ഒരു ചായക്ക് 100 രൂപ; ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ എന്താണ്

ഒരു ചായക്ക് 100 രൂപ; ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ എന്താണ്

1948 സ്വാതന്ത്ര്യം ലഭിച്ച ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. കടലാസ് വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് സ്‌കൂളുകളില്‍ പരീക്ഷ പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നാ രാജ്യം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. നിലനില്‍പ്പിനായി രാജ്യത്തെ ഭക്ഷണശാലകള്‍ എല്ലാം വില വര്‍ധിപ്പിച്ചു. ഒരു പാല്‍ച്ചായക്ക് ഇപ്പോള്‍ വില 100 രൂപയാണ്.

രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ജനം പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ അരിയും പാലും അടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്ക് പോലും അനിയന്ത്രിതമായി വില ഉയരുകയാണ്.

എല്ലാ ഉല്‍പ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതുകൊണ്ട് തന്നെ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും ധാന്യങ്ങളുടെ പോലും വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പാല്‍പ്പൊടിയുടെ വില അവസാനമായി ഉയര്‍ത്തിയത് 2021 ഡിസംബറിലായിരുന്നു. അന്ന് 400 ഗ്രാം പാക്കറ്റിന് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയര്‍ത്തിയത്. എന്നാല്‍ നിലവിലെ വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് ഇത് 2000 രൂപയാണ്.

വിനോദ സഞ്ചാരമായിരുന്നു ലങ്കയുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി ഈ മേഖല പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. ഇതോടെ ആ വരുമാനം നിലച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ കുറച്ചുകാലങ്ങളായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യന്‍ ഡോളറോളും വിദേശകടവുമുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. കാറുകള്‍, ഫ്ലോര്‍ ടൈലുകള്‍ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവില്‍ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. ചില ഭരണ നയങ്ങളും രാജ്യത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ കാരണമായിട്ടുണ്ട്. ഒര്‍ഗാനിക് ഫാമിംഗ്് പോലെയുള്ള പല തീരുമാനങ്ങളിലേക്കും എടുത്ത് ചാടി പെസ്റ്റിസൈഡുകള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി നിരോധിച്ചിരുന്നു. ഇത് കാര്‍ഷിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. ഇതൊക്കെ നിലവിലെ സാഹചര്യത്തിലേക്ക് ശ്രീലങ്കയെ എത്തിക്കുന്നതില്‍ കാരണമായിട്ടുണ്ട്.

പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പമ്പുകളില്‍ മണിക്കൂറുകളോളം കാത്തുകിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപയുമായി. ഇതോടെ രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മൂലധനമില്ല എന്ന കാരണം കൊണ്ട് സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ദിവസം ഏഴരമണിക്കൂറാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയതോടെ കൊളംബോയില്‍ രാജപക്സയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ അക്രമാസക്തരായി അണിനിരന്നത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ തെരുവ് യുദ്ധം നടത്തുന്നത്.

സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി, ഇനിയും സഹിക്കാനാകുമോ ഈ ദുരിതം എന്ന ബാനറുകളും ഫ്ലക്സുകളുമായി, പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ്.

വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെയാണ് അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോലും നിവൃത്തിയില്ലാത്ത വിധം ശ്രീലങ്കന്‍ സാമ്പത്തികമേഖല തകര്‍ന്നടിഞ്ഞത്. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in