സാനിയ മിർസ; ഇന്ത്യൻ വനിത ടെന്നിസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇതിഹാസം

1986 നവംബർ 15ന് മുംബൈയിൽ താമസമാക്കിയ ഒരു ഹൈദരബാദി മുസ്ലിം കുടുംബത്തിലായിരുന്നു സാനിയയുടെ ജനനം. സ്‌പോർട്‌സ് ജേർണലിസ്റ്റായിരുന്ന ഇമ്രാൻ മിർസയുടെയും പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായിരുന്ന നസീമയുടെയും രണ്ട് മക്കളിൽ മൂത്തവളായിരുന്നു സാനിയ. സാനിയ ജനിച്ച് അധികം വൈകാതെ കുടുംബം ഹൈദരാബാദിലേക്ക് താമസം മാറി. സാനിയയുടെയും അനുജത്തി ആനം മിർസയുടെയും ബാല്യകാലം ഹൈദരാബാദിലായിരുന്നു.

പിതാവ് ഇമ്രാന്റെ സ്‌പോർട്‌സ് ഭ്രമത്തിൽ നിന്നായിരുന്നു സാനിയയിലും ടെന്നീസിനോടുള്ള താൽപര്യം ഉണ്ടാകുന്നത്. അങ്ങനെ ആറാമത്തെ വയസിൽ പിതാവിനൊപ്പം സാനിയ ലോൺ ടെന്നിസ് കളിച്ചു തുടങ്ങി. ടെന്നീസിൽ പിതാവ് തന്നെയായിരുന്നു സാനിയയുടെ ആദ്യത്തെ ഗുരുവും. ടെന്നീസിനൊപ്പം തന്നെ നീന്തലിലും കുഞ്ഞ് സാനിയ മികവ് പുലർത്തിയിരുന്നു.

ഹൈദരാബാദിലെ സ്‌കൂൾ കോളജ് വിദ്യാഭ്യാസത്തിന് ശേഷം ടെന്നിസിലേക്ക് തിരിയാനുള്ള തന്റെ മോഹം അവൾ കുടുംബത്തിന് മുന്നിൽ അറിയിച്ചു. ടെന്നിസിനോടുള്ള അടങ്ങാത്ത ആവേശവുമായി നടക്കുന്ന പിതാവ് ഇമ്രാന് മറുത്തൊരു ആലോചന പോലുമുണ്ടായിരുന്നില്ല. അങ്ങനെ സാനിയയുടെ മോഹത്തിനൊപ്പം പറക്കാൻ കുടുംബം അവളെ വിട്ടു.

കളിക്കളത്തിൽ റാക്കറ്റുമായി പന്തുകളെ തുരുതുരാ പായിക്കുന്ന കുഞ്ഞു സാനിയ അന്ന് അവളെ പരിശീലിപ്പിച്ചിരുന്ന കോച്ചിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം ഇമ്രാനെ വിളിച്ച് മകളിലെ പ്രതിഭയെ പറ്റി പറയുകയും അവളുടെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ഇമ്രാൻ അത് അത്ര കാര്യമായി എടുത്തില്ല. ഈ സംഭവത്തെ പറ്റി ഇമ്രാൻ തന്നെ പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്, അന്ന് കോച്ച് പറഞ്ഞത് സീരിയസ് ആയിക്കാണാതിരുന്ന താൻ സ്റ്റേഡിയത്തിലേക്ക് പോയില്ല. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം ഒരിക്കൽ അവളുടെ കളി കാണാൻ കോർട്ടിലെത്തിയ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നാണ്.

അവിടെ നിന്നങ്ങോട്ട് സാനിയയിലെ ടാലന്റിനെ പരിപോഷിപ്പിക്കാനും അതിനായി അവൾക്ക് മികച്ച കോച്ചിംഗ് കൊടുക്കാനും കുടുംബം തീരുമാനിച്ചു. ആ തീരുമാനമാണ് സാനിയയയെ ഹൈദരാബാദിലെ നിസാം ടെന്നിസ് ക്ലബ്ബിൽ എത്തിക്കുന്നത്. ടെന്നിസ് താരം മഹേഷ് ഭൂപതിയുടെ അഛൻ സി.ജി കൃഷ്ണ ഭൂപതിയായിരുന്നു അവിടെ സാനിയയുടെ കോച്ച്. ശേഷം സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നിസ് അക്കാദമിയിൽ നിന്ന് പ്രൊഫഷണൽ ടെന്നിസിൽ പരിശീലനം നേടി.

