ആൺകൂട്ടങ്ങളെ കൂസാതെ മുന്നോട്ട് നടന്ന സോണിയ

ആൺകൂട്ടങ്ങളെ കൂസാതെ മുന്നോട്ട് നടന്ന സോണിയ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും പരിഹാസ്യയായ. ആൺ ഹുങ്കിനും അഹങ്കാരങ്ങൾക്കും ഇടയിലൂടെ നടന്ന് പരാജയങ്ങളിൽ ഒരിക്കലും പതറാതെ സകല ആണുങ്ങളെയും കടന്ന് മുന്നിലെത്തിയ ഒരു സ്ത്രീമാത്രമേ കാണു. അത് ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലിരുന്ന, പ്രധാനമന്ത്രിക്കസേര നീട്ടിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ വേണ്ടെന്നു പറഞ്ഞ, സംഘടനയുടെ തലപ്പത്തിരിക്കുന്ന കാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നു തെരഞ്ഞെടുപ്പ് തോൽവികളിലും പാർട്ടിക്കൊപ്പം കുലുങ്ങാതെ നിന്ന, പാർട്ടിയുടെ പ്രതാപവും ദൗർബല്യവും ഏറ്റവും തീവ്രതയിൽ കണ്ട ഏക കോൺഗ്രസ്സുകാരി, സോണിയ ഗാന്ധി.

1964 ആണ് എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന സോണിയ ഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷം. ഭാഷ പഠിക്കാൻ കംബ്രിഡ്ജിലേക്ക് പോകാം എന്ന് സോണിയ തീരുമാനിക്കുന്നത് ആ വർഷമാണ്. ഇന്റലിജന്റ്, ഡെലിഗെന്റ്, കമ്മിറ്റഡ് എന്ന മൂന്നു വാക്കുകളായിരുന്നു, ഹൈസ്കൂൾ കഴിഞ്ഞിറങ്ങുമ്പോൾ സോണിയയുടെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അധ്യാപകരെഴുതിയത്. സ്കൂളിംഗ് കഴിഞ്ഞ് വളരെ പ്രധാനപ്പെട്ട അടുത്ത അദ്ധ്യായമായാണ് സോണിയ കംബ്രിഡ്ജിനെ കണ്ടത്. ഫ്ലൈറ്റ് അറ്റെൻഡന്റ് ആയി ജോലി ചെയ്യണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്തതാണ് സോണിയ കംബ്രിഡ്ജിലേക്ക് ലാംഗ്വേജ് പഠിക്കാൻ പോകുന്നത്.

അവിടെവച്ചാണ് എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന രാജീവിനെ സോണിയ കാണുന്നത്. രാജീവുമായി പ്രണയത്തിലാകുന്നു. ഈ പ്രണയത്തിൽ ഒരു കാര്യം ഉറപ്പായിരുന്നു, എല്ലാം നഷ്ടപ്പെടാൻ സാധ്യതയുള്ളത് അവൾക്കാണ്. തന്റെ നാടും, മകൾ വീട് വിട്ട് ദൂരെ പോകുന്നത് പേടിയുള്ള അച്ഛനും ഉൾപ്പെടെ എല്ലാം, രാജീവ് ഒഴികെ തന്റേതെന്ന് പറയാവുന്ന മറ്റെല്ലാം ഉപേക്ഷിച്ച് മാത്രമേ അവൾക്ക് തന്റെ പ്രണയത്തിൽ ജീവിക്കാൻ കഴിയു.

