കരുണാകരനെന്ന അതികായൻ

1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് ക്യാംപിൽ ഒരുഭാഗത്ത് ദുഖവും മറുഭാഗത്ത് സന്തോഷവും അലയടിച്ച ദിവസം. അപ്രതീക്ഷിതമായ വിജയത്തിന്റെ അമ്പരപ്പ് അന്ന് ഇടത് മുന്നണിയിൽ പോലുമുണ്ടായിരുന്നു. വി.വി രാഘവൻ എന്ന സിപിഐയുടെ സ്ഥാനാർത്ഥിക്ക് താൻ കരുണാകരനെ പരാജയപ്പെടുത്തിയെന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാവാനാകാത്ത അവസ്ഥ. അത്രമേൽ അമ്പരപ്പും അതിശയവും ഞെട്ടലുമുണ്ടാക്കിയ ഒരു ഫലം.

അന്ന് 1480 വോട്ടുകൾക്കായിരുന്നു കരുണാകരന്റെ പരാജയം. ലോക്സഭയിലേക്കുള്ള കരുണാകരന്റെ കന്നിയങ്കമായിരുന്നു അത്. പതിനായിരത്തിലേറെ വോട്ടുകൾക്ക് യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ, തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് പിസി ചാക്കോ ജയിച്ച മണ്ഡലത്തിൽ കരുണാകരൻ പരാജയപ്പെട്ടു. എങ്ങനെ തോറ്റു, എന്തുണ്ടായി എന്ന് ആരും അന്വേഷിച്ച് പോകേണ്ടതില്ല. ഉത്തരം അന്നേ കരുണാകരൻ വികാരനിർഭരനായി പറഞ്ഞിട്ടുണ്ട്. എന്നെ, മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി എന്ന്.

കരുണാകരന്റെ ആദ്യത്തെ തോൽവിയായിരുന്നില്ല അത്. 1957ൽ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലും കരുണാകരൻ തോറ്റിട്ടുണ്ട്. കരുണാകരന്റെ രാഷ്ട്രീയജീവിതകഥ ഈ പരാജയങ്ങളുടേത് കൂടിയാണ്. നാല് തവണ മുഖ്യമന്ത്രിയായ, പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആ രാഷ്ട്രീയക്കാരൻ നേടിയതും നഷ്ടപ്പെടുത്തിയതുമായ പലതുമുണ്ട്. വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും ഒന്നിച്ചനുഭവിച്ചു. ഗ്രൂപ്പിസത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ, ഗ്രൂപ്പിസമില്ലാതെ എന്ത് കോൺഗ്രസ്സെന്ന് തിരിച്ച് ചോദിച്ചിട്ടുണ്ട് കരുണാകരൻ.

കണ്ണൂരിലെ ചിറക്കലിൽ ജനിച്ച്, ചിത്ര രചന പഠിക്കാൻ തൃശൂരിലേക്ക് ചേക്കേറി, പിന്നീട് കേരളമാകെയും ഇന്ത്യൻ രാഷ്ട്രീയത്തിലും ആളിപ്പടർന്ന കെ കരുണാകരൻ അനിഷേധ്യനായി മാറിയത് തന്റെ കൗശലം കൊണ്ട് കൂടിയായിരുന്നു. ലീഡർ എന്ന് പറഞ്ഞാൽ അന്നും ഇന്നും മലയാളിക്ക് കരുണാകരനാണ്.

കരുണാകരൻ കോൺഗ്രസ്സിനകത്ത് അതിശക്തനായി മാറുന്നത് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലത്തായിരുന്നു. ആ തെരഞ്ഞടുപ്പിൽ കോൺഗ്രസ്സിന് ആകെ ലഭിച്ചത് 9 സീറ്റുകളായിരുന്നു. അവരിലൊരാൾ കരുണാകരനും. അന്ന് നിയസഭാകക്ഷി നേതാവായ കരുണാകരന്റെ രാഷ്ട്രീയ നൈപുണ്യത്തിന്റെ ഒരൊറ്റ മികവിലാണ് പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ്സ് മാറുന്നതും പിന്നീട് ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലേക്ക് കോൺഗ്രസ്സ് പാർട്ടി ചിറകടിച്ച് ഉയരുന്നതും. ഒരു നേതാവ് എന്താണെന്നും എങ്ങനെയാണെന്നും കരുണാകരനിൽ നിന്ന് പഠിക്കാൻ കഴിയും. ലീഡർ എന്നത് ഒരു വിളിപ്പേര് മാത്രമല്ല, അത് പിആർ വർക്കിലൂടെ സൃഷ്ടിച്ചെടുത്ത ടാഗ് ലൈനുമല്ല. കോൺഗ്രസ്സുകാർ അത്രമേൽ ഇഷ്ടത്തോടെ വിളിച്ചുവിളിച്ച് പതിഞ്ഞുപോയതാണ്.