അപ്പോഴേക്കും സാനിയക്ക് ടെന്നിസിലുള്ള പാഷനും ടാലന്റും കുടുംബത്തിന് ബോധ്യമായിരുന്നു. അങ്ങനെയാണ് ടെന്നിസിന്റെ പുതിയ ആകാശങ്ങൾ കീഴടക്കാൻ അവളെ അമേരിക്കയിലേക്ക് അയക്കാൻ കുടുംബം തീരുമാനിക്കുന്നത്. അമേരിക്കയിലെത്തിയ സാനിയ അവിടെ എയ്‌സ് ടെന്നിസ് അക്കാദമിയിൽ ചേർന്ന് പഠിച്ചു.

പ്രൊഫഷണൽ കരിയർ

1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ നേടി.

തന്റെ സ്വന്തം നാട്ടിൽ നടന്ന, ഹൈദരാബാദ് ഓപ്പണിൽ, സാനിയക്ക് വൈൽഡ് കാർഡ് എൻട്രിയായിരുന്നു. ഒന്നാം റൗണ്ടിൽ ഓസ്‌ട്രേലിയൻ താരം നിക്കോൾ പ്രാറ്റിനെതിരെ മികച്ച പോരാട്ടം നടത്തിയെങ്കിലും മൂന്ന് സെറ്റിൽ പരാജയപ്പെട്ടു. ലീസൽ ഹ്യൂബറുമായി ചേർന്ന് അതേ ഇവന്റിൽ സാനിയ തന്റെ ആദ്യ വിമൺസ് ടെന്നിസ് അസോസിയേഷൻ ഡബിൾസ് കിരീടം നേടി.

2004-ൽ 6 ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷൻ സിംഗിൾസ് കിരീടങ്ങൾ സാനിയ സ്വന്തമാക്കി. 2005-ലെ ഓസ്ട്രേലിയൻ ഓപ്പണിൽ സിണ്ടി വാട്സണെയും പെട്ര മണ്ടുലയെയും ഒന്നും രണ്ടും റൗണ്ടുകളിൽ പരാജയപ്പെടുത്തി, മൂന്നാം റൗണ്ടിലെത്തി. മൂന്നാം റൗണ്ടിൽ നേരിടേണ്ടത് അന്നത്തെ ചാമ്പ്യൻ സെറീന വില്യംസിനെ. സാനിയക്ക് അത് സ്വപ്ന നിമിഷമായിരുന്നു. തീപാറിയ പോരാട്ടത്തിനൊടുവിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയോട് സാനിയ പരാജയപ്പെട്ടു.

ഫെബ്രുവരിയിൽ, തന്റെ ജന്മനാടായ ഹൈദരാബാദ് ഓപ്പൺ ഫൈനലിൽ യുക്രൈൻ താരം അലോന ബൊണ്ടാരെങ്കോയെ പരാജയപ്പെടുത്തി ഡബ്ല്യു.ടി.എ ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി സാനിയ മാറി. ദുബായിൽ വെച്ച് യുഎസ് ഓപ്പൺ ചാമ്പ്യനായിരുന്ന റഷ്യൻ താരം സ്വെറ്റ്ലാന കുസ്നെറ്റ്സോവക്കെതിരെ കരിയറിലെ ഏറ്റവും വലിയ ക്വാർട്ടർ ഫൈനലിലെത്തി. എന്നാൽ ആ വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ മൂന്ന് സെറ്റുകൾക്ക് കുസ്‌നെറ്റ്സോവയോട് സാനിയ പരാജയപ്പെട്ടു.

2005ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണിൽ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങിൽ വൻകുതിപ്പ് നടത്തി. അങ്ങനെ ഏതെങ്കിലുമൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ മാറി. എന്നാൽ നാലാം റൗണ്ട് പോരാട്ടത്തിൽ അന്നത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്. അങ്ങനെ 2005ലെ ഡബ്ല്യു.ടി.എ ന്യൂ കമ്മർ ഓഫ് ദ ഇയറായി സാനിയ മാറി.

