ഓൾഡ്മങ്ക്: കാലത്തെ അതിജീവിച്ച രുചിക്കൂട്ടിന്റെ കഥ

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. മുംബൈ അടക്കമുള്ള മെട്രോപോളിറ്റൻ സിറ്റികളിൽ സ്വന്തമായി ഫാൻസ് ക്ലബ്ബ് വരെയുള്ള മദ്യം. മദ്യപിക്കുന്നവർക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് അവരുടെ പ്രിയപ്പെട്ട ഓൾഡ് മോങ്കിനെ ഓർമ്മ വരാൻ ഇതിലും അധികം വിശേഷണങ്ങളൊന്നും വേണ്ടി വരില്ല.

ടേയ്സ്റ്റ് കൊണ്ടും ക്വാളിറ്റി കൊണ്ടും ഇന്ത്യക്കാരുടെ പ്രിയ ബ്രാന്റായി മാറിയ ഓൾഡ് മോങ്കിന്റെ തലവൻ ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിക്കാത്ത ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സംഗതി സത്യമാണ്. ഓൾഡ് മോങ്ക് എന്ന ലോക പ്രശസ്ത റം ബ്രാന്റിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കപിൽ മോഹനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 1960 കളിൽ സഹോദരൻ വേദ് രത്തൻ മോഹനാണ് ഓൾഡ് മോങ്ക് റം അവതരിപ്പിച്ചതെങ്കിലും കപിൽ മോഹന്റെ കാലത്താണ് കമ്പനി അതിന്റെ സർവ്വപ്രതാപത്തിലേക്ക് എത്തുന്നത്.

പലരിലൂടെയും കൈമാറി വന്ന ഒരു കമ്പനി ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കുക മാത്രമല്ല കപിൽ മോഹൻ ചെയ്തത്. മുൻകാലങ്ങളിലുണ്ടായിരുന്നതിനേക്കാൾ അന്യായ ജനപ്രീതിയിലേക്ക് ഓൾഡ് മോങ്കിനെ എത്തിക്കാൻ കമ്പനിയുടെ തലപ്പത്തിരുന്ന കാലത്ത് സാധിച്ചത് കപിൽ മോഹന്റെ മാത്രം നേട്ടമായിരുന്നു.

1885ൽ ബ്രിട്ടീഷ് പട്ടാളക്കാർക്ക് കുറഞ്ഞ വിലയിൽ ബിയർ നൽകാനായി, എഡ്വേർഡ്‌ എബ്രഹാം ഡയർ ഹിമാചൽ പ്രദേശിലെ കസോളിയിൽ ഒരു ബ്രൂവറി ആരംഭിച്ചു. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ കേണൽ റെജിനാൾഡ് ഡയറിന്റെ അച്ഛനായിരുന്നു ഈ എഡ്വേർഡ്‌ ഡയർ. കസോളിയിലെ ഈ ബ്രൂവറിയിൽ നിന്നാണ് ഏഷ്യയിലെ തന്നെ ആദ്യത്തെ ബിയറായ ലയൺ നിർമ്മിക്കപ്പെടുന്നത്. ഇന്ത്യയിലെ കൊടും ചൂടിൽ ജോലി ചെയ്യേണ്ടി വന്ന സൈനികർക്കിടയിൽ ഇതിന് വലിയ ഡിമാൻഡാണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് ഈ ബ്രൂവറി ഷിംലയ്ക്ക് സമീപമുള്ള സോളനിലേക്ക് മാറ്റി. അവിടുത്തെ ശുദ്ധജല ലഭ്യതയായിരുന്നു ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.

അതിനുശേഷം1887ൽ എഡ്വേർഡ്‌ ഡയറിൽ നിന്നും എച്ച് ജി മീക്കിൻ എന്ന വ്യവസായി ഈ ബ്രൂവറികൾ വാങ്ങുകയും ഡയർ മീക്കിൻ ബ്രൂവറി എന്നപേരിൽ പുനർ നാമകരണം ചെയ്യുകയും ചെയ്തു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് രണ്ടു വർഷങ്ങൾക്ക് ശേഷം കപിൽ മോഹന്റെ അച്ഛൻ നരേന്ദ്ര നാഥ് മോഹൻ ഈ ബ്രൂവറികൾ വാങ്ങുകയും ലഖ്‌നൗ, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ബ്രൂവറികൾ നിർമ്മിച്ച് കമ്പനിയുടെ പേര് അടക്കം മാറ്റുകയും ചെയ്തു. അങ്ങനെ 1967 ൽ മോഹൻ മീക്കിൻ ബ്രൂവറീയുടെ കഥ അവിടെ തുടങ്ങുകയായിരുന്നു. നരേന്ദ്ര നാഥ് മോഹന്റെ നേതൃത്വത്തിൽ ബ്രൂവറി വിജയകരമായി മുന്നോട്ട് പോയി.

നരേന്ദ്ര നാഥ് മോഹന്റെ മരണ ശേഷം മൂത്തമകൻ വേദ് രത്തൻ മോഹൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റു. ഒരിക്കൽ അദ്ദേഹം തന്റെ യൂറോപ്പ് സന്ദർശനത്തിന് ശേഷം ബെനെഡിക്റ്റൻ സന്യാസിമാർ നിർമ്മിച്ച ഒരു പ്രത്യേകതരം പാനീയം കുടിക്കാനിടയായി. ആ രുചിയിൽ ആകൃഷ്ടനായ വേദ് രത്തൻ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു ഡ്രിങ്ക് നിർമ്മിക്കാൻ തീരുമാനിച്ചു. അവിടെ നിന്നായിരുന്നു ഇന്ത്യക്കാരുടെ പ്രിയപ്പെട്ട റമ്മായി മാറിയ ഓൾഡ് മോങ്കിന്റെ ജനനം.

