ലോകക്രമത്തെ മാറ്റിമറിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണം

ലോകക്രമത്തെ മാറ്റിമറിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണം

2001 സെപ്റ്റംബര്‍ 11. ഓഫീസുകളിലേക്ക് പോകുന്ന ജോലിക്കാരും പല ആവശ്യങ്ങളുമായി പല വഴിക്ക് തിരക്കിട്ട് പായുന്ന മനുഷ്യരുമായി ന്യൂയോര്‍ക്ക് നഗരം രാവിലെ തന്നെ സജീവമായി. അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി ലോവര്‍ മാന്‍ഹട്ടനിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അംബര ചുംബികളായ ഇരട്ടഗോപുരങ്ങള്‍ തിളങ്ങി നിന്നു. വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാര്‍ വന്നുകൊണ്ടിരുന്നു. അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ് ടണ്‍ ഡി.സിയും സജീവമായിരുന്നു. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ വെര്‍ജീനിയയിലെ പെന്റഗണും പതിവ് തിരക്കുകളിലേക്ക് കടന്നു. എന്നത്തേതും പോലെ സാധാരണ ഗതിയിലായിരുന്നു ആ ദിവസവും. സമയം രാവിലെ 8.46 ആകുന്നത് വരെ.

ലോസ് ആഞ്ചലസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 11 വിമാനം ലോവര്‍ മാന്‍ഹട്ടനിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചുകയറി. 110 നിലകളുള്ള ടവറിന്റെ എണ്‍പതാം നിലയിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. നിമിഷങ്ങള്‍ കൊണ്ട് നോര്‍ത്ത് ടവര്‍ ഒരു തീഗോളമായി മാറി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമേരിക്ക പകച്ചു നില്‍ക്കേ അടുത്ത അറ്റാക്ക് ഉണ്ടായി. 9.03ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 175 വിമാനം ലോക വ്യാപാര കേന്ദ്രത്തിന്റെ രണ്ടാം ഗോപുരമായ തെക്കേ ടവര്‍ ഇടിച്ചു തകര്‍ത്തു. ആദ്യ സംഭവം ഉണ്ടായപ്പോള്‍ ഒരു വിമാന അപകടം എന്നായിരുന്നു എല്ലാവരും കരുതിയത്. എല്ലാ പ്രധാന മാധ്യമങ്ങളിലും ലൈവ് പോകുന്നുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ടവറും തകര്‍ന്നതോടെ എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പായി. അമേരിക്കയില്‍ നടക്കുന്നത് അപകടമല്ല. ആക്രമണമാണ്.

വ്യത്യസ്തയിടങ്ങളില്‍ നിന്ന് യാത്രക്കാരുമായി പറന്നുപൊങ്ങിയ നാല് വിമാനങ്ങള്‍ റാഞ്ചി അല്‍ക്വയ്ദ നടത്തിയ ചാവേര്‍ ആക്രമണമായിരുന്നു അത്. ലോകം നടുങ്ങിയ ആ മണിക്കൂറുകള്‍ക്ക് ശേഷം രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ജോര്‍ജ് ബുഷ് ലോകത്തോടായി പറഞ്ഞു. ഈ ദിനം ഞങ്ങള്‍ മറക്കില്ല. പിന്നീട് ലോകം കണ്ടത് ശത്രുവെന്ന് തോന്നിയവരെ വേട്ടയാടി കൊന്നൊടുക്കുന്ന അമേരിക്കയുടെ മനുഷ്യത്വ രഹിതമായ പ്രതികാരമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യര്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ഇരകളായി. ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവനും ജീവിതവും നഷ്ടമായി.

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2001 സെപ്റ്റംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ക്വയ്ദ നടത്തിയത്. ണയന്‍ ഇലവന്‍ അറ്റാക്ക് എന്നും സെപ്റ്റംബര്‍ 11 ഭീകരാക്രമണമെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം ബാധിച്ചത് അമേരിക്കയെ മാത്രമായിരുന്നില്ല, മറിച്ച് ലോകത്തെ സര്‍വ്വ രാജ്യങ്ങളേയും ആയിരുന്നു. പറഞ്ഞുവരുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ലോകക്രമത്തെ തന്നെ മാറ്റിമറിച്ച, ചരിത്രത്തിലെ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന്റെ ഓര്‍മ്മ കൂടിയാണ് സെപ്റ്റംബര്‍ 11.

Related Stories

No stories found.
The Cue
www.thecue.in