ഇനിയും ചുരുളഴിയാത്ത നെരൂദയുടെ മരണം

"കഴിയുമീ രാവിലെനിക്കേറ്റവും ദുഃഖഭരിതമായ വരികൾ എഴുതുവാൻ" എന്നെഴുതിയ, അങ്ങനെ പലഭാഷകളിൽ വൈകാരികമായി വായിക്കപ്പെട്ട ഒരു കവിമാത്രമേയുണ്ടാകൂ. അത് പ്രണയത്തിലും, നഷ്ടപ്പെടലിലുമുൾപ്പെടെ എല്ലാ വൈകാരിക നിമിഷങ്ങളിലും മനുഷ്യനെ വരികളിൽ കൊന്നുകളഞ്ഞ പാബ്ലോ നെരൂദ. ആ വിഖ്യാതനായ കവിയുടെ മരണം കൊലപാതകമാണോ എന്ന ചർച്ച വർഷങ്ങളായി നടക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം 2022 ഫെബ്രുവരി 15 ആം തീയ്യതി, കാലങ്ങളായി നിലനിന്നിരുന്ന ഈ സംശയത്തിന് ബലംനല്കുന്ന ചില വെളിപ്പെടുത്തലുകൾ പുറത്ത് വന്നു.

നെരൂദയുടെ ശരീരഭാഗങ്ങൾ പരിശോധിച്ച ഇന്റർനാഷണൽ ഫോറൻസിക് ഏക്സ്‌പേർട്ടുകൾ നൽകിയ റിപ്പോർട്ടിന്മേൽ ന്യൂ യോർക്ക് ടൈംസ് നൽകിയ റെവ്യൂയിലാണ്, നെരൂദയുടെ ശരീരത്തിൽ വിഷാംശമുണ്ടായിരുന്നു എന്ന വിവരം പുറത്ത് വരുന്നത്. വിഷം ആരെങ്കിലും ഇൻജെക്ട ചെയ്തതാണോ, അതോ അഴുകിയ ഭക്ഷണം കഴിച്ചതിലൂടെ ശരീരത്തിലെത്തിയതാണോ എന്നുറപ്പിക്കാൻ ഇപ്പോഴും ഫോറൻസിക് വിദഗ്ധർക്ക് സാധിച്ചിട്ടില്ല. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിതനായിരുന്ന നെരൂദ കാൻസർ കാരണം മരിച്ചു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആശുപത്രിയിൽ വച്ച് നെരൂദയുടെ വയറ്റിൽ പോയ്സൺ കുത്തിവച്ചിട്ടുണ്ട് എന്ന് നെരൂദയുടെ അന്നത്തെ ഡ്രൈവർ ആയിരുന്ന മാന്വൽ അരായ പറഞ്ഞതിൽ നിന്നാണ് വിവാദങ്ങൾ തുടങ്ങുന്നത്. ആരായിരുന്നു നെരൂദ? എന്തുകൊണ്ടാണ് നെരൂദയുടെ മരണം പതിറ്റാണ്ടുകൾക്കിപ്പുറവും ചർച്ചചെയ്യപ്പെടുന്നതും ആളുകളെ അലോസരപ്പെടുത്തുന്നതും?

