ബ്രസീൽ‌ മറക്കുമോ റോബർട്ടോ കാർലോസിനെ; കളിക്കളത്തിലെ കൊടുങ്കാറ്റിനെ

ബ്രസീലിയൻ കാൽപന്ത് കളിയിൽ പ്രതിഭകൾക്ക്‌ ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. ഓരോ കാലങ്ങളിലും കാൽപന്തിന്റെ ലോകത്ത് ആ രാജ്യത്തെ അടയാളപ്പെടുത്താൻ അവർക്ക് ഓരോ പേരുകളുണ്ടായിരുന്നു. പെലെ തൊട്ട്‌ ഇന്ന് നെയ്മർ വരെ. എന്നാലും അക്കൂട്ടത്തിൽ ഒരാളെ കുറിച്ചോർക്കുമ്പോൾ, കാനറികളുടെ കളികണ്ട് കാൽപന്തിനെ പ്രണയിച്ച ഓരോ ഫുട്ബോൾ ആരാധകനും ഇന്നും അത്ഭുതമാണ്.

മൈതാനത്ത്‌ അയാളൊരു മിന്നൽ പിണരായിരുന്നു. വേഗത കൊണ്ട്‌ എതിരാളിയുടെ കാൽകീഴിൽ നിന്നുമയാൾ പന്ത്‌ റാഞ്ചി പറന്നുപോകുമ്പോൾ കാണികളുടെ ഹൃദയമിടിപ്പിന് അയാളുടെ കാലുകളേക്കാൾ വേ​ഗമേറും. വെടിയുണ്ടകൾ മാതിരി തൊടുത്തുവിടുന്ന ഷോട്ടുകൾ കൊണ്ട്‌ എത്രയോ തവണ മസ്തകങ്ങളെ ചിതറിപ്പിച്ചിട്ടുണ്ട്‌. അയാളുടെ ത്രോയ്ക്ക്‌ മുന്നിൽ ഫ്രീകിക്കുകൾ നാണിച്ച്‌ നിന്നുപോയിട്ടുണ്ട്‌. തന്റെ കണ്ണഞ്ചിപ്പിക്കുന്ന കളിയഴക് കൊണ്ട് ​ഗ്രൗണ്ടിൽ എതിരാളികളെയും ​ഗ്യാലറിയിൽ ആരാധകരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയിരുന്ന റോബർട്ടോ കാർലോസ്‌ ഡസിൽവ റോച്ച. കാൽപന്ത് കളിയിലെ ഒരേയൊരു ബുള്ളറ്റ്‌ മാൻ.

വല തുളഞ്ഞുപോകുന്ന ഷോട്ടെന്നത്‌ അതിശയോക്തി കലർത്താതെ പറയാം. തീ തുപ്പുന്ന ഫ്രീകിക്കെന്ന് സാഹിത്യം പുരട്ടാതെ എഴുതാം, എതിരാളികൾക്ക് എന്നും പാഞ്ഞടുക്കുന്ന മദയാനയായിരുന്നയാൾ. അയാൾ ഖത്തറിൽ തന്റെ രാജ്യത്തിന്റെ കളി കാണാൻ വന്നിരിക്കുമ്പോൾ, ഇടക്കൊക്കെ അയാളുടെ മുഖത്തേക്ക്‌ ക്യാമറ എത്തി നോക്കുമ്പോൾ, കാൽപന്തിനെ ജീവശ്വാസമായി പ്രണയിക്കുന്ന ലോകത്തിന്റെ നാനാകോണുകളിൽ കിടക്കുന്ന മനുഷ്യരുടെ ഓർമ്മകളിലേക്ക് കാൽപന്തിന്റെ നിറം മങ്ങാത്തൊരു സുന്ദര ഭൂതകാലം ഇരച്ചെത്തിയിട്ടുണ്ടാകും.

