രണ്ടും കല്‍പ്പിച്ച് ഇറങ്ങിയ സ്റ്റാലിന്‍

വെറുതെയൊന്നുമല്ല, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ്. സംഗതി എന്താണെന്നല്ലേ...ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസംഗമത്തിന് ഒരുങ്ങുകയാണ് സ്റ്റാലിന്‍. ദേശീയ തലത്തില്‍ ഒരു വിശാല മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് ഇത് എന്നാണ് കണക്കു കൂട്ടൂന്നത്.

ഡിഎംകെ യുടെ ഡല്‍ഹി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഇടതു നേതാക്കള്‍ തുടങ്ങി വിശാലമായ ഒരു സംഘത്തെ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ ഒത്തുകൂടലിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാക്കളെ ഒത്തുചേര്‍ത്തുള്ള കൂടിക്കാഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്റ്റാലിന്‍ വഴിയൊരുക്കിയിരുന്നു. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യ അതിഥി. ചെന്നൈയില്‍ വെച്ച് നടന്ന ആ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും പങ്കെടുത്തിരുന്നു.

ആ ചടങ്ങില്‍ തന്നെ മറ്റൊരു കാര്യം കൂടി നടക്കുകയുണ്ടായി. അന്ന് വേദിയില്‍ സംസാരിച്ച ഡിഎംകെ നേതാവ് കനിമൊഴി എംപി പ്രസംഗിച്ചത് ഇത് ഒരു ട്രെയിലറാണെന്നും സിനിമ പിന്നാലെ വരുമെന്നുമാണ്.

അവിടെയും തീര്‍ന്നില്ല, സിപിഐഎമ്മിന്റെ അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കുകയാണ്. ചടങ്ങില്‍ ശശി തരൂര്‍, കെ വി തോമസ് എന്നിവര്‍ക്കൊപ്പം സ്റ്റാലിനും മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയോടെ ഒരുഭാഗത്ത് ഒരു പ്രതിപക്ഷ ഐക്യം രൂപീകരിക്കാനും, അങ്ങനെയുണ്ടാവുന്ന ഒരു വിശാല മുന്നണിയിലൂടെ എന്‍.ഡി.എ സര്‍ക്കാരിനെ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിനുമുള്ള മുറവിളി ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പോടെ തങ്ങള്‍ വീണ പടുകുഴിയില്‍ നിന്ന് ഒന്ന് എഴുന്നേറ്റിരിക്കാന്‍ തന്നെ കോണ്‍ഗ്രസിന് അല്‍പം സമയം വേണ്ടി വരും എന്നിരിക്കെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ വിശാല ഐക്യം ഒരു സ്വപ്‌നം മാത്രമാണ്. അവിടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതയില്‍, കേന്ദ്ര സര്‍ക്കാരിനോട് നേരിട്ട് കൊമ്പുകോര്‍ക്കാന്‍ എം.കെ സ്റ്റാലിന്‍ എന്ന നേതാവ് എത്തുന്നത്.

നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളുലഞ്ഞപ്പോള്‍, അതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചതോടെ ഗവര്‍ണര്‍ക്കെതിരെ ശക്തമായി തന്നെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ആടിന് താടിയും സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണറേയും ആവശ്യമുണ്ടോ എന്നായിരുന്നു സ്റ്റാലിന്‍ ചോദിച്ചത്.

രാജ്യം വലിയ രീതിയില്‍ കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയില്‍ കുട്ടികളുടെ സുരക്ഷ കണിക്കിലെടുത്ത് നീറ്റ്, അതുപോലുള്ള ദേശീയ തലത്തില്‍ നടക്കുന്ന എല്ലാ എന്‍ട്രന്‍സ് എക്‌സാമുകളും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിന പരേഡില്‍ കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം തിരിച്ചയച്ചപ്പോഴും മോദിക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സ്റ്റാലിന്‍ കത്തയക്കുകയുണ്ടായി. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതും നിരാശാജനകവുമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. കത്തയക്കലില്‍ പ്രതിഷേധം ഒതുക്കാതെ, സംസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അതേ ടാബ്ലോ അവതരിപ്പിച്ച് മാതൃക ആവുക കൂടിയായിരുന്നു സ്റ്റാലിന്‍ സര്‍ക്കാര്‍.

ഇങ്ങനെ ഒറ്റയൊറ്റ പ്രതികരണങ്ങള്‍ മാത്രമല്ല സ്റ്റാലിന്‍ നടത്തിയിട്ടുള്ളത്,

സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകരുടെ ലോണുകള്‍ തിരിച്ചടക്കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിന് പിന്തുണ ചോദിച്ച്, ബിജെപി ഇതര ഭരണ സംസ്ഥാനങ്ങളിലെ 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സ്റ്റാലിന്‍ കത്തയച്ചത്.

സമാനമായി താന്‍ രൂപീകരിച്ച 'ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന ഫോറത്തിലേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് 37 പ്രതിപക്ഷ നേതാക്കള്‍ക്കും കത്തയക്കുകയുണ്ടായി. രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണ് എന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നുമാണ് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞത്.

സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി. രാജ, സീതാറാം യെച്ചൂരി, എന്‍. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വം, പി.എം.കെ സ്ഥാപകന്‍ എസ്. രാമദോസ്, വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നിവരടക്കം 37 രാഷ്ട്രീയ നേതാക്കള്‍ക്കാണ് കത്തയച്ചത്.

ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇത്തരത്തില്‍ നേരത്തെ തന്നെ സ്റ്റാലിന്‍ ആരംഭിച്ചിരുന്നു. അതേസമയം ദേശീയ തലത്തില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. അതില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തും ചേര്‍ക്കാതെയുമുള്ള ചര്‍ച്ചകളും നടന്നു വരുന്നുണ്ട്. എന്നാല്‍ കാര്യമായ ചലനങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല.

ബിജെപി മുഖ്യ ശക്തിയായി രാജ്യത്ത് വളരുമ്പോള്‍ ഭീഷണിയാകുന്നത് ഇവിടുത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തന്നെയാണ്. ഉത്തര്‍ പ്രദേശില്‍ വീണ്ടും ശക്തമായി ബിജെപി തിരിച്ചുവന്നിരിക്കുന്ന കാഴ്ചയും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്. രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍

അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തിന് ആശ്വസിക്കാന്‍ ഒരുവകയും മോദി സര്‍ക്കാര്‍ തരുന്നില്ല. ബാബ്‌റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുമ്പോഴും, സിഎഎ എന്‍.ആര്‍.സി നടപ്പാക്കാനൊരുങ്ങുമ്പോഴും വര്‍ഗീയത പടര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍, വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

എന്തായാലും കനിമൊഴി പറഞ്ഞതനുസരിച്ചാണെങ്കില്‍ തൃണമൂലിനെ അടക്കം ഒപ്പം ചേര്‍ത്ത് സ്റ്റാലിന്‍ ഒരുക്കുന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയ്ക്ക് കട്ട വെയിറ്റിംഗില്‍ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in