കോടതിമുറിയിൽ കറിക്കത്തികൊണ്ടും മുളകുപൊടികൊണ്ടും കസ്തൂർബാന​ഗറിലെ സ്ത്രീകളെഴുതിയ വിധി

2004 ഓഗസ്റ്റ് 13. ഉച്ച കഴിഞ്ഞ് രണ്ടരക്കും മൂന്നിനും ഇടയിലുള്ള സമയം. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലാ കോടതിയിലേക്ക് പൊലീസുകാർ ഒരു പ്രതിയെ അയാളുടെ ജാമ്യാപേക്ഷയുടെ വിധി കേൾക്കാനായി കൊണ്ടുവരികയാണ്. അയാളുടെ മുഖത്ത് ഭയത്തിന്റെയോ കുറ്റബോധത്തിന്റെയോ ഒരു തരിമ്പ് പോലുമില്ല. പൊലീസുകാർക്കൊപ്പം ഏഴാം നമ്പർ കോടതിയിലേക്ക് നടക്കുന്നതിനിടെ അയാൾ അവിടെ ഒരു സ്ത്രീയെ കാണുന്നു. അവർക്ക് നേരെ കൈചൂണ്ടി, ഇവളെ ഞാൻ ബലാത്സംഗം ചെയ്തതാണെന്നും ഇവളൊരു വേശ്യയാണെന്നും വിളിച്ച് പറയുന്നു. ഇത് കേട്ട് അയാളെ അങ്ങോട്ട് കൊണ്ടുവന്ന പൊലീസുകാരെല്ലാം കുലുങ്ങിച്ചിരിച്ചു.

അയാൾ പരിഹസിച്ച ആ സ്ത്രീ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് ചെരിപ്പൂരി അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചുകൊണ്ട് അവർ പറഞ്ഞു. ഇനിയീ ഭൂമിയിൽ ഒന്നെങ്കിൽ നീ, അല്ലെങ്കിൽ ഞാൻ, രണ്ടുപേർ വേണ്ട. തൊട്ടടുത്ത നിമിഷം കോടതിമുറിയിൽ രണ്ടും കൽപ്പിച്ച് തയ്യാറായിരുന്ന ഇരുന്നൂറോളം സ്ത്രീകൾ ചാടിയെഴുന്നേറ്റ് കയ്യിൽ കരുതിയ മുളകുപൊടി പൊലീസിന് നേരെ എറിഞ്ഞു. ചിതറിയോടിയ പൊലീസുകാർക്ക് നടുവിൽ പകച്ച് നിന്ന ആ പ്രതിയെ സ്ത്രീകൾ ചവിട്ടി താഴെയിട്ട് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന കറിക്കത്തികൾ കൊണ്ട് കുത്തിക്കീറി.

അന്ന് ആ കോടതി വരാന്തയിൽ കസ്തൂർബാ നഗർ ചേരിയിലെ പെണ്ണുങ്ങളുടെ കറിക്കത്തികൾ വധശിക്ഷക്ക് വിധിയെഴുതിയ ക്രിമിനൽ, തൊണ്ണൂറുകളിൽ നാഗ്പൂരിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്ന, വീട്ടിൽ സ്ത്രീകളുള്ള ഓരോ കുടുംബത്തിന്റെയും പേടി സ്വപ്നമായിരുന്ന, സീരിയൽ റേപ്പിസ്റ്റും കൊലപാതകിയുമായ അക്കു യാദവ് എന്ന ഭരത് കാളിചരൺ ആയിരുന്നു.

ചേരിയിലെ പാൽക്കാരന്റെ മകനിൽ നിന്ന് ആരും ഭയക്കുന്ന ഒരു ഗുണ്ടാത്തലവനിലേക്കുള്ള അക്കു യാദവിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പറഞ്ഞു വരുമ്പോൾ കസ്തൂർബാ നഗർ ചേരിയിലെ സാധാരണക്കാരായ പെണ്ണുങ്ങളുടെ ഭയത്തിന്റെ അവസാനവും സമാധാനപരമായ ജീവിതത്തിന്റെ തുടക്കവുമായിരുന്നു നാഗ്പൂർ കോടതി വളപ്പിലെ ആ കൊലപാതകം.

Related Stories

No stories found.
logo
The Cue
www.thecue.in