ഇരു രാജ്യങ്ങൾക്കും ഒന്നും നേടാനില്ലാത്ത യുദ്ധം

ഓരോ ദിവസവും മരണത്തെ മുന്നിൽ കണ്ട് അനിശ്ചിതത്വത്തിൽ കഴിയേണ്ടി വരുന്ന ഒരു ജനത. എവിടെ ബോംബ് പൊട്ടുമെന്നറിയാതെ ഉറക്കമില്ലാത്ത എത്രയോ ദിനരാത്രങ്ങൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇതുവരെ കാണാത്ത തരത്തിലുള്ള, ഭയപ്പെടുത്തുന്ന, ഒരു യുദ്ധം. അതേ, ഒരുപാട് പേരുടെ ജീവനെടുത്ത, ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെ പലായനത്തിന് കാരണമായ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരാണ്ട് തികഞ്ഞിരിക്കുകയാണ്. എന്നാൽ, പിന്മാറാൻ റഷ്യയും കീഴടങ്ങാൻ യുക്രൈനും തയാറാവാത്ത ഈ ഘട്ടത്തിൽ യുദ്ധം അനശ്ചിതമായി മുന്നോട്ട് പോകുമെന്നത് തീർച്ചയാണ്. പക്ഷെ, ഏതൊരു യുദ്ധത്തിലെന്നപോലെയും നിരപരാധികളായ എത്രയോ മനുഷ്യരുടെ കണ്ണീരും തീരാദുരിതവുമാണ് ഇവിടെയും ബാക്കിപത്രം. എന്നിരുന്നാലും യുദ്ധത്തിന് അവസാനം കാണാൻ യാതൊരുവിധ ശ്രമങ്ങളും നിലവിൽ നടക്കുന്നില്ലെന്നത് ഒരു യാഥാർഥ്യമാണ്. യുക്രൈനെ തോൽപ്പിക്കാമെന്നു കരുതിയ റഷ്യയുടെ പുടിൻ, നിലവിൽ മാനം രക്ഷിക്കാനുള്ള യുദ്ധമാണ് നടത്തുന്നത് എന്ന് വേണം പറയാൻ.

പ്രശ്നങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു?

ഇന്നും ഇന്നലെയുമല്ല, വർഷങ്ങൾ മുൻപുള്ള ചരിത്രം പരിശോധിക്കേണ്ടി വരും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ. 1949ൽ നാറ്റോ രൂപീകരിക്കുന്നത് മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് സോവിയറ്റ് യൂണിയൻ വികസിയ്ക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ്. നിലവിൽ 30 രാജ്യങ്ങൾ അംഗങ്ങളായുള്ള ഒരു intergovermental സൈനിക സഖ്യമാണ് നാറ്റോ. ഒരു നാറ്റോ അംഗരാജ്യം ആക്രമണം നേരിടുമ്പോൾ എല്ലാ നാറ്റോ അംഗരാജ്യങ്ങളും ആ അധിനിവേശത്തിനെതിരെ പ്രവർത്തിക്കും. രണ്ടാം ലോകയുദ്ധത്തിന് ശേഷവും വൻ ശക്തിയായി നിലകൊണ്ട അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച നാറ്റോയിൽ പിന്നീടാണ് മറ്റ് യൂറോപ്പ്യൻ രാജ്യങ്ങൾ ചേരുന്നത്. ഇത്തരത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും കരിങ്കടലിനോട് ചേർന്ന് കിടക്കുന്നതുമായ യുക്രൈൻ നാറ്റോയിൽ ചേരുന്നത് സ്വാഭാവികമായും റഷ്യ തടയുന്നു. താരതമ്യേന ചെറിയ സൈനിക ശക്തിയായ യുക്രൈൻ നാറ്റോയിൽ ചേരുന്നതോടെ റഷ്യയുടെ ഭാവിക്ക് ഭീഷണിയാവുമെന്ന് പുടിൻ ഭയപ്പെടുന്നു.