അയാളെ ഫുട്ബോൾ പ്രേമികൾക്ക്‌ പ്രിയങ്കരനാക്കിയത്‌ 1998 ലോകക്കപ്പിന് മുന്നോടിയായി നടന്ന ബ്രസീൽ-ഫ്രാൻസ്‌ മത്സരത്തിലെ ആ ഫ്രീകിക്കാണ്. ബനാന കിക്കെന്ന് പിന്നീട്‌ ലോകം വാഴ്തിപ്പാടിയ ഫ്രീ കിക്ക്‌. പോസ്റ്റിൽ നിന്ന് 35 മീറ്റർ അകലെ നിന്ന് ലഭിച്ച ഫ്രീ കിക്ക്‌ ഗോൾ പോസ്റ്റിലേക്ക്‌ ലക്ഷ്യം വയ്ക്കുമെന്ന് സാമാന്യബോധമുള്ളവരൊന്നും കരുതിയിരുന്നില്ല. കിക്കെടുക്കാൻ നിയുക്തനായ റോബർട്ടോ കാർലോസ്‌ പക്ഷേ എല്ലാം കണക്കുകൂട്ടിയിരുന്നു.

അയാൾ പതിവിനും കൂടുതൽ പുറകോട്ട്‌ നടന്നു. മുന്നിൽ ഫ്രാൻസിന്റെ താരങ്ങൾ തീർത്ത വന്മതിലുണ്ട്‌. അതിനപ്പുറം കഴുകനെ പോലെ കാത്തിരിക്കുന്ന ഫാബിയസ്‌ ബർത്തേസ്‌ എന്ന മികവുറ്റ ഗോൾ കീപ്പറുണ്ട്‌. ബർത്തേസ്‌ സഹതാരങ്ങൾക്ക്‌ നിർദ്ദേശങ്ങൾ നൽകി എല്ലാ പഴുതുകളും അടച്ചിട്ടുമുണ്ട്‌. റോബർട്ടോ കാർലോസ്‌ എന്ന 24 കാരൻ പക്ഷേ ശാന്തനായിരുന്നു. അയാൾ റൺ ചെയ്ത്‌ തുടങ്ങി. കലിയിളകിയ ഒരു മദയാനയെ പോലെ കുതിച്ച് ഇടം കാലുകൊണ്ടൊരു കിക്ക്.

ഫ്രെഞ്ച്‌ മതിലിന്റെ വശം ചേർന്ന് പറന്ന പന്ത് പുറത്തേക്ക് പോകുമെന്ന് എല്ലാവരും കരുതി. ​ഗോൾ പാഴായെന്ന ആശ്വാസം ബർത്തേസിനും ഉണ്ടായിക്കാണണം. നിരാശരായ ബ്രസീൽ ആരാധകർ ​ഗ്യാലറിയിൽ മുഖം താഴ്ത്തി. പെട്ടെന്നൊരാരവം ​ഗ്യാലറിയെ ഇളക്കി മറിച്ചു. പോസ്റ്റിന് ഇടതുവശത്തേക്ക് പറന്നുയർന്ന ബോൾവായുവിൽ നിന്ന് കറങ്ങിത്തിരിഞ്ഞ് ​ഗോൾ പോസ്റ്റിലേക്ക്. ഒന്നും മനസിലാകാതെ ഫാബിയസ് ബർത്തേസ് എന്ന് കരുത്തനായ ​ഗോൾകീപ്പർ നടുവിന് കൈകൊടുത്ത് നിന്നു. സ്റ്റേഡിയം ഇളകി മറിഞ്ഞു.

റോബർട്ടോ കാർലോസ്‌ ഒരിക്കലും ഒരു നദിയായിരുന്നില്ല. അത്‌ അരുമയോടെ ഒഴുകിയിട്ടേ ഇല്ല. അയാളൊരു കടലായിരുന്നില്ല, ഏറ്റക്കുറച്ചിലുകളുള്ള തിരമാലകൾ അയാളിലുണ്ടായിരുന്നില്ല. കാൽപന്ത് കളിയിലെ ബ്രസീലിയൻ സുനാമിയാണയാൾ. നിങ്ങൾ ആഗ്രഹിച്ചാലുമില്ലെങ്കിലും നിങ്ങൾക്കതിനെ നെഞ്ചിൽ പേറേണ്ടി വരും.

