സവർണ്ണ സംവരണം എതിർശബ്ദമായ രണ്ടുപേർ

സവർണ്ണ സംവരണം ശരിവച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഭരണഘടനാ സ്ഥാപനങ്ങൾ അതിന്റെ ചരിത്രപരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് കേവലം സാങ്കേതികത്വങ്ങളിലേക്ക് മാറുന്നതിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ പുതുതായി കൊണ്ടുവന്ന 103 ആം അമെൻഡ്മെന്റ് ശരിവച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിത് ഉൾപ്പെടെ രണ്ടുപേരുടെ എതിർപ്പോടുകൂടെ ഈ മാറ്റങ്ങൾ അംഗീകരിക്കപ്പെട്ടു. അനുകൂലിച്ചവർ മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞത് ഈ മാറ്റങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഒരിക്കലും മാറ്റില്ല എന്നാണ്. എന്താണ് ഇതിനെ എതിർത്തു കൊണ്ട് ചീഫ് ജസ്റ്റിസ് യു.യു. ലളിതും രവീന്ദ്ര ഭട്ടും പറഞ്ഞത് എന്നാണ് നോക്കേണ്ടത്.

സംവരണം ഒരു ദാരിദ്ര്യ നിർമാർജന പരിപാടിയാണെന്നോ സാമ്പത്തിക സഹായ പരിപാടിയാണെന്നോ ഒക്കെയുള്ള ബോധത്തിൽ നിന്നാണ് സാമ്പത്തിക സംവരണം എന്ന മധ്യവർഗ്ഗ സിംപതി ഫോർമുലയുണ്ടാകുന്നത്. നിലവിലെ ജാതി അധിഷ്‌ഠിത സംവരണത്തിന്റെ ചരിത്രപരത മനസിലാക്കാത്തിടത്ത് ഒരാൾ നിഷ്കളങ്കമായ സാമ്പത്തിക സംവരണ വാദങ്ങളുന്നയിക്കും. ചരിത്രപരമായ എല്ലാ ഘടകങ്ങളും മനസിലാക്കിയാണ് ഭരണഘടന നിലവിലുള്ള ഒരു ആർട്ടിക്കിളുകളും സംവരണം നൽകുന്നതിന് എതിരാകരുത് എന്ന് ആവർത്തിച്ച് പറഞ്ഞുറപ്പിക്കുന്നത്. അത് മനസിലാക്കാൻ അഞ്ചു പേരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിൽ മൂന്നുപേർക്കും സാധിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന തരം മാറ്റങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കില്ല എന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വളരെ അനായാസം പറയുന്നിടത്ത് ഇനിയെത്ര കാലം ഇത്തരം ഭരണഘടന സ്ഥാപനങ്ങളിൽ ഭിന്ന സ്വരങ്ങളുണ്ടാകും എന്ന് കൂടി ചിന്തിപ്പിക്കുന്നു.

ആർട്ടിക്കിൾ പതിനാല്, പതിനഞ്ച്, പതിനാറ് എന്നിവയിലാണ് 103 ആം അമെൻഡ്മെന്റ് മാറ്റം വരുത്താൻ പോകുന്നത്. ആർട്ടിക്കിൾ പതിനാല് ഇക്വാലിറ്റി ബിഫോർ ലോ ആണ്. എല്ലാവരും നിയമത്തിനു മുമ്പിൽ തുല്യരാണ് എന്ന് പറയുന്ന അനുച്ഛേദം തന്നെ സാമൂഹികമായ പിന്നോക്കാവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കണം എന്നും പറയുന്നുണ്ട്. അതിനെ അടിമുടി പൊളിച്ചാൽ മാത്രമേ സവർണ്ണ സംവരണം നടപ്പിലാക്കാൻ കഴിയൂ.

ആർട്ടിക്കിൾ പതിനഞ്ചിൽ പുതിയ ഒരു ക്ലോസ് കൂടി എഴുതി ചേർത്തു. ആറാമതായി ഉൾപ്പെടുത്തിയ കോളിസ് പറയുന്നത്, ഈ ആർട്ടികളിൽ പറയുന്ന എന്തെങ്കിലും നിബന്ധനകളോ, ആർട്ടിക്കിൾ 19 ലെ ക്ലോസ് ഒന്നോ, ആർട്ടിക്കിൾ 29 ലെ ക്ലോസ് രണ്ടോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏതെങ്കിലും മനുഷ്യരെ മുന്നിലേക്ക് കൊണ്ടുവരാൻ നൽകുന്ന പ്രത്യേക പരിഗണനയ്ക്ക് തടസ്സമാകാൻ പാടില്ല എന്നാണ്. ആർട്ടിക്കിൾ പതിനാറിൽ ഉൾപ്പെടുത്തിയ ആറാമത്തെ ക്ലോസും പറയുന്നത് ഇത് തന്നെയാണ്. ക്ലോസ് നാലിൽ പറയുന്ന സംവരണ വിഭാഗങ്ങൾക്ക് പുറത്തുള്ളവരെയും പരിഗണിക്കാൻ വേണ്ടിയാണു ഈ ക്ലോസ് ഉൾപ്പെടുത്തിയത്.