എന്നാൽ 2021ലാണ് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുക്രെയിനിനെ നാറ്റോയിൽ ചേരാൻ അനുവദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുന്നത്. ഇത് റഷ്യയെ വീണ്ടും ചൊടിപ്പിച്ചു. അതോടെ സംഘർഷം രൂക്ഷമായി. ഏകദേശം 44 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ യുക്രൈൻ, വിസ്തീർണ്ണം അനുസരിച്ച് റഷ്യയേക്കാൾ 28 മടങ്ങ് ചെറിയ രാജ്യമാണ്. പക്ഷെ, 2014ൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുകയും ക്രൈമിയൻ ഉപദ്വീപ് പിടിച്ചടക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പുടിന്റെ പിന്തുണയുള്ള വിമതർ കിഴക്കൻ യുക്രൈനിന്റെ വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യവുമായി യുദ്ധം ചെയ്യുകയും ചെയ്തു. ഈ യുദ്ധം 14,000-ലധികം ജീവനുകളാണ് അപഹരിച്ചത്.

യുക്രൈനിനെതിരായ സൈനിക നടപടിക്ക് വ്ളാദ്മിർ പുടിൻ 2022 ഫെബ്രുവരി 24നു അനുമതി നൽകി. പ്രത്യേക മിലിട്ടറി ഓപ്പറേഷൻ എന്നാണു പുടിൻ ആദ്യം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തോടെ, യുക്രൈനിന്റെ മൂന്നു ദിശയിൽ നിന്ന് ഇരച്ചു കയറിയ റഷ്യൻ സൈന്യം തലസ്ഥാനമായ കീവ് വരെയെത്തി. പ്രസിഡണ്ട് വോളോഡിമർ സെലെൻസ്‌കി സ്ഥാനമൊഴിയണമെന്നും തങ്ങൾക്കു കീഴടങ്ങണമെന്നുമുള്ള ആവശ്യങ്ങൾക്കുമുന്നിൽ യുക്രൈനിന്റെ പ്രതിരോധം ലോക ശ്രദ്ധയാകർഷിച്ചു. സാധാരണക്കാരെ അണിനിരത്തി യുക്രൈൻ പ്രതിരോധിച്ച കരയുദ്ധത്തിൽ റഷ്യയുടെ പട്ടാളം തോറ്റു പിൻവാങ്ങി.പിന്നെയായിരുന്നു യുക്രൈനിലെ വൻനഗരങ്ങളിലുടനീളം റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിന്റെ കാഴ്ച ലോകം കണ്ടതും. റഷ്യയുടെ കൂട്ടയാക്രമണത്തിൽ പകച്ചു നിന്ന യുക്രൈൻ പ്രസിഡന്റ് കൊട്ടാരം വിട്ട് ഒളിവിൽ പോയി. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ആഴ്ചകൾക്കുള്ളിൽ തലസ്ഥാനം സംരക്ഷിക്കാൻ ശക്തമായ തിരിച്ചടിയുമായി യുക്രൈൻ സൈന്യം നഗരാതിർത്തികളിൽ നിലയുറപ്പിച്ചു. അപ്പോഴേക്കും യൂറോപിൽ നിന്നുള്ള ആയുധങ്ങൾ യുക്രൈൻ മണ്ണിലെത്തിയിരുന്നു.