റിക്കാർഡോ എലിഷ്യർ നെഫ്റ്റാലി റെയ്‌സ് ബസോവാൾട്ടോ എന്ന് പേരുള്ള നെരൂദ എങ്ങനെയാണു നെരൂദ എന്ന പേരിൽ കവിതയെഴുതിത്തുടങ്ങിയത്? പത്തുമൂന്നാം വയസിൽ ലോക്കൽ ന്യൂസ് പേപ്പറിൽ enthusiasm and perseverence എന്ന ആർട്ടിക്കിൾ എഴുതുന്നത് നെരൂദ എന്ന പേരിലല്ല. നെഫ്റ്റാലി റെയാസ് എന്ന പേരിലാണ്. ആദ്യമായി എഴുതിയ കവിത അച്ഛൻ ജോസ് ഡെൽ കാർമാൻ റെയസ് നെ കാണിച്ചപ്പോൾ ഇത് നീ എവിടെനിന്നെങ്കിലും പകർത്തിയെഴുതിയതാണോ എന്ന് അച്ഛൻ ചോദിച്ചു വെന്നും കവിതയെഴുതുന്നത് ഇഷ്ടമല്ലാത്ത അച്ഛൻ അറിയാതിരിക്കാൻ വേണ്ടിയാണ് മറ്റൊരു പേര് സ്വീകരിച്ചതെന്നും മാർക്ക് എയ്സനെർ എഴുതിയ നെരൂദയുടെ ജീവചരിത്രമായ Neruda: the Poet's calling എന്ന പുസ്തകത്തിൽ പറയുന്നു. പിന്നീടങ്ങോട്ട് ലോകത്തെമ്പാടുമുള്ള മനുഷ്യരെ വൈകാരികമായി പരസ്പരം ബന്ധിപ്പിച്ച വരികളെഴുതിയ മനുഷ്യനായി നെരൂദ മാറി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവി എന്നാണ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് നെരൂദയെ കുറിച്ച് പറഞ്ഞത്.

ഒരു കവിയായിരിക്കുമ്പോൾ തന്നെ നെരൂദ ഒരു രാഷ്ട്രീയക്കാരനും കൂടിയായിരുന്നു. പുറത്ത് വന്ന അമ്പതോളം പ്രസിദ്ധീകരണങ്ങൾ, കവിതയും ലേഖനങ്ങളുമുൾപ്പെടെ നിരവധി കൃതികളിലൂടെ രാഷ്ട്രീയവും പ്രണയവുമുൾപ്പെടെ നിരവധി വിഷയങ്ങളിലൂടെയാണ് നെരൂദ കടന്നു പോയത്. കവിത ആ മനുഷ്യന് അനായാസം വരുന്നതാണെന്ന് തോന്നുമെങ്കിലും, വായനക്കാരന്റെ ഉള്ളിൽ വീഴുമ്പോഴുള്ള അതിന്റെ ഭാരം താങ്ങാനാവാതെ ഓരോ മനുഷ്യനും വീണുപോകുന്നത് കാണാം. "ഹിമകണങ്ങളാ പുൽത്തട്ടിലെന്നപോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു." എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് വിവർത്തനം ചെയ്യുമ്പോഴും വിവർത്തനം സാധ്യമാകാതെ നമ്മളിലേക്കിറ്റിറ്റു വീഴുന്നത് അതി തീവ്രമായ വികാരങ്ങളായിരുന്നു. അത്രമേൽ ആറ്റിക്കുറുക്കിയ സമാഹാരങ്ങളോരോന്നും മുറുകെപ്പിടിച്ച് വായനക്കാരോരോരുത്തരും നെരൂദയുടെ പുറകെ സഞ്ചരിച്ചു. ചിലപ്പോൾ മന്ദഹസിച്ചു ചിലപ്പോൾ കരഞ്ഞു.

