മതനിരപേക്ഷതയുടെ ചരമക്കുറിപ്പല്ലാതെ മറ്റെന്ത്?

തര്‍ക്കകാലത്ത് അയോധ്യ പ്രശ്‌നം കോടതി തീരുമാനിക്കട്ടെ എന്ന് പലരും പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തിരുന്നവരാണ് ആര്‍എസ്എസും ബിജെപിയും. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് അഡ്വാനി ഉള്‍പ്പെടെ വാദിച്ചത്. ഇവിടെ കോടതിക്ക് സ്ഥാനമില്ലെന്നും വാദിച്ചു. അന്ന് എല്‍കെ അദ്വാനി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ഇപ്പോഴും ചെവിയില്‍ പ്രതിധ്വനിക്കുന്നുണ്ട്. അവിടെ നിന്നെല്ലാം വലിയ കരണംമറച്ചിലിലേക്ക് ബിജെപിയും ഹിന്ദുത്വരാഷ്ട്രീയവും പോകുന്നു. ശ്രീരാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ഹിന്ദുരാഷ്ട്രത്തിന്റെ തറക്കല്ലിടലായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു സെക്യുലര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് പള്ളി പൊളിച്ച് പണിയുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. അതില്‍ ആരും അസ്വാഭാവികത കാണുന്നില്ല. മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തുന്നില്ല. അയോധ്യയുടെ കാര്യത്തില്‍ നമ്മുടെ ഭരണാധികാരികള്‍ക്കും നമ്മുടെ കോടതികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍ പോലും മാധ്യമങ്ങളില്‍ നിന്നുമുയരുന്നില്ലെന്നത് നിരാശപ്പെടുത്തുന്നു. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച വലിയൊരു കുറ്റകൃത്യമാണെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്. ആ ക്രിമിനല്‍ ആക്ടിന് നേതൃത്വം കൊടുത്തവര്‍ക്ക് ആ സ്ഥലം വിട്ടുകൊടുത്തിരിക്കുന്നു. അവരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം പണിയുന്ന സാഹചര്യം സംജാതമാകുന്നു. അവരൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം വിലയിരുത്തുമ്പോള്‍ ആരിലെങ്കിലും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ചും, നീതിന്യായ സംവിധാനത്തെക്കുറിച്ചും ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തിയാല്‍ തെറ്റ് പറയാനാകില്ല.

Related Stories

No stories found.
logo
The Cue
www.thecue.in