നെയ്മറെ വീഴ്ത്തുന്നതാര്; പരിക്കുകൾ വിട്ടൊഴിയാത്ത കാനറിപ്പടയുടെ നായകൻ

2022 ഖത്തർ വേൾഡ് കപ്പിന്റെ ഒന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം ആരെന്ന ചോദ്യത്തിന് ഉത്തരം നെയ്മർ‌ ജൂനിയർ എന്നാണ്. സെർബിയയ്ക്ക് എതിരായ മത്സരത്തിൽ ഒമ്പത് തവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. 2-0 ത്തിന് ബ്രസീൽ മാച്ച് ജയിച്ചെങ്കിലും പ്രിയതാരത്തിന്റെ പരിക്ക് ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്ത്തി. അതേസമയം മറുവശത്ത് നെയ്മറെ പരിഹസിച്ചുള്ള ട്രോളുകളും കുറവല്ല. അയാളുടെ പരിക്കുകളെല്ലാം അഭിനയമാണെന്ന് പറഞ്ഞുള്ള ദ ഓസ്കാർ ആക്ടർ വിളിയും എയറിലുണ്ട്.

എന്താണ് നെയ്മറിനെ പരിക്കുകൾ വിട്ടൊഴിയാത്തത്. എന്തുകൊണ്ടാകും നെയ്മർ മാത്രം എതിരാളികളുടെ നോട്ടപ്പുള്ളിയാകുന്നതും തുടർച്ചയായി വീഴ്ത്തപ്പെടുന്നതും.

ഇതാദ്യമായല്ല നെയ്മർക്ക് കളിക്കളത്തിൽ പരിക്കേൽക്കുന്നത്. മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി എണ്ണപ്പെടുമ്പോഴും പരിക്ക് മൂലം ഇത്രത്തോളം മത്സരങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന ഒരു താരം വേറെയില്ല. കരിയറിന്റെ നിർണായക ഘട്ടങ്ങളില്ലാം പരിക്കുകൾ അയാൾക്ക് മുന്നിൽ വില്ലനായി എത്തിയിരുന്നു.

സാന്റോസിൽ നിന്ന് 2013 ൽ റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിൽ എത്തു്നപോൾ നെയ്മർക്ക് പ്രായം 21 വയസ് മാത്രമായിരുന്നു. അവിടെ നിന്ന് അതിലും വലിയ തുകയ്ക്കാണ് 2018 ൽ പി.എസ്.ജി നെയ്മറെ സ്വന്തമാക്കുന്നത്. എന്നിട്ടും നേട്ടങ്ങളുടെ കണക്കിൽ മെസ്സി, റൊണാൾഡോ നിരയിലേക്ക് ഇനിയും നെയ്മർ എത്തിയിട്ടില്ലെങ്കിൽ അതിന് പ്രധാന കാരണം വിചാതെ പിന്തുടർന്ന പരിക്കുകൾ തന്നെയായിരുന്നു.

2014 വേൾഡ് കപ്പിൽ കൊളംബിയയ്ക്ക് എതിരായ മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേൽക്കുന്നത്. കൊളംബിയൻ റൈറ്റ് ബാക്ക് സുനി​ഗയുടെ മാരക ഫൗളിൽ നട്ടെല്ലിന് പരിക്കേറ്റ് ​ഗ്രൗണ്ടിൽ വീണ് പിടഞ്ഞ നെയ്മർ അന്ന് ബ്രസീലിന്റെ കണ്ണീരായി മാറിയിരുന്നു. അന്ന് ആ പരിക്കിനെ തുടർന്ന് നെയ്മർ പുറത്താകുകയും സെമിഫൈനലിൽ ജർമനിക്കെതിരെ 7-1 ന് ബ്രസീൽ ദാരുണമായി പരാജയപ്പെടുകയും ചെയ്തു. അന്ന് നെയ്മർ കളത്തിൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാം മറക്കാന ​ദുരന്തം എന്ന് വിളിക്കപ്പെടുന്ന ആ തോൽവി ഉണ്ടാകുമായിരുന്നില്ല എന്നതാണ് ഇന്നും ബ്രസീലീയൻ വിശ്വാസം.

ഓരോ തവണയും പരിക്കേറ്റ് മടങ്ങിയെത്തുമ്പോൾ മിന്നും പ്രകടനത്തിലൂടെ നെയ്മർ ആരാധകർക്ക് പ്രതീക്ഷ നൽകാറുണ്ട്. എന്നാൽ വീണ്ടും പരിക്കേൽക്കും.

കഴിഞ്ഞ മൂന്ന് ലോകകപ്പുകൾക്കിടയിൽ ഏറ്റവും അധികം ഫൗൾ ചെയ്യപ്പെട്ട കളിക്കാരൻ ആരെന്ന് ചോദിച്ചാൽ അത് നെയ്മറായിരിക്കും.