1973 സെപ്തംബര് 23 നാണ് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വിഖ്യാതനായ ഈ കവി മരണപ്പെടുന്നത്. ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്നാണ് ചികിൽസിച്ച ക്ലിനിക് പുറത്ത് വിട്ട റിപ്പോർട്ട്. എന്നാൽ മരണപ്പെടുന്നതിനു മുമ്പ് നെരൂദ സ്വന്തം ഭാര്യയായ മെറ്റിൽഡ ഉറുഷ്യയെ വിളിച്ചിരുന്നു. തനിക്ക് രാവിലെ നൽകിയ മരുന്നിനു ശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. അന്നത്തെ ഡിക്ടറ്റർ ആയ ഓഗസ്റ്റോ പിനോഷെറ്റിനെതിരെ നിന്ന നെരൂദ പിനോഷെട്ടിന്റെ കൂട്ടാളികളാൽ കൊലചെയ്യപ്പെട്ടതാണെന്ന സംശയം അന്ന് തന്നെ ഉണ്ടായിരുന്നു. സുരക്ഷാ ഭീഷണി കാരണം ചിലിയിൽ നിന്നും മെക്സിക്കോയിലേക്ക് പൊയ്ക്കൊണ്ടിരുന്ന സമയത്താണ് നേരത്തെ തന്നെ പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ നെരൂദ രോഖം മൂർച്ഛിച്ച് സാന്ത മാറിയ ക്ലിനിക്കിൽ അഡ്മിറ്റ് ആകുന്നത്. അവിടെ നെരൂദ ഒറ്റക്കായിരുന്ന ഒരു ദിവസം അയാൾ മരിക്കുകയും ചെയ്തു. അയാളെ അവിടെ ഒറ്റക്കാക്കിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ നെരൂദ മരിച്ച് പോവില്ലായിരുന്നു എന്ന് ഡ്രൈവർ മാന്വൽ അരായ പറഞ്ഞിരുന്നു. പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായിരുന്നത് കൊണ്ട് തന്നെ, എല്ലാവരും മരണകാരണം അത് തന്നെയാണെന്ന് കരുതി. ക്ലിനിക്കും മരണകാരണമായി പറഞ്ഞത് അതുതന്നെയായിരുന്നു. അന്ന് സ്ഥലത്തില്ലാതിരുന്ന ഭാര്യ മെറ്റിൽഡയെയും ഡ്രൈവർ മാന്വലിനെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നെരൂദ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞയുടനെ ഡ്രൈവർ മാനുവൽ ക്ലിനിക്കിലേക്ക് ഓടിയെത്തി.

തളർന്നുപോകുന്നതിനു മുമ്പ് നെരൂദ അവരോട് പറഞ്ഞു, എന്റെ വയറിൽ ഒരു ഇൻജെക്ഷൻ എടുത്തിട്ടുണ്ട്, അതിനു ശേഷം എനിക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങി. ഒന്നിനും കഴിയാതായി. അന്ന് നേരം വൈകി നെരൂദ മരിച്ചു. എന്നാൽ അപ്പോഴൊന്നും നെരൂദ മാന്വലിനോട് പറഞ്ഞ ഈ കാര്യം ആരും കാര്യമായെടുത്തിരുന്നില്ല. ജീവൻ കവരാൻ കഴിവുള്ള ഒരു രോഖം അയാൾക്കുള്ളതുകൊണ്ടുതന്നെ എല്ലാവരും അത് തന്നെയാണ് മരണകാരണമെന്ന് കരുതി. ഡ്രൈവർ മാന്വൽ പുറത്ത് വിട്ട നെരൂദയുടെ അവസാനത്തെ വെളിപ്പെടുത്തൽ 2011 ൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

2013 ൽ കോടതി ഉത്തരവിലൂടെയാണ് നെരൂദയുടെ മൃതദേഹത്തിന്റെ അവശിഷ്ട്ടങ്ങൾ ലോകത്തെ വ്യത്യസ്ത ഫോറൻസിക് ലബോറട്ടറികളിൽ അയച്ച് പരിശോധിക്കാൻ തീരുമാനിക്കുന്നത്. ചിലിയിലെ ഫോറൻസിക് വിദഗ്ദർ എഴുതി തള്ളിയെങ്കിലും ആ സംശയങ്ങൾ അതുപോലെ തന്നെ നിന്നു. 2017 ൽ പലയിടങ്ങളിൽ നിന്നായുള്ള റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ നെരൂദ മരണപ്പെട്ടത് പ്രോസ്റ്റേറ്റ് കാൻസർ കാരണമല്ല എന്ന് ബോധ്യപ്പെട്ടു. ശരീരത്തിൽ നിന്നു കണ്ടെത്തിയ വിഷാംശമുള്ള ബാക്ടീരിയയുടെ ഉറവിടം എവിടെയാണ് എന്നത് അപ്പോഴും മനസിലായില്ല. എങ്ങനെ ഇത് ശരീരത്തിലെത്തി എന്ന് കണ്ടെത്തിയാൽ മാത്രമേ ഇത് കൊലപാതകമാണോ അല്ലയോ എന്ന് മനസിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. ശവപ്പെട്ടിയിൽ നിന്നും വന്നതാകാനുള്ള സാധ്യതയുണ്ടെന്ന വാദമാണ് ആദ്യമുയർന്നത്. പിന്നീട് അത് പഴകിയ ഭക്ഷണത്തിലൂടെയാണോ എന്ന സംശയമുയർന്നു. ഇതിനെല്ലാമപ്പുറം വിഷം നല്കിയതാണെന്ന വാദവും ശക്തമായി നിൽക്കുന്നു.

