രണ്ടും കല്പിച്ചിറങ്ങിയ ശബ്നം അലി

സ്വന്തം അച്ഛനും അമ്മയുമടക്കം വീട്ടുകാരായ ഏഴുപേരെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി. പ്രണയത്തിനുവേണ്ടി ആരെയും കൊല്ലാമെന്നുറപ്പിച്ച, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീ, ഷബ്‌നം അലി.

2008 ഏപ്രില്‍ 15 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് യു.പി യിലെ ഒരുള്‍നാടന്‍ ഗ്രാമമായ ഭവന്‍ ഖേരിയിലുള്ള ഒരു പഴയ തറവാട് വീട്ടില്‍ നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ചുറ്റുവട്ടവുമുള്ള അയല്‍വാസികള്‍ എഴുന്നേല്‍ക്കുന്നത്. ലത്തീഫ് ഉല്ലാഹ് ഖാന്‍ എന്ന അയല്‍വാസി ഓടി വന്നപ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന ഒരു കുടുംബത്തിലെ ഏഴുപേരെയും അവരുടെ ചോരയില്‍ ബോധരഹിതയായി കിടക്കുന്ന ഷബ്നത്തെയുമാണ്. അച്ഛന്‍ ഷൗക്കത്ത് അലിയുടെ മൃതദേഹത്തിനരികിലായിരുന്നു ഷബ്‌നം. എല്ലാവരുടെയും കഴുത്തില്‍ വെട്ടേറ്റിട്ടുണ്ടായിരുന്നു. രണ്ട് സഹോദരന്‍മാരുടെയും അമ്മയുടെയും 14 വയസുമാത്രമുള്ള കസിന്റെ കഴുത്ത് ഏകദേശം പൂര്‍ണ്ണമായും അറുത്ത നിലയിലായിരുന്നു. രക്തം തറയില്‍ ഒഴുകിപ്പരന്നു കിടക്കുന്നു.

പത്തുമാസം പ്രായമുള്ള ഒരു കുട്ടിയെ അടക്കം ഏഴുപേരെ കഴുത്തറുത്ത് കൊല്ലുമ്പോള്‍ ഷബ്‌നം എട്ടാഴ്ച ഗര്‍ഭിണിയുമായിരുന്നു. എന്നാല്‍ ഷബ്‌നം അതറിഞ്ഞിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷം ജയിലില്‍ വച്ച് നടത്തുന്ന ചെക്കപ്പിലൂടെയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

എന്തിനു വേണ്ടിയാണ് ഷബ്‌നം, കാമുകന്‍ സലീമിനൊപ്പം ചേര്‍ന്ന് ഈ കൊലപാതകങ്ങള്‍ ചെയ്തത്?

ഷബ്നവും സലീമും ഒരേ ഗ്രാമത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ പരസ്പരം പ്രണയത്തിലായി. രണ്ടുപേരും ഒരേ മതത്തില്‍പ്പെടുന്നവരാണെങ്കിലും, വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഷബ്‌നം 22 വയസുള്ള സെയ്ഫി വിഭാഗത്തില്‍പെടുന്ന അധ്യാപികയും, സലിം 24 വയസുള്ള ദിവസവേതനത്തിനു ജോലി ചെയ്യുന്ന പത്താന്‍ വിഭാഗത്തില്‍പ്പെടുന്ന ചെറുപ്പക്കാരനുമാണ്. അടിമുടി ജാതീയതയുള്ള ഒരു സമൂഹത്തില്‍ അവര്‍ക്കൊരുമിക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.

ഷബ്നത്തിന്റെ നാത്തൂന്‍ അഞ്ചുമിന്റെ അച്ഛന്‍ ലാല്‍ മുഹമ്മദ്, പോലീസിന് നല്‍കിയ വിശദീകരണ പ്രകാരം, രണ്ടുപേരുടെയും പ്രണയം കുടുംബത്തിലുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതൊന്നുമല്ല. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് അഞ്ചും തന്നോട് വന്നു പറഞ്ഞത്, വിതുമ്പിക്കൊണ്ട് ലാല്‍ മുഹമ്മദ് കോടതിയില്‍ പറഞ്ഞു.