അവിടെ നിന്നങ്ങോട്ട് ഇന്ത്യൻ വനിത ടെന്നിസിന്റെ ഭാവി തന്റെ കൈകളിൽ ഭദ്രമാണെന്ന് സാനിയ മിർസ എന്ന ഹൈദരാബാദുകാരി പെൺകുട്ടി രാജ്യത്തിന് മുന്നിൽ തെളിയിച്ച വർഷങ്ങളായിരുന്നു. ഓരോ ചുവടും കരുതലോടെ നീങ്ങിയ സാനിയ രാജ്യത്തിന് വലിയ പ്രതീക്ഷകൾ നൽകി. ഇന്ത്യൻ പതാകയുമേന്തി അവൾ നടന്നു കയറിയ ഉയരങ്ങൾ രാജ്യത്തിനാകെ അഭിമാനമായി മാറി. മഹേഷ് ഭൂപതി, രോഹൻ ബൊപ്പണ്ണ, ലിയാൻഡർ പേസ് തുടങ്ങിയ പുരുഷ ടെന്നിസ് താരങ്ങൾക്കൊപ്പം ആ പെൺപുലിയുടെ പേര് കൂടി ഇന്ത്യൻ ടെന്നിസ് ലോകത്ത് തുന്നിച്ചേർക്കപ്പെട്ടു.

സാനിയയുടെ വളർച്ചയുടെ ഓരോ പടിയിലും താങ്ങായത് കുടുംബം തന്നെയായിരുന്നു. പിതാവ് ഇമ്രാന്റെ പിന്തുണ തന്നെ എങ്ങനെയാണ് കരിയർ കെട്ടിപ്പൊക്കുന്നതിൽ സഹായിച്ചതെന്ന് സാനിയ പല വേദികളിലായി പറഞ്ഞിട്ടുണ്ട്. തന്റെ നേട്ടങ്ങളുടെ എല്ലാ ക്രെഡിറ്റും സാനിയ കൊടുക്കുന്നതും അവർക്കാണ്.

വിംബിൾഡൺ ഒഫീഷ്യലിന്റെ ഇന്റർവ്യൂവിൽ സാനിയ പറഞ്ഞത്, തന്റെ കുഞ്ഞ് വിജയങ്ങളിൽ പോലും കുടുംബം വലിയ ആഘോഷങ്ങൾ നടത്താറുണ്ടായിരുന്നു. ആ പ്രചോദനമില്ലായിരുന്നെങ്കിൽ താൻ ഇന്ന് നിൽക്കുന്നിടത്ത് എത്തില്ലായിരുന്നു എന്നാണ്.

ഇന്ത്യൻ കായിക ചരിത്രത്തിൽ ആരാണ് സാനിയ എന്ന് ചോദിച്ചാൽ അതിനുത്തരം ഒറ്റ വരിയിൽ പറഞ്ഞു തീർക്കുക പ്രയാസമാണ്. ഡബിൾസിലും മിക്‌സഡ് ഡബൾസിലുമായി ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. വനിത സിംഗിൾസിൽ ലോക റാങ്കിങ്ങിൽ ആദ്യ നൂറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരം. ലോക ഡബിൾസ് റാങ്കിങ്ങിൽ മാർട്ടിന ഹിഞ്ചിസുമൊത്ത് 91 ആഴ്ചകൾ ഒന്നാം സ്ഥാനം. തോൽവിയറിയാതെ ഹിഞ്ചിസുമൊത്ത് നേടിയ 44 മത്സരങ്ങൾ ഇന്നും തകർക്കപ്പെടാത്ത റെക്കോർഡാണ്.

43 ഡബ്ല്യു.ടി.എ ഡബിൾസ് കിരീടങ്ങളാണ് സാനിയ മിർസ എന്ന ഇന്ത്യൻ ഇതിഹാസം ഈ കാലത്തിനിടക്ക് തന്റെ പേരിൽ കുറിച്ചിട്ടത്. വനിത ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരമായ സാനിയ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ഏക ഇന്ത്യൻ വനിത കൂടിയാണ്. ഗ്രാൻഡ്സ്ലാം ടൂർണ്ണമെന്റുകൾക്ക് പുറമെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സാനിയ കിരീടനേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തി.

