നിത്യാനന്ദ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിൽ നിന്ന് യു.എൻ വേദി വരെ

നിത്യാനന്ദ പരമശിവം എന്ന പേരിനേക്കാൾ നെറികേടുകളുടെയും നിഗൂഢതകളുടെയും നിത്യാനന്ദ എന്ന വിശേഷണം ആകും അയാൾക്ക് കൂടുതൽ ചേരുന്നത്. ആത്മീയതയുടെ മറവിൽ അയാൾ നടത്തിയിട്ടുള്ള ക്രൈമുകളുടെ പട്ടികയേക്കാൾ പുറം ലോകത്തിന് പരിചിതം അയാൾ സ്വയം അവകാശപ്പെടുന്ന അത്ഭുതസിദ്ധികളുടെ പട്ടികയാവും.

കുട്ടികളുണ്ടാകാത്ത സ്ത്രീകളെ പൈനാപ്പിൾ നൽകി ​ഗർഭം ധരിപ്പിക്കുന്നു, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന വിർച്വൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നു, ആ രാഷ്ട്രത്തിനു സ്വന്തമായി റിസേർവ് ബാങ്കും കറൻസിയും നിർമിക്കുന്നു, പശുക്കൾക്കും കാളകൾക്കും സംസ്കൃതവും തമിഴും സംസാരിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ നിർമിക്കുന്നു. ഇങ്ങനെ നീളുന്നു ഭഗവാൻ നിത്യാനന്ദ പരമശിവം എന്ന അരുണാചലം രാജശേഖരന്റെ പറ്റിപ്പിന്റെയും വെട്ടിപ്പിന്റെയും കഥകൾ.

നിത്യാനന്ദയുടെ നെറികേടുകളുടെ കഥ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ വീണ്ടും നിത്യാനന്ദ പരമശിവം എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. നിത്യാനന്ദ സ്വയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന ഫിക്ഷണൽ രാഷ്ട്രമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ സുസ്ഥിര വികസനത്തിന്റെ ഭാഗമായുള്ള യുണൈറ്റഡ് നാഷൻസിന്റെ സിഇഎസ്ആർ മീറ്റിംഗ്, അതായത് കമ്മിറ്റി ഓൺ ഇക്കണോമിക് സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സിന്റെ മീറ്റിംഗിൽ 2023 ഫെബ്രുവരി മാസം 22 ആം തിയതി പങ്കെടുത്തിരുന്നു.

കേട്ടാൽ തീരെ വിശ്വസിക്കാനാകാത്ത, തമാശയാണോ ഇത് എന്നൊക്കെ തോന്നിപ്പോകുന്ന ഒരു കാര്യം. എന്നാൽ സത്യമാണ്. ജനീവയിൽ നടന്ന യു എന്നിന്റെ 19 ആം സിഇഎസ്ആർ മീറ്റിൽ എവിടെയെന്നോ എന്തെന്നോ പോലുമറിയാത്ത ഒരു സാങ്കല്പിക രാഷ്ട്രത്തിന്റെ പങ്കാളിത്തം ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ വളരെ വിചിത്രമായിരുന്നു. നിത്യാനന്ദയുടെ അനുയായിയും യുണൈറ്റഡ് സ്റ്റേയ്റ്സ് ഓഫ് കൈലാസയുടെ പെർമനെന്റ് അംബാസിഡറുമായ വിജയപ്രിയ നിത്യാനന്ദയാണ് തങ്ങളുടെ രാഷ്ട്രത്തിന്റെ പ്രതിനിധിയായി യു എന്നിന്റെ മീറ്റിൽ പങ്കെടുത്തത്.

ഹിന്ദുയിസം മുറുകെപ്പിടിക്കുന്നതിന് ഹിന്ദുക്കൾക്ക് മാത്രമുള്ള ലോകത്തിലെ ഒരേയൊരു രാഷ്ട്രം യുണൈറ്റഡ് സ്റ്റേയ്റ്സ് ഓഫ് കൈലാസ ആണെന്നും അതിന്റെ പരമ്മോന്നതൻ ഭഗവാൻ നിത്യാനന്ദ പരമശിവം ആണെന്നും പറഞ്ഞാണ് വിജയപ്രിയ തന്റെ പ്രസംഗം തുടങ്ങിയത്. തങ്ങളുടെ ഹിന്ദു രാഷ്ട്രത്തിന്റെ പരമോന്നത ദൈവമായ നിത്യാനന്ദയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് യു എൻ മീറ്റിൽ അവർ സംസാരിച്ചത്. നിത്യാനന്ദയെ സ്വന്തം രാജ്യം വിലക്കിയതിനെയും അയാളുടെ പ്രവർത്തനങ്ങളെ ബാൻ ചെയ്തതിനെയും നാടുകടത്തിയതിനെയുമെല്ലാം ചോദ്യം ചെയ്തായിരുന്നു വിജയപ്രിയയുടെ സംസാരം. അയാളെ ഇനിയും രാഷ്ട്രങ്ങൾ പീഡിപ്പിക്കാതിരിക്കാനും അയാൾക്കും അയാളുടെ വിർച്വൽ രാജ്യത്തിനും സംരക്ഷണം നൽകാനും ദേശിയ തലത്തിലും അന്താരാഷ്ട്ര തലത്തിലും എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാമെന്ന ചോദ്യമായിരുന്നു അവർ യു.എൻ യോ​ഗത്തിൽ ഉയർത്തിയത്.

