എന്താണ് സോഷ്യൽ മീഡിയയിലെ ഷാഡോ ബാനിങ്?

നിങ്ങളൊരു പോസ്റ്റ് ഇട്ടിട്ട് അതിന് പ്രതീക്ഷിച്ചത്ര റീച്ച് ഇല്ലാതെ ഇരിക്കുകയോ ലൈക് കിട്ടാതെ ഇരിക്കുകയോ ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഷാഡോ ബാൻ ചെയ്യപ്പെട്ടു എന്നാണർത്ഥം. അയ്യോ നിങ്ങളെ ബാൻ ചെയ്തന്നല്ല, നിങ്ങൾക്ക് പോസ്റ്റ് ഇടാം, നിങ്ങളുടെ അഭിപ്രായം പറയാം, പക്ഷെ അതൊന്നും ആരും കാണുകയുമില്ല, കേൾക്കുകയുമില്ല. ഒരുമാതിരി ആളൊഴിഞ്ഞ സദസ്സിനെ നോക്കി പ്രസംഗിക്കുന്നത് പോലെ.

എന്താണ് ഷാഡോ ബാനിങ്?

സോഷ്യൽ മീഡിയയിൽ നിങ്ങളൊരു പോസ്റ്റ് ഇട്ട ശേഷം അത് നിങ്ങൾക്കൊഴികെ മറ്റാർക്കും കാണാൻ കഴിയാത്ത തരത്തിൽ അദൃശ്യമാക്കുന്നതിനെയാണ് ഷാഡോ ബാനിംങ് എന്ന് പറയുന്നത്. നമ്മുടെ അക്കൗണ്ടിലേക്ക് തീർത്തും കയറാൻ ആവാത്ത അല്ലെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാനാവാത്ത ഒരു അവസ്ഥയല്ല ഇത്. നിങ്ങളുടെ പോസ്റ്റിന്റെ എൻഗേജ്മെന്റ് കുറഞ്ഞു എന്നാണ് ഇതിനർത്ഥം. എന്നാൽ ഇത്തരത്തിൽ ഷാഡോ ബാൻ ചെയ്യപ്പെട്ട ഒരാൾക്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ബാൻ ചെയ്യപ്പെട്ടതായി അറിയിക്കുന്ന നോട്ടിഫിക്കേഷനൊന്നും കൊടുക്കില്ല.

സാധാരണക്കാർക്ക് അതൊരുപക്ഷേ റീച്ചിന്റെ പ്രശ്നം ആയിരിക്കാം. എന്നാൽ യാതൊരു നിയന്ത്രങ്ങളുമില്ലാതെ സ്പാം അക്കൗണ്ടിൽ നിന്ന് പടച്ചുവിടുന്ന ധാരാളം കണ്ടെന്റുകൾക്ക് ഒരു കടിഞ്ഞാൺ പോലെ ഷാഡോ ബാനിങ് പ്രവർത്തിക്കും. അതായത് ഇത്തരം ശല്യക്കാരായ കണ്ടന്റുകളെ നമ്മുടെ സോഷ്യൽ മീഡിയ ഫീഡുകളിലേക്ക് എത്തിക്കാതെ ഷാഡോ ബാൻ തടയും. നിങ്ങൾ പ്രതീക്ഷിച്ച റീച്ച് നിങ്ങളുടെ പോസ്റ്റിനു ലഭിച്ചില്ല എന്നത് എല്ലായ്പ്പോഴും ഷാഡോ ബാനിങ് ആവണമെന്നുമില്ല.

കഴിഞ്ഞ മാസം എലോൺ മസ്ക് നടത്തിയ ഒരു പ്രസ്താവനയിലാണ് ഷാഡോ ബാനിങ് ചർച്ചകൾ വീണ്ടും ചൂടുപിടിച്ചത്. മസ്‌ക്കിന്റെ അംഗീകാരത്തോടെ പുറത്തിറക്കുന്ന ട്വിറ്റർ ഫയൽസിൽ ഷാഡോ ബാനിങ്ങിനെക്കുറിച്ച് പറയുന്നുണ്ട്. 2020 ഒക്ടോബര് മാസം, അതായത് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനും ഒരു മാസം മുൻപ്, ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെക്കുറിച്ച് ന്യൂയോർക്ക് പോസ്റ്റിൽ വന്ന റിപ്പോർട്ടുകൾ തടയുന്നത് സംബന്ധിച്ച ട്വിറ്റർ ജീവനക്കാർ തീരുമാനമെടുത്തിരുന്നു.