1946 ഡിസംബർ ഒമ്പതിന് ഇറ്റലിയിലെ സിംബ്രിയൻ ഭാഷ സംസാരിക്കുന്ന ഒരുൾനാടൻ ഗ്രാമമായ ലൂസിയാനയിൽ ഒരു കൺസ്ട്രക്ഷൻ ജോലിക്കാരനായ സ്റ്റിഫാനോയുടെയും പവോല മൈനോ യുടെയും മകളായി ജനിച്ച സോണിയയേക്കാളും നൂറുമടങ്ങ് ഉയരത്തിലായിരുന്നു ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയുടെ കൊച്ചുമകന്റെ ജീവിതം. അത്ര വലിയ സാംസ്‌കാരിക മൂലധനമുള്ള രാജീവിന്റെ കൂടെ ഒരു ജീവിതം ആരംഭിക്കുക എന്ന് വച്ചാൽ തന്റെ ജീവിതത്തിലെ മറ്റെല്ലാം കളഞ്ഞ് ഒരു മനുഷ്യനിലേക്ക് അയാളുടെ സൗകര്യത്തിനനുസരിച്ച് ചുരുങ്ങുക എന്നതാണെന്ന് സോണിയ തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു.

അച്ഛൻ സ്റ്റിഫാനോയെ കണ്ട് തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ ആ അച്ഛൻ മകളോട് പറഞ്ഞത്, എനിക്കറിയാം അയാൾ നല്ല മനുഷ്യനാണ്, എന്നാൽ നീ എത്ര ദൂരത്തിലേക്കാണ് മകളെ.. പോകേണ്ടി വരിക എന്നായിരുന്നു. അവൾ പോകുന്നതിൽ എല്ലാവരും വേദനിച്ചു. നീ ഒരാഴ്ച പോയി നിന്ന് നോക്കിയിട്ട് പറ്റിയില്ലെങ്കിൽ മടങ്ങി വാ എന്ന് പറഞ്ഞ് ആദ്യം ഇന്ത്യയിലേക്ക് പോകുന്ന മകൾക്ക് റിട്ടേൺ ടിക്കറ്റടക്കമാണ് സ്റ്റിഫാനോ എടുത്തുകൊടുത്തത്.

എന്നാൽ രാജീവ് തന്റെ പ്രണയം അവതരിപ്പിക്കുന്നത് ഇതുപോലൊരു ചുറ്റുപാടിലല്ല. ഇന്ത്യയുടെ രാഷ്ട്രീയം പൂർണ്ണമായും നിയന്ത്രിച്ചിരുന്ന അലഹബാദിലെ ആനന്ദ് ഭവനിൽ തുടങ്ങുന്ന ചരിത്രമുള്ള ഒരു കുടുംബത്തിലേക്കാണ് രാജീവ് തന്റെ പ്രണയം അവതരിപ്പിക്കുന്നത്. ആയിടെ ലണ്ടൻ സന്ദർശിച്ച ഇന്ദിര ഗാന്ധി രാജിവിനോട് സോണിയയെ കാണണം എന്ന് പറഞ്ഞ് കത്തെഴുതി. അങ്ങനെ രാജീവും സോണിയയും അമ്മയെ കാണാം എന്ന് തീരുമാനിച്ചിറങ്ങി. തന്റെ ഭാവി അമ്മായിയമ്മയെ കാണാൻ മാനസികമായി തയ്യാറെടുത്തിരുന്നെങ്കിലും അവർ താമസിക്കുന്ന ടൗണിലെത്തിയപ്പോൾ സോണിയയ്ക്ക് പേടിയായി. ആ പേടി, കാണാൻ പോകുന്ന ആളുടെ വലുപ്പം ആലോചിച്ചുള്ള പേടിതന്നെയാണ്. ആ ദിവസം സോണിയ ഇന്ദിര ഗാന്ധിയെ കണ്ടില്ല. അടുത്ത ദിവസം കൂടുതൽ ധൈര്യം കണ്ടെത്തി. ആ കൂടിക്കാഴ്ച്ച നടന്നു.

