്യം. ഭരണകൂടത്തെയും പൊലീസിനെയും കൂട്ടുപിടിച്ച് മുതലാളിമാര്‍ സമരം അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഒരടി പിന്നോട്ട് നീങ്ങിയില്ല.

സമരം ശക്തമായി മുന്നോട്ടുപോകവെ ചര്‍ച്ചക്കെന്ന് പറഞ്ഞ് യൂണിയന്‍ നേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇതോടെ തൊഴിലാളികള്‍ വന്‍ പ്രതിഷേധവുമായി കമ്പനിക്ക് മുന്നിലേക്ക് നീങ്ങി. തൊഴിലാളികള്‍ കവല വളഞ്ഞു. കവചിത വാഹനങ്ങളില്‍ നിറതോക്കുകളുമായി എത്തിയ സായുധസേന തൊഴിലാളികളെയും വളഞ്ഞു. തൊട്ടടുത്ത നിമിഷം തോക്കുകള്‍ തീതുപ്പി. വെടിയൊച്ചയില്‍ തൊഴിലാളികള്‍ പിന്തിരിഞ്ഞോടുമെന്ന് കരുതിയ അധികാര വര്‍ഗത്തിന് തെറ്റി. ചിതറി വരുന്ന വെടിയുണ്ടകളെ വകവെക്കാതെ തൊഴിലാളികള്‍ മുന്നേറി.

കയ്യില്‍ കരുതിയ കല്‍ചീളുകളായിരുന്നു അവരുടെ ആയുധം. കല്ലേറില്‍ നിരവധി പൊലീസുകാര്‍ വീണു. കവചിത വാഹനങ്ങള്‍ മലക്കം മറിഞ്ഞു. പൊലീസിന്റെ നരനായാട്ടില്‍ തൊഴിലാളികളായ സെയ്ദും സെയ്താലിയും വെടിയേറ്റ് കൊല്ലപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികള്‍ അതിക്രൂര മര്‍ദനത്തിന് ഇരയായി. ലോക്കപ്പ് മര്‍ദനത്തില്‍ ചോര തുപ്പിയ ആന്റണി ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടുമുറ്റത്ത് വീണ് മരിച്ചു.

മട്ടാഞ്ചേരിയുടെ സമരഭൂമികയില്‍ ഇന്നും തളംകെട്ടി നില്‍ക്കുന്ന ചോരയില്‍ എഴുതിയ ചരിത്രമാണ് സെപ്റ്റംബര്‍ 15 വെടിവെപ്പ്. പറഞ്ഞുവരുമ്പോള്‍ കേരളത്തിന്റെ തൊഴിലാളി സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പിന്റെ ചരിത്രം.

1950 കളില്‍ കേരളത്തില്‍ തൊഴിലുള്ള ഇടം എന്നുപറയുന്നത് കൊച്ചി തുറമുഖമായിരുന്നു. കേരളത്തിന്റെ വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരങ്ങള്‍ തൊഴില്‍ തേടി ഇവിടെ എത്തിയിരുന്നു. അതുകൂടാതെ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ഇവിടെയെത്തി തൊഴില്‍ ചെയ്ത് ജീവിക്കുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വര്‍ഗ സമരങ്ങളില്‍ പങ്കെടുത്ത് ഒളിവില്‍ പോയ പല സഖാക്കളും വ്യാജ പേരുകളില്‍ ഇവിടെ പല പണികളെടുത്ത് ജീവിക്കുന്നുണ്ടായിരുന്നു എന്നാണ് മട്ടാഞ്ചേരി സമരത്തിലെ മുന്‍നിര പോരാളിയായിരുന്ന ടി.എം അബുവുമായി സംസാരിച്ച് അബ്ദുള്ള മട്ടാഞ്ചേരി എഴുതിയ അടയാളം എന്ന പുസ്തകത്തില്‍ പറയുന്നത്. പല ദേശങ്ങളില്‍ നിന്ന വന്ന് പല ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നത് കൊണ്ടുതന്നെ കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായിയും പുന്നപ്ര വയലാറും താണ്ടി വന്ന സമര സഖാക്കള്‍ക്ക് ഒളിവില്‍ ജീവിക്കാന്‍ ഇതിലും മികച്ചൊരു ഇടമില്ലായിരുന്നു എന്നും ഇതില്‍ പറയുന്നുണ്ട്.

അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു അന്ന് തുറമുഖത്തെ തൊഴില്‍. തൊഴിലവകാശം എന്നൊന്നില്ല. മുതലാളി വര്‍ഗത്തിന്റെ തിട്ടൂരങ്ങള്‍ക്കൊത്ത് ആടാന്‍ വിധിക്കപ്പെട്ട പാവകളായി തൊഴിലാളികള്‍ മാറി. ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍ നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് യോഗം എട്ടുമണിക്കൂര്‍ ജോലി സമയം തൊഴില്‍ അവകാശമായി അംഗീകരിച്ചത് 1904ലാണ്. എന്നാല്‍ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കൊച്ചിയില്‍ തൊഴില്‍ സമയം 12 മണിക്കൂറായിരുന്നു. രണ്ടുരൂപയായിരുന്നു അതിന് കൂലി. രാത്രികൂടിചേര്‍ത്ത് 24മണിക്കൂര്‍ തുടര്‍ച്ചയായി പണിയെടുത്താല്‍ അഞ്ചുരൂപ കിട്ടും. ബോംബെ, കല്‍ക്കട്ട തുറമുഖങ്ങളില്‍ 25 പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന ജോലി ഇവിടെ 16 പേര്‍ ചെയ്തു തീര്‍ക്കണമായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ എണ്ണം പെരുകിയപ്പോള്‍ തൊഴിലുടമകള്‍ കൂലി പകുതിയായി കുറച്ചു.

തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് പ്രാകൃത രീതിയായ ചാപ്പ സമ്പ്രദായത്തിലൂടെയായിരുന്നു. തുറമുഖത്ത് ചരക്കുമായി എത്തുന്ന കപ്പലുകളുടെ ഏജന്റുമാരായ സ്റ്റീവ്ഡോര്‍സ് എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു തൊഴിലുടമകള്‍. ഇവര്‍ ചുമതലപ്പെടുത്തുന്ന കങ്കാണിയുടെ വീട്ടുമുറ്റത്ത് എ്ന്നും രാവിലെ തൊഴിലാളികള്‍ എത്തും. ഇവര്‍ക്കിടയിലേക്ക് കങ്കാണി ചാപ്പ എറിയും. ലോഹം കൊണ്ടുണ്ടാക്കിയ ടോക്കനാണ് ചാപ്പ. ഇത് കിട്ടുന്നവര്‍ക്ക് അന്ന് ജോലിക്ക് കയറാം. 10 തൊഴിലാളികളെ വേണ്ടിടത്ത് നൂറുകണക്കിന് തൊഴിലാളികള്‍ ചാപ്പ കിട്ടാന്‍ കാത്തുനില്‍ക്കുന്നുണ്ടാകും. അന്നന്നത്തെ അന്നത്തിന് വേണ്ടി ആത്മാഭിമാനം നഷ്ടപ്പെടുത്തിയായിരുന്നു തൊഴിലാളികള്‍ ചാപ്പക്ക് വേണ്ടി ചാടിവീണിരുന്നത്.

ഈ പ്രാകൃത നിയമത്തിന് അറുതി വരുത്തണമെന്ന് അന്നത്തെ തൊഴിലാളി പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അങ്ങനെ 1946 മെയ് 12-ന് തുറമുഖ തൊഴിലാളികള്‍ യോഗം ചേര്‍ന്ന് യൂണിയന്‍ ഉണ്ടാക്കി, സി.പി.സി.എല്‍.യു എന്ന 'കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍'. ബ്രിട്ടീഷുകാരുടെ പട്ടാള ബാരക്കിന് തീയിട്ട കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായിരുന്ന ടി.എം അബു, ജോര്‍ജ് ചടയംമുറി, പി. ഗംഗാധരന്‍ തുടങ്ങിയവരായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്.

ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സമര സഖാക്കളുടെ വീര്യവും അടിമജീവിതത്തില്‍ മനംമടുത്ത തദ്ദേശീയരുടെ പകയും ചേര്‍ന്നപ്പോള്‍ കൊച്ചി അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ പോരാട്ടങ്ങളുടെ പടക്കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. യൂണിയന്‍ തൊഴിലാളികളില്‍ അവകാശബോധം സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് കുറഞ്ഞുവന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കണ്ട മുതലാളിമാര്‍ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പല വിധ കളികള്‍ പയറ്റി. 1949 മാര്‍ച്ച് 14-ന് അന്നത്തെ തിരു കൊച്ചി നിയമസഭ അംഗമായിരുന്ന കെ.എച്ച്. സുലൈമാന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സി.ടി.ടി.യു എന്ന കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ നിലവില്‍ വന്നു.

തൊഴിലാളികളുടെ ചെറുത്ത് നില്‍പ് ഫലം കണ്ടുതുടങ്ങിയതോടെ 1950 ജനുവരി ഒന്നിന് കമ്യൂണിസ്റ്റ് പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയനെ സര്‍ക്കാര്‍ നിരോധിച്ചു. പോരാട്ടം തുടരണം എന്നതുകൊണ്ട് സി.പി.സി.എല്‍.യു പ്രവര്‍ത്തകര്‍ നേതാക്കളുടെ സമ്മതത്തോടെ തന്നെ സി.ടി.ടി.യുവില്‍ അണിനിരന്നു. അവകാശ സമരത്തില്‍ കൊടിയുടെ നിറം മറന്ന് തൊഴിലാളികള്‍ ഒന്നിക്കാന്‍ തുടങ്ങിയതോടെ മുതലാളിമാരുടെ കോട്ടകള്‍ വിറച്ചുതുടങ്ങി. ഇതോടെ യൂണിയന്‍ തകര്‍ക്കാന്‍ അവര്‍ പുതിയൊരു തന്ത്രം മെനഞ്ഞു. ചാപ്പ കൊടുക്കാനുള്ള അവകാശം യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ചു. യൂണിയന്‍ നേതാക്കളെ വിലക്കെടുത്താല്‍ അവരെ മുന്‍നിര്‍ത്തി തൊഴിലാളികളെ അടിമകളാക്കി നിര്‍ത്താമെന്ന് മുതലാളിമാര്‍ കരുതി. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇതിനെ എതിര്‍ത്തു. ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കാതെ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ ഉറപ്പിച്ച് പ്രഖ്യാപിച്ചു.

1953 ജനുവരി 31ന് ജി.എസ്. ധാരാസിംഗിന്റെ നേതൃത്വത്തില്‍ തുറമുഖത്ത് എ.എന്‍.ടി.യു.സി രൂപീകരിക്കപ്പെട്ടു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന നെഹ്രു ഗവണ്‍മെന്റില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഈ യൂണിയന്‍ ചാപ്പ കൊടുക്കാനുള്ള അവകാശം മുതലാളി വര്‍ഗമായ സ്റ്റീവ്ഡോര്‍സില്‍ നിന്നും സ്വന്തമാക്കി. അതോടെ തുറമുഖ തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള മുതലാളിമാരുടെ ശ്രമം വിജയിച്ചു.

ഏതുവിധേനയും ചാപ്പ സമ്പ്രദായം നിലനിര്‍ത്തുക എന്നതായിരുന്നു മുതലാളിമാരുടെ ആത്യന്തികമായ ലക്ഷ്യം. അതിന് ഐ.എന്‍.ടി.യു.സിയെ അവര്‍ കരുവാക്കി. 1953 ജൂണ്‍ ഒന്നിന് ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുക എന്ന മിനിമം ആവശ്യം ഉന്നയിച്ച് മട്ടാഞ്ചേരിയില്‍ സംഘടിത തൊഴിലാളി വര്‍ഗം സമരം ആരംഭിച്ചു. സമരം 74 ദിവസം പിന്നിട്ട ആഗസ്ത് 14-ന് 'എസ്.എസ്. സാഗര്‍വീണ' എന്ന ചരക്ക് കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ആ കപ്പലിലെ തൊഴിലിനുള്ള ചാപ്പ കൊടുക്കാനുള്ള അവകാശം ഏജന്റുമാര്‍ ഐ.എന്‍.ടി.യു.സിക്ക് പതിച്ച് നല്‍കി.