യഥാർത്ഥത്തിൽ ഇതൊരു ഷാഡോ ബാനിങ് പ്രോസസ്സ് ആയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാത്തവയാണെന്ന കാരണത്താൽ ആയിരുന്നു ഇത്തരമൊരു നടപടിയെടുത്തത് എന്നാണു ട്വിറ്റർ ന്യായീകരിച്ചത്. ആ സമയത്ത് ട്വിറ്റർ ജീവനക്കാർ പലരെയും ഷാഡോ ബാൻ ചെയ്തതായി ട്വിറ്റർ ഫയൽസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എലോൺ മസ്‌ക് പറയുന്നുമുണ്ട്.

എന്നാൽ തങ്ങൾ ഷാഡോ ബാൻ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചർ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ട്വിറ്ററും ഇൻസ്റ്റഗ്രാമും അറിയിച്ചിട്ടുള്ളത്. പ്രതികൂലമായ ട്വീറ്റുകൾ ട്രെൻഡിങ്ങിൽ വരാതിരിക്കാൻ ചില അക്കൗണ്ടുകൾ ട്വിറ്റർ ഷാഡോ ബാൻ ചെയ്തിട്ടുണ്ടെന്ന ബാരി വൈസിന്റെ ആരോപണം നിലനിൽക്കെയാണ് പുതിയ ഫീച്ചറിനെ കുറിച്ച് എലോൺ മസ്ക്ക് തന്നെ വെളിപ്പെടുത്തിയത്. ഈ അവസരത്തിൽ ട്വിറ്ററിൽ, ട്രൂ അക്കൗണ്ട് സ്റ്റാറ്റസ് എന്ന സംവിധാനം ഉപയോഗിച്ച് ഷാഡോ ബാൻ ചെയ്യപ്പെട്ടതിന്റെ കാര്യ കാരണ സഹിതം വിശദശാംശങ്ങൾ കാണാം. ഒപ്പം അത് എങ്ങനെ മാറ്റാം എന്നതിന്റെ സ്റ്റെപ്പുകളും അവർ പറഞ്ഞു തരും.

ഇൻസ്റ്റഗ്രാമിലും സമാനമായ അപ്ഡേറ്റ്, അക്കൗണ്ട് സ്റ്റാറ്റസ് എന്നതിൽ നോക്കിയാൽ കാണാമെങ്കിലും, ഷാഡോ ബാൻ ചെയ്യപ്പെട്ടതിൻറെ കാരണം അവർ വെളിപ്പെടുത്തില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫേസ്ബുക് ഇതുവരെ ഷാഡോ ബാൻ നിലനിൽക്കുന്നതായി സമ്മതിച്ചിട്ടില്ല. തെറ്റായ വിവരങ്ങൾ അടങ്ങിയതോ ഹാനികരമായ ഉള്ളടക്കമുള്ളവയോ ആയ പോസ്റ്റുകൾ ഫീഡിൽ കാണിക്കുന്നത് കുറവായിരിക്കും എന്നാണു സക്കർബർഗ് അറിയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള കണ്ടെന്റുകൾ വീണ്ടെടുക്കാനുള്ള അപ്പീൽ നൽകാനും ഫേസ്ബുക്കിൽ സൗകര്യമുണ്ട്.

തന്റെ പ്ലാറ്റ്‌ഫോം ആയ ട്വിറ്റർ എല്ലായ്പ്പോഴും ഫ്രീ സ്പീച്ചിന്റെ ഒരു ഹബ്ബായിരിക്കുമെന്ന് മസ്ക് പലപ്പോഴായി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനൊരിടത്ത് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ വരുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ആ വിമർശനങ്ങളെ പ്രതിരോധിക്കാനാണ് ഷാഡോ ബാൻ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഉപയോക്താക്കളെ അറിയിക്കുന്ന പുതിയ ഫീച്ചർ ട്വിറ്റർ കൊണ്ടുവരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in