ഷബ്നത്തോടൊപ്പം ജോലിചെയ്ത നിശ്ചയ ത്യാഗി എന്ന അധ്യാപകനോട് ഷബ്‌നം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വീട്ടില്‍ ഷബ്നത്തെ കാണാന്‍ ഇടയ്ക്കിടയ്ക്ക് സലിം വരുമായിരുന്നു എന്നും സലിം വരുന്നത് ഇഷ്ടമല്ലാത്ത ഷബ്നത്തിന്റെ അച്ഛന്‍ ഷൗക്കത്തലി സ്ഥിരമായി അവളെ മര്‍ദ്ദിക്കുമായിരുന്നു എന്നും ഷബ്നത്തിന്റെ കസിന്‍ സുഖാന്‍ അലി പറയുന്നു.

ഒരു പരമ്പരാഗത സമൂഹത്തില്‍ നിന്ന് രക്ഷപെടാന്‍ ഏഴുപേരെ കൊല്ലുകയല്ലാതെ വേറെയും ഒരുപാട് വഴികളുണ്ടായിരുന്നു എന്ന് കേസിന്റെ വിചാരണ നടന്ന ജില്ലാ കോടതി ജഡ്ജ് വിചാരണ സമയത്ത് പറഞ്ഞു.

എട്ടാഴ്ച ഗര്‍ഭിണിയായിരുന്നു എന്ന് ഷബ്നത്തിനു അറിയില്ലായിരുന്നെങ്കിലും, എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു കൊണ്ട് തന്റെ കുടുംബസ്വത്ത് മുഴുവന്‍ സ്വന്തമാക്കാന്‍ കൂടിയാണ് ഷബ്‌നം ഇത് ചെയ്തത് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഈ സ്വത്ത് കൈവശം വച്ച് സലീമിന്റെയും കുട്ടിയുടെയും കൂടെ സുഖമായി ജീവിക്കാം എന്നതാണ് പ്രോസിക്യൂഷന്‍ പറഞ്ഞ മറ്റൊരു കാര്യം.

ഷബ്നത്തിന്റെ വക്കീല്‍ രസ്‌തോഗി നേതൃത്വം നല്‍കുന്ന ഷബ്നത്തിന്റെ ലീഗല്‍ ടീം ഈ വാദം പൊളിച്ചു. ജയിലില്‍ വച്ചുള്ള ചെക്കപ്പില്‍ വച്ചാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞു.

എങ്ങനെയാണു ഷബ്നവും സലീമും ഏഴുപേരെ കൊന്നത്?

ഒരു ചായയിലാണ് എല്ലാം തുടങ്ങുന്നത്. ചായയില്‍ കലര്‍ത്തി നല്‍കിയ മയക്കുമരുന്നില്‍ നിന്ന്. കൊല്ലാന്‍ പദ്ധതിയിട്ടതിന്റെ തൊട്ടു തലേ ദിവസം അതായത് 2008 ഓഗസ്റ്റ് 14 ആം തീയ്യതി സലിം ഒരു പഴക്കച്ചവടക്കാന്റെ സഹായത്തോടെ എല്ലാവരെയും മയാക്കാനാവശ്യമായ സെഡേറ്റീവ് സംഘടിപ്പിച്ച് ഷബ്നത്തിനു നല്‍കുന്നു. പിറ്റേന്ന് മയക്കുമരുന്ന് കലര്‍ത്തിയ ചായ കഴിച്ച് എല്ലാവരും മയങ്ങി എന്നുറപ്പിച്ച് ഷബ്‌നം സലീമിനെ വിളിച്ച് വരുത്തി. സലിം വന്നത് ഒരു മഴുവുമായിട്ടായിരുന്നു. ഷബ്‌നം ഓരോരുത്തരുടേതായി തല നേരെ പിടിച്ച് കൊടുത്തു. സലിം മഴുവുപയോഗിച്ച് കഴുത്തില്‍ വെട്ടി. ഇത് സലിം തന്നെ കൊലപാതകം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ബിലാല്‍ അഹമ്മദ് എന്ന പഴക്കച്ചവടക്കാരനോട് പറഞ്ഞതാണ്.

തന്നോട് സലിം പറഞ്ഞത് മുഴുവന്‍ ബിലാല്‍ അഹമ്മദ് പോലീസിനോട് പറഞ്ഞു. എനിക്കൊരു തെറ്റുപറ്റി എന്ന് പറഞ്ഞായിരുന്നു സലിം പറയാന്‍ തുടങ്ങിയത്. എനിക്ക് ഷബ്നത്തെ ഇഷ്ടമാണ്. അവള്‍ക്ക് എന്നെയും ഇഷ്ടമാണ്, അവളെന്റെ ഗ്രാമത്തില്‍ തന്നെയാണ്. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ച് മരിക്കണം എന്ന് കരുതിയതാണ്. ഒരുമിച്ചല്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല. എന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവളെ വീട്ടുകാര്‍ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ' ഇത്രയുമാണ് സലിം ബിലാലിനോട് പറഞ്ഞിരുന്നത്.