എന്തുകൊണ്ടാണ് നെയ്മറിന് തുടർച്ചയായി പരിക്കേൽക്കുന്നത് എന്ന ചോദ്യത്തിന് വിദ​ഗ്ദർ നൽകുന്ന ഉത്തരം അയാളുടെ പ്ലേ സ്റ്റൈൽ തന്നെയാണ് അതിന് കാരണം എന്നാണ്. പന്ത് കാലിൽ നിയന്ത്രിച്ച ശേഷം എതിരാളിയെ തന്റെ സ്കില്ലിലൂടെ പരാജയപ്പെടുത്തുന്ന രീതിയാണ് പലപ്പോഴും നെയ്മർക്ക് അപകടം വരുത്തിവെച്ചത്. ഈ കളിക്കിടെ നെയ്മർ ഫൗൾ ചെയ്യപ്പെടുന്നത് പതിവാണ്. പ്രതിരോധ നിരയെ കബളിപ്പിച്ച് ​മുന്നേറാൻ നെയ്മർ നടത്തുന്ന ഈ കളിരീതിയെ റിസ്കി എന്നാണ് വിദ​ഗ്ദർ വിളിക്കുന്നത്.

മറ്റൊരു പ്രധാന പ്രശ്നം തുടർച്ചയായി പരിക്കേൽക്കുന്നതാണ്. ബാഴ്സലോണയിൽ വെച്ച് 2013-14 സീസണിൽ കണങ്കാലിന് പരിക്കേറ്റെങ്കിലും വേദന വകവെയ്ക്കാതെ നെയ്മർ കളിച്ചു. പിന്നീട് പരിക്ക് ​ഗുരുതരമായപ്പോൾ സർജറി നടത്തി. പക്ഷേ സർജറി വിജയകരമായിരുന്നില്ല. മാസങ്ങൾക്ക് ശേഷം വീണ്ടും കണങ്കാലിന് പരിക്കേറ്റു. 2018 ൽ പി.എസ്.ജി ക്കായി കളിക്കുമ്പോൾ വീണ്ടും അതേ കാലിന് പരിക്ക്. അന്ന് സ്പെയിനിൽ വെച്ച് നടത്തിയ സർജറിയും സ്ക്സസ് ആയിരുന്നില്ല. ഇപ്പോൾ ഖത്തറിൽ സെർബിയയ്ക്ക് എതിരായ മത്സരത്തിലും പരിക്കേറ്റിരിക്കുന്നത് സ്ഥിരമായി പരിക്കേൽക്കുന്ന വലത് കണങ്കാലിനാണ്. പരിക്കേറ്റ ശേഷവും ​ഗ്രൗണ്ടിൽ തുടരാൻ നെയ്മർ പരമാവധി ശ്രമിച്ചിരുന്നു.

ഇനി എന്തുകൊണ്ട് നെയ്മറെ മാത്രം എതിരാളികൾ ഉന്നംവെക്കുന്നു എന്നതും ചോദ്യമാണ്. അതിനുള്ള ഉത്തരം നെയ്മറെ വീഴ്ത്തിയാൽ ബ്രസീലീനെ വീഴ്ത്താം എന്ന വിശ്വാസമാണ്. 2014 വേൾഡ് കപ്പ് അടക്കം ആ വിശ്വാസത്തിന് കരുത്ത് പകരുന്ന പല അനുഭവങ്ങളും എതിരാളികൾ‌ക്ക് മുന്നിലുണ്ട്. അന്ന് നെയ്മറെ മുൻനിർത്തിയായിരുന്നു ബ്രസീൽ ടീമിന്റെ എല്ലാ തന്ത്രങ്ങളും കോച്ച് മെനഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആ ടീമിന്റെ കഥ അതല്ല. 2014 ലെ പാഠം അവർക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ നെയ്മർ വീണാൽ വീഴുന്നതല്ല ഇന്ന് ബ്രസീൽ ടീം. ആ ആത്മവിശ്വാസമാണ് കോച്ച് ടിറ്റെയും ഇപ്പോൾ ആരാധകർക്ക് പകരുന്നത്.

പരിക്കേറ്റതിന്റെ പേരിൽ ഒരു കളിക്കാരന് ലോകകപ്പ് കളിക്കാൻ കഴിയാതെ വരുന്നത് ഏറെ സങ്കടകരമാണ്. എതിരാളിയാണ് എന്നതിന്റെ പേരിൽ നെയ്മർക്ക് ഏൽക്കുന്ന മാരകമായ പരിക്കുകളെ ട്രോളുകളാക്കുന്നത് കടന്നകയ്യാണ്. എന്നാൽ ​ഗ്രൗണ്ടിലെ അമിതാഭിനയങ്ങൾ ട്രോൾ ചെയ്യപ്പെടുകയും വേണം. അപ്പോഴും അയാൾക്ക് നേരെ മാത്രം തുടർച്ചയായുണ്ടാകുന്ന ഫൗളുകൾ കണഅടില്ലെന്ന് നടിക്കരുത്. കളി ജയിക്കാൻ ഏതുവിധേനയും അയാളെ വീഴ്ത്തണെമന്ന് ‌എതിരാളികൾ കരുതുന്നുണ്ടെങ്കിൽ അയാൾ അത്രയും മികച്ച കളിക്കാരൻ തന്നെയാണ്. എത്രയും വേ​ഗം മടങ്ങിവരട്ടെ കാനറിപ്പടയുടെ മാജിക് പ്ലെയർ.

Related Stories

No stories found.
logo
The Cue
www.thecue.in