വിചാരണ തടവുകാർ നിറയുന്ന ഇന്ത്യൻ ജയിലുകൾ

ഇന്ത്യൻ ജയിലുകളിൽ ഏറ്റവും കൂടുതലുള്ളത് വിചാരണ തടവുകാരാണ്. നിലവിലുള്ള തടവുകാരുടെ 77.1% വരും അത്. ഒരാളെ എന്തെങ്കിലും കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്യുമ്പോൾ തന്നെ അയാൾ കുറ്റവാളിയാണെന്ന് ഉറപ്പിക്കുന്ന ഒരു പൊതുബോധമാണ് നമുക്കുള്ളത്. അതുകൊണ്ടാണ് ഇപ്പോഴും "നീ കാരണം പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു." അല്ലെങ്കിൽ "ജീവിതത്തിൽ ഇന്നുവരെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നിട്ടില്ല" എന്നൊക്കെ ആളുകൾ ആത്മാഭിമാനത്തെ ബന്ധിപ്പിച്ചുകൊണ്ട് പറയുന്നത്. പോലീസ് സ്റ്റേഷനിൽ കയറേണ്ടി വരിക എന്നത് ഏതൊരു പൗരനും ജീവിതത്തിൽ ഏതെങ്കിലും സന്ദർഭത്തിൽ ചെയ്യേണ്ടിവരുന്ന കാര്യം മാത്രമാണ്. പോലീസ് അറസ്റ്റു ചെയ്താൽ കുറ്റവാളിയായി എന്ന ബോധമുള്ളതുകൊണ്ടാണ്, അറസ്റ്റ് ചെയ്യപ്പെടുന്നൊരാളുടെ അവകാശങ്ങളെ കുറിച്ച് യാതൊരറിവും നമുക്കില്ലാത്തത്. അറസ്റ്റ് ചെയ്തൊരാളെ പോലീസിന് എന്തും ചെയ്യാമെന്ന തരത്തിൽ നമ്മൾ ഇതെല്ലാം അംഗീകരിച്ചു കൊടുത്തിരിക്കുകയാണ്. ഈ കാരണം കൊണ്ട് തന്നെയാണ്, വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവർ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നതും, അവരനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ ഒരു തരത്തിലും അഡ്രസ് ചെയ്യപ്പെടാതെ പോകുന്നതും.

ശരിക്കും ഒരു കേസിൽ കുറ്റാരോപിതരായവരെല്ലാവരും അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണോ? ഒരു കേസിൽ കുറ്റം ആരോപിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് ചില നിബന്ധനകളുണ്ട്. സുപ്രീം കോടതിയിൽ നടന്ന അർണേഷ് കുമാർ v/s സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ കോടതി കൃത്യമായി ഇത് നിരീക്ഷിക്കുന്നുണ്ട്. ഏഴു വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളിൽ കുറ്റാരോപിതരെ അറസ്റ്റു ചെയ്യാതിരിക്കാനുള്ള പ്രൊവിഷനുണ്ട് ഇൻവെസ്റ്റിഗെറ്റിംഗ് ഓഫീസർക്ക്. അനാവശ്യ അറസ്റ്റുകൾ ഒഴിവാക്കാൻ സി.ആർ.പി.സി യിലെ സെക്ഷൻ 41 ഉം ഈ വിധിയിൽ പറയുന്നു. ആദ്യം അറസ്റ്റു ചെയ്യുക പിന്നീട് അന്വേഷിക്കുക എന്നത് ഇന്ന് ഒരു കീഴ്വഴക്കമായി നിലനിൽക്കുന്നുണ്ട്. ആദ്യം തന്നെ അക്യുസ്ഡിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നതിനപ്പുറം അന്വേഷണത്തിലുടനീളം അയാളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് അർണേഷ് കുമാർ കേസിൽ സുപ്രീം കോടതി പറയുന്നു. അതിന് വാറന്റ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വിളിച്ചു വരുത്തമെന്നും കോടതി പറയുന്നു.

