മനുഷ്യരുടെ വേദനകളെ ആ രാജ്യത്തെ പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇത്ര നിസാരമായി അവഗണിക്കാൻ കഴിയുക?: മണിപ്പൂരിലെ ബിജെപി എം.എൽ.എ

മനുഷ്യരുടെ വേദനകളെ ആ രാജ്യത്തെ പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇത്ര നിസാരമായി അവഗണിക്കാൻ കഴിയുക?: മണിപ്പൂരിലെ ബിജെപി എം.എൽ.എ
Summary

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ കുക്കി വിഭാഗക്കാരനായ ബിജെപി എംഎൽഎ പവോലെൻലാൽ ഹാവോകിപുമായി ന്യൂസ് ലോൺഡ്രി പ്രതിനിധി ശിവ് നാരായൻ രാജ് പുരോഹിത് നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ.

Q

മണിപ്പൂരിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് കാണിച്ച് 10 കുക്കി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അതിൽ ഏഴ് പേര് ബിജെപി എംഎൽഎമാരാണ്. താങ്കളും ബിജെപി എംഎൽഎ ആണ്. ആ കത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രൂരമായ നാല് സംഭവങ്ങൾ വിവരിച്ചിട്ടുണ്ടായിരുന്നു. ഏതെല്ലാമാണത് എന്ന് വിശദീകരിക്കാമോ?

A

ഒരു കേസ് നേഴ്‌സിങ് വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രൂരമായ ആൾക്കൂട്ട ബലാൽസംഗമാണ്. ഭാഗ്യം കൊണ്ട് കൊല്ലപ്പെട്ടില്ല. മറ്റൊന്ന് കാർ വാഷിൽ ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെയുണ്ടായ സമാന അതിക്രമം. ആ പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം കൊന്നുകളയുകയാണുണ്ടായത്. മൂന്നാമത്തേത് ഇംഫാൽ താഴ്വരയിലെ കുക്കി കോളനിയിൽ താമസിക്കുന്ന ഒരു പെൺകുട്ടിയുടേതാണ്. നാലാമത്തേത് ഡേവിഡ് എന്ന് പറയുന്ന ഒരു കുക്കി യുവാവിന്റെ തല അറുത്തെടുത്തതാണ്. രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ പോലും ഒരു ധാർമികതയുണ്ടാകും. പക്ഷെ ഇവിടെ അതിക്രൂരമായാണ് കൊല്ലാക്കൊലയും കൊലയും നടക്കുന്നത്.

Q

മണിപ്പൂരിലെ വംശഹത്യ ആരംഭിച്ച് 79 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. വളരെ വൈകിപ്പോയെന്ന് തോന്നുന്നുണ്ടോ?

A

വേദനാജനകമാണ്. മണിപ്പൂരിൽ സംഭവിക്കുന്നത് എത്ര ദാരുണമായ സംഭവങ്ങളാണെന്ന് പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ടല്ലോ. ഞങ്ങൾ ശ്രമിച്ചിരുന്നത് അതിനായിരുന്നു. പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾ ശ്രമിച്ചു. പക്ഷെ ഒരു മറുപടിയും ലഭിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയോട് മണിപ്പൂരിന്റെ തീവ്രതയെ കുറിച്ച് മിണ്ടിയില്ലെങ്കിൽ പോലും ദിവസങ്ങളോളം, ആഴ്ചകളോളം മണിപ്പൂർ അശാന്തമായി തുടരുമ്പോൾ അദ്ദേഹത്തിന് പ്രതികരിക്കാമായിരുന്നു. ഒന്ന് മിണ്ടാൻ 79 ദിവസം എടുത്തു എന്നത് വേദനാജനകമാണ്. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയെന്ന നിലയിൽ വ്യക്തിപരമായി ഞാൻ അങ്ങേയറ്റം നിരാശനാണ്.

Q

ഇതിനിടയിലാണല്ലോ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത്. പ്രധാനമന്ത്രിയുടെ മുൻഗണനകൾ മറ്റുപലതും ആയതുകൊണ്ടായിരിക്കുമോ?

A

ഞാൻ അങ്ങനെയാണ് അത് മനസ്സിലാക്കുന്നത്. മനുഷ്യർ ആക്രമിക്കപ്പെടുമ്പോൾ, കൊല്ലപ്പെടുമ്പോൾ നിങ്ങൾക്ക് അവരെ ഗൗനിക്കേണ്ടതില്ലേ? മനുഷ്യരുടെ വേദനകളെ നിങ്ങൾക്ക് എങ്ങനെയാണ് ഇത്ര നിസാരമായി അവഗണിക്കാൻ കഴിയുക? ഒരു പരിഗണന ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതാണ് ഞങ്ങൾക്ക് കിട്ടാതെ പോയത്.

Q

ആ വീഡിയോകൾ വൈറൽ ആയിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറാവില്ലായിരുന്നു എന്ന് കരുതുന്നുണ്ടോ?

A

അങ്ങനെ തന്നെയാണ് കരുതുന്നത്. അതുകൊണ്ടാണ് ഞാൻ ട്വീറ്റ് ചെയ്തത്, മേൽപ്പറഞ്ഞ മറ്റു കേസുകളിൽ ഇതുപോലെ വീഡിയോകൾ പുറത്തിറങ്ങി വൈറൽ ആകാൻ കാത്തിരിക്കുകയാണോ നിങ്ങൾക്ക് നടപടിയെടുക്കാൻ എന്ന്. ഇപ്പോൾ വൈറലായ വീഡിയോയെ കുറിച്ച് മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹം തലേദിവസമാണ് ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിഞ്ഞത് എന്നാണ്. ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് അദ്ദേഹം. എത്ര നിസ്സംഗമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. ഇത് കഴിവില്ലായ്മയൊന്നുമല്ല. മൂടിവെയ്ക്കാനുള്ള ശ്രമമാണ്. തന്റെ സംസ്ഥാനം ഒരു നരകമായെന്ന് അദ്ദേഹം ഒരിക്കലും അംഗീകരിക്കില്ല.

