വിദ്വേഷ പ്രചരണങ്ങളോട് നോ പറയാൻ മസ്‌കിന്റെ ട്വിറ്ററിന് ചങ്കുറപ്പുണ്ടാകുമോ ?

ഫ്രീഡം ഓഫ് സ്പീച്ച് ഉറപ്പ് വരുത്തണം എന്നതായിരുന്നു ട്വിറ്റര്‍ ഏറ്റെടുത്ത ശേഷമുള്ള പുതിയ ഉടമ, ഇലോണ്‍ മസ്‌കിന്റെ സ്റ്റേറ്റ്‌മെന്റ്. കേള്‍ക്കുമ്പോള്‍ വളരെ ജനാധിപത്യപരമെന്ന് തോന്നുന്ന സ്റ്റേറ്റ്‌മെന്റ്. എന്നാല്‍ ഡൊണാള്‍ഡ് ഡ്രംപിനെ ഉദ്ധരിച്ചാണ് ഇലോണ്‍ മസ്‌ക് ഈ പ്രസ്താവന നടത്തിയതെന്നതാണ് ശ്രദ്ധിക്കേണ്ടത്. ഈ ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്റര്‍ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് എന്ന് കൂടി മനസിലാക്കുമ്പോഴാണ് മസ്‌കിന്റെ ഉദ്ദേശ്യത്തിലെ പ്രശ്‌നം മനസിലാകൂ. അപ്പോഴാണ് മസ്‌ക് ട്വിറ്ററിലേക്ക് വരുമ്പോള്‍ ഒപ്പം ഡോണാള്‍ഡ് ഡ്രംപും വെറുപ്പും ട്വിറ്ററിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം ഉയരുന്നത്.

വിദ്വേഷ പ്രചരണത്തിന്റെ പേരിൽ അമേരിക്കന്‍ പ്രസിഡന്റിന്റെ വരെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ

ലോകത്തെ പ്രധാന സമൂഹമാധ്യമങ്ങളെല്ലാം വലതുപക്ഷ രാഷ്ട്രീയത്തിന് വഴിപ്പെട്ടപ്പോഴും, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒപ്പം നില്‍ക്കുകയും വിദ്വേഷ പ്രചരണങ്ങളെ ചെറുക്കുകയും ചെയ്ത് പ്രതീക്ഷ നിലനിര്‍ത്തിയ ഇടമായിരുന്നു ട്വിറ്റര്‍. നിങ്ങളുടെ നുണപ്രചരണവും ഹേറ്റ് സ്പീച്ചും പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ അവസരം തരില്ലെന്ന് പറഞ്ഞുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റിനെ വരെ ബ്ലോക്ക് ചെയ്ത പ്ലാറ്റ്‌ഫോം. അതുകൊണ്ട് തന്നെയാണ് പുതു തലമുറ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറിറില്‍ സര്‍വ്വസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലൂടെ സകല വിദ്വേഷ പ്രചാരണങ്ങള്‍ക്കും നുണകള്‍ക്കുമുള്ള ഇടമായി ട്വിറ്റര്‍ മാറുമോ എന്ന ആശങ്ക ഉയരുന്നത്.

ഫേസ്ബുക്ക് വാട്‌സാപ്പ് അടക്കമുള്ള പ്രധാന സമൂഹമാധ്യമങ്ങളിലെല്ലാം നുണപ്രചരണങ്ങളും വിദ്വേഷ പ്രചരണങ്ങളും തകൃതിയായി, യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുമ്പോഴും ട്വിറ്ററില്‍ അത്തരം പ്രചരണങ്ങള്‍ക്ക് ഇടമില്ലായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ ട്വിറ്റര്‍ നടപടി എടുത്തിരുന്നു. ഡൊണാള്‍ഡ് ട്രംപ് മുതല്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ വരെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ പെടും. കണ്ടന്റിന്റെ ആധികാരികതയുടെ പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി ട്വിറ്റര്‍ തുറന്ന പോരിന് തയ്യാറായതും നമ്മള്‍ കണ്ടതാണ്.

തെരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയ ശക്തികള്‍ക്ക് വിദ്വേഷ പ്രചരണങ്ങളിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രധാന ആയുധമായിരുന്നു സമൂഹമാധ്യമങ്ങള്‍. എന്നാല്‍ അതിന് ശ്രമിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തായിരുന്നു ട്വിറ്റര്‍ മറുപടി കൊടുത്തിരുന്നത്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നതിന് പരിധികളില്ല എന്നും അത് കുറേക്കൂടി വിശാലമാകണമെന്നും പറയുന്ന മസ്‌കിനെ പോലൊരാള്‍ ട്വിറ്ററിന്റെ തലപ്പത്ത് വരുമ്പോള്‍ ഇനി അടിസ്ഥാനരഹിതമായി എന്തും പറയാനും പ്രചരിപ്പിക്കാനുമുള്ള സ്‌പേസായി ട്വിറ്ററ് മാറുമോ എന്നതാണ് കാണേണ്ടത്. വ്യാജ വിവരങ്ങള്‍ ട്വീറ്റില്‍ പങ്കുവെച്ചതിന്റെ പേരില്‍ മസ്‌കിനെതിരെ തന്നെ മുമ്പ് ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു എന്നതും കാണണം.

ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ നിരവധി അഴിച്ചുപണികളാണ് ട്വിറ്ററില്‍ മസ്‌ക് നടത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വേരിഫൈഡ് അക്കൗണ്ടിന്റെ നീല ടിക്കിന് ഇനി മുതല്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കും എന്നതായിരുന്നു. ഇതിന് മസ്‌ക് നല്‍കിയ വിശദീകരണം ട്വിറ്ററില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവ് ഇനി ഉണ്ടാവില്ല, 8 ഡോളര്‍, അതായത് ഏകദേശം 650 രൂപയോളം മാസം നല്‍കിയാള്‍ ആര്‍ക്കും ബ്ലൂ ടിക്ക് കിട്ടും എന്നതായിരുന്നു. ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്ന് പണം വാങ്ങി ബ്ലൂ ടിക്ക് വില്‍ക്കാനുള്ള മസ്‌കിന്റെ തീരുമാനത്തിനെതിരെ സെലിബ്രറ്റികള്‍ അടക്കമുള്ള ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളെ പരിഹസിക്കുകയാണ് മസ്‌ക് ചെയ്തത്. മസ്‌ക് തലപ്പത്ത് എത്തിയതിന് ശേഷം ട്വിറ്റര്‍ ഉപേക്ഷിച്ചവരില്‍ ലോക പ്രശസ്തരായ എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

ചെലവ് ചുരുക്കല്‍ എന്ന പേരില്‍ വ്യാപകമായ രീതിയില്‍ ജീവനക്കാരെ പിരിച്ചുവിട്ടതായിരുന്നു മസ്‌കിന്റെ അടുത്ത നടപടി. ജനാധിപത്യ മര്യാദ പോലും കാണിക്കാതെ ഒരു ദിവസം രാത്രിയോടെ ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടതായുള്ള അറിയിപ്പ് കമ്പനിയുടെ ഭാഗത്ത് നിന്ന് വരികയായിരുന്നു. രണ്ട് ഘട്ടമായി നടന്ന പിരിച്ചുവിടലില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഏകദേശം 3700 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ജോലി നഷ്ടമായത് ഏകദേശം 200 ല്‍ അധികം ജീവനക്കാര്‍ക്കാണെന്നും പറയുന്നു. അതിന് പുറമെ ട്വിറ്ററേറ്റെടുത്ത് ആദ്യ ദിവസം തന്നെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ അടക്കമുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരെയും യാതൊരു മുന്നറിയിപ്പും കൂടാതെയാണ് മസ്‌ക് പുറത്താക്കിയത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ജീവനക്കാര്‍ രംഗത്ത് വന്നെങ്കിലും അതിനെയും പരിഹസിച്ച് തള്ളുക മാത്രമാണ് മസ്‌ക് ചെയ്തത്.