2003ൽ സീനിയർ വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ച സാനിയ 10 വർഷത്തോളം നീണ്ട തന്റെ സിംഗിൾസ് കരിയറിൽ മാർട്ടിന ഹിഞ്ചിസ്, വിക്ടോറിയ അസറെങ്ക തുടങ്ങിയ ലോകോത്തര താരങ്ങളെ മുട്ടുകുത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് കണങ്കൈക്കേറ്റ പരിക്ക് മൂലം സാനിയക്ക് സിംഗിൾസിലെ മികവ് നഷ്ടമായെന്ന വിമർശനം ഉയർന്നു. എങ്കിലും തുടർന്ന് വന്ന കളികളിലും താരം വിജയക്കുതിപ്പ് തുടർന്നു. കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിന്ന 2013ലാണ് സാനിയ ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിംഗിൾസിൽ നിന്ന് വിരമിക്കുന്നത്.

വിമർശനങ്ങൾ വിവാദങ്ങൾ

പ്രൊഫഷണൽ കരിയർ തുടങ്ങിയ കാലം തൊട്ട് വിവാദങ്ങൾ സാനിയയുടെ പിന്നാലെയുണ്ടായിരുന്നു. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പൊതുവിടത്തിൽ ടെന്നിസ് കളിക്കുന്നു എന്നാരോപിച്ച് മത യാഥാസ്ഥിതിക വാദികൾ അവളെ നിരന്തരം വേട്ടയാടി. തുടർച്ചയായ കിരീട നേട്ടങ്ങളോടെ കരിയറിൽ കുതിപ്പ് തുടർന്ന ഘട്ടത്തിൽ സാനിയക്കെതിരെ കുപ്രചരണങ്ങളുമായി ആ സംഘം സജീവമായി.

സാനിയ ശരീരം മറക്കുന്ന വസ്ത്രം ധരിക്കണമെന്ന് ഫത്വ ഇറക്കി, വലിയ ക്യാംപെയ്‌നുകൾ അവർ നടത്തി. ആക്‌സസിബിൾ ആയ എല്ലാ മാർഗങ്ങളിലൂടെയും സാനിയക്കെതിരെ ഇക്കൂട്ടർ സെക്‌സ് ജോക്കുകളുടെ പെരുമഴ തീർത്തു. മത സദാചാരവാദികളുടെ വാക്കുകൾക്ക് എരിവും പുളിയും പകർന്ന് അന്ന് മാധ്യമങ്ങളും അത് ഏറ്റുപാടി. ആ പ്രചരണങ്ങൾക്കെല്ലാം അന്ന് സാനിയ കൊടുത്ത മറുപടി എന്റെ വസ്ത്രം എന്റെ സ്വാതന്ത്ര്യമാണ്, അതോർത്ത് മറ്റാരും ആശങ്കപ്പെടേണ്ടതില്ല എന്നായിരുന്നു.

അതിനിടെ ഹൈദരാബാദിലെ മെക്ക മസ്ജിദിന്റെ പുറം ഗേറ്റിൽ വെച്ച് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയതിന്റെ പേരിലും സാനിയക്കെതിരെ വലിയ വിമർശനങ്ങളും ഭീഷണികളും ഉണ്ടായി. ഹൈദരാബാദിന്റെ പൈതൃകം പറയുന്ന ഒരു പരസ്യത്തിനായി ചാർമിനാർ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് തൊട്ടടുത്തുള്ള മെക്കാ മസ്ജിദിന്റെ പുറം ഭാഗത്ത് സാനിയ നിന്നത്.

എന്നാൽ ബദ്ധശത്രുവിനെതിരെ വീണുകിട്ടിയ അവസരം മതമൗലികവാദികൾ കൃത്യമായി ഉപയോഗിച്ചു. മസ്ജിദിൽ സ്ത്രീകൾ കയറാൻ പാടില്ലെന്നറിഞ്ഞിട്ടും മനപ്പൂർവ്വം മതത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് അവർ കേസ് കൊടുത്തു. എന്നാൽ താൻ മസ്ജിദിൽ പ്രവേശിച്ചിട്ടില്ലെന്നും പുറത്തെ ഗേറ്റിന് പരിസരത്താണ് നിന്നത് എന്നും, തെറ്റ് പറ്റിയതിൽ മാപ്പാക്കണെമന്നും പറഞ്ഞ് പിന്നീട് സാനിയ മെക്ക മസ്ജിദ് ഇമാമിന് കത്തയക്കുകയുണ്ടായി.

