തമാശ രാജാവിന് പേടിയാണ്

തമാശകൾക്കെല്ലാം ഒരു മുനയുണ്ടാകും, അത് കൊള്ളുന്നവർക്ക് മാത്രമേ പലപ്പോഴും നോവാറുള്ളു, ബാക്കിയുള്ളവർക്ക് ചുമ്മാ ചിരിച്ചാൽ മതിയല്ലോ. ഒരു ഭരണകൂടം മുഴുവനായും തമാശപറയുന്നവരെ പേടിക്കുന്ന കാലം ചിന്തിക്കാൻ കഴിയുമോ? ഒടുവിൽ തമാശ രാജ്യത്ത് നിരോധിക്കുന്ന അവസ്ഥ? ഭരണകൂടത്തെ പറ്റി തമാശ പറയുന്നത് ഇന്ന് അത്ര തമാശയൊന്നുമല്ല.

കഴിഞ്ഞ രണ്ടുവർഷത്തിനിടയ്ക്ക് മാത്രം അഞ്ചിലധികം സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരെയാണ് ഇന്ത്യയിൽ പലയിടങ്ങളിലായി വിലക്കിയത്.

ഒടുവിൽ വിലക്കുന്നത് കൊമേഡിയൻ വീർ ദാസിനെയാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ അയാളുടെ പരിപാടികൾ മതവികാരം വ്രണപ്പെടുത്തും എന്ന് പറഞ്ഞ് അവസാന നിമിഷം സംഘാടകർ വേണ്ടെന്നു വച്ചു. തുടർച്ചയായി ഹിന്ദുത്വ സംഘടനകൾ പിന്തുടർന്ന് ഭീഷണിപ്പെടുത്തി പരിപാടികൾ മുടക്കുന്ന അവസ്ഥ ഭീകരമാണ്.

വീർദാസ് മുമ്പ് അമേരിക്കയിൽ ജോൺ എഫ് കെന്നഡി സെന്ററിൽ വച്ചു നടത്തിയ പെർഫോമൻസ് ആണ് എല്ലാത്തിന്റെയും തുടക്കം. ആ പെർഫോമൻസിൽ ഇന്ത്യയെ കുറിച്ച് ആക്ഷേപ ഹാസ്യ സ്വഭാവത്തിൽ പറഞ്ഞ പല കാര്യങ്ങളും വലിയ തോതിൽ ഇവിടെ ഹിന്ദുത്വ ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും, വിമർശിക്കുകയും, അതിന്റെ പേരിൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിരുന്നു. "ഞാൻ വരുന്ന രാജ്യത്ത് ആളുകൾ ഒരേ സമയം ഞങ്ങൾ വെജിറ്റേറിയൻ ആണ് എന്നതിൽ അഭിമാനിക്കുന്നു എന്ന് പറയുകയും അതെ സമയം കർഷകരുടെ മേലേക്ക് വണ്ടിയോടിച്ച് കയറ്റുകയും ചെയ്യും." "ഇന്ത്യ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് എന്നാൽ ഭരിക്കുന്നത് 75 വയസുള്ള ആളുകളാണ്." ഇത്തരം തമാശകളാണ് ഈ വർഗ്ഗീയ സംഘങ്ങളെ ചൊടിപ്പിച്ചത്. ഈ പരിപാടികൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സൽപ്പേരില്ലാതാക്കും എന്ന പേരിലാണ് ഹിന്ദുത്വ സംഘടനകൾ ഇന്ത്യയിൽ ഇവർ പങ്കെടുക്കുന്ന വേദികൾ അക്രമിക്കുമെന്ന ഭീഷണി മുഴക്കുന്നത്. എന്നാൽ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്, ഇന്ത്യയിൽ സംഭവിക്കുന്ന കാര്യങ്ങൾ മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ വഴി നേരത്തെ തന്നെ ഈ രാജ്യങ്ങളിലുള്ളവർ അറിഞ്ഞിരിക്കില്ലേ എന്നത്. ഇവിടെ അധികമായി വരുന്നത് ഈ തമാശകളുടെ മുനയാണ്. വിവരങ്ങളല്ല, അതിൽ ഉൾച്ചേർന്നിരിക്കുന്ന തമാശയാണ് പ്രശ്നം.

