മാലിക്കിൽ ജയിലിലെ ഒരു രംഗത്തിൽ ഞാൻ കിടക്കുന്ന ഒരു ഷോട്ടുണ്ട്; പ്രായമുള്ളവർ ഇങ്ങനെ കിടക്കുമോയെന്നു മഹേഷിനോട് ചോദിച്ചിരുന്നു; ഫഹദ് ഫാസിൽ

ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ല കഥാപാത്രങ്ങൾ ചെയ്യുന്നതെന്നും ചുറ്റിനും കാണുന്ന ആളുകളെ നിരീക്ഷിക്കുന്നതിൽ നിന്നുള്ള വ്യാഖ്യാനങ്ങൾ വെച്ചാണ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതെന്നും ഫഹദ് ഫാസിൽ. കഥാപത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ദ ക്യു അഭിമുഖത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മാലിക്കിൽ ജയിലിലെ ഒരു രംഗത്തിൽ ഞാൻ കിടക്കുന്ന ഒരു ഷോട്ടുണ്ട്. പ്രായമുള്ളവർ ഇങ്ങനെ കിടക്കുമോയെന്ന് ഞാൻ മഹേഷിനോട് ചോദിച്ചിരുന്നു. എന്റെ അച്ഛൻ ഇങ്ങനെ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. അങ്ങനെ നിരന്തരമായി ആളുകളുമായി നമ്മൾ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.

ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറഞ്ഞത്

എന്റെ ലൈഫിൽ ഒരു കള്ളനെ മാത്രമേ കണ്ടിട്ടുള്ളൂ. അയാളെ കള്ളനെന്ന് പറയാമോയെന്നറിയില്ല. ഒരുപാട് വർഷങ്ങൾക്ക് മുൻപുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ എന്റെ എതിർവശമിരിക്കുന്ന കുട്ടി വളരെ മനോഹരമായി ചിരിക്കുന്നത് കണ്ടു. അവൾ മുകളിൽ നോക്കിയാണ് ചിരിക്കുന്നത്. എന്റെ മുകളിലുള്ള എന്തോ കണ്ടിട്ടാണ് അവൾ ചിരിക്കുന്നത്. അവൾ എന്താണ് നോക്കുന്നതെന്നറിയുവാനായി ഞാൻ മുകളിലേയ്ക്ക് നോക്കിയപ്പോൾ ഒരാൾ അവളെ കളിപ്പിക്കുന്നതാണ് കണ്ടത്. അവൾ വളരെ ആസ്വദിച്ച് കളിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ അമ്മയുടെ മടിയിലായിരുന്നു ഇരുന്നത്. ഇടയ്ക്കെപ്പോഴോ അവൾ കരയുവാൻ തുടങ്ങി. അപ്പോൾ അയാൾ എന്തോ കാണിച്ചപ്പോൾ അവൾ കരച്ചിൽ നിർത്തി. പിന്നീട് അവൾ ഉറങ്ങിപ്പോയി. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോഴേക്കും രണ്ട് പൊലീസുകാർ വന്ന് അയാളോട് ഇറങ്ങാൻ പറഞ്ഞു. വിലങ്ങ് വെച്ചിട്ടാണ് അയാളെ പോലീസ് കൊണ്ട് പോയത്. പോലീസുകാർ ഒരാളെ വിലങ്ങ് വെച്ചുകൊണ്ടു പോകുന്നതു ഇത്രയടുത്ത് കാണുന്നത് ആദ്യമായിട്ടാണ്. ബാക്കിയുള്ളതെല്ലാം നമ്മുടെ വ്യാഖ്യാനങ്ങളാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചെയ്തപ്പോൾ ആ സിനിമയിലെ കള്ളൻ ഇങ്ങനെയായിരിക്കും എന്നത് എന്റെയൊരു വ്യാഖ്യാനമായിരുന്നു. അതൊരിക്കലും ഒരു പ്രത്യേക വ്യക്തിയെ കണ്ടുകൊണ്ട് ചെയ്യുന്നതല്ല. മാലിക്കിൽ ജയിലിലെ ഒരു രംഗത്തിൽ ഞാൻ കിടക്കുന്ന ഒരു ഷോട്ടുണ്ട്. പ്രായമുള്ളവർ ഇങ്ങനെ കിടക്കുമോയെന്നു ഞാൻ മഹേഷിനോട് ചോദിച്ചിരുന്നു. എന്റെ അച്ഛൻ ഇങ്ങനെ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. അങ്ങനെ നിരന്തരമായി ആളുകളുമായി നമ്മൾ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in