ഭരണഘടനയെ തള്ളിപ്പറയുന്ന തമിഴ്‌നാട് ഗവർണർ

ഗവര്‍ണര്‍ ഒരു ഭരണഘടനാ സ്ഥാനം എന്നതിനപ്പുറം കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ റീജിയണല്‍ ഓഫീസ് ആയി മാറുന്നത് പ്രത്യേകിച്ച് ഞെട്ടലൊന്നുമില്ലാതെ നമ്മള്‍ ഇന്റെര്‍ണലൈസ് ചെയ്ത കാര്യമാണ്. ഇന്ന്, വി.സി നിയമനത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു, നിയമസഭാ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല, എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് എന്തെങ്കിലും വികാരം നിങ്ങള്‍ക്കുണ്ടാകുന്നുണ്ടോ? ആദ്യത്തെ തവണ വല്ലതുമാണെങ്കില്‍ ഞെട്ടലോടെ കേട്ടു എന്നൊക്കെ പറയാമായിരുന്നു. എന്നാല്‍ എത്രതവണ ഒരു മനുഷ്യന് ഞെട്ടാനാകും? കേരളം, തമിഴ്‌നാട്, തെലങ്കാന, വെസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം സജീവമായി ചര്‍ച്ചയിലുണ്ട്. റെക്കോര്‍ഡ് വിവാദ പരാമര്‍ശങ്ങളിലൂടെ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരിക്കും. കേരളത്തില്‍ മിക്കപ്പോഴും നിയമങ്ങളുള്‍പ്പെടെയുള്ള ആഭ്യന്തര ഭരണകാര്യങ്ങളായിരുന്നു ചര്‍ച്ചയില്‍ വന്നതെങ്കില്‍, തമിഴ് നാട്ടിലെയും വെസ്റ്റ് ബംഗാളിലെയുമൊന്നും അവസ്ഥ അതായിരുന്നില്ല. ഇതില്‍ വളരെ ഗുരുതരമായ അവസ്ഥയിലേക്ക് പോയത് തമിഴ്‌നാട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഭരണകാര്യങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല അത്. മറിച്ച് തമിഴ് ജനതയുടെ ഐഡന്റിറ്റിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഗവര്‍ണര്‍ ആര്‍. എന്‍ രവിയുടെ പരാമര്‍ശങ്ങള്‍.

ഈ ജനുവരി നാലാം തീയ്യതി ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണം എന്ന് പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നാട് എന്ന് പറഞ്ഞാല്‍ തമിഴില്‍ രാജ്യം എന്നാണ് അര്‍ഥം. ഈ സംസ്ഥാനം ഭാരതത്തിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പിന്തിരിപ്പന്‍ ആശയമാണ് അന്‍പത് വര്‍ഷം ഇവിടെ നിലനിന്ന ദ്രാവിഡ ഭരണം ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നമ്മളെയെല്ലാവരെയും ഒരുമിപ്പിക്കാന്‍ കഴിവുള്ള ഒന്നാണ് സനാതന ധര്‍മ്മം. തമിഴ്‌നാട് ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന പ്രചാരണം തെറ്റാണ് എന്നും ഗവര്‍ണര്‍ ആര്‍.എന്‍ രവി പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ ശക്തമായി ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നു. ട്വിറ്ററില്‍ തമിഴ്‌നാട് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി. 'കോള്‍ മൈ സ്റ്റേറ്റ് തമിള്‍നാട്' എന്ന അണ്ണാദുരയുടെ വാക്കുകള്‍ ആളുകള്‍ ആവര്‍ത്തിച്ച് ട്വീറ്റ് ചെയ്തു.