ഇന്ത്യക്കാരിയായ ഇന്ദിരാഗാന്ധിയും ഇറ്റലിക്കാരിയായ സോണിയയും ഏതു ഭാഷയിലായിരിക്കും സംസാരിച്ചിട്ടുണ്ടാകുക? ഇംഗ്ലീഷിലായിരിക്കും സംസാരിച്ചതെന്ന് സ്വാഭാവികമായി കരുതും. എന്നാൽ അല്ല. സോണിയയ്ക്ക് ഇംഗ്ലീഷ് അത്ര വ്യക്തമായി അന്ന് സംസാരിക്കാൻ അറിയുമായിരുന്നില്ല. അവർ സംസാരിച്ചത് ഫ്രഞ്ചിലായിരുന്നു. ഇന്ത്യക്കാരിയായ ഇന്ദിരാഗാന്ധി ഇറ്റലിക്കാരിയായ തന്റെ മകന്റെ പ്രണയിനിയെ കണ്ട് സംസാരിക്കുന്നത് ഫ്രഞ്ചിലാണ്. അത്രമേൽ താല്പര്യമുണ്ടായിരുന്നു അവർക്ക് സോണിയയോട് സംസാരിക്കാൻ.

1966 ഫെബ്രുവരി 25 നാണ് സോണിയയും രാജീവും വിവാഹിതരാവുന്നത്. ഹിന്ദു ആചാരപ്രകാരം ഇന്ത്യയിൽ സഫ്ദർ ജംഗ് റോഡിലുള്ള വസതിയിൽ വച്ചാണ് ആ കല്യാണം നടക്കുന്നത്. സാരിയുടുത്ത്, മുടിയിൽ പൂവ് ചൂടി മുല്ലമാലയെടുത്ത് അവർ രാജീവിന്റെ മുന്നിൽ നിന്നു. സാരി ഉടുക്കാൻ അറിയാത്ത, അഥവാ ഉടുക്കാൻ ആഗ്രഹമില്ലാത്ത ഒരാൾ ഉടുത്തതാണെന്ന് അത് കണ്ടാൽ മനസിലാകും. ഈ വേഷമോ ചടങ്ങോ സ്ഥലമോ ഇവിടുത്തെ ആളുകൾ സംസാരിക്കുന്ന ഭാഷയോ ഒന്നും അവൾ ആഗ്രഹിച്ചിരുന്നതല്ല. ആഗ്രഹിച്ച ഒരാളാണ് മുന്നിൽ നിൽക്കുന്നത്. ബാക്കിയെല്ലാം അയാൾക്ക്‌ വേണ്ടി അവൾ എടുത്തണിഞ്ഞതാണ്.

കല്യാണത്തോടനുബന്ധിച്ച് സോണിയയുടെ അച്ഛൻ സ്റ്റിഫാനോയും അമ്മ പാവോല മൈനോയും ഒരുമാസത്തോളം ഇന്ത്യയിലുണ്ടായിരുന്നു. ആ ഒരു മാസം മറ്റൊരിടത്തേക്ക് പറിച്ച് നട്ടതിന്റെ പൊരുത്തക്കേടുകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും അവൾ രക്ഷപ്പെട്ടത് അച്ഛനും അമ്മയും ഒപ്പമുണ്ടെന്ന ധൈര്യത്തിലൂടെയായിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞ് അവർ മടങ്ങിപ്പോയി. ഇത്രവലിയൊരു കുടുംബത്തിന്റെ ബഹളങ്ങളിലെത്തിയ സോണിയ വലിയതോതിൽ ഒറ്റപ്പെടാൻ തുടങ്ങി. ലണ്ടനിൽ വച്ച് ഒരുമിച്ച് കണ്ട സമയത്തുള്ളതു പോലെയല്ല, 1966 ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായി തൊട്ടടുത്ത മാസമാണ് രാജീവും സോണിയയും വിവാഹിതരാകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മരുമകളാകുക എന്നത് തുടക്കകാലത്ത് അത്ര സുഖകരമായ അവസ്ഥയായിരുന്നില്ല സോണിയയ്ക്ക്. ഇത് മനസിലാക്കിയ ഇന്ദിര ഗാന്ധി സോണിയയ്ക്ക് ഒരു കത്തെഴുതി.

