ചരിത്രം പോലും മായ്ച്ചുകളഞ്ഞ ഭൂചലനം

ഓരോ നിമിഷവും കൂടെയുള്ള എത്രപേർ ബാക്കിയാവുമെന്നറിയാതെ മരണത്തെ ഒരു കൈയ്യകലത്ത് കണ്ടുകൊണ്ട് ഒരു ജനത രണ്ടു ദിവസമായി ജീവൻ കയ്യില്പിടിച്ചിരിക്കുകയാണ്. തുർക്കിയിലും സിറിയയിലും തുടർച്ചയായി രണ്ട് ഭൂചലനങ്ങളാണ് തിങ്കളാഴ്ച്ച നടന്നത്. 2300 പേരാണ് തുർക്കിയിൽ ആ ഒരു ദിവസം മാത്രം മരിച്ചത്. ഓരോ നിമിഷവും അടുത്ത തുടർചലനങ്ങൾ പേടിച്ച് ജീവിക്കുകയാണാ മനുഷ്യർ. ​ആയിരക്കണക്കിന് ആളുകളാണ് പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നത്. പേടിയിൽ നിന്ന് മരവിപ്പിലേക്കെത്തുന്ന മൂന്നാം ദിവസത്തിൽ തുർക്കിയിലും സിറിയയിലുമായി ജീവൻ നഷ്ടപ്പെട്ടത് എട്ടായിരത്തോളംപേർക്കാണ്.

അതി തീവ്രമായ മൂന്നു ഭൂചലനങ്ങൾ തിങ്കളാഴ്ചയും, രണ്ട് ഭൂചലനങ്ങൾ ചൊവ്വാഴ്ചയും നടന്നു. റിക്ടർ സ്കെയിലിൽ 7.8, 7.6, 6.0 എന്നീ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ തിങ്കളാഴ്ചയും.5.6, 5.7 തീവ്രതയുള്ള ഭൂചലനങ്ങൾ ചൊവ്വാഴ്ചയും നടന്നു എണ്ണിയാലൊടുങ്ങാത്ത അത്രയും തുടർചലനങ്ങൾ.

ആഭ്യന്തരയുദ്ധം കഴിഞ്ഞ് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും സിറിയയുടെ അന്തരീക്ഷത്തിൽ പുകച്ചുരുളുകളും, പൊടിപടലങ്ങളും നിറയുകയാണ്. നിലംപൊത്തിയ ബിൽഡിങ്ങുകൾ, ഓഫീസുകളും വീടുകളും നിന്നിടത്ത് വളഞ്ഞു ചുരുണ്ട വാർക്ക കമ്പികൾ മാത്രം. നോർത്ത് വെസ്റ്റേൺ സിറിയയിലാണ് ഭൂചലനമുണ്ടായത്. ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത് ഗവൺമെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത ഒരേയൊരു സ്ഥലമായതിനാൽ ആളുകൾ അഭയമായിക്കണ്ട് കുടിയേറി പാർത്ത സ്ഥലമാണ് വടക്കൻ സിറിയ. എങ്ങനെയെങ്കിലും ജീവിതം തിരികെപ്പിടിക്കണമെന്ന ആഗ്രഹവുമായി വന്നവരാണവർ. ആ പ്രതീക്ഷയുടെ കൂരകളാണ് ഒരു ഭൂചലനത്തിൽ ഇല്ലാതാകുന്നത്. യുദ്ധം സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു തരത്തിലും രക്ഷപെടാൻ അവർക്കിതുവരെ സാധിച്ചിട്ടില്ല. മറ്റൊരു പ്രകൃതി ദുരന്തം കൂടി വരുമ്പോൾ സിറിയൻ ജനതയുടെ പ്രതീക്ഷകളെല്ലാം ഇല്ലാതാവുകയാണ്. എന്നിട്ടും അവസാനത്തെ ശ്രമം എന്ന നിലയ്ക്ക് പൊടിഞ്ഞു വീണ കോൺക്രീറ്റു കഷ്ണങ്ങൾ മാറ്റിയവർ നോക്കുന്നുണ്ട്, കൂടെയുണ്ടായിരുന്ന ആരെയെങ്കിലും രക്ഷപ്പെടുത്തനാകുമോ എന്ന് ചിന്തിച്ചു കൊണ്ട്.

യുദ്ധത്തോടെ കിടപ്പാടം നഷ്ടപ്പെട്ട്, ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ, കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾ വന്ന് അതീവ ഗുരുതരാവസ്ഥയിൽ ജീവൻ നിലനിർത്താൻ പെടാപ്പാട് പെടുന്ന ജനങ്ങൾക്കിടയിലേക്കാണ് ഇങ്ങനെ ഒരു പ്രകൃതി ദുരന്തം കൂടി വരുന്നത്.