ദേശീയതലത്തില്‍ നടക്കുന്ന പ്യൂരിറ്റന്‍ വാദങ്ങള്‍ക്കും, ആര്യന്‍ രാഷ്ട്രീയത്തിനുമെതിരെ തന്തൈ പെരിയാറിലൂടെയും അണ്ണാദുരയിലൂടെയും തമിഴ്നാട് മുന്നോട്ട് വച്ച ദ്രാവിഡ രാഷ്ട്രീയം പിന്തിരിപ്പനും ആളുകളെ വിഘടിപ്പിക്കുന്നതരം കാഴ്ചപ്പാടുകളാണെന്നും സനാതന ധര്‍മ്മത്തിലൂടെ നമ്മള്‍, ആര്‍ഷഭാരതത്തിന്റെ ഭാഗമാകണമെന്നും പറയുന്നത് പുരോഗമനവുമാകുന്നിടത്ത് നമ്മള്‍ ശ്രദ്ധിക്കണം. നമ്മളെ ഒന്നിപ്പിക്കുന്നത് സനാതന ധര്‍മ്മമാണെന്ന് പറയുന്നിടത്ത് ആര്‍.എന്‍ രവി അവതരിപ്പിക്കുന്നത് ഒരു ഹിന്ദുത്വ പ്രൊപ്പഗാന്റയാണ്.

ജാതീയതയിലും അയിത്തത്തിലും ആളുകളെവീണ്ടും കുരുക്കിയിടാനും, കണ്ണില്‍ പൊടിയിടാന്‍ എല്ലാം ഉള്‍ക്കൊള്ളുന്ന സനാതന ധര്‍മ്മത്തിന്റെ പേരില്‍ നമ്മള്‍ ഒന്നിക്കുമെന്നും പറയുന്നിടത്ത് ഇന്ത്യയെമ്പാടും നടപ്പിലാക്കാന്‍ പദ്ധതിയിടുന്ന ഒരു ഗ്രാന്‍ഡ് നരേറ്റീവിന്റെ ഭാഗമാണ് ഗവര്‍ണറും എന്ന് മനസിലാക്കേണ്ടതുണ്ട്. ഈ മേല്‍പ്പറഞ്ഞ സനാതന ധര്‍മത്തില്‍ മറ്റു മതത്തില്‍ പെടുന്നവരില്ല എന്നുകൂടി നമ്മള്‍ മനസിലാക്കണം. ഗവര്‍ണര്‍, സനാതന ധര്‍മ്മം നമ്മളെ ഒരുമിപ്പിക്കുമെന്നു പറയുന്നതും, എല്ലാ വിജയദശമി ദിനത്തിലും നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു വച്ച് സര്‍സംഘ ചാലക് മോഹന്‍ ഭഗവത്, ഇന്ത്യയിലുള്ളവര്‍ മുഴുവന്‍ ഹിന്ദുക്കളാണെന്നു പറയുന്നതും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല.

ഇത് കൂടുതല്‍ വ്യക്തമാകുന്നത്, സനാതന ധര്‍മ്മത്തെ പറ്റി പറഞ്ഞ ഗവര്‍ണര്‍ ഒരു പടികൂടി കടന്ന്, ഭരണഘടനയെ തള്ളിപ്പറയുന്നയിടത്താണ്. നമ്മുടെ സംസ്‌കാരത്തില്‍ ഏറെ കാലം മുമ്പുതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം നിലനില്‍ക്കുന്നുണ്ട്. തുല്യതയുടെ സങ്കല്പം ഭരണഘടനയ്ക്കും മുമ്പ് നമ്മുടെ സംസ്‌കാരത്തിലുള്ളതാണെന്നു പറയുന്നത്, ഭരണഘടനാ പദവിയിലിരിക്കുന്ന , ഭരണഘടനയെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഒരാളാണെന്നോര്‍ക്കണം. ആ ഗവര്‍ണറെ തിരിച്ചുവിളിക്കാതെ കൈയ്യടിച്ചുകൊണ്ട് ക്രീസിലേക്ക് അയക്കുന്ന കേന്ദ്രസര്‍ക്കാരിനെ നമ്മള്‍ ഭയക്കണം.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉരസലുകളുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുകയും, ഇല്ലാത്ത അധികാരം പ്രയോഗിക്കുകയും, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു തരം ഈഗോ ക്ലാഷ് ആണെങ്കില്‍, ഇവിടെ ഒരു ആര്‍.എസ്.എസ് പ്രചാരകനാവുകയാണ് ഗവര്‍ണര്‍.