കൊലപാതകം നടക്കുന്നതിനു രണ്ടു ദിവസം മുമ്പ് സലീമിനെ പലരും ഫാര്‍മസികള്‍ക്കു മുമ്പില്‍ കണ്ടിരുന്നു. എന്നാല്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ സെഡേറ്റീവുകള്‍ ലഭിക്കാത്തതുകൊണ്ട് മടങ്ങിപ്പോരേണ്ടി വന്നു. അതിനു ശേഷമാണ് പഴക്കച്ചവടക്കാരന്റെ സഹായത്തോടെ സലിം സെഡേറ്റീവ് പില്ലുകള്‍ സംഘടിപ്പിച്ചു.

ചോരക്കറയുള്ള മഴു ഒരു കുളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും, ഉപയോഗിച്ച് കഴിഞ്ഞ സെഡേറ്റീവ് ഗുളികകളുടെ പാക്കറ്റുകള്‍ ഷബ്നത്തിന്റെ കയ്യില്‍ നിന്നും പോലീസ് കണ്ടെത്തി. ഷബ്‌നം തുടക്കത്തില്‍ മറ്റാരോ തന്റെ വീട്ടില്‍ കയറി മുഴുവന്‍ പേരെയും ആക്രമിച്ചു എന്ന് പറഞ്ഞ് പിടിച്ച് നില്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിചാരണയ്ക്കിടയില്‍ ഈ വാദം പൊളിഞ്ഞുപോയി. വീടിന്റെ ഇരുമ്പു വാതില്‍ അകത്ത് നിന്ന് അടച്ചിരുന്നു. അത് മറ്റാരെങ്കിലും പുറത്ത് നിന്ന് തുറക്കാന്‍ ശ്രമിച്ചതായി യാതൊരു തെളിവുകളുമില്ല. സംശയിച്ച ആളുകളുടേതല്ലാതെ മറ്റാരുടെയും വിരലടയാളവും അതിലുണ്ടായിരുന്നില്ല.

ആദ്യം ഓടി വന്ന ലത്തീഫ് ഉല്ലാഹ് ഖാന്‍ പറഞ്ഞത് ഷബ്നവും അവിടെ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു എന്നാണ്. എന്നാല്‍ പിന്നീട് 2015 ലെ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി പറഞ്ഞത് 'ഷബ്‌നം ബോധരഹിതയായതുപോലെ സ്വന്തം അച്ഛന്റെ മൃതദേഹത്തിനരികില്‍ കിടക്കാന്‍ കാരണം, മറ്റാരോ പുറത്ത് നിന്ന് വന്ന് ഈ കൊലപാതകങ്ങള്‍ നടത്തി പോയി എന്ന തോന്നലുണ്ടാക്കാനാണ് എന്നാണ്.'

എന്നാല്‍ സമൂഹത്തെ ഞെട്ടിച്ച ഈ കേസിന്റെ വാദം നടക്കുമ്പോള്‍ മറ്റു പല നാടകീയ സംഭവങ്ങളും നടന്നു. വിചാരണയ്ക്കിടെ ഷബ്നവും സലീമും പരസ്പരം കുറ്റപ്പെടുത്തിയതാണ് അതില്‍ ഏറ്റവും വിചിത്രമായത്. സലീമാണ് എല്ലാവരെയും കൊന്നത്, തനിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്ന് ഷബ്നവും. വൈന്‍ കുടിച്ച് കൊണ്ടിരുന്ന ഷബ്‌നം തന്നെ അങ്ങോട്ട് വിളിച്ച് വരുത്തിയെന്നും, ശേഷം ഷബ്‌നം തന്നെ എല്ലാവരെയും കൊന്നു എന്ന് സലീമും പറയുന്നത് ശരിക്കും കോടതികളെ പോലും ഞെട്ടിച്ചു.

ജില്ലാ കോടതി രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തൂക്കുകയര്‍ വിധിക്കുകയും ചെയ്തു.

