ചിറകുകളില്ലാതെ പറന്ന കിരൺ കനോജിയ; നിശ്ചയദാർഢ്യത്തിന്റെ മറുപേര്

2011ഡിസംബർ 24, തന്റെ പിറന്നാളിന് മുൻപുള്ള ആ ദിവസം കിരൺ കനോജിയ എന്ന 24കാരി ഒരിക്കലും മറക്കില്ല. ഇൻഫോസിസിൽ എഞ്ചിനീയർ ആയിരുന്ന കിരൺ പ്രിയപ്പെട്ടവരോടൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാൻ സ്വദേശമായ ഫരീദാബാദിലേക്ക് വളരെ ആകാംക്ഷയോടെയാണ് ട്രെയിൻ കയറിയത്. സ്റ്റേഷൻ അടുക്കുന്നതിന് ഏതാനും നിമിഷങ്ങൾ മുൻപാണ് എല്ലാം മാറി മറിഞ്ഞത്.

അപരിചിതരായ കുറച്ചു യുവാക്കൾ അവളുടെ ബാഗ് തട്ടിപ്പറിക്കുകയും, വാതിലിനടുത്ത് ലോവർ ബെർത്തിൽ ഇരുന്ന അവളെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. അവൾ നേരെ വീണത് ട്രാക്കിലേക്ക് ആയിരുന്നു. അവളുടെ ഇടതു കാൽ ഫുട്‍ബോർഡിൽ കുടുങ്ങിയിരുന്നു. സഹയാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുമ്പോഴേക്കും അവളുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങിയിരുന്നു.

നിസ്സഹായയായ ആ പെൺകുട്ടി തന്റെ ജീവിതം അതോടു കൂടി അവസാനിക്കുന്നതായി ചിന്തിച്ചു കാണും. ചോര വാർന്ന കാലുമായി കിടന്ന കിരണിനെ അവർ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. തന്റെ കാൽ മുറിച്ചു മാറ്റുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു തരാൻ ഡോക്ടർ ആവശ്യപ്പെട്ടത് ഏറെ വിഷമത്തോടെയാണ് കിരൺ കേട്ടത്. കാലിനൊപ്പം തന്റെ ഹൃദയവും വേർപെടുന്ന വേദനയാണ് അവൾ അനുഭവിച്ചത്.

എന്റെ കാലുകൾ എങ്ങനെയെങ്കിലും മുറിച്ചു മാറ്റുന്നതിൽ നിന്നും രക്ഷിക്കണം എന്നവൾ ഡോക്ടറോട് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പറഞ്ഞു. തൊട്ടടുത്ത ദിവസം സുഹൃത്തുക്കൾ അവൾക്ക് പിറന്നാൾ ആശംസകൾ അയക്കുമ്പോഴും അവളുടെ അച്ഛനുമമ്മയും ഓപ്പറേഷനുള്ള പണം സ്വരൂപിക്കുകയായിരുന്നു. അങ്ങനെ അവളുടെ ഇടതുകാൽ മുറിച്ചുമാറ്റി.

ഓപ്പറേഷന് ശേഷമുള്ള ആറു മാസക്കാലം, അവളുടെ ജീവിതത്തിലെ തന്നെ കറുത്ത ഏടുകളായിരുന്നു. എന്തിനുമേതിനും മറ്റുള്ളവരെ ആശ്രയിച്ച് ജീവിച്ച ദുരിത ദിനങ്ങൾ. ആരെയും കാണാനോ സംസാരിക്കാനോ കഴിയാതിരുന്ന വേദന നിറഞ്ഞ ദിവസങ്ങൾ. ഒരിക്കൽ കാലിലെ അസഹനീയ വേദനയെ തുടർന്ന് ആശുപത്രിയിൽ വീണ്ടും കാണിച്ചപ്പോഴാണ് വിധി മറ്റൊരു വില്ലൻ വേഷം കെട്ടി മുന്നിൽ നിൽക്കുന്നത് കിരൺ അറിഞ്ഞത്.

ഓപ്പറേഷന് ശേഷം ചർമം യോജിപ്പിക്കാൻ ഉപയോഗിച്ച സ്റ്റാപ്പിൾസിൽ കുറച്ചെണ്ണം കൃത്യമായി നീക്കം ചെയ്തിരുന്നില്ല. അത് കിരണിന്റെ കാലിൽ പതിഞ്ഞിരിക്കുകയാണെന്ന കാര്യം അവളെ വല്ലാതെ ഭയപ്പെടുത്തി. പക്ഷെ അവൾക്ക് അതിലേറെ ദേഷ്യവും സമ്മർദ്ദവും ഉണ്ടാക്കിയത് ഒരു ഡോക്ടറുടെ അഭിപ്രായമായിരുന്നു. " നീ ഓടാൻ പോകാത്തിടത്തോളം കാലം ഈ സ്റ്റാപ്പിൾസ് നിനക്കൊരു ദോഷവും ചെയ്യില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡോക്ടറോട് കിരൺ ഒന്നും അപ്പോൾ പറഞ്ഞില്ലെങ്കിലും ഡോക്ടർ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കണം എന്ന് തന്റെ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.

2014ൽ ഹൈദരാബാദിൽ സംഘടിപ്പിച്ച ഹൈദരാബാദ് എയർടെൽ മാരത്തണിൽ കിരൺ തന്റെ ജീവിതത്തിലെ ആദ്യ മെഡൽ ഓടിയെടുത്തു. അതൊരു തുടക്കം മാത്രമായിരുന്നു. ഒരിക്കലും നിലയ്ക്കാത്ത നിശ്ചയദാർഢ്യത്തിന്റെ ആദ്യ സമ്മാനം. ഇന്ത്യയിലെ ആദ്യ വനിതാ ബ്ലേഡ് റണ്ണർ എന്ന പദവി കിരണിനെ തേടിയെത്തുമ്പോൾ അവളുടെ പ്രായം വെറും 28 വയസ് മാത്രമായിരുന്നു. പിന്നീട് നീതി ആയോഗും യുണൈറ്റഡ് നേഷൻസും ചേർന്ന് സംഘടിപ്പിച്ച വിമൺ ട്രാൻസ്ഫോമിം​ഗ് ഇന്ത്യ അവാർഡ് 2017ൽ കിരണിനെ തേടിയെത്തിയിരുന്നു. അതേ വർഷം തന്നെ മിഷൻ സ്‌മൈൽ അവരുടെ കലണ്ടറിൽ അവതരിപ്പിച്ച 12 സ്പോർട്ടിങ് സൂപ്പർഹീറോസിൽ ഒരാൾ കിരൺ കനോജിയ ആയിരുന്നു.

കിരൺ കനോജിയ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്, പറക്കാൻ നിങ്ങൾക്ക് ചിറകുകൾ വേണ്ടതില്ല എന്ന്. ആത്മ വിശ്വാസവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം എന്ന് തന്റെ ജീവിതം കൊണ്ട് പറഞ്ഞു വെക്കുകയാണവർ.

Related Stories

No stories found.
logo
The Cue
www.thecue.in