നമ്മൾ ഇതുപോലെ പൂർണ്ണമായും സമ്മതിച്ചു കൊടുത്ത കാര്യമാണ് കസ്റ്റോഡിയൽ അന്വേഷണങ്ങൾ. പ്രതിയെ ദിവസങ്ങളോളം കസ്റ്റഡിയിലെടുത്ത് അന്വേഷിക്കുന്നത് നോർമലാണ് എന്ന് നമുക്ക് തോന്നിപ്പിക്കുന്നതിൽ മലയാളത്തിലെ പല ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമകളും വഹിച്ച പങ്ക് വലുതാണ്. ഇത് പൂർണ്ണമായും നിഷേധിക്കുന്നത് അറസ്റ്റു ചെയ്യപെടുന്നവരുടെ മനുഷ്യാവകാശമാണ്. സ്വതന്ത്രമായ, കുറ്റമറ്റ രീതിയിലുള്ള അന്വേഷണത്തെ ബാധിക്കുമെന്നാകുമ്പോൾ മാത്രമാണ്, കസ്റ്റോഡിയൽ അന്വേഷണം എന്ന ഓപ്ഷൻ അന്വേഷണ സംഘത്തിന്റെ മുന്നിലേക്ക് വരേണ്ടത്. എന്നാൽ ഇന്ന് എല്ലാ കേസിലും അറസ്റ്റു ചെയ്തയുടൻ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് ഒരു ചടങ്ങുപോലെയായി മാറി എന്നതാണ് സത്യം. അനാവശ്യമായ അറസ്റ്റും കസ്റ്റഡിയുമാണ് വിചാരണ തടവുകാരുടെ എണ്ണം കൂടാനുള്ള ഒരു കാരണം.

ഇത്രയും അനീതികൾക്കിരയായി വരുന്ന ഒരാൾക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശത്തെ കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് ലോവർ കോടതികളിലെ മജിസ്‌ട്രേറ്റുമാരാണ്. അവരുടെ മുന്നിലെത്തുന്ന പ്രതികളുടെ അറസ്റ്റ് നിയമവിധേയമായി തന്നെ നടന്നിട്ടുള്ളതാണോ എന്ന് മറ്റെല്ലാ വാദങ്ങൾക്കും മുമ്പ് തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നുള്ള ഈ സൂക്ഷ്മ പരിശോധന വലിയ രീതിയിൽ അനാവശ്യ അറസ്റ്റുകൾ തടയാൻ സഹായിക്കും. മറ്റൊരു ഗൗരവകരമായ കാര്യം റിമാൻഡ് ചെയ്യുന്നതാണ്. റിമാൻഡ് ചെയ്യുന്നത് പലപ്പോഴും ഒരു വളരെ സാധാരണമായാണ് നടക്കുന്നത്. മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ തന്നെ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്യുന്നതിന് മുമ്പ് ഇവിടെ നിഷേധിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും, അയാൾ ജയിലിൽ കിടക്കേണ്ടി വരുന്ന ഒരു ദിവസമാണെങ്കിൽ പോലും അത് അയാളുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുമെന്നും യു.യു. ലളിത് പറഞ്ഞിരുന്നു.

വിചാരണ തടവുകാരായി കഴിയുന്നവർ കാലാകാലം അങ്ങനെ തുടരേണ്ടി വരുന്നതിന് മറ്റൊരു പ്രധാന കാരണം, പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ്. ഹരിയാന, പഞ്ചാബ് ഹൈക്കോടതികളിലായി കേസുകളിൽ കാലതാമസമുണ്ടായത് കാരണം പ്രതികൾക്ക് കോടതി ജാമ്യം നൽകിയിട്ടുണ്ട്. പല കേസുകളിലും രണ്ടുവർഷത്തോളമൊക്കെ പ്രതി ജയിലിൽ കിടന്നിട്ട് വിസ്തരിക്കപ്പെട്ടത് ഒരൊറ്റ സാക്ഷിയായിരിക്കും. ഇവിടെ നിരന്തരം നീട്ടിവെക്കപ്പെടുന്ന കേസ്സുകളിൽ ഒരു ഭാഗത്തുള്ളവരുടെ മാത്രം മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് വലിയ അനീതിയാണ്.

ഇന്ന് ഇന്ത്യയിൽ നീതി നിഷേധിക്കപ്പെട്ട് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയം മുഴുവൻ ജയിലിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യരെ നമ്മൾ ഓർക്കേണ്ടതുണ്ട്. അത് ഭീമാ കൊരേഗാവ് കേസിൽ ജയിലിൽ കഴിയുന്ന, ഉമർ ഖാലിദും, റോണാ വിത്സണും, ഹാനി ബാബുവും ഉൾപ്പെടെയുള്ള ആളുകളാണ്. ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണിത്. പ്രതീക്ഷയ്‌ക്കും നിരാശയ്ക്കുമിടയിൽ ഒരു നൂൽപ്പാലത്തിലൂടെ പോവുകയാണെന്ന് പറഞ്ഞ് ഉമർ ഖാലിദ് ജയിലിൽ നിന്നെഴുതിയ കത്ത് പുറത്ത് വന്നിരുന്നു. വിചാരണ തടവുകാരാക്കി മാറ്റുന്നതിൽ മനുഷ്യന്റെ എല്ലാ ആത്മവിശ്വാസവും, മാനസികാരോഗ്യവും ഇല്ലാതാക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് ഭരണകൂടത്തിന്. അത് കേവലം ഒരു കാലതാമസമാണ്. അതൊരു മർദ്ദനോപാധിയാണ്.