അങ്ങനെ ഷബ്നവും സലീമും ജയിലിലാകുന്നു. കൊലപാതകങ്ങള്‍ നടന്ന് കൃത്യം എട്ടു മാസങ്ങള്‍ കഴിഞ്ഞ് ജയിലില്‍ വച്ചാണ് അവരുടെ മകന്‍ ബിട്ടു ജനിക്കുന്നത്. അതിനു ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രക്ഷിതാക്കളുടെ മകനായി ജനിക്കുന്നയാള്‍, ജനിച്ച സമയം മുതല്‍ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷയില്ലാത്ത ഒരാളായിരിക്കും. ഒരു കുട്ടി ജയിലില്‍ വച്ചു ജനിച്ച് കൃത്യം ആറു വയസായാല്‍ അയാള്‍ക്ക് ജയിലിനു പുറത്തേക്ക് മറ്റൊരാളുടെ സംരക്ഷണത്തില്‍ പോകാം.

എന്നാല്‍ ആറുവയസാകുന്നവരെ അദ്ധ്യാപിക കൂടിയായ ഷബ്‌നം ജയിലില്‍ വച്ച് തന്നെ ബിട്ടുവിനെ പഠിപ്പിക്കാന്‍ തുടങ്ങി. സ്വന്തം മകനെ മാത്രമല്ല സഹതടവുകാരുടെ മക്കളെയും. ആറു വയസായ ബിട്ടുവിനെ ഏറ്റെടുക്കുന്നത് ഷബ്നത്തിന്റെ കോളേജ് മേറ്റ് ആയ ഉസ്മാന്‍ സൈഫിയാണ്. ഫീസടക്കാന്‍ പൈസയില്ലാതെ റോള്‍ ഔട്ട് ആകാന്‍ ഇരുന്ന ഉസ്മാന്‍ സൈഫിക്ക് അന്ന് ഫീസടക്കാന്‍ പൈസകൊടുത്തത് ഷബ്നമായിരുന്നു. അന്ന് തന്റെ പഠനം പോലും നിന്ന് പോകാന്‍ സാധ്യതയുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് തിരിച്ചു കൊണ്ട് വന്ന ഷബ്നത്തിന് ഇങ്ങനെ കടം വീട്ടാമെന്നു പറഞ്ഞാണ് ഉസ്മാന്‍ സൈഫും ഭാര്യ വന്ദനയും മകനെ ഏറ്റെടുത്ത് വളര്‍ത്തതാന്‍ തീരുമാനിച്ചത്.

മകനെ ഏറ്റെടുക്കാമെന്ന് പറയുന്നതിന് മുമ്പ് ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യം ഉസ്മാന്‍ ചോദിച്ചു, 'എന്തിനാണ് നീ എല്ലാവരെയും കൊന്നത്?' എന്നായിരുന്നു ആ ചോദ്യം. ഷബ്‌നം ഒന്നും മിണ്ടിയില്ല. അതിനു ശേഷം കുട്ടിയെ ഏറ്റെടുക്കുന്ന കാര്യം പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഒരുപാട് സമയമെടുത്തു.

മാധ്യമ ശ്രദ്ധയും, ചുറ്റുമുള്ളവരുടെ ചോദ്യങ്ങളും ഇവനെ ഏറെ ബാധിക്കുന്നുണ്ടെന്നും. ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അവന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉസ്മാന്‍ പറയുന്നു. ബിട്ടുവിനുവേണ്ടി ഷബ്‌നം പുറത്തിറങ്ങിയേ മതിയാകൂ. അതിനു വേണ്ടി ഞങ്ങളും പോരാടുമെന്ന് ഉസ്മാന്‍ സെയ്ഫി ഉറപ്പിച്ച് പറയുന്നു.