ഇന്ദിരയുടെ കത്തുകൾ ലോക പ്രസിദ്ധമാണ്. നെഹ്രുവും ഇന്ദിരയും പരസ്പരം എഴുതിയ കത്തുകൾ പോലെ ലോകത്ത് മറ്റേതെങ്കിലും അച്ഛനും മകളും തമ്മിൽ കത്തുകൾ എഴുതിയിട്ടുണ്ടോ എന്നറിയില്ല. അത്ര മനോഹരമായാണ് ഇന്ദിര വരികളിൽ വികാരങ്ങളെയും ആശയങ്ങളെയും അവതരിപ്പിച്ചത്. അത്രയും കത്തുകളെഴുതാറുള്ള ഒരാൾ എന്തായിരിക്കും ആ കത്തിലെഴുതിയിട്ടുണ്ടാവുക എന്ന കൗതുകം സോണിയയ്ക്കും നിശ്ചയമായും ഉണ്ടായിക്കാണും. അതിൽ ഒറ്റവരിയെ ഉണ്ടായിരുന്നുള്ളു. dear soniya, this is to say that we all love you. എല്ലാം വളരെ വിചിത്രമായി തോന്നുന്ന ഒരു സ്ഥലത്ത് പ്രണയത്തിന്റെ പേരിൽ മാത്രം നിൽക്കുന്ന ഒരാൾക്ക്, ഞങ്ങളെല്ലാവരും നിന്നെ സ്നേഹിക്കുന്നു എന്നെഴുതിയ ഒരു കത്ത് ഏറെ സന്തോഷവും സമാധാനവുമായിരിക്കും. ആ കത്ത് തന്ന ആത്മവിശ്വാസത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും പിന്നീട് സോണിയ ജേർണലിസ്റ്റ് ശേഖർ ഗുപ്തയ്ക്ക് 2010 ൽ നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയെ ലണ്ടനിൽ വച്ച് ആദ്യം കാണാൻ പേടിച്ചത് എന്ന് പല കാലങ്ങളിലായി ഒരുപാട് ജേർണലിസ്റ്റുകൾ സോണിയ ഗാന്ധിയോട് ചോദിച്ചിട്ടുണ്ട്. അമ്മായി അമ്മ-മരുമകൾ ബന്ധം എല്ലായിപ്പോഴും പ്രശ്നങ്ങളിലാണല്ലോ അവസാനിക്കാരുള്ളത് എന്നായിരുന്നു അവരുടെ ഉത്തരം. എന്നാൽ പുറത്ത് കാണുന്ന കാർക്കശ്യക്കാരിയേ അല്ല ഇന്ദിരാഗാന്ധി വീട്ടിൽ. ഇന്ത്യൻ ഭക്ഷണങ്ങൾ ഒട്ടും ശരിയാകാതിരുന്ന സോണിയ ഗാന്ധിക്ക് അവരിഷ്ടപ്പെടുന്ന ഭക്ഷണം തീന്മേശയിൽ വിളമ്പിയാണ് ഇന്ദിരാഗാന്ധി ആദ്യം തന്റെ അടുപ്പം കാണിച്ചത്. പാചകം കാര്യമായറിയില്ലായിരുന്നെങ്കിലും വല്ലപ്പോഴും താനുണ്ടാക്കുന്ന പാസ്ത പോലുള്ള വെസ്റ്റേൺ ഭക്ഷണങ്ങൾ ഇന്ദിര ഗാന്ധി കഴിക്കാറുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വസതി രാജ്യത്തെ രാഷ്ട്രീയ ചലനങ്ങൾക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും അന്തരീക്ഷം മാറാൻ സാധ്യതയുള്ള സ്ഥലമാണ്. 1970 ഓടുകൂടി ഇന്ദിര ഗാന്ധി ഭരണത്തിലെ വലിയ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടാകാൻ തുടങ്ങി. 71 ലാണ് ഇന്ത്യ-ബംഗ്ലാദേശ് യുദ്ധം നടക്കുന്നത്.

യുദ്ധത്തിന്റെ വിവരങ്ങൾ പലയിടത്ത് നിന്നായി വീട്ടിലേക്കെത്തിക്കൊണ്ടിരുന്നിരുന്നു. ബംഗ്ളാദേശിലെ ജനങ്ങളുടെ വികാരങ്ങൾക്കൊപ്പമായിരുന്നു ഇന്ദിര ഗാന്ധി എന്ന് സോണിയ ഉറപ്പിച്ച് പറയും. ചരിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു ബംഗ്ലാദേശ് യുദ്ധത്തിലുണ്ടായ വിജയം. ആത്മവിശ്വാസത്തിന്റെ പരകോടിയിൽ ഇന്ദിര നിൽക്കുമ്പോൾ, വീട്ടിൽ ഈ വാർത്തകൾ കേട്ട്കൊണ്ട് സോണിയയും ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ വളരെ പെട്ടന്ന് കീഴ്മേൽ മറിഞ്ഞു. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. വലിയ മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്തെമ്പാടും നടന്നു. അങ്ങനൊരവസ്ഥയുണ്ടായതിൽ ഇന്ദിര ശരിക്കും വിഷമിച്ചിട്ടുണ്ടാകുമെന്നും, അതുകൊണ്ടു തന്നെയായിരിക്കും 1977 ൽ അവർ ഇലക്ഷൻ പ്രഖ്യാപിച്ചതെന്നും സോണിയ ഉറപ്പിച്ച് പറയുന്നു.

അസ്ഥിരമായ ഈ അവസ്ഥകൾക്കെല്ലാമൊടുവിൽ 1984 ഒക്ടോബര് 30 ന് ആ കുടുംബത്തിലെ ആദ്യത്തെ കൊലപാതകം നടക്കുന്നു. ദീപാവലി കാലമായിരുന്നു അത്. തന്റെ തൊട്ടടുത്ത മുറിയിൽ മുപ്പതോളം ബുള്ളറ്റുകൾ ശരീരത്തിൽ പാഞ്ഞു കയറി ഇന്ദിര ഗാന്ധി മരണത്തോട് മല്ലിടുമ്പോൾ ശബ്ദം കേട്ട് അങ്ങോട്ട് ഓടി ചെല്ലാൻ സോണിയ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു അംബാസഡർ കാറിന്റെ പുറകിൽ സോണിയയുടെ മടിയിൽ കിടന്നാണ് ഇന്ദിര അവസാന ശ്വാസം വലിച്ചത്. അത്രയരികിൽ മരണം കണ്ടുകൊണ്ട് അവരിറങ്ങിച്ചെന്നത് സങ്കീർണ്ണതകൾ മാത്രമുള്ള ഒരു ജീവിതത്തിലേക്കാണ്.

ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കരുതിയ ആളായിരുന്നില്ല സോണിയ ഗാന്ധി. കരുതിയിരുന്നില്ല എന്ന് മാത്രമല്ല, ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരരുത് എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. അവർ മാത്രമല്ല സ്വന്തം ഭർത്താവ് രാജീവ് ഗാന്ധിയും രാഷ്ട്രീയത്തിലേക്ക് വരരുത് എന്നവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ദിര ഗാന്ധി മരിക്കുന്നതിന് നാല് വർഷം മുമ്പ് 1980 ൽ ഒരു ഏറോപ്ലെയിൻ അപകടത്തിൽ അനിയൻ സഞ്ജയ്ഗാന്ധി മരിച്ചതിനു ശേഷം ഇന്ദിര ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് രാജീവ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. സഞ്ജയ്‌ക്ക് ഉണ്ടായിരുന്ന യാതൊരു താല്പര്യവും രാജീവിന് രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.

