
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നഗരോത്സവം എന്നൊരു പരിപാടി നടന്നു. പരിപാടിക്ക് പാട്ട് പാടാൻ എത്തിയ ഗായിക സ്റ്റേജിൽ പാടുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ഒരു ചേട്ടന്റെ ഭീഷണി. "ഇനിയും നീ മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ സ്റ്റേജിൽ നിന്ന് അടിച്ചോടിക്കും നിന്നെ."
സ്റ്റേജിൽ നിന്ന് അടിച്ചോടിക്കും എന്നു പറഞ്ഞ നാട്ടുകാരനെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അതേ സ്പോട്ടിൽ മറുപടി കൊടുത്തിട്ടാണ് ആ ഗായിക പോയത്.
ആ ഇനിയിപ്പോ കാണികൾക്കിടയിൽ നിന്ന് ഒരാൾ വിളിച്ച് പറഞ്ഞ വിവരക്കേടല്ലേ. അതിന് ആ പരിപാടിയെ മൊത്തത്തിൽ നമ്മൾ കുറ്റം പറയുന്നത് ശരിയല്ലല്ലോ എന്ന് നിങ്ങൾ ചിന്തിച്ചോ. വെയ്റ്റ്...
നാട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തിന് സംഘാടക സമിതി ഗായികയോട് ക്ഷമാപണം ഒക്കെ നടത്തി ഗായികയുടെ ഒപ്പം നിന്നിരിക്കാം എന്ന് നമ്മൾ വിചാരിക്കും. എന്നാൽ തെറ്റി.
ഒരു പരിപാടിക്ക് ബുക്ക് ചെയ്ത് വിളിച്ച് വരുത്തിയ ആർട്ടിസ്റ്റിന് കാണികളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ട് പരിപാടിയുടെ സംഘാടക സമിതി പറയുന്ന ഡയലോഗാണിത്. അഹങ്കാരത്തിന് കൂട് വെച്ച പാട്ടുകാരിയെന്ന്.
പരിപാടിയിൽ ഏതൊക്കെ പാട്ടുകൾ പാടണമെന്ന് സംഘാടകർ പറയാതിരുന്നത് കൊണ്ടാണ് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന പാട്ടുകൾ പാടിയതെന്ന് ആ ഗായിക സ്റ്റേജിൽ വെച്ച് തന്നെ പറയുന്നുണ്ട്. അപ്പോഴാണ് സംഘാടക സമിതിയുടെ അടുത്ത കഥാപ്രസംഘം, "ഇത് പേട്ടക്ക് പറ്റിയ പാട്ടല്ല".
ഇത് ഈ ഒറ്റ സംഭവത്തിൽ ഒതുങ്ങുന്ന കാര്യമല്ല. ഇത് ആദ്യമായല്ല പരിപാടികൾക്ക് ക്ഷണിക്കപ്പെട്ട് വരുന്ന ആർട്ടിസ്റ്റുകളെ ആൾക്കൂട്ടം അപമാനിക്കുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇതിനു ഇരയാകുന്നത്.
പരിപാടി അവതരിപ്പിക്കാൻ എത്തുന്ന സ്ത്രീകളുടെ കഴിവിനെ വിലയിരുത്താതെ അവർ ഇട്ട ഡ്രെസ്സിനെ കുറ്റം പറഞ്ഞു കൊണ്ടും ബോഡി ഷെയിം നടത്തിക്കൊണ്ടുമാണ് ആൺകൂട്ടങ്ങൾ ആഘോഷിക്കുന്നത്.
മ്യൂസിക് കൺസർട്ടുകൾക്കെത്തുന്ന ഫീമെയിൽ ആർട്ടിസ്റ്റുകൾ വസ്ത്രത്തിന്റെ പേരിലും ശരീര പ്രകൃതിയുടെ പേരിലും വലിയ രീതിയിൽ അപമാനിക്കപ്പെടുന്നത് ഈ അടുത്ത കാലത്തായി വർധിച്ച് വരികയാണ്. നിങ്ങൾ ഒരു ആർട്ടിസ്റ്റിനെ പരിപാടിക്ക് വിളിച്ചു വരുത്തുന്നത് അയാളുടെ കലാപരമായ കഴിവിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ പണം കൊടുത്താണ് അവരെ കൊണ്ടുവരുന്നത് എന്നത് കൊണ്ട്, പ്രത്യേകിച്ച്, വരുന്നത് ഫീമെയിൽ ആർട്ടിസ്റ്റുകളാണെങ്കിൽ, വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ എന്ത് കടന്നുകയയറ്റവും അവർക്ക് മേൽ നടത്താൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് കരുതരുത്. അങ്ങനൊരു തോന്നലുണ്ടെങ്കിൽ അത് രണ്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി