ആനപ്പുറത്തേറി ഇന്ദിരയുടെ ബെൽച്ചി യാത്ര

ഇന്ത്യയെന്നാൽ ഇന്ദിരയാണെന്നോ ഇന്ദിരയെന്നാൽ ഇന്ത്യയാണെന്നോ പാടി നടന്നൊരു കാലമായിരുന്നില്ല അത്‌. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ദിരയെന്ന പേരു വെറുക്കപ്പെട്ടൊരു കാലം. ഇന്ദിരയുടെ പോസ്റ്ററുകൾ കരിയോയിലിൽ മുങ്ങി കുളിച്ച്‌ കിടന്ന കാലം. അടിയന്തരാവസ്ഥയുടെ കനലുകൾ ഒടുങ്ങിയിട്ടില്ലാത്ത കാലം. ഇന്ദിര, സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ ദയനീയമായി പരാജയപ്പെട്ട് നിൽക്കുന്ന കാലം. അറുപത്‌ വയസ്സ് പിന്നിട്ട ഇന്ദിരക്ക്‌ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക്‌ ഇനിയൊരു തിരിച്ചുവരവില്ലെന്ന് നിരീക്ഷരൊക്കെയും വിലയിരുത്തിയ കാലം. ഇന്ദിര ചാരമായെന്ന് ശത്രുക്കൾ ഉറപ്പിച്ച കാലം. ആ കാലത്ത് സകലരെയും അമ്പരിപ്പിച്ചുകൊണ്ട് ഇന്ദിര ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ഒരു യാത്രയുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അതിനു മുമ്പോ ശേഷമോ ഒരാളും നടത്താൻ ധൈര്യപ്പെടാത്ത ഒരു യാത്ര. ചരിത്രത്തിൽ സമാനതകളേതുമില്ലാത്തൊരു യാത്ര. ഇന്ദിരയുടെ ബെൽച്ചി യാത്ര.

ബെൽച്ചി എന്നത് ബീഹാറിലെ ഒരു കുഗ്രാമമാണ്. ചതുപ്പിനാൽ ചുറ്റപ്പെട്ട ആ ഗ്രാമത്തിലേക്ക് എത്തപ്പെടുക പ്രയാസകരമായിരുന്നു. 1977 ജൂലായിൽ അവിടെ ഒരു സംഭവമുണ്ടായി. ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ ദളിതരെ കൂട്ടക്കൊല നടത്തി. കൈകൾ പിറകിലേക്ക് ബന്ധിച്ച്, വെടിവെച്ച്, തീയിലേക്ക് എറിഞ്ഞ് 11 പേരാണ് അതിദാരുണമായി അന്നവിടെ കൊല ചെയ്യപ്പെട്ടത്. രാജ്യത്തെയാകെ ആ ഭീകര വാർത്ത അസ്വസ്ഥമാക്കി. പക്ഷെ ബെൽച്ചിയിലെ ദളിതർക്ക് ആശ്വാസമാകാനോ സംരക്ഷണമൊരുക്കാനോ ഉത്തരവാദിത്തപ്പെട്ടവർ ആരും തയ്യാറായില്ല. ഭരണപക്ഷവും പ്രതിപക്ഷവും ആ സംഭവത്തോട് മുഖം തിരിച്ചപ്പോൾ, അല്ലെങ്കിൽ ഇടപെടാൻ സമയമെടുത്തപ്പോൾ ഇന്ദിര അതിലെ രാഷ്ട്രീയ അവസരം തിരിച്ചറിഞ്ഞു. ജനങ്ങൾക്കിടയിലേക്ക് എപ്പോഴാണ് ഇറങ്ങേണ്ടതെന്ന് ഇന്ദിരയെ ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു. ഇന്ദിരയുടെ ഫോൺ കോൾ ബീഹാർ പി.സി.സി അധ്യക്ഷൻ കേതാർ പാണ്ഡേയെ തിരഞ്ഞെത്തി. ഒരുക്കങ്ങൾ നടത്തുക, ഞാൻ പുറപ്പെടുകയായി. ഇതായിരുന്നു സന്ദേശം. ആ വാർത്ത ബീഹാറിലും ബീഹാറിന് പുറത്തും മാധ്യമസ്ഥാപനങ്ങളിലും കാട്ടുതീ പോലെ പടർന്നു.

ഇന്ദിര ബീഹാറിലേക്ക് പുറപ്പെട്ടു. ഏത് ബീഹാറാണെന്ന് ഓർക്കണം? ആറ് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തുടച്ചുമാറ്റിയ ബീഹാർ. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ നടന്ന ബീഹാർ. അടിമുടി ഇന്ദിരാവിരുദ്ധമായ ബീഹാർ. അതേ ബീഹാറിലേക്ക് ഇന്ദിര പുറപ്പെട്ടു. വാഹനത്തിലുള്ള യാത്ര ദുഷ്കരമാകുമെന്നും ബെൽച്ചിയിൽ എത്തുക ഏതാണ്ട് അസാധ്യമാണെന്നും ചുറ്റുമുള്ളവർ പറഞ്ഞു. അതിനെന്താണ്, നമ്മൾ നടന്നു പോകുമെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ഒരു രാത്രി മുഴുവൻ നടക്കേണ്ടി വന്നാലും മുന്നോട്ടു തന്നെ.

