സക്‌സസ് കിഡ്; ലോകം ഏറ്റെടുത്ത വൈറല്‍ മീം പിറന്ന കഥ

സക്‌സസ് കിഡ്; ലോകം ഏറ്റെടുത്ത വൈറല്‍ മീം പിറന്ന കഥ

മീമുകളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ചര്‍ച്ചകള്‍ സീരിയസ് ആയാലും തമാശയായാലും അതിലൊക്കെ പ്രതികരണങ്ങള്‍ പങ്കുവെക്കുന്നതില്‍ മീമുകള്‍ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്. മീമുകളുടെ ലോകത്ത് പ്രശസ്തരായ പല സെലിബ്രറ്റികളും ഉണ്ട്. അക്കൂട്ടത്തില്‍ നമ്മള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കുമെന്ന് ഉറപ്പുള്ള മീമാണ് മുഷ്ടി ചുരുട്ടി, എന്തോ വലിയ കാര്യം നേടി എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഒരു കുട്ടിയുടെ ചിത്രം. മീമുകളുടെ ലോകത്ത് അവന്റെ പേരാണ് സക്സസ് കിഡ്.

ഈ മീമില്‍ ശരിക്കും എന്തിന്റെ സക്‌സസായിരിക്കും ആ കൊച്ചുകുട്ടി ആഘോഷിച്ചിട്ടുണ്ടാവുക. അത് ഷെയര്‍ ചെയ്തിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും ഇന്നുവരെ അത് ആലോചിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഉത്തരം ശരിക്കും ആ മീമില്‍ തന്നെയുണ്ട്. അതിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ മതി. ആ പയ്യന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിയിലും മുഖത്തുമെല്ലാം ശരിക്കും നമ്മളറിയാത്ത അവന്റെ സക്‌സസിന്റെ തെളിവുകളുണ്ട്.

സാം എന്നാണ് ഈ മീമുകളുടെ രാജകുമാരന്റെ പേര്. 2007 ല്‍ ബീച്ചില്‍ ഹോളിഡേ ആഘോഷിക്കാന്‍ പോയതായിരുന്നു കുഞ്ഞു സാമും കുടുംബവും. സാമിന്റെ അമ്മ അന്ന് പുതിയതായി വാങ്ങിയ ക്യാമറയില്‍ ഫോട്ടോസ് എടുക്കുകയായിരുന്നു. ഈ തക്കത്തിന് തീരത്തിരുന്ന പതിനൊന്ന് മാസം മാത്രം പ്രായമുള്ള സാം കുറച്ച് മണ്ണ് വാരി വായിലിട്ടു. അമ്മ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് മണ്ണ് വാരി വായിലിട്ട്, ബാക്കി കയ്യില്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുന്ന് സാമിനെയാണ്. ആ ഭാവം അമ്മ ക്യാമറയില്‍ പകര്‍ത്തി. വീട്ടിലെത്തിയ ശേഷം അന്നത്തെ പ്രധാന ഇമേജ് ഷെയറിംഗ് പ്ലാറ്റ്ഫോമായ ഫ്ളിക്കറില്‍ ഈ ചിത്രം പങ്കുവെച്ചു.

ഒറ്റ ദിവസം കൊണ്ട് അന്ന് ചിത്രത്തിന് 300 ലൈക്ക് കിട്ടി. അന്നത് വലിയ റീച്ചാണ്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങളൊക്കെ മാറി. സാമിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമായി. പല തരം മീമുകളില്‍ കുഞ്ഞു സാം നിറഞ്ഞു. എന്നാല്‍ അതില്‍ പലതും മറ്റുള്ളവരെ കളിയാക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് തങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെന്ന് ബസ് ഫീഡിന് കൊടുത്ത് ഒരു ഇന്റര്‍വ്യൂവില്‍ സാമിന്റെ അമ്മ പറഞ്ഞിരുന്നു.

2010 ആയപ്പോള്‍ സാം വീണ്ടും ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗ് ആയി. അപ്പോഴാണ് ഇന്റര്‍നെറ്റ് ലോകം അവന് പുതിയൊരു പേര് കൊടുത്തത്. സക്സസ് കിഡ്. ചിത്രത്തിലെ സാമിന്റെ ഭാവവും ആക്ഷനുമാണ് ഈ പേര് വീഴാന്‍ കാരണമായത്. ആ പേര് കുടുംബത്തിനും സന്തോഷമുണ്ടാക്കി. കാരണം ജനിച്ച ഉടനെ പല ശസ്ത്രക്രിയകളും നേരിട്ട കുഞ്ഞായിരുന്നു സാം. അതിനെയൊക്കെ അതിജീവിച്ച അവന് ആ പേര് ചേരുമെന്നായിരുന്നു അവര്‍ പറഞ്ഞത്.

2016 ലാണ് സാമിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമുണ്ടായത്. സാമിന്റെ പിതാവിന് കിഡ്നി സംബന്ധമായ ഗുരുതരമായ അസുഖം വന്നു. ഇഞ്ചക്ഷനും കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വലിയ തുക വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാമിന്റെ കുടുംബത്തിന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല ആ തുക. വേറെ വഴിയില്ലാതെ വന്നതോടെ സാമിന്റെ അമ്മ ഒരു ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് നടത്തി. ചെറിയ സഹായങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അവര്‍ ഒരു പോസ്റ്റ് ഇടുന്നത്. എന്നാല്‍ സഹായം വേണ്ടത് തങ്ങളുടെ സ്വന്തം സക്സസ് കിഡിന്റെ പിതാവിനാണ് എന്നറിഞ്ഞ ഇന്റര്‍നെറ്റ് ലോകം അവരാല്‍ പറ്റുന്ന കുഞ്ഞു സഹായങ്ങള്‍ അയക്കാന്‍ തുടങ്ങി. ഒരാഴ്ച കൊണ്ട് പണം എത്തി ശസ്ത്രക്രിയ നടന്നു. അങ്ങനെ കുഞ്ഞു സാം ജീവിതത്തിലും സക്സസ് കിഡ് ആയിമാറി.

ഇനി വീണ്ടും സകസസ് കിഡ് മീമുകള്‍ കാണുമ്പോള്‍ ശരിക്കുമൊന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ മുഖത്തും കൈയ്യിലുമിരിക്കുന്ന മണ്‍തരികള്‍ കാണാം. അതെന്തായാലും ഇന്റര്‍നെറ്റിന് സാം എന്നും സക്‌സസ് കിഡ് തന്നെയായിരിക്കും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ട്രെന്റിംഗ് മീമുകളില്‍ സക്‌സസായി നില്‍ക്കുന്ന സക്‌സസ് കിഡ്.

Related Stories

No stories found.
logo
The Cue
www.thecue.in