ഏറ്റവുമൊടുവിൽ 2022 ഫെബ്രുവരി 15 ന് ചിലിയൻ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ സാഹചര്യ തെളിവുകൾ വച്ച് നോക്കിയാൽ ഇതൊരു കൊലപാതകമാണ് എന്നാണ്. ഇതിനു അടിസ്ഥാനമായി പറയുന്നത് 1981 ൽ മിലിറ്ററി ഡിക്ടറ്റർഷിപ്പിൽ തടവുകാരെ കൂട്ടമായി കൊന്നുകളയാൻ ഉപയോഗിച്ച വിഷാംശമുള്ള ബാക്റ്റീരിയ തന്നെയാണ് നെരൂദയുടെ ശരീരത്തിലുമുണ്ടായിരുന്നത് എന്നതാണ്. പക്ഷെ കൂടുതൽ തെളിവുകളില്ലാതെ നെരൂദയുടെ മരണം കൊലപാതകമാണെന്ന് പറയാൻ കഴിയില്ല എന്നാണ് കോടതി പറഞ്ഞത്.

നെരൂദ എല്ലാ കാലത്തും ഒരു അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്തും സോഷ്യലിസ്റ്റുമായ പ്രസിഡന്റ്, സാൽവദോർ അലൻഡെയെ അട്ടിമറിച്ച്, രാജ്യത്ത് പട്ടാള ഭരണം വന്ന് പന്ത്രണ്ടു ദിവസം കഴിഞ്ഞാണ് നെരൂദ കൊല്ലപ്പെടുന്നത്. നെരൂദ ഒരുപാട് വർഷങ്ങൾ വിവിധ രാജ്യങ്ങളിലായി അംബാസഡറായി സേവനമനുഷ്ഠിച്ചു. അര്ജന്റീന, മെക്സിക്കോ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ടോപ് ഡിപ്ലോമാറ്റ് ആയി നെരൂദയുണ്ടായിരുന്നു. സ്പെയിനിലുണ്ടായിരുന്ന സമയത്ത് സ്പാനിഷ് സിവിൽ വാറിൽ പങ്കെടുക്കുകയും റിപ്പബ്ലിക്കൻസിനെ പിന്തുണക്കിച്ചതിന്റെ പേരിൽ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തയാളാണ് നെരൂദ. സ്ഥാനം നഷ്ടപ്പെട്ടെങ്കിലും നിരവധി അഭയാർത്ഥികൾക്ക് നെരൂദ ആശ്രയമായി. അവസാനമായി നെരൂദ അംബാസ്സഡറായി നിയമിക്കപ്പെടുന്നത് ഫ്രാൻസിലാണ്. ദേഹാസ്വാസ്ഥ്യം കാരണം 1972 ൽ രാജി വച്ച് തിരിച്ചുവരികയായിരുന്നു. അതിനു ശേഷവും കവിതയെഴുതാൻ നെരൂദ ശ്രമിച്ചുരുന്നു. ഒടുവിലെഴുതിയ കവിത ഏകാധിപതിയായ പിനോഷെറ്റിനെതിരെ എഴുതിയതാണ്. കൃത്യമായി പറഞ്ഞാൽ അതെഴുതി ഒരാഴ്ച കഴിഞ്ഞപ്പോൾ നെരൂദ മരിച്ചു.

