മോജോ വിഷൻ; ഇനി ലോകം കൺമുന്നിൽ

മോജോ വിഷൻ; ഇനി ലോകം കൺമുന്നിൽ

സാങ്കേതിക വിദ്യ ലോകത്തെ തലകീഴായി മറിക്കുന്ന കാലമാണിത്. സ്മാർട്ട് ഫോണിലൂടെയും സ്മാർട്ട് വാച്ചുകളിലൂടെയും നമ്മുക്ക് ലഭിക്കാത്ത കാര്യങ്ങൾ ഒന്നും തന്നെ ഇല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും വരവോടെ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമായി. ഏറ്റവുമൊടുവിൽ ചാറ്റ് ജിപിടി എന്ന പുതുപുത്തൻ എ.ഐ ടൂളിൽ എത്തിനിൽക്കുമ്പോഴും ടെക് ലോകത്തെ അടിമുടി മാറ്റിമറിക്കുന്ന അടുത്ത കണ്ടുപിടുത്തം എന്താകുമെന്ന ആകാംക്ഷയിലാണ് ലോകം.

അവിടേക്കാണ് നമ്മുടെ കണ്ണിന്റെ ചലനങ്ങൾ കൊണ്ട് നമ്മുക്ക് വേണ്ടതെല്ലാം നിയന്ത്രിക്കുവാനും കാണുവാനും അറിയുവാനും കഴിയുന്ന മോജോ വിഷൻ കോൺടാക്ട് ലെൻസിന്റെ വരവ്. വെറുമൊരു കോൺടാക്ട് ലെൻസ് കൊണ്ട് എന്ത് ഞെട്ടലുണ്ടാക്കുവാനാണ് എന്ന് ചിന്തിക്കുന്നുണ്ടോ?

എന്നാൽ ഇത് വെറും കോൺടാക്ട് ലെന്സ് അല്ല. വെറുമൊരു കാഴ്ചക്കപ്പുറം ലോകത്തിലുള്ള എല്ലാ കാര്യങ്ങളും അറിയാൻ കഴിയുന്ന ഉപകരണം. അതും നമ്മൾ കണ്ണ് ചിമ്മുന്ന വേഗത്തിൽ. അതാണ് മോജോ വിഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കുവാൻ ഇരിക്കുന്ന മോജോ വിഷൻ കോൺടാക്ട് ലെന്സ്.

ഈ കോൺടാക്ട് ലെൻസ് ധരിച്ചു നമ്മൾ നേരെ നോക്കിയാൽ നമ്മൾ നിൽക്കുന്ന സ്ഥലത്തിൽ നിന്നും 10 കിലോമീറ്റർ മാറിയുള്ള സ്ഥലത്തു നടക്കു സംഭവങ്ങൾ, അവിടുത്തെ കടകൾ, ആളുകൾ, മുകളിലോട്ടു നോക്കിയാൽ കാലാവസ്ഥ പ്രവചനം, ഇടത്തോട്ടും വലത്തോട്ടും നോക്കിയാൽ അവിടെ നടക്കുന്ന കാര്യങ്ങൾ. ഇങ്ങനെ ചുറ്റും നടക്കുന്നതെന്തും കാണിച്ചു തരും മോജോ വിഷൻ ലെൻസുകൾ എന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.

നിങ്ങളിപ്പോൾ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാൽ നിങ്ങളുടെ ട്രെയിൻ വരുന്ന പ്ലാറ്റ്ഫോമും ഏതു സമയത്തു ട്രെയിൻ എത്തിച്ചേരും എന്നും പ്ലാറ്റുഫോമിലേക്കു പോകാനുള്ള വഴി എവിടെയാണെന്നും അടക്കമുള്ള കാര്യങ്ങൾ പ്ലാറ്റഫോമിലെ അന്നൗൺസ്‌മെന്റിന്റെ സഹായമില്ലാതെ തന്നെ മോജോ വിഷൻ ലെൻസുകൾ വഴി അറിയാൻ സാധിക്കും.

ഇനി നിങ്ങളുടെ രോഗവിവരങ്ങളെ കുറിച്ച് അറിയണമെങ്കിൽ അതും കഴിയും. പ്രെഷറിന്റെ അളവ് , ഷുഗറിന്റെ അളവ്, സോഡിയത്തിന്റെ അളവ്, എന്തിനധികം നിങ്ങളുടെ ശാരീരികാവസ്ഥ വെച്ച് നിങ്ങൾക്ക് വരാൻ സാധ്യതയുള്ള രോഗങ്ങൾ വരെ പ്രവചിക്കാൻ കഴിയും ഈ കുഞ്ഞൻ ലെൻസിന്.