വിചാരണ തടവുകാരായി തുടരേണ്ടി വരുന്നതിനു മറ്റൊരു പ്രധാന കാരണം, ജാമ്യം ലഭിക്കാതിരിക്കുന്നതാണ്. അത് പലപ്പോഴും കൃത്യമായ നിയമോപദേശമോ, കോടതിയിൽ വാദിക്കാൻ വാക്കിലോ ഇല്ലാത്തതുകാരണമാണ്. മറ്റൊരാവസ്ഥ, കോടതിയിൽ കാര്യം അവതരിപ്പിച്ചെങ്കിലും ജാമ്യം സാങ്കേതികത്വങ്ങളുടെ പേരിൽ തള്ളിപ്പോകുന്നതാണ്. ഇതൊന്നുമല്ലാത്തൊരു കാര്യം കൂടിയുണ്ട്. ജാമ്യത്തുക കെട്ടി വെക്കാനില്ലാതെ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ജാമ്യത്തിന് അടിസ്ഥാനമായി പണം വരുന്നിടത്ത്, വലിയ വിവേചനം കൂടിയാണുണ്ടാകുന്നത്. ഒരു കേസിൽ അനാവശ്യമായി ജയിലിൽ കിടക്കാതിരിക്കാനുള്ള, അഥവാ മനുഷ്യാവകാശം ലംഘിക്കപ്പെടാതിരിക്കാനുള്ള സാധ്യതപോലും പണമില്ലാത്തവർക്കില്ല എന്നുകൂടിയാണ് ഇതിന്റെ അർഥം.

മനുഷ്യാവകാശങ്ങൾക്കു വേണ്ടി നമ്മൾ സെമിനാറുകൾ നടത്തുമ്പോഴും, അതിനർഹതയുള്ളവരുടെ പട്ടികയിൽ വിചാരണത്തടവുകാരെ നമ്മൾ പെടുത്തിയിട്ടില്ല എന്നുകൂടി ഓർക്കണം. പല മാധ്യമങ്ങളിലൂടെ ഭരണകൂടം അവരുടെ മർദ്ദനോപകാരണങ്ങൾക്ക് പൊതുസമ്മതിയുണ്ടാക്കിയെടുത്തിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു കേസിൽ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ കൈകാര്യം ചെയ്യുന്ന രീതി. അയാളെ എന്ത് ചെയ്താലും പൊതു സമൂഹത്തിനു പരാതിയില്ല. സ്റ്റാൻസ്വാമിയെ പോലെ ഒരാൾ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ പാർക്കിന്സണ് രോഗം മൂർച്ഛിച്ച്, ഭക്ഷണം കഴിക്കാൻ ഒരു സ്പൂൺ പോലും കിട്ടാതെ മരിക്കുന്ന അവസ്ഥയിലെത്തുന്നത് നമ്മളെ ബാധിച്ചിട്ടില്ല. അങ്ങനെ എത്രപേർ മരിച്ചാലും ബാധിക്കുകയുമില്ല. കാരണം നമ്മുടെ പൊതുബോധപ്രകാരം പോലീസ് അറസ്റ്റു ചെയ്യുന്നവരെല്ലാവരും, ജയിലിൽ കിടന്നവരെല്ലാവരും മരിക്കേണ്ടവരാണ്. ഒരു സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങിവരുന്നത് നമുക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തിടത്തോളം കാലം, ജുഡീഷ്യറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അതിൽ സൂക്ഷ്മത പുലർത്താത്തിടത്തോളം കാലം, വിമർശിക്കുന്നവരെ ഈ ഉപാധിവച്ച് ഭരണകൂടം നിശ്ശബ്ദരാക്കും, ചിലപ്പോൾ കൊല്ലും.

Related Stories

No stories found.
logo
The Cue
www.thecue.in