റോജർ ഫെഡറർ; ടെന്നീസ് കോർട്ടിൽ ഇതിഹാസം കുറിച്ച സ്വിസ് പ്രതിഭ

എട്ടാം വയസ്സിൽ കളിച്ചു തുടങ്ങിയ, പതിനാലാം വയസ്സിൽ ജൂനിയർ ചാമ്പ്യനായ, പതിനേഴാം വയസ്സിൽ ജൂനിയർ വിമ്പിൾഡൺ ചാമ്പ്യൻഷിപ്പ് നേടിയ, പതിനെട്ടാം വയസ്സിൽ ലോക ടെന്നീസ് റാങ്കിങ് പട്ടികയിൽ ആദ്യ നൂറിൽ ഇടം പിടിച്ച, പിന്നീട് 24 വർഷത്തോളം ടെന്നീസിന്റെ പുൽമൈതാനത്ത് റാക്കറ്റ് കൊണ്ട് നൃത്തം വെച്ച സ്വിസ്സ്‌ ഇതിഹാസം, റോജർ ഫെഡറർ.

പീറ്റ് സാംപ്രാസ് വെന്നിക്കൊടി പാറിച്ച ടെന്നീസ് മൈതാനത്തേക്ക് ഫെഡറർ വരവറിയിച്ചത് അതേ സാമ്പ്രാസിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു. പിന്നീട് സാംപ്രാസ് പടുത്തുയർത്തിയ റെക്കോർഡുകളൊക്കെ സ്വന്തം പേരിൽ കുറിച്ചിട്ട് ലോക ടെന്നീസിൽ ഫെഡറർ അത്ഭുതമായി മാറി. സാമ്പ്രാസിനു അഗാസിയെന്ന പോലെ ഫെഡറർക്കും മൈതാനത്തൊരു വില്ലനുണ്ടായിരുന്നു. റാഫേൽ നദാൽ. മൈതാനത്തവർ വാശിയോടെ പോരടിച്ചെങ്കിലും അന്യോന്യം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ഫെഡററുടെ റെക്കോർഡുകൾ പോലെ അയാളുടെ സൗമ്യമാർന്ന സ്വഭാവവും ടെന്നീസ് ലോകത്ത് ചർച്ചയായിരുന്നു. രണ്ടും ചേർന്ന് അയാളെ ലോക ടെന്നീസ്ആരാധകരുടെ പ്രിയപ്പെട്ടവനാക്കി.

2001 ൽ വിംബിൾഡണിന്റെ നാലാം റൗണ്ടിലായിരുന്നു റോജർ ഫെഡറർ സാമ്പ്രാസിനെ വീഴ്ത്തിയത്. തുടർച്ചയായ അഞ്ചാം വിംബിൾഡൺ ലക്ഷ്യമിട്ട് എത്തിയ ലോക ഒന്നാം നമ്പർ താരമായിരുന്ന സാമ്പ്രാസിനെ അട്ടിമറിച്ച ഫെഡറർക്ക് അന്ന് പ്രായം വെറും പത്തൊമ്പത് വയസ്സ് മാത്രമായിരുന്നു. അന്നത്തെ ആ അട്ടിമറി ഒരു തുടക്കം മാത്രമായിരുന്നെന്ന് പിന്നീടുള്ള വർഷങ്ങൾ തെളിയിച്ചു. റെക്കോർഡ് പുസ്തകത്തിൽ സംപ്രാസിന്റെ പേരിനു മുകളിൽ ഫെഡറർ കയറിയിരുന്നു. സാമ്പ്രാസിന്റെ 7 വിംബിൾഡണിനെ 8 വിംബിൾഡൺ കൊണ്ടും, സാമ്പ്രാസിന്റെ 14 ഗ്രാൻഡ്സ്ളാമിനെ 20 ഗ്രാൻഡ്സ്ളാം കൊണ്ടും ഫെഡറർ അപ്രസക്തമാക്കി.

2002 ആയപ്പോഴേക്കും ലോക റാങ്കിംഗ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കുതിക്കാൻ ഫെഡറർക്ക് കഴിഞ്ഞു. ആദ്യ വിംബിൾഡൺ നേടിയ 2003 തൊട്ട് 2005 വരെ നീണ്ട കാലം ഫെഡററുടെ കായികജീവിതത്തിലെ മികച്ച അധ്യായമായിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും നേടിയ 2004 ൽ കളിച്ച17 ടൂർണമെന്റിൽ 11 ലും വിജയിച്ച് ലോക ഒന്നാം നമ്പർ സ്ഥാനത്ത് ചെന്നുതൊടുകയും ചെയ്തു. 2005 ൽ ഒരു വിംബിൾഡനും ഒരു യുഎസ് ഓപ്പണും വിജയിച്ച ഫെഡറർ കളിച്ച 15 ടൂർണമെന്റിൽ 11 ഉം ജയിച്ചു. 2008 ൽ ഫെഡററുടെ ഒന്നാം സ്ഥാനം റാഫേൽ നദാൽ കൈവശപ്പെടുത്തിയെങ്കിലും തൊട്ടടുത്ത വർഷം തന്നെ അത് തിരിച്ച് പിടിക്കാൻ ഫെഡററിന് കഴിഞ്ഞു.

