ടോട്ടൽ ഫുട്ബോൾ മുതൽ ടിക്കി ടാക്ക വരെ; യൊഹാൻ ക്രൈഫും കാൽപന്തിലെ വിപ്ലവവും

ലോകഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയെടുത്താൽ ചിലപ്പോൾ അതിൽ നിങ്ങൾ അയാളുടെ പേര് കണ്ടെന്ന് വരില്ല. റെക്കോർഡുകളുടെ തിളക്കത്തിൽ മെസ്സിയുടെയോ റൊണാൾ‌ഡോയുടെയോ ഒപ്പം അയാളെത്തിയിട്ടുമില്ല. എന്നാൽ കാൽപന്തിന്റെ ചരിത്രമറിയുന്നവർക്ക് എല്ലാ റെക്കോർഡുകൾക്കും മുകളിലാണയാൾ.

കാൽപന്തെന്നത് കാലുകളുടെ മാത്രമല്ല, തലച്ചോറിന്റെ കൂടി കളിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തവൻ, ടോട്ടൽ ഫുട്ബോളെന്ന വിപ്ലവത്തിന് വിത്തുപാകി കാൽപന്ത് കളിക്ക് പുതിയ മാനങ്ങൾ നൽകിയവൻ. സ്വപ്നം കാണുന്നത് പോലും അപരാധമായിപ്പോകുമായിരുന്ന കാലത്ത് ബാഴ്സ എന്ന ക്ലബ്ബിന്റെ കാവൽ മാലാഖയായവൻ. ഹെൻ‌ഡ്രിക്ക് ജോഹനസ് ക്രൈഫ് എന്ന ഒരേയൊരു യൊഹാൻ ക്രൈഫ്.

ദുരന്തങ്ങളുടെ ഘോഷയാത്രയായിരുന്ന ബാല്യം. കടുത്ത ദാരിദ്ര്യത്തിൽ കുടുംബം വലയുന്നതിനിടയിൽ പിതാവിന്റെ മരണം. സ്വപ്നങ്ങൾക്ക് മേൽ ഒന്നൊന്നായ് പെയ്തിറങ്ങിയ ഇടിത്തീകളെ പൊരുതിത്തോൽപ്പിക്കാനായിരുന്നു ആ അമ്മയുടെയും മകന്റെയും തീരുമാനം. അങ്ങനെ ഡച്ച് ഫുഡ്ബോൾ ക്ലബ്ബായിരുന്ന അയാക്സിന്റെ സ്റ്റേഡിയത്തിൽ ക്രൈഫിന്റെ അമ്മ തൂപ്പുകാരിയായി.

മകനെ അല്ലലില്ലാതെ വളർത്താൻ സ്റ്റേഡിയം തുടച്ചും കളിക്കാരുടെ ജേഴ്സി കഴുകിയും അവർ പണം കണ്ടെത്തി. ആംസ്റ്റർഡാമിന്റെ സ്വപ്ന ഭൂമിയിൽ, രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ കേന്ദ്രമായി തലയുയർത്തി നിൽക്കുന്ന ആ സ്റ്റേഡിയത്തിനിന്ന്, അന്നവിടെ തൂപ്പുകാരിയായി പണിയെടുത്തിരുന്ന ആ അമ്മയുടെ മകന്റെ പേരാണ് എന്നത് ലോകഫുട്ബോളിലെ സമാനതകളില്ലാത്ത ചരിത്രം.

ഫിസിക്കൽ സ്റ്റാമിനയേക്കാൾ ഒരു നല്ല കാൽപന്ത് കളിക്കാരന് വേണ്ടത് പന്തിനേക്കാൾ വേ​ഗത്തിലോടുന്ന തലച്ചോറാണെന്ന് തെളിയിച്ചത് അയാളായിരുന്നു. അയാക്സ് ആംസ്റ്റർഡാം എന്ന ക്ലബ്ബിനെ തന്റെ കാൽപന്ത് കളിയിലെ മികവുകൊണ്ട് അയാൾ യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റി. റിനോ മിഷേൽസ് എന്ന കോച്ചായിരുന്നു ടോട്ടൽ ഫുട്ബോൾ എന്ന പുതിയ സ്റ്റൈൽ അയാക്സിൽ‌ പരീക്ഷിച്ചത്.