അടിയന്തരാവസ്ഥക്കാലം ഇന്ദിരയെ പോലെ, കരുണാകരനെയും ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു കരുണാകരൻ. 'കരുണാകരന്റെ പോലീസ്' എന്ന പ്രയോഗം പോലും അക്കാലത്തുണ്ടായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, എല്ലാത്തരം എതിർ ശബ്ദങ്ങളെയും കരുണാകരന്റെ പോലീസ് അടിച്ചമർത്തി. അക്കാലത്തും പിന്നീടും അടിയന്തരാവസ്ഥയുടെ നീറുന്ന ഓർമയായ രാജൻ കേസും രാജന് വേണ്ടി അച്ഛൻ ഈച്ചരവാര്യർ നടത്തിയ നീണ്ട നിയമ പോരാട്ടവും ചരിത്രത്തിൽ ഇടം പിടിച്ചവയാണ്. രാജൻ കേസിനെ തുടർന്ന് രാജിവെച്ച് ഒഴിയേണ്ടി വന്ന ഗതികേടും ഒരു കരിനിഴലായി കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്.

1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കി ദേശീയ രാഷ്ട്രീയത്തിലും കിംഗ് മേക്കറായ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇടിത്തീ പോലെ വന്നുവീണ മറ്റൊരു സംഭവമായിരുന്നു ഐഎസ്ആർഒ ചാരക്കേസ്. 94 - 95 കാലഘട്ടത്തിൽ കേരളത്തിലും രാജ്യത്തും വലിയ കോളിളക്കം സൃഷ്ടിച്ച ആ കേസിനെ തുടർന്ന് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം പോലും രാജിവെക്കേണ്ടി വന്നു. മറിയം റഷീദ എന്ന മാലി സ്വദേശി വഴി ഐഎസ്‌ആർഒയുടെ വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നായിരുന്നു കേസ്. പ്രോജക്ട് ഡയറക്ടർ നമ്പി നാരായണനും ഡെപ്യൂട്ടി ഡയറക്ടർ ശശികുമാറിനുമെതിരെയായിരുന്നു ആരോപണം. പക്ഷെ, അത് മെല്ലെ പുകഞ്ഞ് ഒടുവിൽ ആളിക്കത്തി. കേസിലേക്ക് ഐജി രമൺ ശ്രീവാസ്തവയുടെ പേര് കൂടി ചേർക്കപ്പെട്ടതോടെയാണ് കരുണാകരനെതിരെ കോൺഗ്രസ്സിനകത്ത് പടയൊരുക്കം തുടങ്ങുന്നത്.

കരുണാകരന്റെ വിശ്വസ്‌ഥാനായ രമൺ ശ്രീവാസ്തവ, കരുണാകരനറിയാതെ ഒന്നും ചെയ്യില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പ്രചരിപ്പിച്ചു. അങ്ങനെ രാജ്യദ്രോഹക്കുറ്റത്തിൽ കരുണാകരനും പങ്കുണ്ടെന്ന വാദം അന്തരീക്ഷത്തിൽ നിറഞ്ഞ് നിന്നു. കരുണാകരപക്ഷത്തായിരുന്ന രമേശ് ചെന്നിത്തലയും ജി കാർത്തികേയനും എഐ ഷാനവാസുമൊക്കെ തിരുത്തൽവാദികളെന്ന പുതിയ പേരിട്ട് മറുകണ്ടം ചാടി. ഉമ്മൻചാണ്ടിയും ആന്റണിയും കൃത്യമായി കരുക്കൾ നീക്കി. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ഊമ്മൻചാണ്ടി പറഞ്ഞപ്പോൾ, വിഎം സുധീരൻ പറഞ്ഞത് രാജ്യ സുരക്ഷയെക്കാൾ വലുതല്ല ഒരു മുഖ്യമന്ത്രി കസേര എന്നായിരുന്നു. അങ്ങനെ തീർത്തും ഒറ്റപ്പെട്ട്, വഞ്ചിക്കപ്പെട്ട്, കരുണാകരൻ 1995 മാർച്ച് പതിനാറിന് രാജി വെച്ചു. ചാരക്കേസിന്റെ വിധി എന്തായിരുന്നെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ബലിയാടാക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ കരുണാകരനോ? സർവ്വരാലും ആക്രമിക്കപ്പെട്ട്, നിശബ്ദനായി ഇറങ്ങിപ്പോകേണ്ടി വന്നതിന് എന്ത് പരിഹാരമാണ് നൽകാനുള്ളത്?

