സുഹൃത്തുക്കള്‍ ജാതി വിവേചനം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്: വിനീത് വാസുദേവന്‍ അഭിമുഖം

വേലി എന്ന ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ കാരണം സമൂഹത്തില്‍ പ്രകടമായ ജാതി വിവേചനമാണെന്ന് സംവിധായകനും നടനുമായി വിനീത് വാസുദേവന്‍. ജാതി വിവേചനം സുഹൃത്തുക്കള്‍ നേരിടുന്നത് കണ്ടിട്ടുണ്ട്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്നതിനെക്കാള്‍ അതില്‍ നിന്നുള്ള സങ്കടം കൊണ്ട് ചെയ്തതാണ് വേലിയെന്നും വിനീത് ദ ക്യുവിനോട് പറഞ്ഞു.

ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പര്‍ ശര്യണ്യയില്‍ അജിത്ത് മേനോന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചത് വിനീത് വാസുദേവനാണ്. അഭിനയത്തിന് പുറമെ തന്റെ ആദ്യ സിനിമയുടെ സംവിധാനം ആരംഭിക്കാനിരിക്കുകയാണ് വിനീത്. ആന്റണി വര്‍ഗീസ് നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏപ്രില്‍ 20ന് ആരംഭിക്കും.

ജാതി വിവേചനം നമ്മുടെ വീടുകളിലും ചുറ്റുവട്ടങ്ങളിലും പ്രകടമാണ്

ജാതി വിവേചനത്തെ കുറിച്ച് സംസാരിച്ചത് നമ്മുടെ ജീവിതത്തില്‍ കണ്ടിട്ടുള്ള അനുഭവത്തിന്റെ പുറത്താണ്. അതില്‍ നിന്ന് എനിക്ക് ഉണ്ടായ സങ്കടം കൊണ്ടാണ്. അല്ലാതെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്ന രീതിയില്‍ അല്ല വേലി എന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. ഞാന്‍ ചാക്ക്യാര്‍ക്കൂത്ത് അവതരിപ്പിക്കുന്നതിനായി അമ്പലങ്ങളില്‍ പോയപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഇത്തരം വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഞാന്‍ പ്രകടമായി കണ്ടിട്ടുണ്ട്. പിന്നെ നമ്മുടെ വീടുകളിലും ചുറ്റുവട്ടങ്ങളിലും ഇത് കണ്ടിട്ടുണ്ട്. അതെല്ലാം കാണുമ്പോള്‍ ഉണ്ടായ വിഷമത്തില്‍ നിന്നാണ് വേലി ഉണ്ടാവുന്നത്. അതെങ്ങനെ സിനിമ എന്ന മീഡിയത്തില്‍ നിന്നുകൊണ്ട് പറയാന്‍ പറ്റുമെന്നാണ് ഞാന്‍ ശ്രമിച്ചത്.

പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ സിനിമകള്‍ ചെയ്യണം

ഇമോഷണലി നമ്മളെ ഫീല്‍ ചെയ്യിപ്പിക്കുന്ന അല്ലെങ്കില്‍ ഡിസ്റ്റര്‍ബ് ചെയ്യുന്ന കാര്യത്തെ വളരെ ജനുവിനായി സത്യസന്ധമായി എങ്ങനെ അവതരിപ്പിക്കാമെന്നതാണ് എന്റെ ശ്രമം. അത്തരം കഥകള്‍ സിനിമയുടെ മീഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണെങ്കില്‍ ആ കഥകള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പല തരത്തിലുള്ള ജോണര്‍ ചെയ്യണം. പിന്നെ സമൂഹത്തെ നമ്മള്‍ റെപ്രസെന്റ് ചെയ്യുമ്പോള്‍ ആ സമൂഹത്തിലുള്ള കാര്യങ്ങള്‍ അതിന്റെ ഭാഗമായി വരും. അത് പൊളിറ്റിക്കലി ഇന്‍കറക്ടായിരിക്കാം അല്ലാതിരിക്കാം. സമൂഹം എന്നത് എല്ലാം ഉള്‍പ്പെടുന്ന ഒന്നാണല്ലോ. അത് സത്യസന്ധമായി പറയുന്ന സിനിമകള്‍ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. പിന്നെ എന്റര്‍ട്ടെയിന്‍മെന്റ് എല്ലാം ഉള്ള, ജനങ്ങള്‍ക്ക് ആസ്വാദ്യകരമാകുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

Related Stories

No stories found.
logo
The Cue
www.thecue.in