വളരെവേഗമാണ് റഷ്യ, ഖെർസോൺ പ്രദേശം പിടിച്ചെടുത്തത്. മാർച്ച് മാസത്തിൽ ഒരുപാട് സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ യുക്രൈനിയൻ സേനയുടെ ശക്തമായ ചെറുത്തുനിൽപ്പിനെത്തുടർന്ന് റഷ്യ അവരുടെ യുദ്ധ ലക്ഷ്യങ്ങൾ പിന്നോട്ട് കൊണ്ടുപോകാൻ നിർബന്ധിതരായി. യുക്രൈൻ സൈന്യം വടക്കൻ പ്രദേശം തിരിച്ചുപിടിക്കാൻ തുടങ്ങി. ഏപ്രിലോടെ കരിങ്കടലിൽ റഷ്യൻ പടക്കപ്പലായ മോസ്‌ക്വ യുക്രേനിയൻ മിസൈലാക്രമണത്തിൽ തകർന്നു. ഇത് റഷ്യയ്ക്ക് തിരിച്ചടിയായി. പക്ഷെ, മൂന്ന് മാസത്തെ ഉപരോധത്തെത്തുടർന്ന് റഷ്യ തന്ത്രപ്രധാന നഗരമായ മരിയുപോൾ പിടിച്ചെടുത്തു. അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് തകർന്നു; ഒഡെസ ഒഴികെയുള്ള എല്ലാ കരിങ്കടൽ തീരങ്ങളും റഷ്യ ഏറ്റെടുത്തു. ജൂണിൽ യുദ്ധത്തിന്റെ ഒന്നാം ദിവസം റഷ്യ പിടിച്ചെടുത്ത ഒഡേസയിലെ കരിങ്കടലിലെ സ്നേക്ക് ഐലൻഡ് യുക്രൈൻ തിരിച്ചുപിടിച്ചു; മനോവീര്യം വർധിപ്പിക്കുന്ന ആ വിജയം റഷ്യൻ നാവിക ശക്തിയുടെ പ്രഭാവലയത്തിൽ തട്ടി. പതിറ്റാണ്ടുകൾക്ക് ശേഷം ആണവ ഏറ്റുമുട്ടലിന്റെ സാധ്യത മുന്നിൽക്കണ്ട യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലെ സാപ്പ്രോഷ്യ ന്യൂക്ലിയർ പ്ലാന്റിന് നേരെയുള്ള റഷ്യൻ ഷെല്ലാക്രമണത്തെ ആത്മഹത്യാപരം എന്നാണു വിശേഷിപ്പിച്ചത്. തെക്കു കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപ്രോഷ്യ എന്നീ പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന പുടിന്റെ പ്രഖ്യാപനമാണ് പിന്നീട് വന്നത്. വലിയ ആഘോഷത്തോടെ കൂട്ടിച്ചേർക്കൽ ചടങ്ങ് നടന്നെങ്കിലും അതിവേഗം യുക്രൈൻ തിരിച്ചടിച്ചു. ഖെർസോൺ നഗരത്തിൽനിന്നു റഷ്യ പിന്തിരിഞ്ഞോടി. ഖാർഖിവ് അടക്കമുള്ള മറ്റു പ്രധാന കേന്ദ്രങ്ങളും റഷ്യക്ക് നഷ്ടമായി. ഇരുപക്ഷത്തിനും വലിയ നേട്ടങ്ങളില്ലാതെ യുദ്ധം വീണ്ടും നീണ്ടു. റഷ്യയിലെ സൈനിക താവളങ്ങളിൽ ഉക്രെയ്ൻ ഡ്രോണാക്രമണം നടത്തി. ക്രിസ്മസ് ദിനത്തിൽ, യുക്രൈനുമായി ബന്ധപ്പെട്ട് റഷ്യ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. എന്നാൽ ഓരോ റഷ്യൻ സൈനികനെയും അവരുടെ പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്നതുവരെ വിശ്രമമില്ലെന്നും യുക്രൈൻ തലസ്ഥാനം അറിയിച്ചു. അമേരിക്കയും മറ്റു നാറ്റോ രാജ്യങ്ങളും വൻതോതിൽ നൽകിയ ആയുധങ്ങൾ തന്നെയായിരുന്നു യുക്രൈന് കരുത്ത്. ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് കീവിലെത്തി സഹായവും പിന്തുണയും നൽകിയതാണ് യുദ്ധമുഖത്തെ ഏറ്റവും പുതിയ വാർത്ത.

ഇപ്പോഴത്തെ സാഹചര്യം നോക്കാം..