അന്ന് പാട്നയിലെത്തിയ ഇന്ദിരയ്ക്കെതിരെ ഗോ ബാക്ക് വിളികൾ മുഴങ്ങിയി. പക്ഷെ ആ വിളികൾ അവിടെ വെച്ച് തന്നെ അവസാനിച്ചു. എതിർസ്വരങ്ങൾ പതിയെ ഇല്ലാതായി. ഇന്ദിരയുടെ യാത്രയുടെ വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം വഴിയോരങ്ങളിൽ തടിച്ച് കൂടി ഇന്ദിരക്കായി മുദ്രാവാക്യങ്ങൾ മുഴക്കി. പൂക്കൾ വിതറി. ചമ്പാപൂരിലും ബീഹാർ ഷെരീഫിലും ഇന്ദിരയെ ഒരു നോക്ക് കാണാൻ ജനങ്ങൾ തിങ്ങിക്കൂടി. ആറ് മാസങ്ങൾക്ക് മുമ്പ് തന്റെ രക്തത്തിനു ദാഹിച്ചവർ തനിക്ക് ആശംസകൾ നേരുന്നു. ആ രാഷ്ട്രീയ മാറ്റം കൺകുളിക്കെ കണ്ട് ഇന്ദിര യാത്ര തുടർന്നു.

ബെൽച്ചി ഇനിയും പതിനഞ്ച് കിലോമീറ്റർ അകലെയാണ്. പക്ഷെ കാറിലെ യാത്ര ദുഷ്കരമായിരുന്നു. ടയർ ചതുപ്പിൽ താണുപോകുന്നു. യാത്ര ജീപ്പിലേക്ക് മാറ്റി. മീറ്ററുകൾക്കപ്പുറം ജീപ്പിനും യാത്ര അസാധ്യം. കൂടെയുള്ളവർ ഇന്ദിരയെ നോക്കി. യാത്ര തുടരണോ എന്നവർ ആശങ്കയോടെ ചോദിച്ചു. പക്ഷേ അപ്പോഴും ഇന്ദിര മുന്നിലേക്ക് മാത്രമാണ് നോക്കിയത്. യാത്ര മുന്നോട്ട് തന്നെ. ജീപ്പ് ഒരു ട്രാക്ടറുമായി ബന്ധിക്കപ്പെട്ടു. മീറ്ററുകൾ താണ്ടുമ്പോൾ ചതുപ്പിന്റെ ആഴവും കൂടി. ട്രാക്ടറും നിശ്ചലമായി. മടങ്ങാമെന്ന ഉപദേശങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ ഇന്ദിര പതിയെ ജീപ്പിൽ നിന്നിറങ്ങി. ചതുപ്പ് നിറഞ്ഞ നിലത്തിലൂടെ അവർ മുന്നോട്ട് നടന്നു തുടങ്ങി. ഇങ്ങനെ പോകാൻ കഴിയില്ലെന്ന് അനുയായികൾ പറഞ്ഞുനോക്കിയെങ്കിലും അവർ പാടുപെട്ട് മുന്നോട്ട് തന്നെ നടന്നു. ഒന്ന് തീരുമാനിച്ചുറപ്പിച്ചാൽ മാനമിടിഞ്ഞ് വീണാൽ പോലും പിന്നോട്ടില്ലെന്നത് ഇന്ദിരയുടെ ജീനിൽ പതിഞ്ഞതാണ്.

ചതുപ്പ് നിലത്തിലൂടെ നടന്നുനീങ്ങുന്ന ഇന്ദിരയോട് യാത്ര തുടരണമെങ്കിൽ ആനപ്പുറത്ത് കയറി പോകേണ്ടി വരും എന്ന് ഒരാൾ വിളിച്ചുപറഞ്ഞു. എങ്കിൽ ആനയെ കൊണ്ട് വരൂ എന്നായിരുന്നു ഇന്ദിരയുടെ മറുപടി. ഈ പ്രായത്തിൽ, ഈ അറുപതാം വയസ്സിൽ നിങ്ങൾക്കതിനു കഴിയില്ലെന്ന് ആരോ പറഞ്ഞപ്പോൾ അവർ ചിരിക്കുക മാത്രം ചെയ്തു. അങ്ങനെ ആനയെ കൊണ്ടുവന്നു. കുറെ നാളായി ഞാൻ ആനപ്പുറത്ത് കയറാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞുകൊണ്ട് അവർ ആവേശത്തോടെ അതിനു മുകളിലേക്ക് കയറുമ്പോൾ താഴെ നിന്ന് തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾ ഉയർന്നു, ഇന്ദിരാഗാന്ധി ജയിക്കട്ടെ എന്ന്.