മരിച്ചുപോയെങ്കിലും മെത്തയിൽ ഉറങ്ങുകയായിരുന്ന മകളുടെ കൈപിടിച്ചിരിക്കുന്ന ഒരച്ഛന്റെ ചിത്രമാണ് നമ്മളെ പിടിച്ച് കുലുക്കിക്കൊണ്ട് മൂന്നാം ദിവസം തുർക്കിയിൽ നിന്ന് പുറത്ത് വരുന്നത്. ജീവനെന്നോ ജീവിതമെന്നോ ചിന്തിക്കാൻ കഴിയാത്ത തകർന്നു വീണ കോൺക്രീറ് ബിൽഡിങ്ങുകൾക്കിടയിലിരുന്ന് മകളെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ വിളിക്കുന്ന ആ അഛനിലുണ്ട് ഒരു ജനതയുടെ മുഴുവൻ നിരാശയും ദുഖവും.

തുർക്കി ദുരന്ത നിവാരണ ഏജൻസി പറയുന്നത് പ്രകാരം ഇരുപത്തിനാലായിരത്തില്പരം എമർജൻസി പഴ്സണൽസ് ഗ്രൗണ്ടിലുണ്ട്. ഇന്ത്യയും ജർമനിയുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള റെസ്ക്യൂ ടീം ടർക്കിയിലേക്കും സിറിയയിലേക്കും എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ശാസ്ത്രീയമായി നോക്കിയാൽ ഇത്തരമൊരു സർവ്വനാശിയായ ഭൂചലനം നടക്കാൻ സാധ്യതയുള്ള സ്ഥലമാണ് ഇപ്പോൾ ഭൂചലനം നടന്ന ടർക്കിയുടെയും സിറിയയുടെയും ഭാഗങ്ങളെന്നു പറയാൻ കഴിയുമെങ്കിലും ഇതിനേക്കാൾ സെയ്‌സ്‌മിക്കലി ആക്റ്റീവ് ആയ സ്ഥലം ഹിമാലയമാണ്. ഇതിനേക്കാൾ അപകടകരമായ ഭൂചലനം നടക്കാൻ സാധ്യതയുള്ളതും ഹിമാലയത്തിലാണ്.

റിക്ടർ സ്കെയിലിൽ 5 നു മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ വളരെ വിരളമായി മാത്രമേ ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളൂ. റിക്ടർ സ്കെയിലിൽ 6 നു മുകളിൽ തീവ്രതയുള്ള ഭൂചലനങ്ങൾ 1970 മുതലിങ്ങോട്ട് നോക്കിയാൽ, രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ തുർക്കിയിൽ ഉണ്ടായിട്ടുള്ളൂ. അവസാനമായി അത്തരത്തിലൊരു തീവ്രമായ ഭൂചലനമുണ്ടായത് 2020 ജനുവരിയിലാണ്. അത് കഴിഞ്ഞ ഇപ്പോൾ 2023 ൽ. ഇത്തവണ ഏറ്റവുമധികം ബാധിച്ച സ്ഥലം ഹത്തായ മേഖലയാണ്. 1500 ഓളം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ഹത്തായയിൽ മാത്രം 800 ൽ അധികം ആളുകൾ മരിച്ചതായാണ് കണക്കുകൾ.

വൈറ്റ് ഹെൽമെറ്റ്സ് എന്ന് വിളിക്കപ്പെടുന്ന സിറിയൻ സിവിൽ ഡിഫെൻസിന്റെ തലവനായ റെയ്ഡ് അൽ സലേഹ് ലോകത്തിലെ എല്ലാ രാജ്യങ്ങളോടും സന്നദ്ധ സംഘടനകളോടും സഹായമഭ്യർത്ഥിച്ചിരിക്കുകയാണ്. "ഓരോ നിമിഷവും നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് ആളുകളുടെ ജീവനുകളാണ്. എല്ലാ സന്നദ്ധ സംഘടനകളെയും ഞങ്ങൾ ഈ അവസരത്തിൽ സഹായത്തിനായി വിളിക്കുകയാണെന്നായിരുന്നു അൽ സലേഹ് പറഞ്ഞത്.

സിറിയയിൽ തിങ്കളാഴ്ച മാത്രം ആയിരത്തി നാനൂറില്പരം ആളുകൾ മരിക്കുകയും, മൂവ്വായിരത്തി അഞ്ഞൂറ് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

