വമ്പൻമാരെ വിറപ്പിച്ച മൊറോക്കോ; ലോകകപ്പിലെ ആഫ്രിക്കൻ വീര​ഗാഥ

ഫുട്ബോളിന്റെ വിശ്വ മാമാങ്കത്തിൽ ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന മൊറോക്കോ സെമി ഫൈനലിൽ ബൂട്ടുകെട്ടിയിറങ്ങിയത് തന്നെ ചരിത്രമായിരുന്നു. ദുർബലർ എന്ന് കരുതി പോരിന് വന്ന വമ്പന്മാർക്കെല്ലാം മൊറോക്കോയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ബെൽജിയവും സ്പെയിനും പോർച്ചുഗലും ആ ആഫ്രിക്കൻ ചൂടിൽ വെന്തുരുകിത്തിത്തീരുന്നത് ലോകം കണ്ടു. അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് മൊറോക്കോ ലോകത്തെ തന്നെ വിസ്മയിപ്പിച്ചപ്പോൾ, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രവും അവർ കുറിച്ചു.

ഓരോ മത്സരവും മൊറോക്കോയ്ക്ക് യുദ്ധമായിരുന്നു. ചരിത്രത്തിലേക്കുള്ള നീക്കിയിരിപ്പായി ചില അടയാളപ്പെടുത്തലുകൾ തീർത്തിട്ടേ ഞങ്ങൾ മടങ്ങൂ എന്ന, ഓരോ വിജയങ്ങൾക്ക് ശേഷവും കോച്ച് റെഗ്‌രാഗി പറഞ്ഞുകൊണ്ടേയിരുന്ന വാക്കുകൾ, അവർ വെറുതെ കളി കണ്ടുമടങ്ങാൻ വന്നവരെല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു.

സെമിഫൈനലിൽ നേരിടാൻ പോകുന്നത് നിലവിലെ ചാമ്പ്യന്മാരെയാണെന്ന് മൊറോക്കോക്ക് അറിയാമായിരുന്നു. അവർ അതിശക്തരാണെന്നും അവരെ പരാജയപ്പെടുത്താൻ എളുപ്പമല്ലെന്നും നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷെ തെല്ലും ആശങ്ക അവരെ അലട്ടിയില്ല.

'യൂറോപ്പുകാരെ പോലെ ആഫ്രിക്കക്കാർക്കും കിരീടം നേടാൻ കഴിയും. ഞങ്ങൾ കിരീടം സ്വപനം കാണുന്നു. ഇതൊരു ഭ്രാന്തൻ സ്വപ്‌നമാണെന്ന്‌ പറയുന്നവരുണ്ടാകും. അവരത് പറയട്ടെ. സ്വപ്നം കാണാൻ ഞങ്ങൾക്കാരുടെയും അനുവാദം വേണ്ടതില്ലല്ലോ.' കോച്ച് റെഗ്‌രാഗി അപ്പോഴും ചെറുപുഞ്ചിരിയോടെ പറഞ്ഞു വെച്ചത്.

ആദ്യമായി കനപ്പെട്ടൊരു സ്വപ്നം കണ്ടുതുടങ്ങിയതായിരുന്നു മൊറോക്കൻ ജനത. ഫ്രാൻസിന്റെ കോളനിയായിരുന്ന ആ ആഫ്രിക്കൻ രാജ്യം, ഒന്നിനും അവകാശമില്ലാതിരുന്ന അവരുടെ ആ പഴയ ചരിത്രത്തിൽ നിന്ന് ഏറ്റവും മനോഹരമായൊരു വർത്തമാനകാല സ്വപ്നത്തിലേക്ക് ആഞ്ഞുതുഴഞ്ഞു. സെമിയിൽ തങ്ങളുടെ താരങ്ങൾക്ക് ഊർജം പകരാൻ ജന്മനാട്ടിൽ നിന്ന് പറന്നെത്തിയ ആ മനുഷ്യർ ഗ്യാലറിയെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി മാറ്റി.

അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടലിൽ അൽപ നേരത്തേക് മൂകമായെങ്കിലും പിന്നീടുള്ള ഓരോ കുതിപ്പിലും അവർ ​ഗ്യാലറിയിൽ ഇരുന്ന് ആർത്തുവിളിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ അവർക്ക് കണ്ണീരൊഴുക്കേണ്ടി വന്നെങ്കിലും മൈതാനത്ത് നിരാശരായി തകലകുനിച്ചിരുന്ന താരങ്ങളെ അവർ കരഘോഷം കൊണ്ട് ആശ്വസിപ്പിച്ചു. അവർക്കറിയാമായിരുന്നു, വീണുപോയെങ്കിലും ലോകത്തിന്റെ നെറുകയിൽ ഒരു ചുവന്ന പൊട്ടായി മൊറോക്കോ ചേർത്തുവെക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന്.

മത്സരശേഷം പരിശീലകൻ വാലിദ് റെഗ്‌രാഗി പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.

ചരിത്രം തിരുത്തിക്കുറിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷെ, അത്ഭുതങ്ങൾ കൊണ്ട് ഒരു ലോകകപ്പ് ജയിക്കാൻ കഴിയില്ലല്ലോ. തീർച്ചയായും മൊറോക്കൻ ജനതക്ക് നിരാശയുണ്ടാകും. അവർ പലതും സ്വപ്നം കാണാൻ തുടങ്ങിയിരുന്നു. ഞങ്ങൾക്ക് പറയാനുള്ളത്, ആ സ്വപ്നങ്ങളെ ഞങ്ങൾ കെട്ടുപോകാതെ സൂക്ഷിക്കുമെന്നാണ്. അതിനായി വരും കാലത്തും പ്രയത്‌നിക്കുമെന്നാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി.

യൂറോപ്പുകാരുടെ ശക്തിപ്രകടനമായി മാറാറുള്ള ലോകകപ്പിന്റെ വേദിയിൽ അങ്ങനെ ഒരു ആഫ്രിക്കൻ സ്വപ്നം മുളപൊട്ടിയിരിക്കുന്നു. രെ​ഗ്രാ​ഗിയുടെ വാക്കുകൾ പോലെ നാളെകളിൽ അത് വളരുകയും പടർന്ന് പന്തലിക്കുകയും ചെയ്യുമായിരിക്കും. ഒരുനാൾ ആഫ്രിക്കൻ തെരുവുകൾ ആ സുവർണ കിരീടത്തിന്റെ ശോഭയിൽ തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ അവരുടെ വീര്യത്തെ അടയാളപ്പെടുത്താൻ അന്ന് ആയിരം കവിതകൾ പിറക്കുമെന്ന് തന്നെ കരുതാം.

Related Stories

No stories found.
logo
The Cue
www.thecue.in