അതിനര്‍ത്ഥം തമിഴ്നാട്ടില്‍ ഭരണകാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നല്ല. നീറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ വിഭജിക്കുന്ന തരത്തിലാണെന്നും എല്ലാവര്‍ക്കും ഒരു പോലെ മത്സരിക്കാന്‍ കഴിയുന്ന ഒരു ലെവല്‍ പ്ലെയിങ്ഫീല്‍ഡ് ഇവിടെ ഇല്ലെന്നും പറഞ്ഞുകൊണ്ട് റിട്ടയേര്‍ഡ് ജഡ്ജ് ആയ എ.കെ രാജന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുകയും, രാജന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. സാധാരണക്കാരായ തമിഴ് മീഡിയത്തില്‍ പഠിച്ച, സാമ്പത്തികമായി അത്രയൊന്നും ശക്തമല്ലാത്ത ചുറ്റുപാടുകളില്‍ നിന്നുവരുന്നവരെകൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഈ സംവിധാനങ്ങള്‍ മാറണമെന്നായിരുന്നു ആ ബില്ലിന്റെ ആവശ്യം. ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ ബില്ലിനെ പിന്തുണച്ചെങ്കിലും, ആ ശ്രമം വിജയിച്ചില്ല. ഇത് നേരത്തെ 2017 ല്‍ AIADMK ശര്‍മിച്ചു നോക്കി പരാജയപ്പെട്ടതാണ്.

നാഷണല്‍ ലെവലില്‍ എല്ലാ പ്രവേശന പരീക്ഷയും ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ഭാഷയില്‍ മാത്രമായതുകൊണ്ട് തമിഴ് വിദ്യാര്‍ത്ഥികള്‍ പിന്നോക്കം പോകുന്നു എന്നത് കാലങ്ങളായി തമിഴ്നാട്ടില്‍ നിന്നുയരുന്ന പ്രശ്‌നമാണ്. ഹിന്ദി വാദങ്ങള്‍ ഉയരുമ്പോള്‍ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകുന്നതിന് ഒരു കാരണവും ഇതാണ്. കഴിഞ്ഞ ദിവസം ഡി.എം.കെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി കേരളത്തില്‍ വന്നു പ്രസംഗിച്ചപ്പോഴും നീറ്റ് റദ്ദാക്കുക എന്നത് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമാണെന്ന് അവരെടുത്ത് പറഞ്ഞിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ദൗത്യമാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നുള്ളത്. അതൊരു കോമ്പറ്റിഷന്‍ ഐറ്റമാണോ എന്നാണ് കേരളത്തിലെയും, ബംഗാളിലെയും, തെലങ്കാനയിലെയും, തമിഴ്‌നാട്ടിലെയും വാര്‍ത്തകള്‍ തുടരെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകുന്നത്. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ ഭരണകാര്യങ്ങളില്‍ ഇടപെട്ട് അലങ്കോലമാക്കുന്ന ഗവര്‍ണറേ കാണാം, എന്നാല്‍ ഒരു പടി കൂടി മുന്നോട്ടാഞ്ഞ്, ആര്‍.എസ്.എസ് മൗത് പീസ് ആയി പേരെടുക്കാന്‍ തമിഴ്നാട് ഗവര്‍ണ്ണര്‍ ആര്‍.എന്‍ രവിക്ക് മാത്രമേ കഴിയു. ഏറ്റവും മികച്ച പ്രകടനത്തിനുള്ള ഏതെങ്കിലും എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയാണോ ഈ പ്രകടനം എന്ന സംശയം മാത്രമേ ബാക്കിയുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in