ഒരുപാട് സമയമെടുത്തതാണ് ഇന്ദിര ഗാന്ധി മുന്നോട്ടു വച്ച ആവശ്യം സോണിയയും രാജീവും ഉൾക്കൊണ്ടത്. ഇന്ദിര അനുഭവിച്ച മാനസിക സമ്മർദ്ദം കണ്ടിട്ടാണ് രാജീവ് ഒരിക്കലും രാഷ്ട്രീയത്തിലേക്കിറങ്ങരുത് എന്ന് സോണിയ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു. എന്നാൽ കൃത്യം നാല് വർഷം കഴിയുമ്പോൾ പേടിപ്പെടുത്തിക്കൊണ്ട് ഇന്ദിര ഗാന്ധി മരണപ്പെടുന്നു.

ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ രാജീവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചു. ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നു. എന്നാൽ ഒരുപാട് കാലമൊന്നും മനസമാധാനത്തോടെ ഇരിക്കാൻ സോണിയക്ക് സാധിച്ചിട്ടില്ല. 1991 ലെ ഇലക്ഷൻ പ്രചാരണത്തിന് തമിഴ്‌നാട്ടിയലെത്തിയ രാജീവിനെ എൽ.ടി.ടി.ഇ പ്രവർത്തകർ ചാവേറാക്രമണത്തിലൂടെ കൊന്നുകളഞ്ഞു. ഇന്ദിര ഗാന്ധി മരിച്ച് 7 വർഷം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അതിക്രൂരമായിരുന്നു ഈ രണ്ടു കൊലപാതകങ്ങളും. സ്‌ഫോടനത്തിൽ രാജീവിന്റെ ശരീരം ചിതറിത്തെറിച്ചു പോയി. നേരത്തെ എടുത്തിരുന്ന തീരുമാനം സോണിയ അന്ന് ഒന്നുകൂടി ഉറപ്പിച്ചു. ഇനി രാഷ്ട്രീയത്തിലേക്കില്ല.

പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഏഴു വർഷം പരിശ്രമിക്കേണ്ടി വന്നു രാഷ്ട്രീയത്തിലേക്കിറങ്ങാം എന്നവരെ കൊണ്ട് സമ്മതിപ്പിക്കാൻ. 1998 ൽ പാർട്ടിയിലേക്ക് വന്നു. ഹിന്ദി ഒട്ടും അറിയില്ലായിരുന്നു. സാരിയുടുക്കാൻ അറിയില്ലായിരുന്നു. എഴുതി തയ്യാറാക്കിയ ഹിന്ദി പ്രസംഗവുമായി സാരിയുടുത്ത് പൊതു വേദിയിൽ വന്ന് അവർ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. സ്‌കേർട്ട് ധരിച്ച് ഫോട്ടോകളിൽ വന്ന സോണിയ ഗാന്ധി ആൺകൂട്ടങ്ങളുടെ വെർബൽ അബ്യൂസുകളും പരിഹാസങ്ങളും നേരിട്ടതിനു ശേഷമാണ് ഈ വരവ് എന്നുകൂടി ആലോചിക്കണം. അവർ ഇന്ത്യക്കാരിയല്ല ഇറ്റലിക്കാരിയാണെന്ന് പറഞ്ഞു. അവർ ഹിന്ദുവല്ല റോമൻ കാത്തോലിക് ആണെന്ന് പറഞ്ഞു. കേട്ട ഭാവം നടിക്കാതെ അവർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നടന്നിറങ്ങി. 1999 ലോക്സഭാ തെരഞ്ഞെടുപ്പാണ് മുന്നിലുണ്ടായിരുന്നത്, യു.പിയിലെ അമേത്തിയിലും, കർണാടകയിലെ ബെല്ലാരിയിലും ഒരേ സമയം സോണിയ മത്സരിച്ച് ജയിച്ചു. പക്ഷെ പാർട്ടി ആ തെരഞ്ഞെടുപ്പിൽ തോറ്റു. ഏ.ബി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ നിലവിൽ വന്നു. തോൽ‌വിയിൽ നിന്നാണ് സോണിയ പാർട്ടിയെ നയിച്ചു തുടങ്ങുന്നത്.