പക്ഷെ കോടതികള്‍ ഒരിക്കലും ഷബ്നത്തോടും സലീമിനോടും അനുകമ്പ കാണിച്ചിട്ടില്ല. കേവലം ഒരു ഡെത്ത് സെന്റെന്‍സ് മാത്രമായിരുന്നില്ല 2015 ലെ വിധി. കോടതി അതിരൂക്ഷമായ ഭാഷയിലാണ് ആ വിധി പറഞ്ഞത്. മകളില്‍ നിന്ന് ചായ വാങ്ങി കഴിക്കുന്ന 'അമ്മ ഒരിക്കലും ചിന്തിക്കുന്നില്ല ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിട്ടുണ്ടെന്ന്. സഹോദരനോ നാത്തൂനോ അങ്ങനെ കരുതുന്നില്ല. പക്ഷെ ഷബ്നത്തിന് അറിയാമായിരുന്നു ആ ചായയുടെ അവസാന തുള്ളി ഇവരുടെ ജീവിതത്തിന്റെയും അവസാന തുള്ളിയായിരിക്കും എന്ന്. അത്ര ക്രൂരയാണിവള്‍ എന്നാണ് കോടതികളോരോന്നും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഷബ്നത്തിന്റെ വക്കീല്‍ ശ്രേയ രസ്‌തോഗിയും സംഘവും തൂക്കുകയര്‍ ഒഴിവാകുന്നവരെ എന്തുവില കൊടുത്തതും പോരാടും എന്ന തീരുമാനത്തിലാണ്. അവരുടെ വാദങ്ങള്‍ക്ക് കോര്‍ണെല്‍ ലോ സ്‌കൂള്‍ നടത്തിയ പഠനത്തിന്റെ പിന്തുണയുമുണ്ട്. കൊലപാതക കുറ്റങ്ങളില്‍ സ്ത്രീകളെ കൂടുതലായി ക്രൂരകളാക്കി ചിത്രീകരിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കോര്‍ണെല്‍ പഠനം പറയുന്നു. കുട്ടിയെ കൊന്ന 'അമ്മയെ വധശിക്ഷ ലഭിക്കേണ്ടത്രയും ക്രൂരയായിട്ടാണ് കാണുന്നത്. എന്നാല്‍ പുരുഷന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇത്രത്തോളം ക്രൂരമായി ചിത്രീകരിക്കപ്പെടുന്നില്ല എന്നും കോര്‍ണെല്‍ ലോ സ്‌കൂള്‍ പഠനം പറയുന്നു. ഒരു സ്ത്രീ അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ പേരിലല്ല, സമൂഹം നിര്‍മ്മിച്ച സദാചാരബോധത്തിന്റെ പുറത്തതാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു തരത്തില്‍ വിച്ച് ഹണ്ടിങ് ആണ് നടക്കുന്നത് എന്നും പഠനത്തില്‍ പറയുന്നുണ്ട്.

ബച്ചന്‍ സിംഗ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലാണ് rarest among rare അഥവാ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മാത്രമേ വധശിക്ഷ നല്കാന്‍ പാടുള്ളു എന്ന നിബന്ധന വരുന്നത്. പക്ഷെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് എന്ന് എങ്ങനെ തീരുമാനിക്കും എന്നതാണ് ചോദ്യം.

ഷബ്‌നം അലി കേസില്‍ നല്‍കിയ മേഴ്സി പെറ്റീഷനുകള്‍ നിരന്തരം തള്ളുന്നതിനെ രാജ്യത്ത് മുമ്പ് വധശിക്ഷ ഒഴിവാക്കിയ കേസുകള്‍ ഉദ്ദരിച്ചുകൊണ്ട് നിയമവിദഗ്ധരും ഫെമിനിസ്റ്റുകളും എതിര്‍ക്കുന്നുണ്ട്. 2010 ജൂണില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള, ധര്‍മേന്ദര്‍ സിംഗ്, നരേന്ദ്ര യാദവ് എന്നിവര്‍ക്ക് തൂക്കുകയര്‍ ഒഴിവാക്കിയതാണ് ഇതിലൊന്ന്. 1994 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നുകളഞ്ഞു. അതില്‍ ഒരു പതിനഞ്ചു വയസുള്ള പെണ്കുട്ടിയുമുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ നരേന്ദ്ര യാദവ് ദിവസങ്ങള്‍ക്ക് മുമ്പ് റേപ്പ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അയാളില്‍ നിന്ന് രക്ഷപ്പെട്ടു, ആ ദേഷ്യം തീര്‍ക്കാന്‍ കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു നരേന്ദ്ര യാദവും ധര്‍മേന്ദര്‍ സിങ്ങും. പത്ത് വയസുള്ള ഒരു പയ്യനെ ജീവനോടെയാണവര്‍ ചുട്ടെരിച്ചത്.ഷബ്‌നം അലിയെ പോലെ വധശിക്ഷ നല്‍കുന്നതിനുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന നിബന്ധന അവര്‍ക്ക് ബാധകമല്ലായിരുന്നു.