ഒടുവിലത്തെ ഇരയാണ് വീർ ദാസ്. ഇതിനു മുമ്പ് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിട്ടുള്ളത്, മുനവർ ഫാറൂഖി ആണ്. ഹിന്ദു ദൈവങ്ങളെ കുറിച്ച് തമാശകളുണ്ടാക്കി പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മുനവ്വർ ഫാറൂഖിക്കെതിരെ മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ ആയ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ ഗൗർ നൽകിയ പരാതിയിലാണ് മുനവ്വർ ഫാറൂഖി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒരു മാസത്തിനു മുകളിൽ ജയിലിൽ കിടന്ന് ഒടുവിൽ സുപ്രീം കോടതി ജാമ്യം നൽകി.

മുനവ്വർ ഫാറൂഖിയുടെ ഷോയും ഇതുപോലെ ബാംഗ്ലൂരിൽ മുടങ്ങിയിരുന്നു. ഇതിലൊന്നും നേരിട്ട് സംഘപരിവാർ സംഘടനകൾ ഇടപെട്ടില്ലെങ്കിലും, അവരുടെ തണലിൽ കഴിയുന്ന മറ്റ് ഹിന്ദുത്വ സംഘടനകളാണ് വേദി അക്രമിക്കുന്നതുൾപ്പെടെയുള്ള ഭീഷണികൾ മുഴക്കുന്നത്. ശ്രീറാം സേന, ഹിന്ദു ജൻ ജാഗരൺ സമിതി എന്നൊക്കെയാണ് ഈ സംഘടനകളുടെ പേരുകൾ. ഇത്തരം സംഘടനകൾ ഏറ്റെടുത്തിരിക്കുന്ന ഒരു മിഷൻ ആണോ ഇത് എന്നുകൂടി സംശയിക്കേണ്ടതുണ്ട്.

അവസാനം ബാംഗ്ലൂരിൽ തന്റെ പന്ത്രണ്ടാമത്തെ പരിപാടിയും തുടർച്ചയായി മുടങ്ങിയതോടെ മുനവർ ഫാറൂഖി ട്വിറ്ററിൽ ഇങ്ങനെ എഴുതി,

"ഇത് എല്ലാത്തിന്റെയും അവസാനമാണെന്ന് ഞാൻ കരുതുന്നു

എന്റെ പേര് മുനവർ ഫാറൂഖി

ഇതായിരുന്നു എന്റെ കാലം. നിങ്ങൾ അസാധ്യ കാണികളായിരുന്നു..

ഞാൻ ഇവിടെ അവസാനിച്ചു ഗുഡ് ബൈ.. "

മുനവ്വർ ഫാറൂഖിക്കും വീർദാസിനും മുമ്പ് കപിൽ ശർമയെ കുറിച്ച് പറയേണ്ടതുണ്ട്, 2021 സെപ്റ്റംബറിലാണ് ഒരു കോർട്ട്റൂം രംഗം അവതരിപ്പിക്കുമ്പോൾ കോടതിയിൽ വച്ച് മദ്യപിക്കുന്നതായി കാണിച്ച് കോടതിയെ അപമാനിച്ചു എന്ന് പറഞ്ഞ് കപിൽ ശർമയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതിനും മുമ്പ് 2016 ലാണ് കൊമേഡിയൻ കിക്ക് ഷർദയെ ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. ഒരു ടി.വി ഷോയിൽ ദേര നേതാവിനെ അനുകരിക്കുകയും, കളിയാക്കുകയും ചെയ്തു എന്നായിരുന്നു പരാതി. എം.എസ്.ജി-2 എന്ന റാംറഹീം സിങിനെ കുറിച്ചുള്ള സിനിമയുടെ ചില സീനുകളെയും അന്ന് കുക്കു ഷർദ കളിയാക്കിയിരുന്നു. 2016 ൽ തന്നെയാണ് കൊമേഡിയൻ തന്മയി ഭട്ടിന്റെ ഷോകളിലുണ്ടായിരുന്ന സച്ചിൻ ടെണ്ടുൽക്കറും ലത മങ്കേഷ്കറും തമ്മിലുള്ള സാങ്കല്പിക സംഭാഷണം നീക്കം ചെയ്യണമെന്ന് മുംബൈ പോലീസ് യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളോട് ആവശ്യപ്പെട്ടത്. ആരാണ് ഏറ്റവും നല്ല പ്ലയർ എന്ന ചർച്ചയായിരുന്നു സച്ചിനും ലതാമങ്കേഷ്കറും തമ്മിൽ. ആ ഷോയുടെ ടൈറ്റിൽ തന്നെ 'സച്ചിൻ v/s ലത സിവിൽ വാർ' എന്നായിരുന്നു. കരൺ ജോഹർ ഹോസ്റ്റ് ചെയ്ത എ.ഐ.ബി നോക്ക് ഔട്ട് പരിപാടിയിൽ, രൺവീർ സിങ്ങും, അർജുൻ കപൂറും പങ്കെടുത്ത എപ്പിസോഡിൽ തന്മയി ഭട്ടും പങ്കെടുത്തിരുന്നു. താനുമായി ഉൾപ്പെടെ അന്ന് ആ പരിപാടിയിൽ പങ്കെടുത്ത ആളുകളുടെ പേരിലും മോശം ഭാഷയുപയോഗിച്ചതിന് എഫ്.ഐ.ആർ ഇട്ടിരുന്നു. തന്മയിയുടെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

