പെൺകുട്ടികൾക്ക് പുറത്തിറങ്ങാനുള്ള സമയം നിശ്ചയിക്കുന്നത് ആരാണ്; അവകാശ ലംഘനങ്ങളുടെ ലേഡീസ് ഹോസ്റ്റലുകൾ

പെൺകുട്ടികൾക്ക് പുറത്തിറങ്ങാനുള്ള സമയം നിശ്ചയിക്കുന്നത് ആരാണ്;  അവകാശ ലംഘനങ്ങളുടെ ലേഡീസ് ഹോസ്റ്റലുകൾ

കേരളത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് നിശ്ചയിച്ച് നൽകിയിരിക്കുന്ന സമയമെത്രയാണ്. സ്ത്രീകൾ കൂട്ടിനകത്ത് കയറേണ്ട ആ അലാറം മുഴങ്ങുന്നത് എത്ര മണിക്കാണ്. കോളേജ് ഹോസ്റ്റലുകളിലെ സമയക്രമത്തിലെ ലിം​ഗവിവേചനത്തിനെതിരെ സമരം ചെയ്യുന്ന പെൺകുട്ടികളാണ് ഇന്ന് കേരളത്തിലെ സജീവ ചർച്ചാ വിഷയം.

രാത്രി പത്ത് മണി കഴിഞ്ഞാൽ പെൺകുട്ടികൾക്ക് ഹോസ്റ്റലുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല എന്നതാണ് അധികാരികളുടെ തിട്ടൂരം. എന്നാൽ ആൺകുട്ടികളുടെ ഹോസ്റ്റലുകൾക്ക് ഈ നിയമം ബാധകമല്ല താനും. പെൺകുട്ടികൾക്കില്ലാത്ത എന്ത് പ്രിവിലേജാണ് അവരെപ്പോലെ തന്നെ ക്യാംപസിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഉള്ളത്. അതെന്താണ് സ്ത്രീകൾക്ക് മാത്രം പുറത്തിറങ്ങാൻ പ്രത്യേക സമയം. സഞ്ചാര സ്വാതന്ത്ര്യത്തിൽ പുരുഷൻമാർക്കില്ലാത്ത നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് വേണോ.

ലിം​ഗനീതിക്ക് എതിരായ നടപടിയിൽ പെൺകുട്ടികൾ‌ നടത്തുന്ന സമരത്തിനടിയിൽ‌ ഒരാളുടെ കമന്റ് ഹോസ്റ്റൽ പത്ത് മണിക്ക് അടച്ചില്ലെങ്കിൽ പത്ത് മാസം കഴിയുമ്പോൾ ഈ പെൺകുട്ടികളുടെ പ്രസവത്തിന്റെ ബിൽ അടക്കേണ്ടി വരുമെന്നാണ്. കൊച്ചിയിൽ മോ‍ഡൽ കാറിനുള്ളിൽ ബലാത്സം​ഗം ചെയ്യപ്പെട്ടത് രാത്രി ഇറങ്ങി നടന്നതുകൊണ്ടാണ് എന്നാണ് മറ്റൊരു പ്രധാന കമന്റ്. ഇക്കൂട്ടർ ചിന്തിക്കുന്നത് എവിടം കൊണ്ടായിരിക്കും.

പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് സമയ നിയന്ത്രണം എന്നതാണ് എല്ലാ കോളേജുകളുടെയും ന്യായം. സുരക്ഷയാണ് പ്രശ്നമെങ്കിൽ അതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ പെൺകുട്ടികളെ പൂട്ടിയിടുക എന്നതല്ലല്ലോ അതിനുള്ള പരിഹാരം. ഇനി ഇതൊക്കെ മാറ്റി നിർത്തിയാൽ തന്നെ, ആൺകുട്ടികൾ നിർബാധം അനുഭവിച്ച് പോരുന്ന സ്വാതന്ത്ര്യങ്ങൾ പെൺകുട്ടികൾക്ക് വിലക്കാൻ നിയമപരമായി ഇക്കൂട്ടർക്ക് എന്തെങ്കിലും അധികാരമുണ്ടോ ?

Related Stories

No stories found.
logo
The Cue
www.thecue.in