2015 ലാണ് ഷബ്‌നം അലിയുടെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കണ്ടെത്തി സുപ്രീം കോടതി വധശിക്ഷയ്ക്കു വിധിക്കുന്നതും ഡെത്ത് വാറന്റ് പുറപ്പെടുവിക്കുന്നതും. എന്നാല്‍ വധശിക്ഷയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റ് 39 എ എന്ന മൂവേമെന്റ് മുന്നോട്ടു വന്നതിലൂടെ ആ വാറന്റ് റദ്ദാക്കപ്പെട്ടു. പലതവണ യു.പി. ഗവര്‍ണര്‍ക്കും പ്രസിഡന്റിനും മേഴ്സി പെറ്റീഷനുകള്‍ അയച്ചു. ഷബ്നത്തിന്റെ മകന്‍ ബിട്ടു തന്റെ അമ്മയെ വെറുതെ വിടണമെന്ന് പറഞ്ഞ് പ്രസിഡന്റിനെഴുതിയ കത്തും വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

ഏറ്റവുമൊടുവില്‍ ഷബ്‌നം അലി കേസ് ചര്‍ച്ചയിലേക്ക് വരുന്നത് 2021 ഫെബ്രുവരിയില്‍ രാജ്യത്തെ ഏക ആരാച്ചാരായ പവന്‍ കുമാര്‍ യു.പി ജയില്‍ സന്ദര്‍ശിച്ച സമയത്തതാണ്. ഷബ്നത്തെ ഉടന്‍ തൂക്കിലേറ്റും എന്ന ചര്‍ച്ചകള്‍ ആ സമയത്ത് വീണ്ടും ആരംഭിച്ചു.

മഥുര ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ അഖിലേഷ് കുമാര്‍ പറയുന്നത് പ്രകാരം ഡെത്ത് വാറന്റ് വന്നിട്ടല്ല അവര്‍ ആരാച്ചാരെ വിളിച്ചത്, സാങ്കേതികമായി എല്ലാം ശരിയാണോ എന്ന് നോക്കുകയാണ് ചെയ്യുന്നതെന്നാണ് പറഞ്ഞത്. ഡെത്ത് വാറന്റ് കിട്ടിയതിനു ശേഷം മാത്രമേ ഞങ്ങള്‍ തൂക്കുകയര്‍ ഓര്‍ഡര്‍ ചെയ്യൂ എന്നും അഖിലേഷ് കുമാര്‍ പറയുന്നു.

ഷബ്നത്തിന്റെ മകനെ വളര്‍ത്തുന്ന ഉസ്മാന്‍ സൈഫി പറയുന്നു, ഷബ്‌നം തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരേണ്ടത് മകന്‍ ബിട്ടുവിനു വേണ്ടിയാണ്. ജനിച്ച അന്ന് മുതല്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടയാളാണ് ബിട്ടു. അവന്‍ ജീവിക്കുന്നത് തന്നെ സ്വന്തം 'അമ്മ രക്ഷപ്പെടും എന്ന പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ അധികം പ്രതീക്ഷ വെക്കാനാകുമോ അയാള്‍ക്ക് എന്നറിയില്ല. ഇത് ആ മകന്‍ ജീവിതം തിരിച്ചുപിടിക്കാന്‍ നടത്തുന്ന പോരാട്ടം കൂടിയാണ്.

ഷബ്നത്തെ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്ന ശ്രേയ രസ്‌തോഗി എന്ന അഡ്വക്കേറ്റ് പറയുന്നത്, വധശിക്ഷ വിധിച്ച കേസില്‍ ഒടുവില്‍ പരിഗണിക്കേണ്ടത് കുറ്റവാളിയെയാണ്, അല്ലാതെ കുറ്റകൃത്യത്തെയല്ല എന്നാണ്.

കുറ്റകൃത്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കാന്‍ കഴിയില്ല. എന്നാല്‍ കുറ്റവാളികളെ വിവേചനപൂര്‍വ്വം നേരിടുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വധശിക്ഷയയ്ക്കു വിധേയരാകുന്നവര്‍ എല്ലാ കാലത്തും ഒരു പ്രിവിലേജുമില്ലാത്ത, സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരാണ്. അതിനൊപ്പം കോര്‍ണെല്‍ ലോ സ്‌കൂള്‍ പഠനം പറയുന്നത് പോലെ സ്ത്രീകളെ വിലയിരുത്തുന്നതിലുള്ള സമൂഹത്തിന്റെ സദാചാര ബോധം കൂട്ടിവായിക്കപ്പെടുമ്പോള്‍ ഷബ്‌നം അലിയുടെ കേസും നിയമപോരാട്ടവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in