പുട്ടുറൂമീസിന്റെ ഗെറ്റപ്പ് മമ്മൂട്ടിയുടെ കണ്ടെത്തല്‍, ഈ നടന്‍ ആരാണെന്ന് അറിയാമോ എന്നായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍: വിജി തമ്പി

ഇംഗ്‌ളീഷ് ചെറുകഥയില്‍ നിന്നുമാണ് സൂര്യമാനസം എന്ന സിനിമയുടെ ആശയം ലഭിച്ചതെന്ന് സംവിധായകന്‍ വിജി തമ്പി. അമ്മയും മകനും തമ്മിലുള്ള ബന്ധവും അവരുടെ പലായനത്തെ കുറിച്ചുമാണ് ചെറുകഥയില്‍ പറയുന്നത്. കഥയില്‍ മകന്‍ ബുദ്ധിമാന്ദ്യമുള്ള ആളല്ല, ആറ് വയസ്സുകാരന്റെ ബുദ്ധിയും ആറാളിന്റെ ശക്തിയുമുള്ള പുട്ടുറുമീസ് എന്ന കഥാപാത്രത്തെ തിരക്കഥാകൃത്ത് സാബ് ജോണ്‍ ആണ് വികസിപ്പിച്ചതെന്ന് ദ ക്യു അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.

വിജി തമ്പി അഭിമുഖത്തില്‍ പറഞ്ഞത്

വിറ്റ്‌നെസ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് സൂര്യമാനസം എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത്. ആലപ്പുഴ നന്ദകുമാര്‍ മമ്മൂട്ടിയെ വെച്ച് തനിയാവര്‍ത്തനവും മുദ്രയും എന്നീ രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സീരിയസ് സ്വഭാവമുള്ളതായിരുന്നു ഈ രണ്ട് ചിത്രങ്ങളും. മൂന്നാമത്തെ സിനിമ കമേഴ്സ്യല്‍ സ്വഭാവമുള്ളതായിരിക്കണമെന്ന് അദ്ദേഹം താത്പര്യപ്പെട്ടിരുന്നു. ചാണക്യന്‍ സിനിമയുടെ തിരക്കഥ എഴുതിയ സാബ് ജോണാണ് സൂര്യ മാനസത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. അദ്ദേഹവുമായി പല കഥകളും നമ്മള്‍ ആലോചിച്ചു. അതൊക്കെ മമ്മൂട്ടിയുമായി സംസാരിക്കുകയും ചെയ്തു. കുറച്ച് കൂടി നല്ല കഥകള്‍ ആലോചിക്കുവാന്‍ അദ്ദേഹം നമ്മളോട് പറയുമായിരുന്നു. തമ്പി സംവിധാനം ചെയ്യുമ്പോള്‍ വ്യത്യസ്തയുള്ള സിനിമയാണ് പ്രതീക്ഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പതിവായി ചെയ്ത് വരുന്നതില്‍ നിന്നും മാറി ചിന്തിക്കുവാന്‍ അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനും സാബുവും കൂടി വീണ്ടും ആലോചിക്കുവാന്‍ തുടങ്ങി. സാബു ഒരു ഇംഗ്ലീഷ് ഷോര്‍ട്ട് സ്റ്റോറി എന്നോട് പറഞ്ഞു. ആ കഥയുടെ പേര് കൃത്യമായി ഓര്‍ക്കുന്നില്ല. അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥയാണ്. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രമേയുള്ളൂ. ആ കഥയില്‍ മകന്‍ മന്ദബുദ്ധിയൊന്നുമല്ല. ആറ് വയസ്സുകാരന്റെ ബുദ്ധിയും ആറാളിന്റെ ശക്തിയുമുള്ള പുട്ടുറുമീസ് എന്ന കഥാപാത്രത്തെ സാബുവാണ് ക്രിയേറ്റ് ചെയ്തത് . അമ്മയും മകനും തമ്മിലുള്ള ബന്ധം മാത്രമാണ് ആ ചെറു കഥയില്‍ നിന്നും എടുത്തത്.

അന്നും ഇന്നും മലയാള സിനിമയിലെ സുന്ദരനായ നായകനാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ പുട്ടുറൂമീസിന്റെ കഥ പറയുവാൻ അല്പം പേടിയുമുണ്ടായിരുന്നു. പക്ഷെ കഥ കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. ഇതാണ് ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ നിർമ്മാതാവ് നന്ദകുമാറുമായി മമ്മൂട്ടി സംസാരിച്ച്‌ തീരുമാനമായി. ഊട്ടിയിൽ ആയിരുന്നു സിനിമയുടെ ഷൂട്ടിങ്. കാരവനിൽ ഇരുന്ന് മേക്കപ്പ് ചെയ്തതിന് ശേഷം മമ്മൂട്ടി എന്നെ വിളിച്ചു. മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ടപ്പോൾ ഞാൻ അദ്‌ഭുതപെട്ടു. കഥാപാത്രത്തിന്റെ പല്ലൊക്കെ അദ്ദേഹം തന്നെയാണ് കണ്ടെത്തിയത്. അദ്ദേഹം സ്റ്റിൽ ഫോട്ടോഗ്രാഫറെ വിളിച്ച് കുറെ ഫോട്ടോസ് എടുപ്പിച്ചു. ഈ നടൻ ആരാണെന്ന് അറിയാമോ എന്ന് എഴുത്തിക്കൊണ്ട് വെള്ളിനക്ഷത്രത്തിലും നാനയിലുമൊക്കെ വാർത്ത കൊടുക്കാൻ പറഞ്ഞു. ആ വാർത്ത വന്ന വാരികകൾ ഇന്നും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഗെറ്റപ്പ് ചേഞ്ചിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് സൂര്യമാനസം. നമ്മൾ പ്ലാൻ ചെയ്യുന്നതിനപ്പുറം ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് പല സിനിമകളും സംഭവിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

The Cue
www.thecue.in