ഒറ്റയ്ക്ക്‌ ദുരന്തം വിതയ്ക്കാൻ കെൽപ്പുള്ള വിനാശകാരിയായ ഫുട്ബാളർ. ഒരു കരുണയും അയാൾ കാണിച്ചിട്ടില്ല. ഒരു ഗുഡ്‌ സർട്ടിഫിക്കറ്റിന് വേണ്ടിയും മാന്യത അഭിനയിച്ചിട്ടില്ല. അയാളുടെ കാൽപന്തുകളി കണ്ട് കവിത എഴുതാൻ ആർക്കും കഴിയുമായിരുന്നില്ല. കാരണം കളിക്കളത്തിലയാൾ തെല്ലും മയമില്ലാതെ ഇടിച്ചുകുത്തിപെയ്യുമ്പോൾ ശത്രുവിനും മിത്രത്തിനും തരിച്ചിരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. കളിക്കളത്തിൽ ആർക്കും പിടികൊടുക്കാതെ നാശം വിതക്കുന്ന കൊടുങ്കാറ്റായിരുന്നയാൾ.

അടിച്ചതിനേക്കാളേറെ അടിപ്പിച്ച ചരിത്രമുണ്ട്‌ റോബർട്ടോയ്ക്ക്‌. എറിഞ്ഞുവീഴ്ത്തുക എന്നത്‌ ഒരു പ്രയോഗമാണെങ്കിൽ റോബർട്ടോയാണ് അതിന്റെ പ്രയോക്താവ്‌. മീറ്ററുകളോളം നീളത്തിൽ അയാൾ എറിഞ്ഞിട്ട ത്രോകൾ ഗോളുകളായി മാറിയ ചരിത്രമുണ്ട്‌. ചരിത്രത്തിൽ റോബർട്ടോ ഉണ്ടോ എന്ന ആശങ്കക്ക് അർഥമില്ലെന്ന് പറയേണ്ടിവരും. കാരണം അയാൾ ഒറ്റയ്ക്കൊരു ചരിത്രമാണ്. ആ ചരിത്രം ഖത്തറിൽ ബ്രസീലിന്റെ കളി കാണാനെത്തുമ്പോൾ, നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത്‌ ജനിച്ചല്ലോ എന്ന് ആത്മരതി കൊള്ളാത്ത ഫുട്ബോൾ പ്രേമികളുണ്ടാകില്ല.

അയാൾ ഉറക്കം കെടുത്തുന്ന ഒരു പേടിസ്വപ്നം പോലെ ഭീകരമാണ്. അയാൾ അടിമുടി വന്യതയാണ്. അയാളെ മൈതാനത്ത്‌ കണ്ടവർക്ക്‌ അതറിയാം. അയാളെ ഓർക്കുമ്പോൾ, അയാൾക്കൊപ്പം പാഞ്ഞെത്താൻ കഴിയാതെ പാതിയിൽ നിന്നുപോകുന്ന എതിർക്കളിക്കാരുടെ വിളറിയ മുഖങ്ങൾ ഓർമ്മയിൽ നിറയാതിരിക്കില്ല. എത്രയോടിയാലും കിട്ടില്ലെന്ന് ഉറപ്പിച്ചിരുന്ന പന്തുകൾ വാരകൾ അകലെ നിന്ന് ഒരു പരുന്തിനെ പോലെ പറന്നെത്തി കാലിലിറുക്കി പാസ്‌ ചെയ്ത്‌ മടങ്ങുന്ന അയാളുടെ രൂപത്തെ കാൽപന്തിനെ സ്നേഹിക്കുന്നവർ മറക്കുന്നത്‌ എങ്ങനെയാണ്.

നിങ്ങളുടെ ലെജൻഡ്സ്‌ ബുക്കിൽ അയാളുടെ പേരുണ്ടോ എന്നറിയില്ല. അതയാൾക്ക്‌ ആവശ്യവുമില്ല. കാരണം ലോക ഫുട്ബാളിൽ ഒരേയൊരു ബുള്ളറ്റ്‌ മാനേ ഇന്നോളം ഉണ്ടായിട്ടൊള്ളു. അയാളുടെ പേരാണ് റോബർട്ടോ കാർളോസ്‌ ഡസിൽവ റോച്ച.

Related Stories

No stories found.
logo
The Cue
www.thecue.in