ഈ ലെൻസ് വെച്ച് ഇത്രയും വിവരങ്ങൾ കൺമുന്നിൽ കാണുമ്പോൾ നമ്മുടെ സാധാരണ കാഴ്ചയെ ഇത് ബാധിക്കില്ലേ എന്നതാകും പ്രധാന സംശയം. എന്നാൽ കമ്പനി പറയുന്നത്, ഇവ സ്‌ക്ലീറൽ ലെൻസുകൾ ആയതിനാൽ തന്നെ ഇതിന്റെ കാഴ്ച കൃഷ്ണമണിക്ക് ചുറ്റുമുള്ള കോർണിയയിൽ അല്ല, പകരം വെള്ള ഭാഗമായ സ്‌ക്ലീറയിൽ ആണ് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ മുന്നിലുള്ള സാധാരണ കാഴ്ചയെ ഇത് ബാധിക്കില്ല.

അര മില്ലി മീറ്റർ ഡയമീറ്റർ ഉള്ള എൽ.ഇ.ഡി സർഫേസ് ആണ് ഈ ലെൻസിൽ ഉള്ളത്. ഒരു ഇഞ്ചിൽ 14000 പിക്സൽ എന്ന അളവിൽ ഏറ്റവും ഡെന്സിറ്റി കൂടിയ എൽ.ഇ.ഡി സ്ക്രീൻ ആണ് ഇതിലുള്ളത്. കമ്പ്യൂട്ടിങ് വിവരങ്ങൾ സ്റ്റോർ ചെയ്തുവെക്കാൻ സി.പി.യു. ഇമേജുകൾ അനാലിസിസ് ചെയ്യാൻ ജി.പി.യു. എന്നിവയെല്ലാം ഇതിലുണ്ട്. കഴുത്തിലണിയാൻ കഴിയുന്ന ഒരു എക്സ്റ്റേണൽ കൺട്രോളർ ഈ ലെൻസുമായിട്ട് കണക്ട് ചെയ്തിട്ടുണ്ട്. വിവരം കൈമാറാനുള്ള കാലതാമസം ഒഴിവാക്കുവാൻ ബ്ലൂ ടൂത്തിന് പകരം റേഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നത്. മെഡിക്കൽ നിലവാരത്തിലുള്ള ബാറ്ററികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞർ ഉൾപ്പടെയുള്ളവരുടെ സഹായത്തോടെയാണ് ഈ കോൺടാക്ട് ലെൻസുകൾ നിർമിക്കുപ്പെട്ടിട്ടുള്ളത്.

2014 ഇൽ ഗൂഗിൾ ഗ്ലാസും 2016 ഇൽ മൈക്രോസോഫ്സ്റ്റിന്റെ ഹോളോ ലെൻസും രംഗത്ത് എത്തിയിരുന്നു. മോജോ വിഷൻ ലെൻസിന് സമാനമായ രീതിയിൽ ഓഗ്മെന്റഡ് റിയാലിറ്റിയും വിർച്യുൽ റിയാലിറ്റിയും ഉൾപ്പെടുത്തി കാര്യങ്ങളെല്ലാം നമ്മുടെ കൺമുന്നിൽ എത്തിക്കുന്ന സംവിധാനമായിരുന്നു അവ. എന്നാൽ നിരവധി പോരായ്മകൾ ഉണ്ടായിരുന്നതിനാൽ വേണ്ടത്ര സ്വീകാര്യത അവയ്ക്കു ലഭിച്ചില്ല. പ്രൈവസിയിലേക്കുള്ള കടന്നുകയറ്റം, ബാറ്ററി വേഗം ചൂടാവുന്ന അവസ്ഥ, താങ്ങാനാകാത്ത വില, ഇതൊക്കെയായിരുന്നു ഉയർന്ന വെല്ലുവിളികൾ.

ഗൂഗിളിനും മൈക്രോസോഫ്റ്റിനും കൈവരിക്കാൻ കഴിയാത്ത നേട്ടം മോജോ വിഷന് സാധ്യമാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റു നോക്കുന്നത്. 2015 ൽ തന്നെ ഈ ലെൻസുകളുടെ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇതൊരു പ്രോട്ടോടൈപ്പ് മാത്രമാണെന്നും ഇനിയും വിപണിയിൽ എത്തുന്നതിന് കാലതാമസം നേരിടേണ്ടി വരുമെന്നുമാണ് കമ്പനി പറയുന്നത്. കണ്ണുകളുടെ ഉള്ളിൽ വെയ്ക്കുന്ന ലെൻസ് ആയതിനാൽ ആരോ​ഗ്യപ്രശ്നങ്ങൾ ഒരു പ്രധാന ആശങ്കയാണ്. അതുകൊണ്ട് മെഡിക്കൽ വിദ​ഗ്ധരുടെ അംഗീകാരം ആവശ്യമാണ്.

ലോകത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തമെന്ന് പറയുമ്പോൾ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മോജോ വിഷൻ ലെൻസുകൾ മാറുമോ എന്ന ആശങ്കയും ടെക് ലോകം പങ്കുവെക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ എല്ലാം മറികടന്നു വിജയകരമായി പുറത്തിറങ്ങിയാൽ ടെക് ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഒരു നേട്ടമായി മോജോ വിഷൻ ലെൻസുകൾ മാറുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in