ഈ മരണത്തോടുകൂടി നെരൂദയെ കുറിച്ച് പറഞ്ഞു നിർത്തനാകില്ല. കാല്പനികതയും കവിതയും മാത്രമല്ല നെരൂദ. എഴുതിയ വരികൾ മാത്രമല്ല, അയാൾ ചെയ്ത വൃത്തികേടുകളും കാലങ്ങൾക്കിപ്പുറവും ചർച്ചചെയ്യപ്പെടെണ്ടതുണ്ട്. ഏറ്റവും കൂടുതൽ വായിക്കപ്പെട്ട നെരൂദയുടെ പുസ്തകം Twenty Love Poems and a Song of Despair ആയിരിക്കും എന്നാൽ I confess that I have lived എന്ന പുസ്തകത്തിലാണ് അയാൾ ഒരാളെ റേപ്പ് ചെയ്തു എന്ന് പറയുന്നത്. 1929 ൽ സൈലോണിൽ, ഇന്നത്തെ ശ്രീലങ്കയിൽ നയതന്ത്ര ഉദ്ദ്യോഗസ്ഥനായി നിയമിക്കപ്പെട്ട കാലത്താണ് ഒരു തമിഴ് സ്ത്രീയെ അയാൾ റേപ്പ് ചെയ്യുന്നത്.

മരവിച്ചുപോയ ആ സ്ത്രീയുടെ കണ്ണുകളിൽ നോക്കി അയാൾ ഇങ്ങനെ എഴുതി “The encounter was like that of a man and a statue. She kept her eyes wide open all the while, completely unresponsive ... She was right to despise me,” നിസ്സഹായയായി നിന്ന ആ സ്ത്രീയെ നോക്കി കാല്പനികത എഴുതാൻ സാധിക്കുന്ന അത്രയും ക്രൂരനുമായിരുന്നു നെരൂദ എന്നുകൂടി പറയണം. സ്വന്തം ഭാര്യയെയും ഡിസേബിൾഡ് ആയ മകളെയും അയാൾ ഉപേക്ഷിച്ചു. 2018 ൽ മീ ടൂ മൂവേമെന്റ് ആരംഭിക്കുമ്പോൾ വളരെയധികം ചർച്ചചെയ്യപ്പെട്ടതാണ് നെരൂദയെന്ന റേപിസ്റ് ആയ കാല്പനിക കവി. ചിലിയിലെ കോളേജ് സിലബസുകളിൽ നിന്ന് സ്ത്രീവിരുദ്ധതകാരണം നെരൂദയെ ഒഴിവാക്കി. സാന്റിയാഗോ എയർപോർട്ടിന് നെരൂദയുടെ പേര് നല്കാൻ തീരുമാനിച്ചപ്പോൾ വലിയ പ്രതിഷേധമുണ്ടായി. ഒടുവിൽ സർക്കാർ അത് വേണ്ടെന്നു വച്ചു.

അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു. എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം.

ഇതുകണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരി എടുത്തിതെൻ കൈകളിൽ. എന്ന് വായിക്കുമ്പോൾ മാനസികമായി ഉലഞ്ഞുപോയ ഓരോ സാധു മനുഷ്യരും ഇതെഴുതിയത് ഒരു റേപ്പിസ്റ്റാണെന്ന് മനസ്സിലാക്കുമ്പോൾ ഒരു വികാരവുമില്ലാതെ ആ വരികളെ മറികടക്കും. ജീവനില്ലാതെ, ജഡം പോലെ, വെറും വാക്കുകൾ മാത്രമായി മാറിക്കഴിഞ്ഞ ആ വരികൾ നമ്മൾ കടന്നുപോകും.

Related Stories

No stories found.
logo
The Cue
www.thecue.in