കരുണാകരന്റെ കഥ അവിടെയൊന്നും അവസാനിക്കുന്നതല്ല. 2005 ൽ താൻ നാട്ടു നനച്ച് വളർത്തിയ പ്രസ്ഥാനത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി നടന്നു. കരുണാകരൻ കോൺഗ്രസ്സ് വിട്ടു. മറ്റൊരു പാർട്ടിയുണ്ടാക്കി. പിന്നീട് തിരിച്ച് കോൺഗ്രസിലേക്ക് തന്നെ. സംഭവബഹുലമായ ആ രാഷ്ട്രീയ ജീവിതം രണ്ടായിരത്തിപത്ത് ഡിസംബർ 23 ന് പ്രൗഢിയോടെ തന്നെ അവസാനിച്ചു.

കേരളരാഷ്രീയത്തിലെ ഒരേയൊരു ലീഡറും ഭീഷ്മാചാര്യരും ചാണക്യനുമൊക്കെയാണ് കരുണാകരൻ. കരുണാകരൻ ഒഴിച്ചിട്ട കസേരയിലേക്ക് ഇനിയും ഒരാളെ കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. ഇനിയതിന് കഴിഞ്ഞെന്നും വരില്ല. കാരണം ഒരു വെൽ പാക്കഡ്‌ പൊളിട്ടീഷ്യനായിരുന്നു കരുണാകരൻ. നേതൃപാഠവവും കൗശലവും കുശാഗ്രബുദ്ധിയും എല്ലാം അവിടെയുണ്ട്. നിറഞ്ഞ ചിരിയുണ്ട്. തമാശകളുണ്ട്. കുറിക്ക് കൊള്ളുന്ന മറുപടികളുണ്ട്. എതിർപാളയത്തിലെ ശക്തനായ നായനാരുമായി സൗഹൃദം പങ്കിടാനും അവിടെ സമയമുണ്ട്. എൺപത്തിയാറാം പിറന്നാളിന് വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ, വലിയ ജീവിതാനുഭവമുണ്ടല്ലോ, ഒന്ന് തിരിഞ്ഞ് നോക്കാമോ എന്ന് ചോദിച്ചപ്പോൾ, ഒരു കുഞ്ഞിന്റെ കുസൃതിയോടെ തിരിഞ്ഞുനിന്ന് ചുറ്റും നോക്കി ചിരിപടർത്താനും കരുണാകരന് കഴിയുന്നുണ്ട്.

ഒട്ടേറെ ഉയർച്ചകളും താഴ്ചകളും കണ്ട ആ രാഷ്ട്രീയം ഒരു പാഠപുസ്തകമാണ്. ആത്മകഥക്ക് 'പതറാതെ മുന്നോട്ട്' എന്ന് തലവാചകം കുറിക്കുമ്പോൾ അതിൽ പതറാനുള്ള എത്രയോ മുഹൂർത്തങ്ങളിലൂടെ കടന്നുപോയൊരു ജീവിതമുണ്ടായിരുന്നു. കരുണാകരൻ ഒരു രാഷ്ട്രീയക്കാരനല്ല, കരുണാകരൻ ഒരു രാഷ്ട്രീയമാണ്. ഒരു ശൈലിയാണ്. എല്ലാ പതർച്ചകൾക്ക് മുന്നിലും കണ്ണിറുക്കി ചിരിക്കുന്ന കൗശലമുള്ള രാഷ്ട്രീയം.

Related Stories

No stories found.
logo
The Cue
www.thecue.in