പദ്മഭൂഷൺ, പദ്മശ്രീ ബഹുമതികൾ ലഭിച്ച വേദ് രത്തൻ മോഹൻ 1970ൽ മരണപ്പെട്ട ശേഷമാണ് കപിൽ മോഹൻ കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിക്കുന്നത് വരെ ബ്രിഗേഡിയർ ആയി സേവനമനുഷ്ഠിച്ച കപിൽ വിശിഷ്ട സേവാ മെഡൽ ജേതാവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കടന്നു വരവോടുകൂടിയാണ് മോഹൻ മീക്കിൻ ബ്രൂവറി പുതിയൊരു തലത്തിലേക്ക് വളരുന്നത്. പുതിയ നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് കമ്പനിയെ വളരാൻ സഹായിച്ചു. കപിൽ മോഹന്റെ നേതൃത്വം ഒന്നുകൊണ്ട് മാത്രമാണ് രാജ്യത്തെ ഏറ്റവും വിറ്റഴിക്കുന്ന മദ്യ ബ്രാന്റ് ആയി ഓൾഡ് മോങ്ക് മാറിയത്.

വളരെയേറെ പ്രചാരമുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്ന ഖ്യാതിയും അവർക്കുണ്ടായിരുന്നു. താരതമ്യേനെ താങ്ങാവുന്ന വിലയും ജനങ്ങൾക്കിടയിൽ അവരുടെ പ്രീതിക്ക് ആക്കം കൂട്ടി. ഇന്ത്യൻ മാർക്കറ്റുകളിൽ ഓൾഡ് മോങ്കിന്റെ ആധിപത്യം വളരെയേറെ കാലം നീണ്ടു നിന്നു. ഒരുപാട് ബ്രാന്റുകൾ അക്കാലത്ത് മാർക്കറ്റിൽ വന്നുപോയെങ്കിലും ഓൾഡ് മോങ്കിന്റെ ക്വാളിറ്റിക്ക് വെല്ലുവിളിയാകാൻ അവർക്കാർക്കും കഴിഞ്ഞില്ല. ഒരു വർഷം എട്ടു മില്യൺ ബോട്ടിൽ വരെയായിരുന്നു ഓൾഡ് മോങ്കിന്റെ വിൽപ്പന. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തിനകത്തും പുറത്തും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ട്ടിച്ചെടുക്കാൻ അവർക്ക് സാധിച്ചു.

ഈ പ്രതാപ കാലത്ത് പോലും ഓൾഡ് മോങ്കിന് ഒരു പരസ്യം പോലും കമ്പനി നൽകിയിരുന്നില്ല. ഒരിക്കൽ തന്റെ റമ്മിന്റെ രുചിയറിഞ്ഞവർ പിന്നെ മറ്റൊന്ന് തേടി പോകില്ലെന്നത് കപിൽ മോഹന്റെ കോൺഫിഡൻസ് ആയിരുന്നു. മൗത്ത് പബ്ലിസിറ്റി മാത്രമായിരുന്നു ഓൾഡ് മോങ്കിന്റെ പരസ്യം. എന്നാൽ കാലം മാറിയപ്പോൾ ആളുകൾ പരസ്യങ്ങളിൽ പ്രലോഭിതരായി. പരസ്യം നൽകാത്ത ഓൾഡ് മോങ്ക് റമ്മിനെ പലരും സൗകര്യപൂർവം മറന്നു. 2015 ലെ കണക്ക് പ്രകാരം റമ്മിന്റെ വിൽപ്പന അതിന്റെ നാലിലൊന്നായി കുറയുകയും 5 ശതമാനത്തിലേക്ക് അതിന്റെ മാർക്കറ്റ് ഷെയർ ഇടിയുകയും ചെയ്തു. എങ്കിലും, മദ്യം ഉണ്ടാക്കുമ്പോൾ പരമ്പരാഗത രീതികൾ തന്നെ പിന്തുടരണമെന്ന വാശി കപിൽ മോഹന് ഉണ്ടായിരുന്നു. പതിറ്റാണ്ടുകളോളം മാറാതെ നിന്ന രുചിക്ക് പിന്നിലെ രഹസ്യവും അത് തന്നെയായിരുന്നു.

2018 ജനുവരി 6നാണ് കപിൽ മോഹൻ മരണപ്പെടുന്നത്. താൻ കെട്ടിപ്പടുന്ന സാമ്രാജ്യത്തിൽ തന്റെ അവസാന നാൾ വരെ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. 2010 ൽ രാജ്യത്തെ നാലാമത്തെ വലിയ പരമോന്നത ബഹുമതിയായ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. വിൽപ്പനയിൽ കുറവ് വന്നെങ്കിലും ഇന്നും ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ ഓൾഡ് മോങ്കിന് ലഭിക്കുന്ന സ്വീകാര്യത ചെറുതല്ല. മാർക്കറ്റിൽ പിന്നെയും റം പലതും വന്നുപോയെങ്കിലും ഓൾഡ് മോങ്ക് എന്ന വിശ്വാസത്തിന് പോറലേൽപ്പിക്കാൻ അവർക്കാർ‌ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.

Related Stories

No stories found.
logo
The Cue
www.thecue.in