2010 മുതലുള്ള ലോകത്തുണ്ടായ ഏറ്റവും ഭീകരമായ ഭൂചലനങ്ങളും മരിച്ചവരുടെ എണ്ണവും നോക്കുകയാണെങ്കിൽ, 2010 ജനുവരി 12 നു ഹൈറ്റിയിൽ നടന്ന റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 316000 പേർക്കാണ് ജീവൻ നഷ്ടമായത്. 2011 മാർച്ച് 11 ന് ജപ്പാനിലെ വടക്ക് കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തിലും സുനാമിയിലും ഇരുപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പിന്നീട് ഒരു ഭൂചലനമുണ്ടാകുന്നത് 2015 ൽ നേപ്പാളിലാണ്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8,800 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2018 സെപ്തംബര് 8 ന് ഇന്തോനേഷ്യയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി, 4300 പേർ മരണപ്പെട്ടു. 2021 ഓഗസ്റ്റിൽ വീണ്ടും ഹൈറ്റിയിൽ ഭൂചലനമുണ്ടായി. ഇത്തവണ തീവ്രത 7.2 ആയിരുന്നു. 2200 പേർ മരിച്ചു. ഒടുവിൽ 2022 ജൂൺ 22 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി, 1100 പേര് മരിച്ചു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ വലിയ നഷ്ടങ്ങളോടെ സിറിയയിലും തുർക്കിയിലും അതി തീവ്വ്ര ഭൂചലനമുണ്ടാകുന്നത്.

തുർക്കിയിൽ നിന്ന് വന്ന മറ്റൊരു വേദനാജനകമായ വാർത്ത, ചെൽസി ഫുട്ബോൾ താരം ക്രിസ്ത്യൻ atsu വിനെ കെട്ടിട കൂമ്പാരങ്ങളിൽ കാണാതായെന്ന വാർത്തയാണ്. atsu വിനു വേണ്ടി പ്രാർത്ഥിക്കുന്നു, എന്നാണ് ചെൽസി ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ജീവനോടെ തന്നെ താരത്തെ രക്ഷിക്കാൻ കഴിഞ്ഞു എന്ന വാർത്തകളാണ് ഒടുവിൽ പുറത്ത് വരുന്നത്.

സിറിയയിലെ ആലെപ്പോ മേഖലയിൽ നിന്ന് വരുന്ന വാർത്തകൾ ലോകത്തെമ്പാടുമുള്ള ചരിത്ര കുതുകികൾക്കും, ടൂറിസ്റ്റുകൾക്കും വിഷമമുണ്ടാക്കുന്നതാണ്. ചരിത്ര പ്രസിദ്ധമായ നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ലോക പ്രസിദ്ധമായ ആലെപ്പോ സിറ്റാഡലിന്റെ ഭാഗങ്ങൾ ഉൾപ്പെടെ ഭൂചലനത്തിൽ തകർന്നു. സിറ്റാഡലിനുള്ളിലെ അയ്യൂബിദ് പള്ളിയുടെ മിനാരവും ഇമാം ഇസ്മായിൽ പള്ളിയുടെ മിനാരവും ഭാഗികമായി തകർന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. മിഡീവൽ തീരത്തുള്ള മാർക്കബ് കോട്ട പൂർണ്ണമായും തകർന്നു. ചരിത്രം പോലും തുടച്ചു നീക്കാൻ കഴിവുള്ള പ്രകൃതിക്ഷോഭത്തിനുമുമ്പിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുകയാണ്.

ഈ ദുരന്തം എവിടെച്ചെന്നവസാനിക്കുമെന്നറിയില്ല എന്ന് പറയുന്ന തയ്യിപ്പ് എർഡോഗൻ എന്ന നിസ്സാഹായനായ ഭരണാധികാരിയെ നിങ്ങൾക്ക് തുർക്കിയിൽ കാണാം. എന്തുവന്നാലും നേരിടാം എന്ന അധിക ആത്മവിശ്വാസം അയാളുടെ മുഖത്തില്ല. ഇത്രവലിയ ഒരു പ്രകൃതി ദുരന്തത്തിൽ ഒരു ജനതയെ മുഴുവൻ എങ്ങനെ രക്ഷിക്കുമെന്നറിയാതെ കാലിനടിയിൽ നിന്ന് എല്ലാം ഒഴുകിപ്പോകുമ്പോഴും ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന ഒരു രാഷ്ട്രത്തലവനാണയാൾ. സഹായിക്കാൻ സാധനങ്ങളും, ആളുകളും ലോകത്തിന്റെ പലകോണുകളിൽ നിന്ന് വന്നുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാൽ, ഒരു പ്രകൃതി ദുരന്തമെത്ര എളുപ്പമാണ് ഭരണാധികാരികളെയും ജനങ്ങളെയും ഒരുപോലെ നിസ്സഹായരാക്കുന്നതെന്ന് കണ്ട് തരിച്ചു നിൽക്കുമ്പോൾ മറ്റു രാജ്യങ്ങളും മനുഷ്യരും ഒരു കാര്യം ആലോചിക്കണം, നമ്മൾ അയച്ചുകൊടുക്കുന്ന സാധനങ്ങൾക്കപ്പുറം തിരിച്ചുവരാൻ അവർക്കുവേണ്ടത് പണമാണ്. ഇന്നും ഇനിയങ്ങോട്ടും ഒറ്റകാര്യം കൊണ്ടുമാത്രമാണ് അവർക്ക് പിടിച്ച് നിൽക്കാൻ സാധിക്കുകയുള്ളു, അത് പണമാണ്. പണം മാത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in