പിന്നീട് ലോക ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ച ഈ സ്റ്റൈൽ അന്ന് ഏറ്റവും നന്നായി പ്രയോ​ഗിച്ചിരുന്ന കളിക്കാരൻ യൊഹാൻ ക്രൈഫായിരുന്നു. കളിക്കളത്തിൽ ക്രൈഫ് ടേൺ എന്നൊരു ശൈലിക്ക് തന്നെ അയാൾ ജൻമം കൊടുത്തു. ടോട്ടൽ ഫുട്ബോളിന്റെ കരുത്തിൽ രാജ്യാതിർത്തികൾക്കപ്പുറം ആരാധകരെ സൃഷ്ടിച്ച ഹോളണ്ടിന്റെ വീരനായകന്റെ പേരായിരുന്നു യൊഹാൻ ക്രൈഫ്.

1974 ലോകകപ്പ് ഹോളണ്ടുകാർക്ക് ഒരേ സമയം ആനന്ദത്തിന്റേതും നിരാശയുടേതുമാകും. യൊഹാൻ‌ ക്രൈഫ് എന്ന് തീക്കൊള്ളിയുടെ ചിറകിലേറിയെത്തിയ ഹോളണ്ട് ടീം സാക്ഷാൽ പെലെയുടെ ബ്രസീലിനെയും മറികടന്ന് ഫൈനലിലെത്തി. ഫൈനലിൽ യൊഹാൻ ക്രൈഫിന്റെ കിക്കോഫിൽ നിന്ന് തുടങ്ങിയ പതിനാല് മനോഹര പാസുകളിലൂടെ ഹോളണ്ടിന്റെ ലോകകപ്പ് സ്വപ്നത്തിന് ഭാരമേറിയ നിമിഷം. ഫുട്ബോളിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് അവർ കരഘോഷം മുഴക്കി.

പക്ഷേ പ്രതീക്ഷകളെല്ലാം തകർത്ത് പശ്ചിമജർമനിക്ക് മുന്നിൽ ഹോളണ്ടിന് മുട്ട് മടക്കേണ്ടി വന്നു. തോറ്റുപോയെങ്കിലും കളിക്കളത്തിൽ‌ കാൽപന്ത് കൊണ്ട് സുന്ദരകവിതയെഴുതിയ ക്രൈഫിനല്ലാതെ മറ്റാർക്കും ആ ​ഗോൾഡൻ ബോളിന് അർഹതയില്ലെന്ന് ആ ലോകകപ്പ് വിധിയെഴുതി. പക്ഷേ ആ സുവർണ്ണപ്പന്ത് ഏറ്റുവാങ്ങുമ്പോഴും അയാൾക്ക് ചിരിക്കാൻ കഴിഞ്ഞിരുന്നില്ല. 1974 വേൾഡ് കപ്പ് ഇന്നും ഓർമ്മിക്കപ്പെടുന്നത് യൊഹാൻ ക്രൈഫ് എന്ന പ്രതിഭയുടെ പേരിലാകും. 78 ലെ ലോകകപ്പ് ക്രൈഫ് ഇല്ലാത്തതിന്റെ പേരിലും.

ഒരു ക്ലബ്ബ് എന്നനിലയിൽ തകർന്ന് തരിപ്പണമായി നിൽക്കുന്ന 1973 ലാണ് ക്രൈഫ് ബാഴ്സയിലെത്തുന്നത്. കളിയഴകും കരുത്തും പകർന്നയാൾ ആ ടീമിന്റെ എല്ലാമായി മാറി. അങ്ങനെ ലാലി​ഗയിൽ രണ്ട് വർഷമായി കിരീടം നേടാതിരുന്ന ആ ടീമിനെ അയാൾ കിരീട നേട്ടത്തിലേക്ക് നയിച്ചു. അയാളുടെ തോളിലേറിയായിരുന്നു കാൽപന്ത് ചരിത്രത്തിലെങ്ങോ മാഞ്ഞുപോകുമായിരുന്ന ബാഴ്സ എന്ന ക്ലബ്ബ് ഇന്ന് കാണുന്ന ബാഴ്സയായി വളർന്നത്. കളിക്കളത്തിൽ തന്റെ ടീമിന്റെ മുഴുവൻ ബുദ്ധികേന്ദ്രമായി അയാൾ കളിക്കുമ്പോൾ എതിരാളികൾ പോലും മൂക്കത്ത് വിരൽവെച്ചു. ക്രൈഫിന്റെ ചിറകിലേറി ബാഴ്സ തുടർച്ചയായി വിജയത്തിന്റെ മധുരം രുചിച്ചു. 1990-94 കാലത്ത് സ്പാനിഷ് ലീ​ഗിൽ ആർക്കും വെല്ലുവിളിയുയർത്താൻ കഴിയാത്ത വിധം ബാഴ്സ വിജയക്കുതിപ്പ് തുടർന്നു.