കരിയറിൽ അഞ്ച് യുഎസ് ഓപ്പണും ആറ് ഓസ്‌ട്രേലിയൻ ഓപ്പണും 8 വിംബിൾഡനും സ്വന്തമാക്കിയ ഫെഡററിന് ഫ്രഞ്ച് ഓപ്പൺ ഒരിക്കൽ മാത്രമാണ് നേടാനായത്. 2009 ൽ ആയിരുന്നു അത്. ഗ്രാൻഡ്സ്ളാമിൽ സാമ്പ്രാസിന്റെ റെക്കോർഡായ 14 നു മുന്നിലേക്ക് ഒരു കിരീടം കൂടി കൊണ്ടുവെച്ച് റെക്കോർഡ് സൃഷ്ടിച്ചതും 2009 ൽ തന്നെ. വിമ്പിൾഡണിന്റെ വേദിയിൽ അന്ന് ആന്റി റോഡിക്കിനെ 5 സെറ്റ് നീണ്ട ത്രസിപ്പിക്കുന്ന മത്സരത്തിൽ പരാജയപ്പെടുത്തിയാണ് ഫെഡറർ സാമ്പ്രാസിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചതും ഒന്നാം റാങ്കിലേക്ക് തിരിച്ചുവന്നതും. അന്ന് ഫെഡറർ പുതിയ ചരിത്രം കുറിക്കുമ്പോൾ കാണികളുടെ ഇടയിൽ സാംപ്രസും ഉണ്ടായിരുന്നു.

2013 മുതൽ റോജർ ഫെഡറർ പരിക്കുകൾ കൊണ്ട് പരീക്ഷിക്കപ്പെട്ടു. തുടരെ തുടരെയുള്ള പരാജയങ്ങൾ ഫെഡററുടെ കരിയറിനെ കരിനിഴലിലാക്കി. പരിക്ക് രൂക്ഷമായതിനെ തുടർന്ന് പല ടൂർണമെന്റുകളിൽ നിന്നും വിട്ടുനിന്നു. 310 ആഴ്ചകൾ ലോക ഒന്നാം നമ്പർ പട്ടികയിൽ നിലനിന്ന് റെക്കോർഡിട്ട റോജോയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അയാൾ അസ്തമയത്തിലേക്ക് മെല്ലെ നടന്നുപോവുകയായിരുന്നു.

2017 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനെത്തുമ്പോൾ റാങ്കിംഗ് പട്ടികയിൽ ആദ്യ പത്തിലും അയാളുടെ പേരുണ്ടായിരുന്നില്ല. കടുത്ത ആരാധകർക്ക് പോലും അയാളിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നിട്ടും അയാൾ ഫൈനലിലെത്തി. ഫൈനലിൽ എതിരാളി ചിരവൈരിയായ നദാൽ. നേരിട്ട് ഏറ്റുമുട്ടിയതിന്റെ കണക്കെടുത്താൽ നദാലിനുള്ള മുൻതൂക്കവും ഫെഡററുടെ നഷ്ടപ്രതാപവും നദാലിനനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ആദ്യ സെറ്റ് തന്നെ സ്വന്തമാക്കി ഫെഡറർ നദാലിനെയും ടെന്നീസ് ലോകത്തെയും ഞെട്ടിച്ചു. 5 സെറ്റിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഫെഡറർ വിജയിച്ച് കയറുമ്പോൾ ആ ആഹ്ലാദനിമിഷത്തിൽ ഫെഡറർ ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. ആ വിജയം അയാൾ അത്ര കണ്ട് കൊതിച്ചിരുന്നു.

ആ വർഷം തന്നെ വിംബിൾഡൺ കിരീടവും നേടിയ ഫെഡറർ, ലോകത്തോട് വിളിച്ചുപറഞ്ഞത്, ഇത് തന്റെ എട്ടാമത്തെ വിംബിൾഡൺ ആണെന്നും ഇത് സർവകാല റെക്കോർഡാണെന്നും ആയിരുന്നില്ല. മറിച്ച് താൻ അസ്തമിച്ചിട്ടില്ല എന്നായിരുന്നു. തനിക്കിനിയും ബാല്യമുണ്ടെന്നായിരുന്നു. തൊട്ടടുത്ത വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ കൂടി കരസ്ഥമാക്കി 20 ഗ്രാൻഡ്സ്ളാമുകൾ എന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. വീണ്ടും പരിക്കുകളുടെ പിടിയിൽ അമർന്ന ഫെഡറർ 2022 ൽ ടെന്നീസ് ക്വാർട്ടിനോട് എന്നെന്നേക്കുമായി വിട പറയുകയായിരുന്നു. അതുല്യവും അനന്യവും അതിസുന്ദരവുമായ ശൈലി കൊണ്ട് റോജർ ഫെഡറർ എന്ന സ്വിട്സർലാന്റുകാരൻ ടെന്നീസ് ക്വാർട്ടറിൽ തീർത്ത മാസ്മരിക പ്രകടനങ്ങൾ എക്കാലവും ഓർമിക്കപ്പെടുക തന്നെ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in