2019 ഏപ്രിലിൽ ഒരു കോമഡി ഷോയിൽ ഒരു മറാത്താ രാജാവിന് ഗവണ്മെന്റ് അറബിക്കടലിൽ പ്രതിമയുണ്ടാക്കാൻ പോകുന്നു എന്ന് തമാശ രൂപേണ പറഞ്ഞതിന്റെ പേരിൽ ഛത്രപതി ശിവജി മഹാരാജിനെ അവഹേളിച്ചു എന്ന് പറഞ്ഞ് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അഗ്രിമ ജോഷ്വയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശിവ സേന എം.എൽ.എ മാരടക്കം രംഗത്ത് വന്നിരുന്നു. ഒടുവിൽ അഗ്രിമ ജോഷ്വ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. കോടതിയെയും ജഡ്ജിമാരെയും അവഹേളിച്ചു എന്ന് പറഞ്ഞ് കുനാൽ കർമ്മ എന്ന കോമേഡിയനെ കോടതിയലക്ഷ്യ നടപടികൾക്ക് വിധേയനാക്കി.

വിമർശനങ്ങൾ പലതരത്തിൽ നിരന്തരം നേരിടുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഓരോ ദിവസവും രണ്ടു മൂന്നു കിലോ അധിക്ഷേപം കേൾക്കുന്നുണ്ട്, അതെല്ലാം പോഷകമാക്കി മാറ്റാനുള്ള കഴിവ് ദൈവം തനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഒട്ടും തളരാത്തത് എന്ന് പ്രധാനമന്ത്രി പറഞ്ഞത് ഈ കഴിഞ്ഞ ദിവസമാണ്. വിമർശനങ്ങൾ പറയുന്നവർ, എതിർപ്പുയർത്തുന്നവർ നിരന്തരമായി വേട്ടയാടപ്പെടുമ്പോഴും, പല രൂപത്തിലായി വിയോജിപ്പുകൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ആശ്വസം നൽകുന്ന കാര്യമാണ്. എന്നാലും എന്ത് കൊണ്ടായിരിക്കും എല്ലാറ്റിനെയും നെഞ്ചുവിരിച്ച് നേരിടുന്ന നേതാവിന് കോമെഡി ഇത്ര പേടി?

കോമഡി ചില്ലറ പരിപാടിയല്ല, ചുമ്മാ എല്ലാവര്ക്കും പറയാൻ കഴിയുന്നതല്ല. സറ്റയറിലൂടെ ഒരു കാര്യം പറയുക എന്നത് അതിനേക്കാൾ പണിയുള്ള കാര്യമാണ്. ഫലിതം എന്ന് പറയാൻ കാരണം അത് ഫലിക്കണം എന്നുള്ളത് കൊണ്ടാണ്, അഥവാ വർക്ക് ആവണം, പാളിപ്പോകരുത്. സ്റ്റാൻഡ് അപ്പ് കോമഡിയിൽ മണിക്കൂറുകളോളം ആളുകളെ എൻഗേജ് ചെയ്തു നിർത്തുക എന്നത് ഒരു സ്കിൽ തന്നെയാണ്. പ്രത്യേകിച്ച് രാഷ്ട്രീയം സറ്റയർ ആയി അവതരിപ്പിച്ചാൽ, ആ പണി അറിയാമെങ്കിൽ, ആളുകളിൽ ഒരു പത്ത് ന്യൂസ് റിപോർട്ടുകൾ ഉണ്ടാക്കുന്നതിനേക്കാൾ സ്വാധീനവും ചലനവുമുണ്ടാക്കാൻ അതിനു കഴിയും. ഒരു ഫാസിസ്റ്റിനെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം സറ്റയറാണ്.രാജാവിന് എത്ര നെഞ്ചളവുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല, തമാശ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും.

Related Stories

No stories found.
logo
The Cue
www.thecue.in