കേവലം ഒരാഴ്ചകൊണ്ട് യുക്രൈനിനെ തകർക്കാമെന്നു വ്യാമോഹിച്ച പുടിൻ മറന്നു പോയത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, യുക്രൈനിന്റെ പ്രതിരോധം എപ്രകാരമായിരുക്കുമെന്നതിനെക്കുറിച്ചുള്ള അജ്ഞത. രണ്ട് യുക്രൈനിനു ലഭിക്കാൻ സാധ്യതയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സഹായഹസ്തങ്ങൾ. വരും ദിവസങ്ങളിൽ റഷ്യ പുതിയ ആക്രമണങ്ങൾ നടത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏഴുമാസമായി റഷ്യൻ സ്വകാര്യ സുരക്ഷാ സേനയായ PMC വാഗ്നർ, ബഖ്മുത്ത് നഗരം പിടിച്ചെടുക്കാൻ പോരാടുകയാണ്. കഴിഞ്ഞ മാസം, വാഗ്‌നർ ബഖ്‌മുത്തിന്റെ സമീപമുള്ള സോൾഡാർ ഉപ്പ് ഖനി നഗരവും നഗരത്തിന് ചുറ്റുമുള്ള നിരവധി വാസസ്ഥലങ്ങളും പിടിച്ചെടുത്തു. നിലവിൽ, റഷ്യൻ സേനയാണ് ബഖ്മുത്തിലേക്കുള്ള എല്ലാ പ്രധാന ഹൈവേകളും നിയന്ത്രിക്കുന്നത്. എന്നിരുന്നാലും വലിയ തിരിച്ചടിയാണ് ഇപ്പോൾ റഷ്യ നേരിടുന്നത്. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡ് നാറ്റോയിലെത്തിയാൽ യുക്രൈനേക്കാൾ വലിയ ഭീഷണിയാകും റഷ്യക്ക്. ഇത്രയുമൊക്കെയാണെങ്കിലും യുദ്ധത്തിന്റെ ഫലം ഇരു രാജ്യങ്ങൾക്കും നഷ്ടം മാത്രമാണെന്നത് ഒരു വാസ്തവമായി തുടരുകയാണ്. യുണൈറ്റഡ് നേഷൻസ് റെഫ്യൂജി ഏജൻസി കണക്കു പ്രകാരം, യുദ്ധം ലോകത്തിലെ രണ്ടാമത്തെ വലിയ കുടിയൊഴിപ്പിക്കൽ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഇതുവരെ, 6.3 മില്യൺ യുക്രേൻക്കാർ യൂറോപ്പിൽ അഭയം കണ്ടെത്തി. നാല് മില്യൺ കുട്ടികളെയാണ് യുദ്ധം ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. അവരിൽ 2.8 മില്യൺ കുട്ടികൾ റഷ്യക്കാരാണുതാനും. സാമ്പത്തിക രംഗത്ത് യുക്രൈൻ യുദ്ധം ഈ ഒരു വർഷത്തിനിടെ ഉണ്ടാക്കിയ പ്രതിസന്ധിയും ചെറുതല്ല. ഊർജത്തിനും ഭക്ഷ്യസാധനങ്ങൾക്കുമുള്ള വില ഇരു രാജ്യങ്ങളിൽ മാത്രമല്ല, ലോകത്താകെ കുത്തനെ ഉയർന്നു. മിക്ക രാജ്യങ്ങളിലും പട്ടിണി ഇരട്ടിയായി. റഷ്യ യുക്രൈൻ യുദ്ധം പരോക്ഷമായി എങ്കിലും, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്ഥാൻ പ്രതിസന്ധികൾക്ക് ആക്കം കൂട്ടി. സാമ്പത്തിക മാന്ദ്യഭീഷണിയുണ്ടെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈന് നൽകുന്ന വലിയ ആയുധ സഹായത്തിൽ റഷ്യ കടുത്ത അമർഷത്തിലാണ്. അമേരിക്കയുമായുള്ള ആണവക്കരാർ റഷ്യ കഴിഞ്ഞ ദിവസം റദ്ദാക്കി. ഒടുവിലത്തെ ആയുധമെന്ന നിലക്ക് ആണവായുധങ്ങൾ റഷ്യ പുറത്തെടുക്കുമോ എന്ന ആശങ്കയും ശക്തമാണ്. സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ കോട്ടം തട്ടാത്ത സ്ഥിതിക്ക് യുക്രൈനിന്റെതിൽ നിന്ന് വ്യത്യസ്തമായി റഷ്യയിലെ സാഹചര്യം അത്രകണ്ട് മോശമല്ല എന്നതും ഓർക്കേണ്ട കാര്യമാണ്. പക്ഷേ ലോകത്ത് ഇന്നുവരെ ഒരു യുദ്ധവും സാദാരണ ജനങ്ങൾക്ക് നല്ലത് നൽകിയിട്ടില്ല. യുദ്ധം സൃഷ്ടിക്കുന്ന രാഷ്ട്രീയ, വംശീയ, മാനവിക,സാമ്പത്തിക ദുരിതങ്ങളിൽ നിന്നും ഒരു മോചനവും ഇല്ല എന്നത് തന്നെയാണ് റഷ്യ യുക്രൈൻ യുദ്ധവും മുന്നോട്ട് വെയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in