യാത്ര ഏതാണ്ട് അസാധ്യമായ ബെൽച്ചിയിൽ അങ്ങനെ ഇന്ദിര കാലുകുത്തി. വാർത്തയറിഞ്ഞെത്തിയ ഗ്രാമവാസികൾ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ഇന്ദിരയെ അവർ മാലയിട്ടും മുദ്രാവാക്യം വിളിച്ചും നിറകണ്ണുകളോടെ സ്വീകരിച്ചു. സ്ത്രീകൾ കൂപ്പുകൈകളോടെ വന്ന് പറഞ്ഞു, അവസാനം ഞങ്ങളുടെ രക്ഷകയെത്തിയിരിക്കുന്നു. മുദ്രാവാക്യങ്ങൾ വീണ്ടും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു, ഇന്ദിര തെരെ അബ്ബോ മെൻ, ഹരിജൻ മാരേ ജാത്തേ ഹേ. നിങ്ങളുടെ അഭാവത്തിൽ ഹരിജനങ്ങൾ മരിച്ചുവീഴുകയാണ് ഇന്ദിരാ. രക്ഷിക്കാൻ ഒരാൾക്ക് മാത്രമേ കഴിയൂ എന്നും അത് ഇന്ദിരയല്ലാതെ മറ്റാരുമല്ലെന്നും ആ ജനത ഹൃദയം കൊണ്ട് വിളിച്ചുപറഞ്ഞു. തിരിഞ്ഞുനോക്കാൻ ഉത്തരവാദിത്തപ്പെട്ടവർ മടിച്ചുനിന്നപ്പോൾ പ്രതികൂല കാലാവസ്ഥയെ പോലും വകവെക്കാതെ ഒരു അറുപതുകാരി നടന്നും ആനപ്പുറത്തേറിയും വന്നത് തങ്ങളുടെ മുറിവുകളിൽ മരുന്നുപുരട്ടാനാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഇന്ദിരയുടെ കരസ്പർശത്തിൽ ആശ്വാസം കണ്ടു. രാജ്യമാകെ ആ ആശ്വാസത്തിന്റെയും അനുകമ്പയുടെയും തരംഗം ആഞ്ഞുവീശി. പിറ്റേദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് ഇന്ദിരയുടെ ബെൽച്ചി സന്ദർശനമായിരുന്നു. ദുർഘടമായ ആ യാത്രയുടെ വിഷാദശാംശങ്ങൾ വായിച്ച് രാജ്യമാകെ അതിശയപ്പെട്ടു.

ആ ദിവസത്തിൽ നിന്ന് രണ്ട് വർഷങ്ങൾ കൂടി കഴിയുമ്പോൾ 1980 ൽ ഒരു പൊതുതെരഞ്ഞെടുപ്പിനെ ഇന്ത്യ അഭിമുഖീകരിച്ചു. 1977 ൽ ദയനീയമായി തോറ്റു പുറത്തായ ഇന്ദിര അതിശക്തമായി തിരിച്ച് വന്നു. ഇന്ദിര വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് മാർച്ച് ചെയ്തു. അങ്ങനെ, വെറുക്കപ്പെട്ടവൾ എന്ന പ്രതിച്ഛായ തൂത്തുതുടച്ച് ഇന്ദിര എന്ന കൗശലക്കാരിയായ രാഷ്ട്രീയക്കാരി വീണ്ടുമൊരിക്കൽ കൂടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൂമുഖത്തേക്ക് കസേര വലിച്ചിട്ടിരുന്നു. വിമർശകർ നിശബ്ദരായി. ഇന്ദിരയുടെ പുനർജ്ജന്മം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ചാരത്തിൽ നിന്നും ഇന്ദിര അതിശയകരമാം വിധം ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ എപ്പോഴും അപ്രതീക്ഷിതമായ നീക്കങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത രാഷ്ട്രീയക്കാരിയായിരുന്നു അവർ. പൊടുന്നെനെ തീരുമാനങ്ങൾ കൈക്കൊള്ളുകയും ആ തീരുമാനം തെറ്റാണെങ്കിൽ പോലും അതിൽ ഉറച്ച് നിൽക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പോലും അതിനു ഉദാഹരണമാണ്. ഇന്ദിര അന്നും ഇന്നും ഒരുപോലെ വിമർശിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏകാധിപതിയെന്ന വിമർശനം ഒരറ്റത്ത് നിൽക്കുമ്പോഴും അതിശക്തയായ, ധീരയായ, തന്റേടിയായ രാഷ്ട്രീയ നേതാവെന്ന വിശേഷണം നിഷേധിക്കാൻ കഴിയുന്നതല്ല.

Related Stories

No stories found.
logo
The Cue
www.thecue.in