സാനിയക്കെതിരെ ഉയർന്ന ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചു എന്നത്. 2008 ഹോപ്മാൻ കപ്പിന്റെ വേദിയിൽ സ്റ്റേഡിയത്തിൽ ഇരുന്ന് കളി കാണുന്ന സാനിയയുടെ ഒരു ചിത്രമായിരുന്നു വിവാദങ്ങൾക്ക് തിരി കൊളുകത്തിയത്. ചിത്രത്തിൽ സാനിയ കാലുകൾ കയറ്റി വെച്ചിരിക്കുന്ന ടേബിളിൽ ഇന്ത്യൻ ദേശീയ പതാകയുണ്ടായിരുന്നു. ദേശീയ പതാകക്ക് നേരെ കാൽ ഉയർത്തി വെച്ചത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് രാജ്യത്തെ ഹിന്ദുത്വ ശക്തികൾ വലിയ പ്രചരണങ്ങൾ അഴിച്ചുവിട്ടു.

സാനിയക്കെതിരെ രാജ്യ വ്യാപകമായ ഹേറ്റ് ക്യാംപെയ്‌നുകളും വധഭീഷണികളും ഉയർന്നു. ദേശീയ പതാകയുമേന്തി ഇന്ത്യൻ വനിതാ ടെന്നിസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച സാനിയക്ക് അവർ രാജ്യദ്രോഹി പട്ടം ചാർത്തിക്കൊടുത്തു.

തുടർച്ചായി തനിക്കെതിരെ ഉയരുന്ന അറ്റാക്കുകളിൽ മനം മടുത്ത താരം ഇക്കാലത്ത് ടെന്നിസ് അവസാനിപ്പിക്കുന്നതിനെ പറ്റി പോലും ആലോചിച്ചിരുന്നു. എന്നാൽ സഹതാരങ്ങളും കുടുംബവും നൽകിയ പിന്തുണയിൽ അവൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു.

വിവാഹവും വിവാദങ്ങളും

2007ലായിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ സൊഹ്രാബ് മിർസയുമായി സാനിയയുടെ വിവാഹം ഉറപ്പിക്കുന്നത്. മാധ്യമങ്ങൾ ഈ വാർത്ത ആഘോഷമാക്കി. എന്നാൽ അധികം വൈകാതെ ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറി എന്ന വാർത്ത പുറത്ത് വന്നു. അതോടെ പലവിധ ഗോസിപ്പുകളും പടർന്നു.

ഷൊയ്ബ് മാലിക്കുമായുള്ള വിവാഹം

2010 ഏപ്രിലിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരമായിരുന്ന ഷൊയ്ബ് മാലിക്കുമായി സാനിയയുടെ വിവാഹം നടന്നു. അതോടെ കഥയാകെ മാറി. ഒരു പാകിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ സാനിയക്കെതിരെ രാജ്യവ്യാപകമായി ഹേറ്റ് ക്യാംപെയ്‌നുകൾ പൊട്ടിപ്പുറപ്പെട്ടു.

സാനിയയുടെ ഹൃദയം ഒരു ഇന്ത്യക്കാരിയുടേതായിരുന്നെങ്കിൽ അതൊരു പാകിസ്താനിക്ക് വേണ്ടി മിടിക്കില്ലായിരുന്നെന്നും, ഇനിമുതൽ സാനിയ ഇന്ത്യക്കാരിയല്ല എന്നുമുള്ള പ്രചരണങ്ങളുമായി ശിവസേന നേതാവ് ബാൽ താക്കറെ അടക്കമുള്ളവർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വ പ്രൊഫൈലുകളും ഈ പ്രചാരണങ്ങൾ ഏറ്റുപിടിച്ചതോടെ ഇന്ത്യൻ പതാകയുമേന്തി ടെന്നിസിന്റെ ലോകഭൂപടത്തിൽ രാജ്യത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച സാനിയയുടെ പൗരത്വം ചോദ്യം ചെയ്യപ്പെട്ടു. അവൾ രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ടു.