2004 ൽ സോണിയയുടെ നേതൃത്വത്തിൽ യു.പി.എ ഭരണം പിടിച്ചു. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തയാളെന്ന രീതിയിൽ പ്രധാനമന്ത്രി സ്ഥാനം പാർട്ടി അവർക്കു മുമ്പിൽ വച്ചു. പക്ഷെ സോണിയ അത് സ്വീകരിച്ചില്ല. അവർ തെരഞ്ഞെടുത്തത് മൻമോഹൻ സിംഗിനെയായിരുന്നു. ഒരുപാട് ആരോപണങ്ങളും ബഹളങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും 2009 ലും യു.പി.എ ജയിച്ചു കയറി. എന്നാൽ 2014 ലേക്കെത്തിയപ്പോൾ അഴിമതിയാരോപണങ്ങൾകൊണ്ട് ഭരണ മുന്നണിയെ പ്രതിപക്ഷം മൂടി. കോൺഗ്രസ് ചരിത്രപരമായ തോൽവി നേരിട്ടു. ഇന്ത്യയുടെ ചരിത്രം തന്നെ 2014 നു മുമ്പും ശേഷവും എന്ന് വിലയിരുത്തപ്പെടുന്ന കാലത്ത് കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ തോൽവി 2014 ൽ ആയിരുന്നു എന്ന് പറയാം. ഈ സമയത്ത് നേതൃത്വത്തിൽ മകൻ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. 2019 ൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നിൽ നിന്ന് നേതൃത്വം കൊടുത്തത് രാഹുലായിരുന്നെങ്കിലും, പിന്നിൽ സോണിയയുണ്ടായിരുന്നു. വീണ്ടും കോൺഗ്രസ് പരാജയപ്പെട്ടു.

ശേഷം മുൻ നിര നേതാക്കളടക്കം കൊഴിഞ്ഞുപോകുന്ന, എം.എൽ.എമാർ കൂറുമാറുന്നതിലൂടെ സർക്കാരുകൾ അട്ടിമറിക്കപ്പെടുന്നു കാലത്ത്, കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത് നിരവധി അസ്തിത്വ ചോദ്യങ്ങളാണ്. 2024 ലേക്ക്, പരിക്കുകളിൽനിന്ന് എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. എല്ലാ ഊർജ്ജവും സംഭരിച്ച്, എല്ലാവരെയും ഒരുമിച്ച് കൂട്ടി രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയാണ് ഈ ശ്രമങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന ബിന്ദു. കർണാടകയിൽ ഷൂസണിഞ്ഞ് യാത്രയിൽ രാഹുലിൻെറ കൂടെ സോണിയയുമുണ്ടായിരുന്നു. രാഹുൽ നടന്നു കാശ്മീരിലെത്തുമ്പോൾ, ആ യാത്ര ചരിത്രത്തിലിടം നേടുന്നത്രയും വളർന്നു കഴിഞ്ഞിരുന്നു. ഒടുവിൽ തന്റെ 76 ആം വയസിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തന്റെ ഇന്നിംഗ്സ് അവസാനിക്കുകയാണെന്ന് പറയുമ്പോൾ, ഒരു സംശയവുമില്ലാതെ പറയാം ഇതുപോലുരു സ്ത്രീ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ടായിരുന്നില്ല.

ഇത്രയും അപഹസിക്കപ്പെട്ട, ആൺകൂട്ടങ്ങൾ വളഞ്ഞിട്ടാക്രമിച്ച, കുത്തുവാക്കുകൾ കേട്ട, വിദേശിയെന്നു പരിഹസിക്കപ്പെട്ട, ഇത്രയേറെ നഷ്ടങ്ങൾ സംഭവിച്ച, ഇത്രമേൽ നോവിക്കപ്പെട്ട മറ്റേതു സ്ത്രീയുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ?

Related Stories

No stories found.
logo
The Cue
www.thecue.in