ഇതോടെ ബസാറിലെ കമ്പനി ഉപരോധിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. എന്നാല്‍ പോര്‍ട്ട് അഡ്മിനിസ്്ട്രേറ്ററായ വെങ്കിട്ടരാമന്റെ ഇടപെടലിനെ തുടര്‍ന്ന് സി.ടി.ടി.യു സമരത്തില്‍ നിന്ന് പിന്മാറി. പക്ഷേ, അതിലെ തൊഴിലാളികള്‍ പിന്മാറാന്‍ തയ്യാറായില്ല. അവര്‍ സമരത്തില്‍ ഉറച്ചുനിന്നു. സെപ്റ്റംബര്‍ 15ന് രാവിലെ ആറ് മണിക്ക് തൊഴിലാളികള്‍ കരിപ്പാലം മൈതാനിയില്‍ സമ്മേളിച്ച് അവിടെ നിന്ന് ചെങ്കൊടിയേന്തി പ്രകടനമായി കമ്പനിയുടെ കവാടത്തിലെത്തി കവലയില്‍ സംഘടിച്ചു. സമരം ശക്തമായി മുന്നോട്ടുപോകവെ ചര്‍ച്ചക്കെന്ന് പറഞ്ഞ് യൂണിയന്‍ നേതാക്കളെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിഷേധം ശക്തമായി. കവചിത വാഹനങ്ങളില്‍ നിറതോക്കുകളുമായി എത്തിയ സായുധ സേന തൊഴിലാളികളെ വളഞ്ഞു. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ അധികാര വര്‍ഗത്തിന്റെ തോക്കിന്‍കുഴലുകള്‍ ഉന്നം പിടിച്ചു. ഒരടി പതറാതെ തൊഴിലാളി പട സൈന്യത്തിന്റെ നേര്‍ക്കുനേര്‍ നിന്നു. അന്നവര്‍ പരസ്പരം ഒരു പ്രതിജ്ഞ എടുത്തു. 'ഈ സമരമുഖത്ത് നിന്ന് ഞാന്‍ പിന്തിരിഞ്ഞോടിയാല്‍ എന്നെ എറിഞ്ഞ് കൊന്നേക്കുക, ഞാന്‍ പൊരുതി മരിച്ചു വീണാല്‍ എന്നെ മറികടന്ന് നിങ്ങള്‍ മുന്നേറുക'.

തൊഴിലാളികളുടെ ഐക്യ ബലം കണ്ട് സായുധ സേന പതറി. തൊട്ടടുത്ത നിമിഷം സൈന്യത്തിന്റെ തോക്കിന്‍ കുഴലുകള്‍ തീതുപ്പി. മണിക്കൂറുകളോളം നീണ്ടുനിന്ന ആ വെടിവെപ്പില്‍ തൊഴിലാളികള്‍ ചിതറിയോടുമെന്ന് സൈന്യം കരുതി. പക്ഷേ തൊഴിലാളി വര്‍ഗത്തിന്റെ അവകാശം നേടിയെടുക്കാന്‍ പൊരുതി മരിക്കാനും തയ്യാറായി വന്ന ആ പട ഭരണകൂടത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു.

ചീറിവരുന്ന വെടിയുണ്ടകളെ വകവെക്കാതെ തൊഴിലാളികള്‍ ശക്തമായി തിരിച്ചടിച്ച് മുന്നേറി. കല്ലുകളായിരുന്നു അവരുടെ ആയുധം. കുട്ടകളില്‍ കല്ലുമായി അവരുടെ പെണ്ണുങ്ങള്‍ സമരമുഖത്ത് ആവേശം നിറച്ച് അണിനിരന്നു. മട്ടാഞ്ചേരിയുടെ തെരുവ് ചോരവീണ് ചുവന്നു.

തൊഴിലാളികളുടെ കല്ലേറില്‍ സൈന്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. അതോടെ തൊഴിലാളികളുടെ തല ലക്ഷ്യമാക്കി വെടിയുണ്ടകള്‍ പാഞ്ഞു. സായുധ സേനാംഗത്തെ എറിഞ്ഞു വീഴ്ത്തിയ സെയ്ദിന്റെ തല എതിര്‍വശത്തെ ഗുദാമിന്റെ മുകളില്‍ നിന്ന് പാഞ്ഞെത്തിയ വെടിയുണ്ട തകര്‍ത്തു. മട്ടാഞ്ചേരിയുടെ ആദ്യ രക്തസാക്ഷി.