ഭരണഘടനയുടെ ചരിത്രപരമായ ഉത്തരവാദിത്വങ്ങളെ കുറിച്ചായിരുന്നു, ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും പറഞ്ഞത്. ഈ അമെൻഡ്മെന്റിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തതയില്ലാത്തതായിരിക്കും, ഇത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരെ പൂർണ്ണമായി മാറ്റി നിർത്തുന്ന അവസ്ഥയുണ്ടാക്കും, മാത്രവുമല്ല ഈ മാറ്റങ്ങൾക്ക് ഒരു വിധത്തിലും ജാതി വിവേചനങ്ങളെ അഡ്രസ് ചെയ്യാൻ സാധിക്കില്ല. എന്നെല്ലാം കൃത്യമായ തെളിച്ചത്തോടെ പറയുന്ന രണ്ടുപേർ ജുഡിഷ്യറിയിലെ മങ്ങിക്കൊണ്ടിരിക്കുന്ന പ്രതീക്ഷമാത്രമാണ് എന്ന് കൂടി മനസിലാക്കണം. ഈ മാറ്റങ്ങളൊന്നും ഒരു തരത്തിലും ഭരണഘടനയുടെ തുല്യതാ സങ്കല്പങ്ങളെ ബാധിക്കില്ല എന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി പറയുമ്പോൾ തന്നെയാണ് അതേ ബെഞ്ചിൽ യു.യു. ലളിതും രവീന്ദ്രഭട്ടും ഇത് തുല്യത സങ്കല്പങ്ങൾക്കും, വിവേചന രഹിതമായി നിൽക്കുക എന്ന അടിസ്ഥാന തത്വത്തിനും എതിരാണ് എൻ പറയുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ, മുന്നോക്ക സമുദായങ്ങളിൽ പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മാത്രം അതിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. മറ്റു വിഭാഗങ്ങളിൽപെടുന്നവർക്ക് കൂടി ഈ പരിഗണന ലഭിച്ചാൽ അത് ഡബിൾ ബെനിഫിറ്റ് ആയി മാറും എന്നാണ്, സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവരുടെ പക്ഷം. എന്നാൽ രവീന്ദ്ര ഭട്ട് അദ്ദേഹത്തിന്റെ വിധിയിൽ ആർട്ടിക്കിൾ 15 (1) (4), ആർട്ടിക്കിൾ 16 (1) (4) എന്നിവ ഉദ്ദരിച്ച് പറയുന്നു: സാമൂഹികമായ പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന സംവരണം ഒരു ഫ്രീ പാസ് ആയി കണക്കാക്കരുത്.

യു.യു ലളിതും രവീന്ദ്രഭട്ടും ചേർന്നെഴുതിയ വിധി അവസാനിക്കുന്നത് ചെമ്പകം ദൊരൈരാജനെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. ജാതി വിവേചനത്തെ തുടർന്ന് തനിക്ക് കോളേജ് അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് ചെമ്പകം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അത് പിന്നീട് സുപ്രീം കോടതിയിലെത്തുകയും ഇന്ന് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ വിഭാഗത്തിൽ പെട്ടവർക്കും സംവരണം ലഭിക്കുന്നതിന് ഒരു തടസവുമുണ്ടാകാത്ത തരത്തിൽ ആർട്ടിക്കിൾ 15 ൽ നാലാമത്തെ ക്ലോസ് ഉൾപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു. അതിനു തുരങ്കംവച്ചു കൊണ്ട് നടത്തുന്ന 103 ആമത്തെ ഈ അമെൻഡ്മെന്റ് പരിഗണിക്കുന്ന കേസിൽ ഒരു ജഡ്ജി കൃത്യമായി ചെമ്പകം ദൊരൈരാജനെ ഓർത്തു എന്നത് തന്നെ ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ ചരിത്രം നമുക്കെത്ര പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കിത്തരുന്നതാണ്.

ചരിത്രം ഓർക്കാൻ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളിൽ ഇനിയധികം പേരുണ്ടാകണമെന്നില്ല. സാമൂഹിക യാഥാർഥ്യങ്ങൾക്കു നിരക്കുന്ന ഓരോ വാചകങ്ങളും ചേർത്ത് വെക്കേണ്ടത് ഇന്നത്തെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. അത്ര നിഷ്കളങ്കമല്ല സാമ്പത്തിക സംവരണത്തിന് വേണ്ടിയുള്ള വാദങ്ങൾ എന്ന് തിരിച്ചറിയാൻ അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രം നിരന്തരം എഴുതിക്കൊണ്ടേയിരിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in