ട്വിറ്ററിൽ തന്റെ പൗരത്വം ചോദ്യം ചെയ്തയാൾക്ക് സാനിയ കൊടുത്ത മറുപടി, ഒരു പാകിസ്താനിയെ പ്രണയിച്ചു എന്നതിന്റെ പേരിൽ എന്റെ പൗരത്വം മാറില്ല. ഞാൻ കളിച്ചത് ഇന്ത്യക്ക് വേണ്ടിയാണ്. ഞാൻ ഇന്ത്യക്കാരിയാണ്. എന്റെ അവസാനം വരെയും അത് അങ്ങനെ തന്നെയായിരിക്കും എന്നുമായിരുന്നു. ഡോട്ടർ ഇൻ ലോ ഓഫ് പാക്കിസ്താൻ എന്ന പരിഹാസവാക്ക് ഇന്ത്യൻ മാധ്യമങ്ങൾ പോലും ആഘോഷിച്ചപ്പോൾ അയാം ദ ഡോട്ടർ ഓഫ് ഇന്ത്യ എന്ന് അവൾ ഉറക്കെ വിളിച്ച് പറഞ്ഞു.

എൻ.ഡി.ടി.വിയിൽ മാധ്യമപ്രവർത്തക ബർഖ ദത്തയുമായുള്ള അഭിമുഖത്തിൽ സാനിയ പൊട്ടിക്കരഞ്ഞു. ഇടറിപ്പോയ വാക്കുകൾക്കിടയിൽ അന്ന് അവൾ പറഞ്ഞൊപ്പിച്ചത്, ജീവിത്തിന്റെ പാതിയോളം ഇന്ത്യക്ക് വേണ്ടി കളിച്ച, മെഡലുകൾ നേടിയ, കോമൺവെൽത്തിലടക്കം ഇന്ത്യൻ പതാകയുമേന്തി വിജയിച്ച് കയറിയ എനിക്ക് പിന്നെയും പിന്നെയും ഞാനൊരു ഇന്ത്യക്കാരിയാണെന്ന് പറയേണ്ടി വരുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. ഇനിയും എന്റെ പൗരത്വം തെളിയിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു.

വിവാഹം കഴിഞ്ഞ ശേഷവും മാധ്യമങ്ങളും ശത്രുപക്ഷവും സാനിയയെ വെറുതെ വിട്ടില്ല. ഷൊയ്ബുമൊത്തുള്ള അവരുടെ വ്യക്തി ജീവിതത്തിലേക്ക് ക്യാമറക്കണ്ണുകൾ നിരന്തരമായി എത്തിനോക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത വിധം ട്രോമകൾ അവർക്ക് നൽകി. ഇതിനെ പറ്റി 2016 ൽ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറയുന്നത്, ആ സമയം ശരിക്കും ഒരു സിനിമാ കഥ പോലെയായിരുന്നു എന്നാണ്. ഇപ്പോൾ ഓർക്കുമ്പോൾ തമാശയായി തോന്നുന്നെങ്കിലും അന്നത് ഒട്ടും തമാശയായിരുന്നില്ല എന്നാണ്.

2018 ഒക്ടോബറിൽ സാനിയ ഷൊയ്ബ് ദമ്പതിമാർക്ക് ഒരാൺകുഞ്ഞ് പിറന്നു. വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ കരിയർ അവസാനിച്ചെന്ന് വിധിയെഴുതുന്ന നാട്ടിൽ ഒരു കുഞ്ഞ് കൂടി പിറന്നതോടെ സാനിയയുടെ ടെന്നിസ് ജീവിതം തന്നെ അവസാനിച്ചെന്ന് വിമർശകർ ഉറച്ച് വിശ്വസിച്ചു. എന്നാൽ രണ്ട് വർഷം കുഞ്ഞിനും കുടുംബത്തിനുമൊപ്പം ചിലവഴിച്ച സാനിയ 2020 ൽ ടെന്നിസ് കോർട്ടിലേക്ക് തിരിച്ചെത്തി.

ഇന്ത്യൻ കായിക ലോകം ആകാംക്ഷയോടെ നോക്കിക്കണ്ട നിമിഷം. മകൻ ഇസ്ഹാനൊപ്പം പ്രാക്ടീസ് ചെയ്യാനെത്തുന്ന സാനിയയിലേക്ക് ആരാധകർ ഉറ്റുനോക്കി. ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസ് സെന്ററിൽ 2020ജനുവരി 18ന് നടന്ന ഡബ്ല്യു.ടി.എ ഡബിൾസിൽ കിരീടം നേടിയ സാനിയ വിമർശകരുടെ വായടപ്പിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.