ചെറിയ കുട്ടികളെ വരെ പീഡിപ്പിച്ച് ഒളിവിൽ കഴിയുന്ന ഒരു ക്രിമിനലിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള വാദമാണ് ഈ കേൾക്കുന്നത് എന്ന് ഓർക്കണം. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് കുട്ടികളെ സമ്മാനിക്കുന്ന കൗൺസിലിന്റെ മറവിൽ അവരെ പീഡിപ്പിച്ച കേസ്, തന്റെ ആശ്രമത്തിലെ യുവതികളെ റേപ്പ് ചെയ്ത കേസ്, അതിൽ തന്നെ ചെറിയ കുട്ടികളെ പീഡിപ്പിച്ച കേസ്, ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പീഡന പരമ്പരകൾ. 2018 ഇൽ നിത്യാനന്ദക്ക് എതിരെ ട്രയലുകൾ കർണാടകയിൽ നിന്നും തുടങ്ങിയെങ്കിലും ഇന്നുവരെ അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

സ്വന്തം നാട്ടിൽ നിക്കപ്പൊറുതിയില്ലാതെ വന്നപ്പോൾ 2019 ൽ അയാൾ നാട് വിട്ടതാണ്. ആർക്കും തന്നെ കണ്ടെത്തി ശിക്ഷിക്കാൻ ആകില്ല എന്ന കോൺഫിഡൻസിൽ നിന്നുകൊണ്ട് അയാൾ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചു. ഒരു പേടിയുമില്ലാതെ ആ രാഷ്ട്രത്തിന്റെ പ്രഖ്യാപനം ഓൺലൈനിലൂടെ നടത്തി. ഫ്ലൈറ്റും പാസ്‌പോർട്ടും റിസേർവ് ബാങ്ക് അടക്കമുള്ള ആ രാഷ്ട്രത്തിന്റെ തലവനായും ഓൺലൈനിലൂടെ കപട സന്യാസി ചമഞ്ഞും അയാൾ ഇന്നും വിലസുന്നു. അയാളുടെ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് യു എൻ വേദികളിൽ വാദങ്ങൾ ഉയരുന്നു.

ഇതാദ്യമായൊന്നുമല്ല അയാൾ കൈലാസമെന്ന ഇല്ലാത്ത രാജ്യത്തിന് വേണ്ടി ഇത്തരം ഡിപ്ലോമാറ്റിക് നീക്കങ്ങൾ നടത്തുന്നത്. 2022 ഒക്ടോബറിൽ യു.കെ കോൺസർവേറ്റിവ് ലീഡർ ആയ ബോബ് ബ്ലാക്ക്മാൻ ഒരു ദിവാലി സെലിബ്രേഷനിൽ ബ്രിട്ടീഷ് പാർലമെന്റിലേക്ക് നിത്യാനന്ദയുടെ അനുയായികളെ ക്ഷണിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്.

ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടീസ് വരെ ഈ ആൾദൈവത്തിന് നേരെ ഉണ്ട്. എന്നിട്ടും തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് എല്ലാ നിയമസംവിധാനങ്ങളെയും നോക്കി അയാൾക്ക് വെല്ലുവിളിക്കാൻ കഴിയുന്നത് ആരുടെ പിടിപ്പുകേടാണ്. യുഎൻ പോലൊരു സഭയിൽ നിത്യാനന്ദയെ പോലുള്ള ഒരു അബ്സ്കോൻഡഡ് കുറ്റവാളിയുടെ സുരക്ഷയെ കുറിച്ച് സംസാരിക്കാൻ അയാളുടെ അനുയായികൾക്ക് എൻട്രി കിട്ടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. ആത്മീയതയുടെ മറവിൽ ഒരാൾ എന്തൊക്കെ കുറ്റകൃത്യങ്ങൾ നടത്തിയാലും ഒരു നിയമ സംവിധാനങ്ങൾക്കും അയാളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന ഭീകരമായ ആശങ്ക കൂടിയാണ് ഇത് ഉയർത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in