ഈ സമയം ബസാറില്‍ നിന്ന് സൈന്യം വീടുകളിലേക്ക് എത്താതിരിക്കാന്‍ റോഡില്‍ ബാരിക്കേടുകള്‍ തീര്‍ക്കുകയായിരുന്നു സെയ്താലി എന്ന തോണി തൊഴിലാളി. സെയ്താലിയുടെ ചെറുത്തുനില്‍പില്‍ നിരവധി പൊലീസുകാര്‍ പരിക്കേറ്റ് വീണു. കലിപൂണ്ട സൈന്യം തുരുതുരാ പായിച്ച വെടിയുണ്ടകള്‍ സെയ്താലിയുടെ നെഞ്ചിന്‍കൂട് തകര്‍ത്തു.

സമരമുഖത്ത് നിന്ന് പിടിയിലായ ആന്റണി പൊലീസിന്റെ ക്രൂരമായ ലോക്കപ്പ് മര്‍ധനത്തിന് ഇരയായി ചോര തുപ്പി. ദിവസങ്ങളോളം മൂത്രത്തിന് പകരം ചോരയൊഴിച്ചു. തൊട്ടുത്ത ദിവസങ്ങളിലൊന്നില്‍ വീട്ടുമുറ്റത്ത് വീണ് മരിച്ചു. മൂന്ന് രക്തസാക്ഷികള്‍, ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് മനുഷ്യര്‍. അന്തസോടെ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി ജീവന്‍ പോലും പണയം വെച്ചായിരുന്നു തൊഴിലാളികള്‍ പോരാടിയത്.

പക്ഷേ പോരാട്ടം വെറുതെയായില്ല. ഒമ്പത് വര്‍ഷം കൂടി നീണ്ടുനിന്ന ആവശ്യത്തിനൊടുവില്‍ 1962ല്‍ കൊച്ചിന്‍ ഡോക്ക്ലേബര്‍ ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ അധികൃതര്‍ തയ്യാറായി. 12000 തൊഴിലാളികള്‍ ഈ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവ്ഡോറമാര്‍ ബോര്‍ഡിനെ അറിയിക്കുകയും ബോര്‍ഡ്, നിര വ്യവസ്ഥയില്‍ തൊഴിലാളികളെ നല്‍കുകയും ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഡോക്ക് ലേബര്‍ ബോര്‍ഡ് പിന്നീട് കൊച്ചിന്‍ പോര്‍ട്ടിന്റെ ഭാഗമാക്കിയപ്പോള്‍ ബോര്‍ഡ് ലേബര്‍ ഡിവിഷന്‍ ആയിമാറി. പൊരുതി നേടിയ വിജയത്തിന്റെ പുറത്ത് തൊഴിലാളികള്‍ അഭിമാനത്തോടെ പണിയെടുത്തു.

മട്ടാഞ്ചേരി വെടിവയ്പിനെത്തുടര്‍ന്ന് ചാപ്പ സമ്പ്രദായം അവസാനിച്ചു. കങ്കാണിമാരുടെ വംശം കുറ്റിയറ്റു. അന്ന് സമരമുഖത്ത് പോരടിച്ചവര്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങി. മട്ടാഞ്ചേരിക്ക് മുമ്പും ശേഷവും കേരളം പല വര്‍ഗ സമരങ്ങളും കണ്ടു. എന്നാല്‍ അതിനൊക്കെ ഇടയില്‍ കേരളത്തിന്റെ സമര ചരിത്രത്തിലെ തലയെടുപ്പോടെ നില്‍ക്കുന്ന ഏടാണ് മട്ടാഞ്ചേരി സംഭവം. പ്രാദേശികമായി നടന്ന മറ്റ് സമര പോരാട്ടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇതര ഭാഷാ തൊഴിലാളികളെ അടക്കം അണിനിരത്താന്‍ മട്ടാഞ്ചേരിയിലെ തൊഴിലാളി സംഘബോധത്തിന് കഴിഞ്ഞിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെയാണ് മട്ടാഞ്ചേരി സംഭവം ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമായതും.

The Cue
www.thecue.in