ടെന്നിസ് കോർട്ടിലേക്ക് തിരിച്ചുവരവ്

അമ്മയായതിന് ശേഷമുള്ള തന്റെ തിരിച്ചുവരവിനെ പറ്റിയും ഗർഭിണിയായിരുന്ന സമയത്ത് തടി കൂടിയപ്പോൾ നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ പറ്റിയും കരീന കപ്പൂറുമായുള്ള ഒരു ഇന്റർവ്യൂവിൽ സാനിയ പറയുന്നുണ്ട്. രാജ്യത്തെ സ്ത്രീകൾക്ക്, പ്രത്യേകിച്ച് അമ്മമാർക്ക് പ്രചോദനമാകാൻ കഴിഞ്ഞതിലെ സന്തോഷവും സാനിയ ആ സംസാരത്തിൽ പങ്കുവെക്കുന്നുണ്ട്. 2004ൽ അർജ്ജുന അവാർഡ് നൽകി രാജ്യം സാനിയയെ ആധരിച്ചു. 2006ൽ പദ്മശ്രീയും 2015ൽ ഘേൽരത്‌നയും 2016ൽ പദ്മഭൂഷനും നേടി.

കളിക്കളത്തിനകത്തും പുറത്തും നിലപാടുകളുടെ പേര് കൂടിയായിരുന്നു സാനിയ മിർസ. തൊഴിലിടങ്ങളിൽ പ്രത്യേകിച്ച് കായിക രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ പല തവണ അവർ പ്രതികരിച്ചിട്ടുണ്ട്. കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് വിവാഹം കഴിച്ച് സെറ്റിൽ ആകുന്നില്ലേ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട്, വിവാഹം കഴിച്ച് ഞാൻ വീട്ടിൽ കൂടുന്നതാണോ ലോക ഒന്നാം നമ്പർ താരമായിരിക്കുന്നതാണോ നിങ്ങൾക്ക് കാണാൻ ആഗ്രഹം. എത്ര വിംബിൾഡൺ നേടിയാലും ലോക ഒന്നാം നമ്പർ താരമായിരുന്നാലും സ്ത്രീകളെ അമ്മയായി വീട്ടിൽ കൂടുന്നവരായി കാണാനാണ് എപ്പോഴും സമൂഹത്തിന് ഇഷ്ടമെന്ന് പറഞ്ഞായിരുന്നു സാനിയ മറുപടി കൊടുത്തത്.

യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരായ നിരവധി ക്യാംപെയ്‌നുകൾ സാനിയ നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഡോക്യുമെന്റികളിലും സീരീസുകളിലും ഭാഗമായിട്ടുണ്ട്. കൊവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയവരിലും മുൻപന്തിയിൽ സാനിയ ഉണ്ടായിരുന്നു.

ഇന്ത്യൻ കായിക ചരിത്രത്തിൽ മറ്റേത് ഇതിഹാസ താരങ്ങൾക്കും ഒപ്പമോ അവർക്കും മുകളിലോ ആണ് സാനിയ മിർസ എന്ന ഇന്ത്യൻ ടെന്നിസ് ഇതിഹാസത്തിന്റെ സ്ഥാനം. ടെന്നിസ് കോർട്ടിലെ മിന്നും പ്രകടനം കൊണ്ട് ലോക കായിക ഭൂപടത്തിൽ അവർ ഇന്ത്യൻ വനിത ടെന്നിസിനെ അടയാളപ്പെടുത്തി.

2023 ജനുവരി 27ന് തന്റെ അവസാന ഗ്രാൻഡ്സ്ലാം ഫൈനൽ വേദിയിൽ നിന്ന് സാനിയ മിർസ എന്ന ഇന്ത്യൻ ഇതിഹാസം കണ്ണീരോടെ പടിയിറങ്ങുമ്പോൾ അത് ചരിത്ര നിമിഷമാണ്. നന്ദി സാനിയ. രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികളെ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത്. എന്നെന്നും ഓർമിക്കാൻ കളിക്കളത്തിൽ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചതിന്.

Related Stories

No stories found.
logo
The Cue
www.thecue.in