Q

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ കാപട്യത്തെ കുറിച്ചാണല്ലോ പറയുന്നത്. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നത് കേന്ദ്രത്തിന്റെ നിസ്സീമമായ പിന്തുണ കൊണ്ടാണെന്ന് കരുതുന്നുണ്ടോ?

A

അതാണ് ഈ രാജ്യമിപ്പോൾ ചോദ്യം ചെയ്യുന്നത്. ഒരു നാട് നിന്ന് കത്തുമ്പോൾ നമുക്ക് കക്ഷിരാഷ്ട്രീയത്തിന്റെ കെട്ട് പൊട്ടിക്കേണ്ടിവരും. മനുഷ്യത്വത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടിവരും. നെല്ലും പതിരും വേർതിരിച്ച് കാണേണ്ടിവരും. പക്ഷെ നിർഭാഗ്യവശാൽ ഒന്നും മാറുന്നില്ല.

Q

പ്രസ്തുത വീഡിയോ വൈറൽ ആയതിനു ശേഷം കേന്ദ്രസർക്കാറിന്റെ ഭാ​ഗത്ത് നിന്ന് താങ്കളെ ബന്ധപ്പെടാനുള്ള ശ്രമം ഉണ്ടായോ?

A

ഇല്ല. ഇപ്പോഴും ഞങ്ങൾ പ്രധാനമന്ത്രിയുടെ ഒരു അപ്പോയിന്റ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നെങ്കിലും ഞങ്ങളെ കേൾക്കാതിരിക്കില്ലല്ലോ.

Q

ബിജെപിയിൽ നിന്ന് രാജിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

A

രാഷ്ട്രീയം എന്നത് ചിലപ്പോൾ ഒരു കാത്തിരിപ്പ് കളിയാണ്. കാര്യങ്ങൾ എങ്ങനെ പുരോഗമിക്കുന്നു എന്ന് നോക്കിക്കാണുകയാണിപ്പോൾ. ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ജനങ്ങളോട് നീതി പുലർത്തേണ്ടതുണ്ട്. ഒരു പാർട്ടിയിലെ സ്ഥാനം എന്റെ ജനത്തോടുള്ള ചതിയായി മാറുന്നു എന്ന് തോന്നുന്ന ഘട്ടത്തിൽ ഞാനാ വേലിക്കെട്ട് പൊളിച്ച് മാറ്റും.

Q

പ്രചരിച്ച വീഡിയോയിലെ ഒരു അതിജീവിതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് ഒരു അഭിമുഖം നടത്തിയിരുന്നു. അതിലവർ പറയുന്നത് കുറ്റകൃത്യങ്ങളിൽ പോലീസിനുള്ള പങ്കിനെകുറിച്ചാണ്. എന്ത് തോനുന്നു?

A

ഈ വീഡിയോ പ്രചരിക്കുകയും പ്രധാനമന്ത്രി അതിൽ പ്രതികരിക്കുകയും ചെയ്തതോടെ പലരും കരുതുന്നത് ഇത് മണിപ്പൂരിലെ ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ്. യഥാർത്ഥത്തിൽ മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണ്. അതിന്റെ ഒരു ഭാഗം മാത്രമാണ് ആ വീഡിയോകൾ. ഇവിടെ നടക്കുന്നത് കേവലം ക്രമസമാധാന പ്രശ്നമോ മോദിയുടെ 'ബേഠീ ബചാവോ ബേഠീ പഠാവോ' ക്യാംപയിൻ റദ്ദ് ചെയ്യുന്ന നീക്കമോ അല്ല. അതൊരു വലിയ രാഷ്ട്രീയ പ്രശ്നമാണ്. അത് മലയോരമേഖലയിൽ താമസിക്കുന്ന ആദിവാസി ഗോത്രസമൂഹത്തിനെതിരെയുള്ള ആഴത്തിലുള്ള അവകാശലംഘന പ്രശ്നമാണ്.

Q

രാഷ്ട്രപതി ഭരണമാണോ പ്രതിവിധി?

A

തീർച്ചയായും. ഒരു പക്ഷപാതിയായ മുഖ്യമന്ത്രിയുടെ കീഴിൽ ആ നാട് സമാധാനത്തിലേക്ക് തിരിച്ചുവരില്ല. ഭയാനകമായ സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരുടെ കാര്യം മാത്രമല്ല, ഞാനൊരു തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ ആണ്. എനിക്ക് പോലും ഇൻഫാലിലുള്ള നിയമസഭയിൽ ചെല്ലാൻ കഴിയില്ല. കാരണം ഞാൻ കുക്കിയാണ്. സ്വാതന്ത്രപൂർവ സമയത്ത് രബീന്ദ്രനാഥ ടാഗോർ എഴുതിയ കവിതയാണ് ഓർമവരുന്നത്, 'നമുക്ക് ഭയപ്പാടില്ലാത്ത ഒരു പുലരിയിലേക്ക് കണ്ണ് തുറക്കാൻ കഴിയണം'. അധികാരികൾ ശ്രമിക്കേണ്ടത് അതിനാണ്. ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയണം. പട്ടാളത്തെ പ്രവർത്തിക്കാൻ അനുവദിക്കൂ. അവർ ഈ അക്രമത്തിന് അവസാനം കണ്ടെത്തും.

സ്വതന്ത്ര പരിഭാഷ: ജസീർ ടി.കെ

Related Stories

No stories found.
logo
The Cue
www.thecue.in