ബാഴ്സലോണയ്ക്കായി ഒരു യൂത്ത് ക്ലബ്ബ് എന്ന ക്രൈഫിന്റെ ബുദ്ധിയിൽ‌ ഉദിച്ച ആശയത്തിൽ നിന്നായിരുന്നു ലാമാസിയ അക്കാദമിയുടെ പിറവി. അവിടെ നിന്ന് കളി പഠിച്ചിറങ്ങിയ കുട്ടികൾ പിന്നീട് ലോകഫുട്ബോളിന്റെ കോർട്ടിൽ ചരിത്രമെഴുതി. ബാഴ്സാ ജേഴ്സിയിൽ അയാൾ നിറഞ്ഞാടിയ 2008-2012 കാലത്ത് കൊണ്ടുവന്ന ടിക്കി ടാക്ക എന്ന പ്ലേയിം​ഗ് സ്റ്റൈൽ പിന്നീട് ചരിത്രമായി മാറി.

ക്രൈഫിന്റെ മാസ്റ്റർ ബ്രെയിനിൽ പിറന്നതെല്ലാം ചരിത്രമായിരുന്നു. അയാളില്ലായിരുന്നെങ്കിൽ ലാമാസിയ എന്ന അക്കാദമി ഉണ്ടാകുമായിരുന്നില്ല. ലാ മാസിയ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ ഫേവറൈറ്റ് ലിസ്റ്റിലുള്ള ലോകം കണ്ട മികച്ച കളിക്കാരിൽ പലരുടെയും പേരുകൾ പോലും നമ്മൾ അറിയുമായിരുന്നില്ല. എന്തിനധികം ലോക ഫുട്ബോളിന്റെ മിശിഹ സാക്ഷാൽ ലയണൽ മെസ്സി പോലും ലാമാസിയയിൽ നിന്ന് കാൽ‌പന്തിന്റെ പാഠം പഠിച്ചവരുടെ പട്ടികയിലുണ്ടെന്നറിയുമ്പോഴേ കാൽപന്തിന്റെ ലോകത്ത് ആരായിരുന്നു യൊഹാൻ ക്രൈഫെന്ന് മനസിലാകൂ.

ഒരു ലോകകപ്പ് കിരീടനേട്ടം പോലും സ്വന്തമായി പറയാനില്ലാത്തപ്പോഴും ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടാണ് യൊഹാൻ ക്രൈഫ്. അയാളിലൂടെയാണ് ആ രാജ്യം കാൽപന്ത് കളിയിലെ മനോഹരകാവ്യം ലോകത്തിന് മുന്നിലെഴുതിയത്.

2016 ൽ അയാൾ ലോകത്തോട് വിട പറയുമ്പോൾ, വിലാപ​ഗാനം പാടിയതും വിതുമ്പിയതും ബാഴ്സലോണയോ അയാക്സോ ഹോളണ്ടോ മാത്രമായിരുന്നില്ല, ലോകത്തിന്റെ നാനാഭാ​ഗത്തുമുള്ള ഫുട്ബോൾ പ്രേമികളായിരുന്നു.

അത്രമേൽ അർഹതയുണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ നിർഭാ​ഗ്യത്തിന്റെ നായകൻമാരുടെ പട്ടികയിൽ‌ അയാൾ ഒന്നാമനാണ്. കാൽപന്തുള്ള കാലത്തോളം അയാൾ ജീവിക്കും. നന്ദി ക്രൈഫ്, കളിക്കളത്തിൽ ഏറ്റവും മനോഹരമായൊരു കാലം സമ്മാനിച്ചതിന്. ഓരോ ഫുട്ബോൾ പ്രേമിക്കും ഒരിക്കലും മറക്കാനാകാത്ത ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന്.

Related Stories

No stories found.
logo
The Cue
www.thecue.in