ജീവനക്കാരെ യാതൊരു മുന്നറിയിപ്പും കൂടാതെ വ്യാപകമായി പിരിച്ചുവിട്ടതോടെ ട്വിറ്ററിന്റെ സ്ഥാപകരില്‍ ഒരാളായ ജാക് ദോര്‍സി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എല്ലാവരോടും മാപ്പ് പറയുന്നു, കമ്പനി ഇത്ര പെട്ടെന്ന് ഇത്രയും വലുതും വിപുലവുമാക്കിയതില്‍ താന്‍ ഖേദിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മസ്‌ക് തലപ്പത്തെത്തിയതോടെ ട്വിറ്ററുമായി ബന്ധം ഉപേക്ഷിച്ചത് ഉപയോക്താക്കള്‍ മാത്രമല്ല, കമ്പനിയുടെ ഏറ്റവും പ്രധാന വരുമാനമായിരുന്ന പരസ്യങ്ങള്‍ നല്‍കിയിരുന്ന പല കമ്പനികളും പിന്‍വാങ്ങി. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഭാഗമായയാണ് ബ്ലൂ ടിക്കിന് പണം ഈടാക്കുന്ന നടപടി അടക്കം വിലയിരുത്തപ്പെടുന്നത്. ഇവിടെ ഉദിക്കുന്ന പ്രധാന പ്രശ്‌നം ട്വിറ്ററില്‍ എന്തൊക്കെ മാറ്റങ്ങളാണ് മസ്‌ക് കൊണ്ടുവരുന്നത് എന്നതല്ല. മറിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളെ തങ്ങളുടെ പ്രൊപ്പഗാണ്ട ടൂളാക്കി മാറ്റി, അതുവഴി വര്‍ഗീയ ശക്തികള്‍ ലാഭം കൊയ്യുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്.

അപ്പോഴും ആധികാരികത കൈവിടാതെ വിഷയങ്ങളെ വസ്തുതാപരവും ജനാധിപത്യപരവുമായി കൈകാര്യം ചെയ്തിരുന്ന ഒരു സ്‌പേസ് അങ്ങനെ അല്ലാതാകുന്നതിലെ ആശങ്കയാണ് എല്ലാ ദിക്കില്‍ നിന്നും ഉയരുന്നത്. പണം കൊടുത്ത് സ്വന്തമാക്കിയ ഒരു കമ്പനിയില്‍ എന്ത് ചെയ്യണമെന്നും ചെയ്യേണ്ട എന്നും തീരുമാനിക്കാനുള്ള സര്‍വ്വാധികാരം അതിന്റെ ഉടമസ്ഥനല്ലേ, അപ്പോള്‍ അയാളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം എന്നതാണ് മറുപക്ഷം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

ശരിയാണ്, പക്ഷേ സാധാരണക്കാരന് ഫ്രീ സ്പീച്ച് സാധ്യമാകാതിരിക്കുകയും വലതുപക്ഷ അധികാരവര്‍ഗത്തിന് ഹേറ്റ് സ്പീച്ച് സര്‍വ്വസാധാരണമായൊന്നുമാകുകയും ചെയ്യുന്ന കാലത്ത് ട്വിറ്റര്‍ ഏത് പക്ഷത്ത് നില്‍ക്കുന്നു എന്നത് ചെറിയ ചോദ്യമല്ല. വീണ്ടുമൊരു അമേരിക്കന്‍ പ്രസിഡന്റിനെയോ അല്ലെങ്കില്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ നേതാക്കളെയോ വിലക്കാന്‍ ധൈര്യമുണ്ടാകുമോ എന്നതല്ല, പക്ഷേ അവര്‍ക്കെല്ലാം മുന്നില്‍ ഇനി ട്വിറ്റര്‍ ഇഴയുമോ എന്നതാണ് പ്രശ്‌നം, അത് തന്നെയാണ് അറിയേണ്ടതും.

Related Stories

No stories found.
logo
The Cue
www.thecue.in